Tuesday, October 27, 2009

ഒച്ചയും ഉച്ചാരണവും

നാമെന്തെങ്കിലും പറയുമ്പോള്‍ ശബ്ദം എങ്ങനെയാണു പുറത്തുവരുന്നത്? ഉദാഹരണത്തിനു് “Look at the parrot”- “ലുക്കറ്റ് ദ് പാരറ്റ്‍” എന്നു പറയുമ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ഭാഷ ഏതുമാവട്ടേ, അതെങ്ങിനെയാണു വിവിധതരം അക്ഷരങ്ങളായി പുറത്തുവരുന്നത് എന്നു നോക്കാം.

1. ലു > ല് + ഉ
ല് - ഈ ഒച്ച ഉണ്ടാവുന്നതെങ്ങനെ? നാവു പല്ലുകളുടെ പിന്‍ഭാഗത്തായി തൊടുന്നരീതിയില്‍ വെച്ച്, ഒച്ചയുണ്ടാക്കാനുദ്ദേശിച്ചുള്ളവായുപ്രവാഹത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, വിട്ടയക്കുമ്പോഴാണു ല് എന്ന ഒച്ച വരുന്നത്.
ഉ - ശബ്ദത്തിനുള്ള വായുപ്രവാഹത്തെ ചുണ്ടുകള്‍കൊണ്ട് ക്രമപ്പെടുത്തിവിടുമ്പോഴാണു് ‘ഉ’ എന്ന സ്വരം ഉണ്ടാവുന്നത്.
2. ക്ക - ശബ്ദവായുവിന്ന് കണ്ഠത്തില്‍ ഒരുക്ഷണം തടസ്സം ഏര്‍പ്പെടുത്തി വിട്ടയക്കുമ്പോള്‍ ‘ക്’ എന്ന ഒച്ച വരും. ഈ ഒച്ച വരുന്നതിന്‍ തൊട്ടുമുന്‍പ്, ഒരുവട്ടം കൂടി അതാവര്‍ത്തിച്ചാല്‍ ക്ക് എന്ന ഒച്ചയാവും.

3 റ്റ്- നാവിന്റെ തുമ്പ് പല്ലുകള്‍ക്കു പിന്നില്‍ മുട്ടുന്നവിധത്തില്‍ വായുപ്രവാഹത്തില്‍ നിയന്ത്രണം വരുത്തിവിടുമ്പോഴാണ് റ്റ് എന്ന ശബ്ദമുണ്ടാവുന്നത്. ഈ അക്ഷരം സംസ്കൃതത്തില്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ വര്‍ണ്ണമാലയില്‍ കാണില്ല.

ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ഉച്ചാരണശാസ്ത്രശാഖയുടെ പേരാണു് ‘ശിക്ഷാശാസ്ത്ര‘ മെന്നത്. ഏറ്റവും പ്രാചീനം എന്നു കരുതപ്പെടുന്ന ഋഗ്വേദപ്രാതിശാഖ്യം ശിക്ഷാശാസ്ത്രത്തിന്റെ ഒരു പ്രമാണസ്ഥാനമാണു്. ഭാരതീയ ഉച്ചാരണശാസ്ത്രം അനുസരിച്ച് ഒച്ചകളുടെ ഉച്ചാരണത്തെപ്പറ്റി ഒന്നു വിലയിരുത്തുന്നു.

എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്‍ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍‌വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.

