Thursday, May 15, 2008

കാലമേയില്ല പോലും!

കാലമായില്ല പോലും...കാലമായില്ല പോലും...
കാലമേയില്ലയല്ലോ കാലവും കാലക്കേടും”

ഈരടി മനസ്സില്‍ മൂളാന്‍ തുടങ്ങിയിട്ടു കുറച്ചുനേരമായി.കാത്തുകാത്തിരിയ്ക്കുന്ന ഒരു സംഗതി കിട്ടാതാവുമ്പോള്‍, സമാധാനിയ്ക്കാനുള്ളതാണു ആദ്യത്തെ വരി. കാലമായില്ലത്രേ, സമയമായില്ലത്രേ, എല്ലാറ്റിനും ഒരു കാലവും സമയവും ഒക്കെയുണ്ട് എന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍. അങ്ങനെയങ്ങനെ ഈയിടെയായി ചിന്തിയ്ക്കാന്‍ തുടങ്ങിയതാണ് എന്താണീ കാലം എന്നത്!

കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്,

‘ഭൂതം, ഭാവി, വര്‍ത്തമാനം’ എന്നാണു്. ഒന്നോര്‍ത്താല്‍ ഇതൊക്കെ ഇല്ലാത്തതല്ലേ? ഏതുകാലം ആണു ശരിയ്ക്കുള്ളത്. എല്ലാര്‍ക്കും പെട്ടെന്നു തോന്നും ‘വര്‍ത്തമാനം’ ആണു കാലം എന്ന്. നടന്നുകൊണ്ടിരിയ്ക്കുന്നത്, വര്‍ത്തമാനം ആണല്ലോ. എന്നാല്‍ വര്‍ത്തമാനം എന്നാല്‍ എത്രസമയമുണ്ട്. ഒരു ദിവസമോ, അതില്ല, ഇന്നു രാവിലത്തെ കാര്യം രാവിലെ കഴിഞ്ഞല്ലോ. ഈ രാത്രിയില്‍ കാലത്തുവിരിഞ്ഞ ചെമ്പര‍ത്തിപ്പൂ വാടിക്കഴിഞ്ഞു. ചെമ്പരത്തിപ്പൂ ഇപ്പോഴില്ല.

വര്‍ത്തമാനകാലം എന്നാല്‍ ഒരു മണിക്കൂറാണോ? ഒരു മിനിട്ടാണോ? ഒരു സെക്കന്റാണോ?

“ദാ ഇപ്പോള്‍ ഇതെഴുതുന്ന ഈ ക്ഷണം- ഇതാണു വര്‍ത്തമാനകാലം” -എന്നാണെങ്കില്‍, പറഞ്ഞുതീരുന്നതിന്‍‌മുന്‍പേ ആ ക്ഷണം കഴിഞ്ഞല്ലോ... ദാ പിന്നേയും രണ്ടു ക്ഷണം കൂടി കഴിഞ്ഞുപോയി. അപ്പൊ ഒക്കെ ഒരു തോന്നലാണു്. ശരിയ്ക്കും കയ്യില്‍ കിട്ടുന്ന വര്‍ത്തമാനകാലം എന്നൊന്നില്ല. ഉണ്ടെന്നുപറയുമ്പോഴേയ്ക്കും അത് ‘ഉണ്ടായിരുന്നു’ എന്ന നിലയിലെത്തുന്നു. അപ്പൊ ശരിയ്ക്കും ഉള്ളതു ഭൂതമാണോ? ഭൂതം - എന്നാല്‍ ഭവിച്ചത്- ഉണ്ടായത്- അപ്പോള്‍ ഭൂതകാലമാണോ ഉള്ളകാലം? ഭൂതകാലവും കണ്‍‌മുന്നില്‍ കാണാന്‍ കിട്ടുന്നില്ല. പിന്നെ കാലം എന്നാല്‍ ഏതാണു ശരിയായകാലം? ഇനിയും വരാത്ത ഭാവിയോ? ഹ ഹ വിശ്വസിയ്ക്കാന്‍ കൊള്ളാം... “ഈശ്വരനില്ല” എന്നു പറഞ്ഞു പറഞ്ഞു മടുത്തവര്‍, ഇനിമുതല്‍ “കാലവും ഇല്ലാത്തതല്ലേ, ഒക്കെ ഒരു തോന്നലല്ലേ” എന്നാലോചിച്ച് ഒരു ഉത്തരം കണ്ടുപിടിയ്ക്കണേ.


പണ്ടു കുട്ടന്‍ “അമ്മാമാ! നിച്ച് ഭാവീനെ പേട്യാ“ എന്നു പറഞ്ഞതു വെറുതേയോര്‍ത്തുപോവുന്നു. കാലം എന്നതു വെറും സങ്കല്‍പ്പമോ?

12 comments:

വല്യമ്മായി said...

ജനനം മുതല്‍ മരണം വരെ നമ്മെ എത്തിക്കുന്ന ഒരു കണ്‍‌വെയര്‍ ആണ് കാലം ;)

Vishnuprasad R (Elf) said...

സത്യത്തില്‍ കഷ്ടകാലവും നല്ലകാലവും മാത്രമെ ഉള്ളൂ.

ഭൂമിപുത്രി said...

