ആദ്യം പവിത്രക്കുട്ടിയ്ക്കും ഇളക്കുട്ടിയ്ക്കും അതുപോലുള്ള മറ്റു കുട്ടികള്‍ക്കും ചൊല്ലിക്കളിയ്ക്കാന്‍-
*******************************************
1.** തത്തമ്മ**
പല്ലില്ലാത്തൊരു തത്തമ്മേ
നെല്ലുകൊറിയ്ക്കാന്‍ രസമാണോ?
കാടന്‍പൂച്ച വരുന്നുണ്ടേ
വേഗം കൂട്ടിലൊളിച്ചോ നീ.
2. **ചെമ്പോത്തുംകാക്ക** (അറിയുമോ ഈ പക്ഷിയെ?)
ചെമ്പന്‍കാക്കേ ചെമ്പോത്തേ,
ഇമ്പത്തില് നീ കൂകില്ലേ
പവിഴം തോല്‍ക്കും കണ്ണാണേ,
പറയാന്‍ വയ്യേ നിന്‍ചന്തം!
3. *തവള *
ചാടിച്ചാടി നടക്കും തവളേ
നേരെ നടക്കാനറിയില്ലേ?
നേരെ നടക്കാനറിയില്ലെങ്കില്‍
ഞങ്ങളെ നോക്കി നടന്നൂടേ?
( ഇതൊക്കെ കുട്ടിക്കാലത്ത്, അമ്മാമന് ഉണ്ടാക്കിച്ചൊല്ലിത്തന്നിരുന്നതാണ്!)
*********************************************************************
ലിയാന് മുഹമ്മദിനും വിശാഖിനും കോതയ്ക്കും(അമ്മു) അതുപോലുള്ള മറ്റുകുട്ടികള്‍ക്കും ചൊല്ലിരസിയ്ക്കാന്‍-
**നിറപ്പകിട്ട്!** (പേരു തല്ക്കാലം ഇങ്ങനെ കൊടുക്കാം)
നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!
[കൂട്ടുകാരേ, ബ്ലൂ, ഗ്രീന്‍, യെല്ലൊ, റെഡ്,... അതൊക്കെ നിങ്ങള്‍ക്കറിയും. നീല, പച്ച, മഞ്ഞ... അതൊക്കെ ശരി. പക്ഷേ, മെറൂണ്‍, മജെന്ത, ഓറഞ്ച്, ഇന്‍ഡിഗോ ഈ കളറുകളും അറിയുമായിരിയ്ക്കും ഇല്ലേ? ഇതിന്റെയൊക്കെ മലയാളപ്പേരറിയാമോ? ഇല്ലെങ്കില്‍ ആദ്യം അച്ഛനമ്മമാരോടു ചോദിയ്ക്കൂ. ഉത്തരം കിട്ടിക്കഴിഞ്ഞിട്ടുവേണം മറ്റുനിറങ്ങള്‍ക്കു പേരു കണ്ടുപിടിയ്ക്കാന്‍].
******************************************************************************
മഹാദേവനും മാളവികയ്ക്കും മറ്റുകൂട്ടുകാര്‍ക്കും
*അമ്പിളി*
തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്പില് തൂകിക്കൊണ്ടാകാശവീഥിയില്‍
അമ്പിളിപൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നു കോലോളം ദൂരത്തില്‍!
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും-
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നൂ
വിണ്മേല് നിന്നു മന്ദസ്മിതം തൂകുമെന്‍
വെണ്മതിക്കൂമ്പേ നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദരന്
അമ്മാവാ യെന്നലിഞ്ഞുവിളിയ്ക്കുന്നൂ...
(ഇനിയുമുണ്ടു വരികള്‍, കേട്ടുപഠിച്ചതും സ്കൂളില്‍ പഠിച്ചതുമൊക്കെയാണ്, കുമാരനാശാന്റേതാണെന്നുതോന്നുന്നു.)
എല്ലാകുഞ്ഞുകൂട്ടുകാര്‍ക്കും ധാരാളം കവിതകള്‍ ചൊല്ലിച്ചൊല്ലിനടക്കാന്‍ അവസരമുണ്ടാവട്ടെ!
7 comments:
അടിപൊളി ജ്യോതി. നിറപ്പകിട്ട് പണ്ടു് ഞാന്‍ ചൊല്ലിപ്പഠിച്ചീട്ടുണ്ടു്
നിറങ്ങളുടെ പേരു ചോദിച്ചതു് കുട്ടികളെ ചുറ്റിക്കാനല്ലെ.
ഓറഞ്ച് -കുങ്കുമം (കുങ്കുമപൂവിന്റെ നിറം)
ഇന്‍ഡിഗോ -വഴുതനങ്ങ (വഴുതനങ്ങയുടെ നിറം)
പിന്നെ?...