ഒരു ഓടക്കുഴലിന്റെ പ്രവര്‍ത്തനവുമായി ഇതിനെ താരതമ്യപ്പെടുത്താം. വെറുതേ ഒരു കുഴലില്‍ക്കൂടെ വായുകടത്തിവിട്ടാല്‍ ശബ്ദമുണ്ടാവില്ല. വായുപ്രവാഹത്തിന് അവിടവിടെ തടസ്സം നേരിടുകയും വീണ്ടും പ്രവഹിക്കുകയും ചെയ്യുമ്പോഴാണു ഒച്ചയുണ്ടാവുന്നത്. ഏതാണ്ടിതേ രീതിയില്‍, ശബ്ദപ്രവാഹത്തിനു കാരണമായ പ്രാണവായു- ഇതിനു ഉദാനന്‍** എന്നു പേരു്-മൂലാധാരത്തില്‍നിന്നും മേലോട്ട് പ്രവഹിച്ച് തൊണ്ടവഴി വായിലൂടെ പുറത്തുകടക്കുമ്പോള്‍ നാവുകൊണ്ടും മറ്റും ഉദാനവായുവിനു വിവിധസ്ഥാനങ്ങളില്‍ നിയന്ത്രണം വരുത്തുന്നതുകൊണ്ടാണു ആ വായുപ്രവാഹം വിവിധ ശബ്ദങ്ങളായി കേള്‍ക്കപ്പെടുന്നത്. ഉദാനവായു (ശബ്ദമുണ്ടാക്കാനുദ്ദേശിച്ചുള്ള വായുപ്രവാഹം) തൊണ്ടയില്‍ക്കൂടെ പ്രവഹിക്കുമ്പോള്‍ ഏറ്റവും അനായാസമായി- സ്വതന്ത്രമായി ഉച്ചരിക്കപ്പെടുന്ന ഒച്ച ‘അ’ ആണു്.


ഓടക്കുഴലിലെ പല തുളകളിലൂടെ വായുപ്രവാഹത്തെ നിയന്ത്രിച്ചു ശബ്ദവ്യത്യാസം വരുത്തുന്നതിനു സമാനമായി, വായില്‍ക്കൂടെ വരുന്നവായുപ്രവാഹത്തില്‍ വിവിധ സ്ഥാനങ്ങളിലാണു പ്രവാഹത്തിനെ ഒട്ടു തടസ്സപ്പെടുത്തി വീണ്ടും കടത്തിവിടുന്നത്.

വിവിധ സ്ഥാനങ്ങള്‍ ഇവയാണു്.

1. കണ്ഠം (തൊണ്ട)
2. താലു (വായയുടെ ഉള്ളിലെ കമാനം പോലെയുള്ള ഭാഗം)
3. മൂര്‍ദ്ധാ (താലുവിന്റെ നടുഭാഗം)
4. ദന്തം (പല്ല്)
5. ഓഷ്ഠങ്ങള്‍ (ചുണ്ടുകള്‍)


ഇനി നമുക്കൊന്ന് ഒച്ചയുണ്ടാക്കിനോക്കാം. വായുപ്രവാഹത്തിന്ന് കണ്ഠത്തില്‍ ത്തന്നെ ഒട്ടു തടസ്സം വരുത്തി വിടുക - ‘ക’ എന്ന ശബ്ദം കേള്‍ക്കാം. ഇനി ഇതേസ്ഥാനത്തുതന്നെ പ്രാണവായുവിന്റെ ശക്തി കൂട്ടി മഹാപ്രാണമാക്കിയാല്‍ ‘ഖ’ എന്ന ഒച്ച വരും. സ്ഥാനത്തിന്ന് ഒരു മാറ്റവും വരുത്താതെ ഒന്നു മൃദുവാക്കി വായുപ്രവാഹത്തെ കടത്തിവിട്ടാല്‍ ‘ഗ’ ആയി. ഈ മൃദുവില്‍ പ്രാണന്റെ അളവു കൂട്ടിയാല്‍ ‘ഘ’ ആയി. ഇതേ സ്ഥാനത്തുതന്നെ വായുപ്രവാഹത്തെ ഒട്ടു തടസ്സപ്പെടുത്തിവിടുമ്പോള്‍ മൂക്കിനെക്കൂടി കൂട്ടുപിടിച്ചാല്‍ ‘ങ’ എന്ന അനുനാസികം ആയി. ‘ഹ’ എന്ന ഒച്ചയും ഉച്ചരിയ്ക്കുമ്പോള്‍ കണ്ഠത്തില്‍ത്തന്നെ യാണു വായുപ്രവാഹത്തെ നിയന്ത്രിച്ചുവിടുന്നത്. ‘അ’ എന്ന സ്വരവും കണ്ഠത്തില്‍ ഉണ്ടാവുന്ന ഒച്ചയാണ്, സ്വരാക്ഷരങ്ങള്‍ ഉച്ചരിയ്ക്കുമ്പോള്‍ വായുപ്രവാഹത്തിനു തടസ്സം വരുത്തുന്നില്ല എന്നതാണു സ്വര***ത്തിന്റെ പ്രത്യേകത.

