Tuesday, September 25, 2007

ലക്ഷ്മണോപദേശം


സന്ദര്‍ഭം: ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ, പെട്ടെന്നുതന്നെ ശ്രീരാമനു പതിനാലുവര്‍ഷം കാട്ടില്‍പോകേണ്ടിവരുമെന്നും ഭരതനായിരിക്കും യുവരാജാവാകുന്നത് എന്നും അറിഞ്ഞ ലക്ഷ്മണന്‍ ക്രോധംകൊണ്ടു ജ്വലിയ്ക്കുന്നു. ദശരഥനേയും കൈകേയിയേയും മറ്റും അധിക്ഷേപിക്കുന്നു. രാമനോടു ദശരഥന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നുവരെ ലക്ഷ്മണന്‍ പറയുന്നു. ക്രോധവും സങ്കടവും കൊണ്ടു വിറയ്ക്കുന്ന ലക്ഷ്മണനെ സമാശ്വസിപ്പിച്ചുകൊണ്ട്, ശ്രീരാമന്‍ പറയുന്ന വാക്കുകളാണ് ‘ലക്ഷ്മണോപദേശം’ എന്നറിയപ്പെടുന്നത്.

“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
..
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
..
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
..“

എന്നിങ്ങനെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങുന്നു.

ഉണ്ണീ, ലക്ഷ്മണാ ഈ രാജ്യം, രാജാവ്, ദേഹം, ധനം എന്നതൊക്കെ ഒരിക്കല്‍ നശിയ്ക്കുന്നതല്ലേ? ഇതൊന്നും ശാശ്വതസത്യമല്ല. ഭോഗവസ്തുക്കളെല്ലാം ഏതുനിമിഷത്തിലും നശിച്ചുപോകുന്നതാണ്. ആയുസ്സും ഒടുങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. ഏതുപോലെയെന്നോ? തീയില്‍ ചുട്ടുപഴുപ്പിച്ച ലോഹത്തിനു മുകളില്‍ വീഴുന്ന വെള്ളത്തുള്ളിയുടെ അവസ്ഥപോലെ ക്ഷണികവും നശ്വരവുമാണ് ഈ മനുഷ്യജന്മം.

ഭോഗങ്ങള്‍ക്കുപിന്നാലെ പായുന്ന മനുഷ്യരുടെ നില ഏതുപോലെയാണെന്നറിയേണ്ടേ?

തന്റെ പകുതിഭാഗവും പാമ്പിന്റെ വായ്ക്കുള്ളില്‍ ആയിട്ടും മുന്നില്‍ പറന്നുപോകുന്ന ഈച്ചയെ തിന്നാന്‍ കൊതിയോടെ നാവു പുറത്തേയ്ക്കുനീട്ടുന്ന തവളയെപ്പോലെയാണ് മനുഷ്യരുടെ നില. നാം ഓരോരുത്തരും കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടുകഴിഞ്ഞിട്ടും മരണത്തെപ്പറ്റിയോ ജീവിതത്തിന്റെ നശ്വരതെയെപ്പറ്റിയോ ആലോചിക്കാതെ ഭോഗങ്ങള്‍ക്കായി നാക്കും നോക്കും കാതും കൂര്‍പ്പിച്ചു പരക്കം പായുന്നു.

അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, മിത്രം, ബന്ധുജനങ്ങള്‍ ഇവരോടൊത്തുള്ള വാസവും സ്ഥിരമല്ല. യാത്രക്കാര്‍ വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്രതുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതവും. എല്ലാവര്‍ക്കും അവരവരുടെ യാത്ര തുടരേണ്ടതുണ്ട്. ധനവും സമ്പത്തും എത്രകരുതിവെച്ചാലും എന്നെന്നും നിലനില്‍ക്കുന്നതല്ല. എത്രയൊക്കെ സമ്പത്തുണ്ടായാലും ശക്തിയും ആരോഗ്യവും യൌവനവും നശിച്ചുകഴിഞ്ഞാല്‍ പിന്നെ സമ്പത്തുണ്ടായതുകൊണ്ടും കാര്യമില്ല.

ഇപ്പോള്‍ പകല്‍, ഇപ്പോള്‍ രാത്രി, ഇനിയും പകല്‍ വരും, രാത്രിവരും എന്നിങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ചുടാത്ത മണ്‍കുടത്തില്‍ വെച്ച വെള്ളം പോലെ ആയുസ്സു ചോര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണെന്നു ആരും ധരിയ്ക്കുന്നില്ല. വാര്‍ദ്ധക്യത്തില്‍ ജര, നര, വിവിധരോഗങ്ങള്‍ എന്നിവയാല്‍ ആക്രമിയ്ക്കപ്പെട്ട്, ശരീരം ചുങ്ങിച്ചുങ്ങിവരുമ്പോഴും മോഹങ്ങള്‍ക്കൊരു കുറവും വരുന്നില്ലെന്നുമാത്രമല്ല, ചീര്‍ത്തുവരികയാണുമോഹങ്ങള്‍. ദേഹാഭിമാനമാണ് മോഹങ്ങള്‍ക്കടിസ്ഥാനം.