കുട്ടിക്കാലത്ത് കേട്ടു പഠിച്ച കുട്ടി കവിതകള്‍
ഇപ്പഴും കേള്‍ക്കാന്‍ നല്ല രസമാണ്
ജ്യോതിര്‍മയി ഈ കവിതക്കളും ഓര്മ്മകുറിപ്പുക്കളും
പോയകാലത്തേക്ക് എന്നെ കൂട്ടികൊണ്ട് പോകുന്നു
ജ്യോതി ടീച്ചറെ, വളരെ നല്ല കാര്യം ,
കുട്ടികൾക്ക് ചൊല്ലിപ്പഠിക്കാൻ ഇന്ന് കുട്ടികളുടെ രചനകൾ പൊതുവേ കുറവാൺ. കല്ലുപെൻസിൽ പോലുള്ള ചില ബ്ലോഗ്ഗുകൾ ഒഴികെ..
നന്നായി..!
ഡാലിയേ, കുട്ട്യോളെ ചുറ്റിയ്ക്കാനല്ല, വല്യോരെ ചുറ്റിയ്ക്കാന്‍ തന്നെ :)
ഡാലി ഉത്തരം തരാന്‍ ശ്രമിച്ചസ്ഥിതിയ്ക്ക്, ഒരു നിറത്തിനെപ്പറ്റിപ്പറയാം, പേരുപറയണം നിറത്തിന്റെ, പറ്റുമോ എന്നു നോക്കൂ -
നിറമിതാണ്-
മൂന്നുഗ്ലാസുവെള്ളത്തില് രണ്ടേകാല്‍ സ്പൂണ്‍ ചായപ്പൊടിയിട്ട് ഒരു മിനുട്ട് തിളപ്പിച്ച വെള്ളം ഒരു കപ്പിലേയ്ക്കു ഒഴിച്ചുകൊണ്ടിരിയ്ക്കുമ്പോള് കാണുന്ന നിറം-വീഴുന്ന ആ കട്ടന്‍ചായയുടെ നിറം- അതിന്റെ പേരെന്താ?
ചിരിയ്ക്കൊന്നും വേണ്ട, ആ നിറത്തില്‍ വെള്ളപ്പൂക്കളുള്ള ഒരു ചുരിദാര്‍ വാങ്ങണം,അര്ജന്റാണേ :) കടയില്പ്പോയിപറയാന്, നിറത്തിനൊരു പേരുവേണ്ടേ? ഡാലീ...കാര്യം നിസ്സാരമല്ല :))
കുറേ കുട്ടിക്കവിതകള്‍ കിട്ടിയതു് ഞാന്‍ ഇവിടെ കുറിച്ചുവെച്ചിരുന്നു.
വനിതാലോകത്തിലെ സംരംഭം ഇങ്ങനെയുള്ള കുട്ടിക്കവിതകള്‍ ആയിരിക്കും എന്നാണു് ആദ്യം കരുതിയതു്. അതു പിന്നെ വലിയവരുടെ കവിതകളായതില്‍ (വലിയവര്‍ പാടി എന്നല്ല) വിഷമം തോന്നി. എന്നാലും അതു് ആ രീതിയില്‍ വളരെ നല്ല ഒരു സംഭവമായി. ഇനി കുട്ടിക്കവിതകള്‍ക്കും ഒരു വേദി ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.
എനിക്കെവിടെ? ങ്ങീീീീീീ
നിറത്തിന്റെ പേരു് ഇളം ചായയുടെ നിറം. :)
ചുരിദാര്‍ തുണി കിട്ടാന്‍ അതിലും നല്ല സൊലൂഷന് പറഞ്ഞു് തരാം. കല്യാണിലോ ജയലക്ഷ്മീലോ പോയി ബ്രൌണിന്റെ ഷേഡ്സ് തരൂന്ന് പറയണം. നൂറുക്കണക്കിനു് ഷേഡ്സ് അവരു് കാണിക്കും. അതിലുണ്ടാവും ഈ നിറം. :)
ഓഫ്:
ഉമേഷേട്ടാ, ഇവിടെ (ലിങ്ക് ചെയ്ത )കുട്ടിക്കവിതകള്‍ അല്ല വനിതാലോകത്തീല് വന്ന കുട്ടിപ്പാട്ടുകള്‍ കുട്ടികള്‍ പാടി കേള്‍ക്കണം എന്നുണ്ടു്. ആരൊക്കെ തയ്യാറാവും? കുട്ടികള്ക്കാണു് വന്‍ ഡിമാന്റ്.:(
Post a Comment