അതായത്, കണ്ഠത്തില്‍ നിയന്ത്രിച്ചുവിടുന്നവയാണ് ക, ഖ, ഗ, ഘ, ങ. ഹ എന്നിവ.
അകുഹവിസര്‍ജ്ജനീയാനാം കണ്ഠഃ എന്നു പ്രമാണം. അ, കവര്‍ഗ്ഗാക്ഷരങ്ങള്‍, ഹ, വിസര്‍ഗ്ഗം എന്നിവയുടെ ഉച്ചാരണത്തെ നിയന്ത്രിയ്ക്കുന്ന സ്ഥാനം തൊണ്ടയാണെന്നര്‍ത്ഥം.

ഏതുഭാഷ ഉച്ചരിക്കുന്നവരായാലും ഇതുതന്നെയാണു ഉച്ചാരണത്തിന്റെ രീതി.

വായുപ്രവാഹത്തെ താലുവില്‍ വെച്ചു നിയന്ത്രിച്ചുവിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ്
-ച, ഛ, ജ, ഝ എന്നിവ. മൂക്കിന്റെകൂടി ഇടപെടല്‍ വരുമ്പോള്‍ ഞ. താലുവില്‍ തടസ്സമേല്‍പ്പിക്കാതെ, ചെറിയ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന ശബ്ദമാണ് ‘ഇ’, യ എന്നിവ. ശ എന്ന ഒച്ചയുടേയും ഉദ്ഭവസ്ഥാനം താലുതന്നെ. വിസിലടിക്കുന്നപോലെ വായുപ്രവാഹത്തിനുള്ള സാധ്യത ശ എന്ന ഒച്ചയ്ക്കുണ്ട്.

താലു, പ്രധാനസ്ഥാനമായ ഒച്ചകള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം- ഇ, ചവര്‍ഗ്ഗം, യ, ശ (ഇ ചുയശാനാം താലുഃ)

മൂര്‍ദ്ധാവില്‍ വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒച്ചകളാണ്- ഋ, ട, ഠ, ഡ, ഢ, ണ, ര, ഷ എന്നിവ. (ഋടുരഷാണാം മൂര്‍ദ്ധാ)

ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണകേന്ദ്രമായ ഒച്ചകള്‍- ഌ, ത, ഥ, ദ, ധ, ന, ല, സ (ഌതുലസാനാം ദന്താഃ)

ചുണ്ടുകള്‍ പ്രധാനനിയന്ത്രണസ്ഥാനമായ ഒച്ചകള്‍- ഉ, പ, ഫ, ബ, ഭ, മ.
മേല്‍‌വരിയിലെ പല്ലുകള്‍ കീഴ്‌ച്ചുണ്ടില്‍ തൊടുവിച്ച്, വായുപ്രവാഹത്തെ നിയന്ത്രിക്കുമ്പോഴാണു് വ എന്ന ഒച്ച വരുന്നത്. ‘വ’ മഹാപ്രാണമാക്കിയാല്‍ ‘ഫൈനല്‍’ എന്നതിലെ ‘ഫ’ എന്ന ഒച്ചയായി. ഈ വര്‍ണ്ണത്തിനു വേറൊരു ‘ലിപി’ ഉണ്ടാക്കാമായിരുന്നു. മലയാളികള്‍ ‘ഫ’ പുല്ലേ! എന്നതിലെ (ഫലം -ഫ്രൂട്ടിലെ ഫയല്ല ഫലത്തിലെ ഫ) പകാരത്തിന്റെ മഹാപ്രാണത്തെ സൂചിപ്പിക്കുന്ന ലിപിതന്നെയാണു ഫൈനല്‍/ഫൈറ്റ്/ ഫൈവ് ഇവയിലെ ‘വ’കാരമഹാപ്രാണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്.
******************************************************************************

*തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, അപ്പോള്‍ മൂക്കിനും സ്ഥാനമുണ്ട് ഉദാനവായുവിനെ നിയന്ത്രിച്ചുവിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍.