എത്രയോതാമരയിതളുകളില്‍ക്കൂടി
ഒരു സൂചി കടക്കുന്ന സമയം എന്നോമറ്റൊ
സമയത്തിന്റെ തന്മാത്രയെപ്പറ്റി കേട്ടിട്ടുണ്ട്.
സുചി താഴെയെത്തുമ്പോഴെയ്ക്ക്
ആദ്യത്തെയിതളില്‍തൊട്ട സമയത്തിന്റെ അണു
ഭൂതത്തിലലിഞ്ഞുകാണുമല്ലൊ,അല്ലേ?

സു | Su said...

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് വെറുതെയല്ല എന്നു മനസ്സിലായോ?

കാലം ഉണ്ട്. ഓരോ പ്രവര്‍ത്തി(പ്രവൃത്തി)യും തുടങ്ങി അവസാനിക്കുന്ന സമയമാണ് അതിന്റെ കാലം. മനുഷ്യന്റെ ജീവിതകാലം. അതില്‍ ഓരോന്നും സംഭവിച്ചൊടുങ്ങുന്ന കാലം.

ഗോപക്‌ യു ആര്‍ said...

kaalamaanavishramam paayumennaswvam....vayalar

Unknown said...

കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍
എന്റെ മനസില്‍ പോയക്കാലമാണ്
ഏറെ സന്തോഷകരമായി തോന്നിയിട്ടുള്ളത്
കാരണം അവിടെ സേനഹമുണ്ടായിരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാല‍ത്തിന് വെറുമൊരു മൂകസാക്ഷിയയി നമ്മള്‍...

പാര്‍ത്ഥന്‍ said...

കാലദേശങ്ങള്‍ സാപേക്ഷികമാണ്‌.
തല്‍ക്കാലത്തെ നിലനില്‍പ്പിന്റെ സ്വഭാവമനുസരിച്ചുണ്ടാകുന്ന ഭ്രമാനുഭവമാണെന്നാണ്‌ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്‌.
കാലദേശങ്ങളെ ഒരു ബിന്ദുവില്‍ അര്‍ജ്ജുനന്‌ കാണിച്ചുകൊടുക്കുകയല്ലെ 'വിശ്വരൂപദര്‍ശനയോഗ' ത്തില്‍ കൃഷ്ണന്‍ ചെയ്യുന്നത്‌.
(ശരിയാണോ ടീച്ചറെ, അതോ എന്റെ ഭ്രമാനുഭവമോ?)

"കാലാദിയായ മൃദുനൂലാലെനെയ്യുമൊരു
ലീലാപടം ഭവതിമെയ്‌-
മേലാകെമൂടുമതിനാലാരുമുള്ളതറി
വീലാഗമാന്തനിലയേ."
(എന്ന് - ഗുരുദേവനും പറഞ്ഞിട്ടുണ്ട്‌.)

പാര്‍ത്ഥന്‍ said...

ഭൂമിപുത്രീ,
പൗരാണികകാലത്ത്‌ സമയത്തിന്റെ കണക്കുകൂട്ടുവാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും ചെറിയ സമയത്തിന്റെ ദൈര്‍ഘ്യമാണ്‌ അത്‌.
രണ്ടില ചേര്‍ത്തുവെച്ച്‌ അതില്‍കൂടി ഒരു സൂചി കടന്നുപോകുന്ന സമയദൈര്‍ഘ്യമാണ്‌ 'അല്‌പകാലം'.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഭൂമിപുത്രീ, പാര്‍ത്ഥന്‍ ജീ,

"ഉല്‍പലപത്രശതപത്രവേധന്യായം" നൂറു താമരയിലകള്‍ അടുക്കി വച്ച്‌ അതില്‍ കൂടി വേഗത്തില്‍ കുത്തിയിറക്കുന്ന സൂചി ഒന്നില്‍ നിന്നും മറ്റൊന്നിലെത്താന്‍ എടുക്കുന്ന സമയം
ശരിയാണോ റ്റീച്ചറേ ഞാന്‍ ഇവിടെയ്‌ല്ല :)

പാര്‍ത്ഥന്‍ said...

പണിക്കര്‍ സാര്‍,
ശരിയായ വിവരണത്തിന്‌ നന്ദി. ഞാന്‍ വായിച്ചിടത്ത്‌ ഇലയുടെ എണ്ണം ഉണ്ടായിരുന്നില്ല.

ഭൂമിപുത്രി said...

പാര്‍ത്ഥന്‍,പണിയ്ക്കര്‍സാര്‍ നന്ദി.
ഇപ്പോഴും ഒരവ്യക്തത-100 താമരയിതളുകള്‍ അടുക്കിവെച്ച് എന്ന് പറയുമ്പോള്‍,
ആദ്യത്തേതില്‍നിന്ന് അവസാനത്തേതിലേയ്ക്കെത്തുന്ന സമയം,ഒരു യൂ‍ണിറ്റാക്കാനല്ലേ സാദ്ധ്യത?

പക്ഷെ 100 ഇതളുകളില്‍ക്കൂടി കേറിയിറങ്ങുന്ന സമയംഅത്ര കുറവാകാന്‍ വഴിയില്ല.

അല്ലെങ്കില്‍ രണ്ടെണ്ണം മാത്രം വെച്ചിട്ട്,ആദ്യത്തേതില്‍നിന്ന് രണ്ടാമത്തേതിലെത്തുന്ന സമയം എന്നാകാം.
ആരെങ്കിലും സംശയം തീറ്ത്തുതന്നാല്‍ നന്നായിരുന്നു.