വെള്ളത്തുള്ളികള്‍ ഞങ്ങള്‍ ചിരിച്ചും
തുള്ളിച്ചാടിപ്പലവഴിയൊഴുകീ
ട്ടൊടുവില്‍ കടലില്‍വന്നു പതിച്ചി-
ട്ടാര്‍ത്തലയും തിരമാലകളായീ.
പതഞ്ഞുപൊന്തും നുരയായ്, പതയായ്,
പിടിച്ചുമുക്കുന്നഴലിന്‍ ചുഴിയായ്,
പലമട്ടായാടിയുലഞ്ഞും
എത്തിയതീകടലിന്‍ നടുവില്‍.
കരകാണാ കടലിന് നടുവില്‍
പരരെത്താന്‍ തള്ളിയൊതുക്കാന്‍
തിരയേക്കാളുന്തും തള്ളും;
തുണയായിട്ടുണ്ടെന്നു നിനച്ചോ
രണികളുമെതിരായുന്തുന്നൂ
ദിക്കുകളെട്ടും തിരിയാനിടമി-
ല്ലെനിയ്ക്കു നില്‍ക്കക്കള്ളിയുമില്ലാ
തൊറ്റപ്പെട്ടതു ഞാ, നൊരു തുള്ളി!
തലയ്ക്കുമുകളില്‍ വന്നു വിളിപ്പൂ
തപനന്‍, ‘കൂടെപ്പോരിക നീ’
നീട്ടിയകൈയ്യില്‍ ചാടിക്കയറീ
ട്ടാശ്വാസത്തിന്‍ നെടുവീര്‍പ്പറിയേ
വേഷം പോലും കൂടെയെടുക്കാ
നൊത്തില്ലെങ്കിലു, മെന്നെയെടുത്താ
തപനന്‍ തന്നുടെ കൈകളിലൂഞ്ഞാ-
ലാട്ടി വടക്കും തെക്കും തഴുകേ
കഴിവുറ്റൊരു മേഘമതായി
പ്പരിണാമപ്പെരുമയുമേറി
ത്തലവീര്‍ത്ത ബലൂണുകണക്കെ
വലുതായിപ്പോയീ ഞാനും.
കനമങ്ങനെ കൂടിവരുമ്പോള്‍
നിലവിട്ടുപതിച്ചൂ വീണ്ടും
പാവം ഞാന്‍ വെള്ളത്തുള്ളി.
ആര്‍ത്തുവരുന്നു പലരും കാണാന്‍
കൂടെക്കൂട്ടീട്ടൊഴുകാനിനിയും,
പോകുന്നേനവരോടൊപ്പം
വന്നേയ്ക്കാമിനിയുമൊരിയ്ക്കല്‍
വിശ്രാന്തിയതെന്നാണാവോ!
മുകളില്‍ച്ചാടിത്തുള്ളാന്‍ നില്ക്കാ-
തടിയില്‍ ചെന്നാക്കടലിന്‍ മടിയില്‍
പടിഞ്ഞിരുന്നക്കടലായലിയാന്‍
ഇടയാവണമിനിയൊരു തവണ
4 comments:
അങ്ങനെ ഒരുപാട് തുള്ളികൾ ഒത്തുചേർന്നാൽ, അലിഞ്ഞുചേർന്നാൽ, മാത്രമേ ഒരു കടലാവൂ. കരകാണാക്കടലിലെ തുള്ളിയാവട്ടെ. കണ്ണുനീർക്കടലിലെ തുള്ളിയാവാതിരിക്കട്ടെ.
:)
പാവം വെള്ളത്തുള്ളി.
ആകാശാത് പതിതം തോയം
സാഗരം പ്രതി ഗച്ഛതി
സർവദേവനമസ്കാരം
കേശവം പ്രതി ഗച്ഛതി
നന്നായിരിക്കുന്നു
Post a Comment