** ജീവവായുവിന് സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നപേരാണു് പ്രാണാഃ (പ്രാണങ്ങള്‍) എന്നു്. ഇത് ബഹുവചനമായേ പ്രയോഗമുള്ളൂ. ജീവവായു, ശരീരത്തില്‍ നിര്‍വഹിക്കുന്ന ദൌത്യമനുസരിച്ച് അഞ്ചു പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണു് അഞ്ചുതരം പ്രാണങ്ങള്‍. ഇവയെ ഒരുമിച്ചു വ്യവഹരിക്കുന്നതിനാലാണു് പഞ്ചപ്രാണങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുവചനമായി പ്രയോഗിക്കുന്നതു്. ശബ്ദോച്ചാരണത്തില്‍ ഇടപെടുന്ന വായു ഉദാനഃ (ഉദാനന്‍) എന്ന സാങ്കേതികനാമത്തില്‍ അറിയപ്പെടുന്നു.

***സ്വരഃ- സ്വയം രാജതേ ഇതി സ്വരഃ , സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു സ്വരം. വ്യഞ്ജനത്തെ ഉപയോഗിയ്ക്കാന്‍ സ്വരത്തിന്റെ സഹായം വേണം.

17 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

അങ്ങനെ ഒരു പോസ്റ്റിനു മോക്ഷം കിട്ടി.
2007 ഒക്ടോബറില്‍ തുടങ്ങിവെച്ച ഡ്രാഫ്റ്റ് പോസ്റ്റ്.
ഓഡിയോ - സൌകര്യം കൂടി പ്രയോജനപ്പെടുത്തണമെന്നുണ്ടായിരുന്നു.

Anonymous said...

ഇതെല്ലാം കയ്യിലിരുന്നിട്ടാണോ!

Kvartha Test said...

ഈ വിവരങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി.

സു | Su said...

വായിച്ചു. ഇനിയും വായിച്ചാലേ ശരിയാവൂ. :) നന്ദി.

വികടശിരോമണി said...

നല്ല ‘ശിക്ഷ’! വഴി പോലെ ബോധിച്ചു:)
എങ്കിലോ പണ്ട്;ഇവ്വണ്ണമാകുന്ന ശാസ്ത്രാദികളെ മനനം ചെയ്തുമുരുക്കഴിച്ചും കാലയാപനം ചെയ്യുന്ന ദേഹികളുടെ ജന്മജന്മാർജ്ജിതങ്ങളായിരിക്കുന്ന ദുരിതരാശികൾ സംഹൃതങ്ങളായിച്ചമഞ്ഞ്,യഥാവലേ മോക്ഷപ്രാപ്തി കൈവരുമെന്നല്ലയോ ആകുന്നത്:)
{ഹും! കെ.പി.ശങ്കരൻ മാഷ് തലകുത്തി മറിഞ്ഞിട്ട് ഞാൻ ശിക്ഷാശാസ്ത്രം പഠിച്ചിട്ടില്ല,പിന്നെ ഇപ്പൊഴാ:)}

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
:)

എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്‍ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍‌വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.

ഒന്നും പുടികിട്ടിയില്ല.

Anonymous said...

വായു- ആവേഗം? സിഗ്നൽ?
മൂലാധാരാത് പ്രഥമമുദിതോ ... എന്നു തുടങ്ങുന്ന ഒരു ശ്ലോകം ടീച്ചർക്കറിയില്ലേ? ഒന്നർഥം പറഞ്ഞുതന്നാൽ നന്നായിരുന്നു...
അനോണി മാഷല്ല, സ്റ്റുഡന്റ്!

santhoshhrishikesh said...

ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ ശിക്ഷാശാസ്ത്രമാണ്‌ സംസ്കൃതത്തിലേത്. തര്‍ക്കമില്ല. എന്നാല്‍ ഈ പറഞ്ഞ ധ്വനിമൂല്യങ്ങള്‍ പലതും ആധുനികഭാഷാശാസ്ത്ര ദൃഷ്ടിയില്‍ സമ്മതമല്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.

അനില്‍@ബ്ലോഗ് // anil said...

സന്തോഷ് മാഷ് കൂടുതല്‍ വിശദീകരിച്ചിരുന്നേല്‍ പഠിക്കാമായിരുന്നു.
മലയാളം വകുപ്പിലെ ആള്‍ എന്ന നിലയില്‍ പ്രത്യേകിച്ചും.
:)
കാക്കുന്നു.

ശബ്ദശക്തി വ്യാഖ്യാകാരഃ said...