ഞാന്‍ മഹാകേമനാണ്, പണ്ഡിതനാണ്, സുന്ദരനാണ്... ആഢ്യനാണ്... എന്നൊക്കെ ദേഹാഭിമാനത്തോടെ ഞെളിഞ്ഞിരിക്കുമ്പോള്‍... പെട്ടെന്നു മരണം സംഭവിച്ചാല്‍... എല്ലാം തീര്‍ന്നു... പിന്നെ അതേ ദേഹം വെന്തുവെണ്ണീറാവുകയോ വല്ല ജന്തുക്കളും ഭക്ഷിച്ചു കാഷ്ടിച്ചുപോവുകയോ ചെയ്തേക്കാം, അതുമല്ലെങ്കില്‍ മണ്ണില്‍ ദ്രവിച്ച് പുഴുവരിച്ചുപോകാം. അതുകൊണ്ട്, ദേഹാഭിമാനം തികച്ചും നിരര്‍ഥകമാണ്. ദേഹാഭിമാനത്തില്‍ നിന്നും മോചനം കിട്ടാനും ശാശ്വതാനന്ദസ്വരൂപമായ ആത്മാവാണ്- ചൈതന്യമാണ് താന്‍ എന്ന സ്വാതന്ത്ര്യത്തിലേയ്ക്കുണരാന്‍ ഏകാഗ്രതയോടെ നിരന്തരമായ പരിശ്രമം ചെയ്യണം. രാഗം ക്രോധം, മോഹം, മദം, മാത്സര്യം തുടങ്ങിയവ ഒരുവനെ അറിവില്‍നിന്നും അകറ്റിക്കൊണ്ടേയിരിയ്ക്കും. ക്രോധം എന്നത് അത്യന്തവിനാശകാരിയാണ്. ബുദ്ധിമാന്മാര്‍ ക്രോധത്തെ പരിത്യജിയ്ക്കണം. ശാന്തിയെ ഒരിയ്ക്കലും കൈവിടരുത്.

ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും പുറകില്‍ ശുദ്ധജ്യോതിസ്സായി, ആനന്ദമായി, എപ്പോഴുമെപ്പോഴും ഉള്ള ചൈതന്യത്തെ തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഒട്ടും ഒട്ടലില്ലാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍. മനുഷ്യശരീരം കിട്ടിയാല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്കണം. പ്രാരബ്ദ്ധകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാതെ, ഒളിച്ചോടാന്‍ തരമില്ല. അതുകൊണ്ട്, ചെയ്യുന്ന കര്‍മ്മങ്ങള്‍ പരം പൊരുളില്‍ സമര്‍പ്പിച്ചുകൊണ്ട്, കളങ്കം ഏതുമില്ലാതെ ഫലത്തില്‍ ആശയില്ലാതെ ചെയ്യണം.

“ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാ‍നസത്തിങ്കല്‍ നിന്നാശു കളക നീ...

എന്നിങ്ങനെ ഉപസംഹരിയ്ക്കുന്നു ലക്ഷ്മണോപദേശം.

വെറും വാക്കുകളില്‍ കുടുങ്ങിപ്പോകാതെ, അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചുറപ്പിയ്ക്കേണ്ടതാണ് മറ്റുപല ഭാഗങ്ങളുമെന്നപോലെ ലക്ഷ്മണോപദേശവും. "ഈ ദേഹമാണ് ഞാന്‍” എന്ന വിചാരമാണ് ഒരുപരിധിവരെ എല്ലാ ദുഃഖത്തിനും കാരണം. ഓരോരുത്തനും അവനവന്റെ ദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആ അറിവ്‌ എന്നുണ്ടാകുന്നുവോ അന്നു മുതല്‍ പരമാനന്ദം അവനനുഭവിക്കാം. മരണഭയത്തിനും അവകാശമുണ്ടാവില്ല. ഈ തത്വം തന്നെയാണ്‌ പല തരത്തിലും (ഉപമകളില്‍ക്കൂടിയും കഥകളില്‍ക്കൂടിയും) ഒക്കെ ഋഷിമാര്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. എഴുത്തച്ഛന്റെ രാമായണം ഈ പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുപഠിപ്പിക്കുന്നുണ്ട്.

6 comments:

സു | Su said...

ഉപദേശമൊക്കെ മനസ്സിലായി. പക്ഷെ നടപ്പിലാക്കാനാണ് വിഷമം. എന്നാലും ഞാനൊന്ന് നോക്കട്ടെ. എന്തായാലും ശ്രീരാമന്റെ ഉപദേശമല്ലേ. ശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നല്ലേ ചൊല്ല്. :)

വക്കാരിമഷ്‌ടാ said...

നല്ല സാരോപദേശം. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇത്തരം സാരോപദേശങ്ങള്‍ പഠിപ്പിച്ച് പഠിപ്പിച്ച് അവരുടെ മനസ്സില്‍ അത് സ്ഥിരമാക്കിയാല്‍ അങ്ങിനെയുള്ളവര്‍ വളര്‍ന്ന് വരുമ്പോള്‍ അതിന്റെ എന്തെങ്കിലും പ്രയോജനമുണ്ടാവുമോ?

രണ്ട് കാര്യങ്ങള്‍ സ്ട്രൈക്ക് ചെയ്തു - സുന്ദരനാണെന്ന് വെറുതെ വിചാരിച്ചിട്ട് കാര്യമില്ല,
ശാന്തിയെ ഒരിക്കലും കൈവിടരുത് :) (ചുമ്മാതാണേ, ഒരഞ്ച് മിനിറ്റ് ഗ്യാപ്പില്...) :)

വേണു venu said...

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.
വര്‍ഷത്തിലൊരു തവണയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍‍.
നല്ല ലേഖനം ടീച്ചറേ.:)

Anonymous said...

towards the end: "I dEhamANu thaan" ennu kanTu. Quotation unTenkil thaan ennalla, nhAn ennum, Quotation illenkil thaan ennum ANu nallathu ennorabhipRAyam.
madhuraaj

ज्योतिर्मयी ജ്യോതിര്‍മയി said...

പറഞ്ഞുതന്നതു നന്നായി. ശരിയാക്കിയിട്ടുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നന്നായിരിക്കുന്നു.
ഇന്നത്തെ ദിവസം ധന്യം.