Friday, August 28, 2009

ഓണത്തെ വരവേല്‍ക്കാന്‍ കായവറക്കണോ?

വരവേറ്റാലും ഇല്ലെങ്കിലും ഓണം വരും. ആഘോഷങ്ങളും ഉത്സവങ്ങളും ആദ്യം വീട്ടിലും പിന്നെ നാട്ടിലും കൂ ട്ടായ്മയും സഹകരണമനോഭാവവും പുതുക്കാന്‍ ഉപകരിക്കട്ടേ.

നാട്ടിലാണെങ്കില്‍ വീടിന്റെ തൊട്ടടുത്തുതന്നെ നല്ല അസ്സല്‍ ‘കോയക്കാ വറുത്ത കായക്ക‘ പാക്കറ്റില്‍ കിട്ടും. എന്നാലും എല്ലാവരും ചേര്‍ന്ന് (കുഞ്ഞുകുട്ടികളായിരുന്നപ്പോള്‍ പോലും ഞങ്ങളും പണികളില്‍ പങ്കാളികളാണെന്ന ബോധം ഉണ്ടായിരുന്നു, പക്ഷേ പണിയൊക്കെ അമ്മയും അച്ഛനും തന്നെ ചെയ്തിരുന്നത്). ഉണ്ടാക്കുമ്പോഴുള്ള ഒരു സുഖം, അതൊന്ന് ഓര്‍ത്തെടുക്കാന്‍ കൂടി വീട്ടില്‍ല്‍ത്തന്നെ ഉണ്ടാക്കണം എന്നു തീരുമാനിച്ചു. നന്നായാല്‍ അമ്മയോടു പറയാമല്ലോ.

കായവറുത്തത്

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രക്കായ - 1 കിലോ - നേര്‍മ്മയായി വട്ടത്തില്‍ നുറുക്കിവെയ്ക്കണം
വെളിച്ചെണ്ണ - 1/2 ലിറ്റര്‍
മഞ്ഞള്‍പ്പൊടി - 2 സ്പൂണ്‍
ഉപ്പ് - പാകത്തിന്

ഉണ്ടാക്കാന്‍ കനമുള്ള ഇരുമ്പു ചീനച്ചട്ടിയും വറുത്തുകോരാന്‍ കണ്ണാപ്പയും വേണം.

ഉണ്ടാക്കുന്നവിധം

  1. നുറുക്കിവെച്ച കഷ്ണങ്ങളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടിവെയ്ക്കുക.
  2. വറുത്തെടുത്ത ഉപ്പേരി പരത്തിയിടാന്‍ ഒന്നോരണോ പത്രക്കടലാസ് സൌകര്യപ്രദമായ അകലത്തില്‍ വിരിച്ചുവെയ്ക്കുക. അധികമുള്ളവെളിച്ചെണ്ണ കടലാസു കുടിച്ചോട്ടേ.
  3. അടുപ്പില്‍‌വെച്ചാല്‍ ഓടിക്കളിക്കാത്ത, കനമുള്ള ചീനച്ചട്ടി അടുപ്പത്തുവെയ്ക്കുക.
  4. ഒന്നൊന്നരഗ്ലാസ് (250 മില്ലി) വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക
  5. നന്നായിച്ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് രണ്ടൊ മൂന്നോ പിടി തയ്യാറാക്കിവെച്ച കായക്കഷ്ണങ്ങള്‍ ഇടുക. ചൂടായ വെളിച്ചെണ്ണ കയ്യിലേക്കു തെറിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  6. ഒരു മിനുട്ടുകഴിഞ്ഞാല്‍ ഇളക്കിക്കൊടുക്കണം. ‘കല പില കലപില‘ ‘കായവറ, കായവറ’ ശബ്ദം കേള്‍ക്കാം. ചൂട് അധികമാവുമ്പോഴേയ്ക്കും തീ ചെറുതാക്കണം. കലപിലശബ്ദംനിന്നു എന്നുതോന്നുമ്പോള്‍ (അപ്പോഴേയ്ക്കും കായക്കഷ്ണംങ്ങള്‍ തമ്മില്‍മുട്ടുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കാറാവും) കണ്ണാപ്പകൊണ്ട് വേഗം കോരിയെടുത്ത് വിരിച്ചുവെച്ച കടലാസിലേക്കു പരത്തിയിടുക.
  7. തീ കൂട്ടി വീണ്ടും വെളിച്ചെണ്ണ നന്നായി ചൂടാവുമ്പോള്‍ നുറുക്കിത്തയ്യാറാക്കിവെച്ച ബാക്കിയുള്ള കായക്കഷ്ണങ്ങള്‍ തീരുന്നതുവരെ ആവര്‍ത്തിക്കുക.
  8. കായവറുത്തതു തയ്യാര്‍. കുറച്ചൊക്കെ വെളിച്ചെണ്ണ കടലാസ് വലിച്ചെടുത്തോളും. അതുകഴിഞ്ഞാല്‍ ചൂട് അധികം ആറുന്നതിനുമുന്‍പ് കാറ്റുകടക്കാത്ത പാത്രത്തില്‍ ആക്കിവെയ്ക്കാം.
  9. എന്തുണ്ടാക്കിയാലും സന്തോഷത്തോടെ ആദ്യം കുട്ടികള്‍ക്കു കൊടുക്കുക. പിന്നെമറ്റുള്ളവര്‍ക്കും കൊടുക്കുകയും കഴിക്കുകയും ആവാം.

വറുത്തുപ്പേരി

നേന്ത്രക്കായ വട്ടത്തില്‍ നുറുക്കുന്നതിനുപകരം നാലായികീറി ചെറുതായി നുറുക്കിയിട്ട് മേല്‍പ്പറഞ്ഞപ്രകാരം തന്നെ ഉണ്ടാക്കിയാല്‍ അതാണു വറുത്തുപ്പേരി. കായവറുത്തതായാലും വറുത്തുപ്പേരിയായാലും പാക്കറ്റില്‍ വാങ്ങുന്നതിന്റെ ഭംഗി കിട്ടിയില്ലെങ്കില്‍പ്പോലും സ്വാദുണ്ടാവും തീര്‍ച്ച.

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊഴേ ഈ നേന്ത്രക്കായ കിട്ടാനില്ലാത്ത സ്ഥലത്തുള്ളവര്‍ എന്തു ഹെയ്യണം എന്നു കൂടി അനുബന്ധം എഴുതി ചേര്‍ക്കുമല്ലൊ.

ങ്‌ ഹാ കൊതിപ്പിച്ചോ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
വിനുവേട്ടന്‍ said...

എന്റെയും കുടുംബത്തിന്റെയും ഓണാംശംസകള്‍...

വിനുവേട്ടന്‍ said...

എന്റെയും കുടുംബത്തിന്റെയും ഓണാംശംസകള്‍...