अकुहविसर्जनीयानं कण्ठः
അ ക ഖ ഗ ഘ ഇവ കണ്ഠം (തൊണ്ട) കൊണ്ട് ഉച്ചരിക്കുന്നു.
इचुयशानांतालु.
ഇ ച ഛ ജ ഝ യ ‍ശ ഇവ താലു കൊണ്ട് ഉച്ചരിക്കുന്നു ...........
എന്ന് സംസ്കൃത വ്യാകരണം (പാണിനീയം)

santhoshhrishikesh said...

മറ്റൊരാളുടെ പോസ്റ്റില്‍ കയറി ഭാഷാശാസ്ത്രത്തിന്റെ നെടുനീളന്‍ ഗോളടിക്കുന്നതിലെ അനൗചിത്യം, പൊതുവേ ഫൊണെറ്റിക്സിനോട് ആളുകള്‍ക്കുള്ള വിരക്തി അങ്ങനെ പലതും എന്നെ പിന്തിരിപ്പിക്കുന്നു അനിലേ,
പ്രമാണഗ്രന്ഥമോ ഭാഷയോ ഏതായാലും നമ്മുടെ വായ്ക്കകത്തുനടക്കുന്ന സംഗതിയെ സ്വയം അനുഭവിച്ചറിയാമെന്നതിനാല്‍ ഏതു ശബ്ദത്തിന്റെയും ധ്വനിമൂല്യം നമുക്കു തന്നെ പരീക്ഷിച്ചറിയാം. മൂലാധാരവും ഉദാനനുമൊക്കെ ഭാരതീയമായ സങ്കല്പമാണ്‌. നമ്മുടെ ശരീരത്തില്‍ ഉള്ള വിവിധ വായുപ്രവാഹ വ്യവസ്ഥകളില്‍ ശ്വാസകോശീയ ബഹിര്‍ഗമനവായുവാണ്‌ ശബ്ദോച്ചാരണത്തിന്‌ കാരണം.
നാലു തരത്തില്‍ ഈ വായുവിനെ നിയന്ത്രിച്ചാണ്‌ ശബ്ദങ്ങള്‍ പുറപ്പെടുന്നത്. ഇതനുസരിച്ച് സ്വനങ്ങളെ നാലു പ്രകാരത്തില്‍ വിഭജിക്കാം. ബഹിര്‍ഗമന വായുവിന്റെ ഗതിയും പ്രവാഹവുമനുസരിച്ച്, ഉച്ചാരണസ്ഥാനമനുസരിച്ച്, നാദതന്തുക്കളുടെ പ്രവര്‍ത്തനമനുസരിച്ച്, മഹാപ്രാണീകരണമനുസരിച്ച് എന്നിങ്ങനെ.
വായുപ്രവാഹത്തിന്റെ സ്വഭാവമനുസരിച്ച് (വായുവിനുണ്ടാകുന്ന വിവിധ പ്രകാരത്തിലുള്ള തടസ്സം)വിരാമം, ഘര്ഷം, വിരാമഘര്‍ഷം, പാര്‍ശ്വികം, ത്രാസം, ദ്രുതസ്പര്‍ശം, സ്വരം, അനുനാസികം പ്രവാഹി എന്നിങ്ങനെയും സ്ഥാനമനുസരിച്ച് (ഉച്ചാരണ വായുവിന്‌ എവിടെ തടസ്സമുണ്ടാകുന്നുവോ അതാണ്‌ ഉച്ചാരണ സ്ഥാനം) ഓഷ്ഠ്യം ദന്തോഷ്ട്യം,ദന്താന്തരാളം, ദന്ത്യം, ദന്ത്യവത്സ്യം, വത്സ്യം, കഠിനതാലവ്യം മൃദുതാലവ്യം, മൂര്‍ധന്യം, അന്തര്‍ജിഹ്വം, നാദതന്ത്യകം എന്നും നാദതന്തുക്കള്‍ അടച്ചുച്ചരിക്കുന്നത് നാദി /തുറന്നുച്ചരിക്കുന്നത് ശ്വാസി എന്നും ഹ യുടെ മഹാപ്രാണീകരണം കൊണ്ട് ഖരത്തില്‍ നിന്ന് അതിഖരം മൃദുവില്‍ നിന്ന് ഘോഷം എന്നിവയും ആണ്‌ ഈ വിഭജനമനുസരിച്ചുള്ള ഉപവിഭാഗങ്ങള്‍.ഒരു ശബ്ദത്തിന്റെ ധ്വനി പറയുമ്പോള്‍ ഈ നാലു സംഗതികളിലും അതെങ്ങനെ പെരുമാറുന്നു എന്ന് നോക്കണം.
ഉദാഹരണത്തിന്‌ പ എന്ന ശബ്ദം ശ്വാസിയായ ദ്വയോഷ്ഠ്യ വിരാമം ആണ്‌. അതിന്റെ മഹാപ്രാണീകൃത രൂപമാണ്‌ ഫ. ബ അതിന്റെ നാദിരൂപമാണ്‌. മ അനുനാസികവും.
വ്ത്സ്യ പാര്‍ശ്വികമാണ്‌ ല. (നാവു നടുകുഴിഞ്ഞ് വശങ്ങളിലൂടെ വായു പുറത്തുപോകുന്നത് പാര്‍ശ്വികം) റ ത്രാസമാണ്‌ (ഉച്ചാരണ സ്ഥാനത്ത് നാവു വിശ്രമിക്കാതെ കമ്പനം
ചെയ്യുന്നു. പെട്ടെന്ന് സ്പര്‍ശിച്ച് പിന്‍ വാങ്ങിയാല്‍ അത് ര ദ്രുതസ്പര്‍ശമായി. വ ദന്തോഷ്ഠ്യമാണ്‌. അങ്ങനെയങ്ങനെ. നേരത്തെ ജ്യോതി വിശദീകരിച്ച ഭാരതീയമായ ധ്വനി സിദ്ധാന്തപ്രകാരം കവര്‍ഗം തൊണ്ടയില്‍ നിന്നാണ്‌ ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ ജിഹ്വാമൂലം (നാവിന്റെ കടഭാഗം) മൃദുതാലുവില്‍ സ്പര്‍ശിച്ചാണ്‌ ഈ വര്‍ഗാക്ഷരങ്ങള്‍ പുറപ്പെടുന്നതെന്ന് കാണാം. അ യുടെ ധ്വനിമൂല്യവും ല, സ, ര എന്നിവയുടെ ധ്വനിമൂല്യവും ജ്യോതി പറഞ്ഞതുപോലെയല്ല എന്ന് ഉച്ചരിച്ചാല്‍ അറിയാം. വിസ്താരഭയത്താല്‍ ഈ വിഭാഗങ്ങളുടെ സ്വഭാവം ഉദാഹരണങ്ങള്‍ എന്നിവ നല്‍കിയിട്ടില്ല. ഭാരതീയ ശബ്ദശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ഈ വിവരണം സംഗതമാണോ എന്ന സംശയം ഇല്ലാതില്ല. നീണ്ട കമന്റിന്‌ ക്ഷമ ചോദിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

