Friday, August 29, 2008

അഗ്നി

[അഗ്നി എന്നാല്‍ തീ/തീയ് എന്നേ ഇപ്പോള്‍ എല്ലാരുടേയും മനസ്സിലേയ്ക്കെത്തുന്നുള്ളൂ. ‘തീ’ എന്നു കേട്ടാലോ, ‘ഒരു അപായം’, ‘എല്ലാം ചുട്ടുചാമ്പലാക്കാന്‍ കഴിയുന്ന വില്ലന്‍’ എന്നരീതിയിലോ ഒക്കെയാണു ‘ഇന്നത്തെക്കുട്ടികളുടെ’ മനസ്സില്‍ അര്‍ത്ഥം ‘കത്തുന്നത്’. ഇന്നത്തെക്കുട്ടികളുടെ പ്രശ്നമല്ല. വീട്ടില്‍ വിറകടുപ്പില്‍പ്പോലും തീ കാണുന്നവര്‍ കുറഞ്ഞുവരുന്നു. ഉച്ചയ്ക്കൂണുകഴിയ്ക്കണമെങ്കില്‍ ‘അഗ്നി/തീ’ ആണു വാസ്തവത്തില്‍ പണിയെടുക്കുന്നത് എന്ന് ആരുണ്ടുചിന്തിയ്ക്കുന്നു? ഉണ്ണാത്തവനൂണുചിന്ത- ഉണ്ടവനു ചിന്തവേണ്ട!]

അഗ്രേ നയതി ഇതി അഗ്നിഃ മുന്നോട്ടു നയിയ്ക്കുന്നതാണ് അഗ്നി. ചുറ്റും വെളിച്ചം പടര്‍ത്തുന്നതാണ് അഗ്നി. ഇരുട്ടത്തു തപ്പിത്തടയുന്നവര്‍ക്കു്, ധൈര്യപൂര്‍വം മുന്നോട്ടേയ്ക്കുപോകാന്‍ അഗ്നിയുടെ സാന്നിദ്ധ്യം പ്രചോദനമേകുന്നു. പേടിയകറ്റുന്നവനാണു് അഗ്നി. അഗ്നി അറിവിന്റെ പ്രതീകമാണു്.
എങ്ങോട്ടുപോണം, എന്തുചെയ്യണം എന്നൊന്നും നിശ്ചയിയ്ക്കാനാവാതെ അറിവില്ലായ്മയില്‍ നട്ടംതിരിയുന്നവര്‍ക്ക് അറിവിന്‍ തിരിനാളമായി പ്രകാശമായി വഴികാണിച്ചുതരുന്ന ‘ഗുരു’ (ഇരുട്ടിനെ നീക്കുന്നവന്‍) ആണു് അഗ്നി.
രൂപം,രസം, ഗന്ധം, സ്പര്‍ശം, ശബ്ദം ഈ അഞ്ചുഘടകങ്ങളല്ലാതെ വേറെ എന്തെങ്കിലുമുണ്ടോ നാം കാണുന്ന ലോകത്തില്‍? ഇല്ലല്ലോ. ഇവയില്‍ ‘രൂപം’ എന്നവിഭാഗത്തിന്റെ മേധാവി (ഇന്‍ ചാര്‍ജ്ജ് )അഗ്നി.

“അഗ്നിമീളേ പുരോഹിതം” എന്നു ഋഷി. മുന്നോട്ടുനടത്തുന്ന അഗ്നിയെ നമസ്കരിയ്ക്കുന്നു. അഗ്നിയെ ഹോമകുണ്ഡത്തില്‍ (വിളക്കിലെങ്കിലും) അണയാതെ സൂക്ഷിക്കണം എന്നതു ഗൃഹസ്ഥന്റേയും ധര്‍മ്മമാണ്. വീടായാല്‍ ഒരു വിളക്കുവേണം, വെളിച്ചം വേണം എന്നത്രേ നിര്‍ബന്ധം.


[പലതരം അഗ്നികളെപ്പറ്റിയും ജ്വാലകളെപ്പറ്റിയും പഠിച്ച് എഴുതണമെന്നുണ്ടായിരുന്നു. അതിനി പിന്നീടാവാം]

1 comment:

ദേവന്‍ said...

അഗ്നി എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ വരുന്നത് ജഠരാഗ്നിയാണ് പിന്നെ ചോറു വയ്ക്കുമ്പോള്‍ അടുപ്പില്‍ പൂട്ടിയ തീ. പ്രിയപ്പെട്ട പലരുടെയും ദേഹത്തടുക്കിയ വിറകില്‍ ഞാന്‍ കൊളുത്തിയിട്ടുള്ള തീ. ചിലര്‍ നെഞ്ചിലും വേറേ ചിലര്‍ കണ്ണിലും കൊണ്ടുനടക്കുന്ന തീ. ഭീരുത്വം മൂത്ത ചിലര്‍ ചേരിക്കു മേലേ എറിഞ്ഞ ചൂട്ടുകറ്റയിലെ തീ.

ഞാന്‍ ജനിച്ചപ്പോഴേക്ക് വീട്ടില്‍ മേശവിളക്കുകളും റാന്തലുകളും ഒക്കെ പോയി വൈദ്യുതി വന്നു. അന്തിക്കു ദീപവും ദൈവചിത്രത്തിനു താഴെ മെഴുകുതിരിയും കത്തിക്കുന്നത് സിനിമയിലും സുഹൃത്തുക്കളുടെ വീട്ടിലുമൊക്കെയേ കണ്ടിട്ടുമുള്ളു, അതുകൊണ്ടാണോ എന്തോ‍, തീ എന്നു കേള്‍ക്കുമ്പോള്‍ വെളിച്ചം ഓര്‍മ്മ വരുന്നത് രണ്ടാമതാണ്. എന്റെ കുഴപ്പം.

പന്തത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ ജ്യോതിട്ടീച്ചറേ? പന്നിയെലിയുടെ ചീറ്റല്‍ പോലെയാണത്. എല്ലാ വെളിച്ചവും കാട്ടുന്ന വഴി നേര്‍വഴിയായെങ്കില്‍.