സന്തോഷ് മാഷ്,
നന്ദി.
ബ്ലോഗുടമ എന്തു പറയുന്നു എന്ന് നോക്കാം, ചീത്ത വിളിക്കില്ലായിരിക്കും.
:)
ഭാരതീയ ചിന്തകള്‍ ആധുനിക ശാസ്ത്ര തത്വങ്ങള്‍ക്കനുസരിച്ച് റീഡിഫൈന്‍ ചെയ്യാനാണ് ഞാന്‍ എപ്പോഴും എന്റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാറ്.

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ, നിങ്ങളുടെ വായനയ്ക്കു നന്ദി. കമന്റിനും.

‘ജ്യോതി പറഞ്ഞതില്‍ ചില അപാകതകളുണ്ടെന്ന് ശ്രീ സന്തോഷ് സൂചിപ്പിച്ചതു ശരിയാണു്. എന്റെ അറിവിലെ അപക്വത, ഭാരതീയശാസ്ത്രത്തിന്റെ കുറ്റമായി വ്യാഖ്യാനിയ്ക്കപ്പെടരുത്.

ഭാരതീയ ശിക്ഷാശാസ്ത്രത്തിന്റെ .0000001% (വളരെതുച്ഛമായ ഭാഗം എന്നര്‍ത്ഥം) മാത്രം പഠിച്ചെഴുതിയ ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മൊത്തം ശാസ്ത്രത്തെ വിലയിരുത്തരുതെന്നപേക്ഷ. ആധുനികഭാഷാശാസ്ത്രം എന്നതുകൊണ്ട് സന്തോഷ് ജി ഉദ്ദേശിച്ചത് എന്താണെന്നും നല്ല വ്യക്തമായില്ല.

അതൊക്കെ അവിടെ നില്‍ക്കട്ടേ-


സന്തോഷിന്റെ നീണ്ടമറുപടിയ്ക്കു നല്ലനന്ദി.

ഈ പോസ്റ്റു വന്നവഴി-

‘സംസ്കൃതപാഠം’ എന്നപേരില്‍ തുടങ്ങിവെച്ച ഒരു കുഞ്ഞുബ്ലോഗുണ്ടായിരുന്നു. അവിടെ ‘ഹരിശ്രീ’ കുറിച്ചുകഴിഞ്ഞ്, ഹരിശ്രീ...അ ആ.ഇ,....ക, ഖ... ഇവയൊക്കെ എങ്ങനെ വ്യത്യസ്ത ഒച്ചകളായി വരുന്നു, എന്നതിലേയ്ക്ക് ഒന്നു കണ്ണോടിയ്ക്കാന്‍ മാത്രം ഒരു ഏകദേശധാരണയ്ക്കുവേണ്ട് എഴുതിത്തുടങ്ങിയ പോസ്റ്റ് ആയിരുന്നു. (ഉച്ചാരണത്തിന്റെ രണ്ടാം പതിപ്പ്, സന്ധിപാഠങ്ങള്‍‌ക്കിടയില്‍ വെയ്ക്കാനും പ്ലാന്‍ ഉണ്ടായിരുന്നു)

ഇനി വിഷയം:-

വ്യാകരണക്കാര്‍ ‘ക’ വര്‍ഗ്ഗത്തിന്റെ സ്ഥാനത്തെക്കൂടി ‘കണ്ഠം’എന്നാണു കണക്കാക്കുന്നത്. സ്ഥാനം മാറ്റുന്നതല്ല, ആ സ്ഥാനത്തെക്കൂടി ഉള്‍ക്കൊള്ളുന്നതിനെയാണു കണ്ഠം എന്നു വ്യവഹരിയ്ക്കുന്നത്. പാണിനീയത്തേക്കാള്‍ അതിപുരാതനമായ പ്രാതിശാഖ്യങ്ങള്‍ ഋഗ്വേദപ്രാതിശാഖ്യം, തൈത്തിരീയ പ്രാതിശാഖ്യം മുതലായവയില്‍ ‘ക’ യുടെ ഉച്ചാരണസ്ഥാനത്തെ ‘ജിഹ്വാമൂലം’ എന്നുതന്നെയാണു പറയുന്നത്.

സ്പര്‍ശം,പാര്‍ശ്യം, ശ്വാസം, നാദം, ഘോഷം തുടങ്ങിയ ‘ഡീറ്റെയിത്സും’ ഞാന്‍ പരാമര്‍ശിച്ചിട്ടില്ലെന്നേയുള്ളൂ.

ഉച്ചാരണസ്ഥാനവും ഉച്ചാരണകരണവും ഒരുമിച്ചു കണക്കാക്കിയുള്ള ‘ചാര്‍ട്ടും’ പ്രാതിശാഖ്യങ്ങളില്‍ കിട്ടും. പിന്നെ ഉദാത്തം, അനുദാത്തം, സ്വരിതം തുടങ്ങിയ ഉച്ചാരണപ്രത്യേകതകളും വളരെ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്, പ്രാതിശാഖ്യ-ശിക്ഷാശാസ്ത്രങ്ങളില്‍. അതാതുവിഷയത്തില്‍ ആഴത്തില്‍ പോകാന്‍ താല്പര്യമുള്ളവര്‍ക്കു അതൊക്കെ രസിയ്ക്കും. അല്ലാത്തവര്‍ക്കു അതൊന്നും പുടികിട്ടിയെന്നു വരില്ല. (ഞാന്‍ പഠിച്ചിട്ടില്ലെന്നു അര്‍ത്ഥം)


കണ്ഠം എന്ന ഉച്ചാരണസ്ഥാനത്തില്‍ ‘ഹനുമദ്ധ്യം’ എന്ന ഭാഗം കൊണ്ട് ശബ്ദവായുവിനെ കമ്പനം ചെയ്യിക്കുമ്പോള്‍ ഉണ്ടാകുന്ന ഒച്ചകള്‍ അ,ഹ.

ജിഹ്വാമൂലം എന്ന സ്ഥാനത്ത് ‘ഹനുമൂലം’ എന്നഭാഗംകൊണ്ട് ശബ്ദവായുവിനെ കമ്പനം ചെയ്യിക്കുമ്പോള്‍ ക്, ഖ്, ഗ്,ഘ്, ങ്..(ജിഹ്വാമൂലീയം എന്ന ‘ഃക്’യും).

താലുസ്ഥാനത്ത് ജിഹ്വാമധ്യം കൊണ്ടൂ ശബ്ദവായുവില്‍ കമ്പനം ഉണ്ടാക്കുമ്പോള്‍ ച്, ഛ്, ജ്, ഝ്, ഞ്,യ്, ശ് എന്നിവ

ദന്തസ്ഥാനത്ത് ജിഹ്വാഗ്രം കൊണ്ട് ശബ്ദവായുവിനെ കമ്പിപ്പിക്കുമ്പോള്‍ ‘ഌ‘എന്നസ്വരം, പിന്നെ ത്,ഥ്,ദ്,ധ്, ന്,ല്,സ്

ദന്തമൂലസ്ഥാനത്ത് ജിഹ്വാഗ്രം കൊണ്ട് ശബ്ദവായുവിനെ കമ്പിപ്പിക്കുമ്പോള്‍ ‘ര്’

മൂര്‍ദ്ധാവ് (എന്ന ഉച്ചാരണസ്ഥാനത്തില്‍) പ്രതിവേഷ്ടിതജിഹാഗ്രം കൊണ്ട് (നാവുവളച്ചുപിടിച്ച് അതിന്റെ തുമ്പുകൊണ്ട്) ശബ്ദവായുവില്‍ കമ്പനമുണ്ടാക്കുമ്പോള്‍ ‘ട്, ഠ്, ഡ്, ഢ്, ണ്, ഷ്...ഈ ഒച്ചകള്‍

ഹ് രണ്ടുതരം- ഉരസ്സ് (നെഞ്ചിന്നകം)ഉച്ചാരണസ്ഥാനമായതും കണ്ഠം ഉച്ചാരണസ്ഥാനമായതും എന്നൊക്കെയുണ്ട്, സൂക്ഷ്മമായ പ്രത്യേകതകളിലേയ്ക്കു കടന്നാല്‍.



അങ്ങനെയങ്ങനെ പോണു... താല്പര്യമുണ്ടെങ്കില്‍ ഇനിയും ഡീറ്റെയിത്സ് പഠിക്കാം, ചര്‍ച്ചചെയ്യാം.

എല്ലാര്‍ക്കും ഒരിയ്ക്കല്‍ക്കൂടി നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...

തൊട്ടുമുകളിലുള്ള എന്റെ കമന്റിലെ മൂന്നാം വാചകത്തിലെ ...”അറിവിലെ അപക്വത“ എന്നതു ..’അറിവിലെ അപാകത‘ എന്നു പാകപ്പെടുത്തി വായിക്കാന്‍ അപേക്ഷ. :-)

വികടശിരോമണി said...

നീപ്പോ എന്നാ പക്വത വെക്ക്യാന്ന് അതു വായിച്ചപ്പൊ കരുതീതേ ഉള്ളൂ.തിരുത്തീതു നന്നായി:)

Anonymous said...

‘ഇതൊക്കെ (വെറും) ഭാരതീയം’; വേറെ വല്ലതുമുണ്ടോ, ഐ മീൻ, നല്ലതെന്തെങ്കിലും..?

“ധ്വനിസിദ്ധാന്തം.....” അതു മറ്റെ ആനന്ദന്മാഷ്ടെ അല്ലേ?

പൊന്നപ്പന്‍ - the Alien said...

"താല്പര്യമുണ്ടെങ്കില്‍ ഇനിയും ഡീറ്റെയിത്സ് പഠിക്കാം, ചര്‍ച്ചചെയ്യാം."

എന്നാ ചോദ്യമാ ഇത്? തീര്‍ച്ചയായും താല്പര്യമുണ്ട്. പക്ഷേ ചര്‍ച്ച ചെയ്യാനൊന്നും പറ്റത്തില്ല (തത്‌കാലത്തേക്കെങ്കിലും ! ). പകരം ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത് കൃത്യമായി വായിച്ചോളാം