Tuesday, August 10, 2010

കരിമുഖം - ചിരിമുഖം

കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി

പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...

“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?

2 comments:

സു | Su said...

കാലം കരിമുഖം മാറ്റി സുന്ദരിയായി വന്നോ? അതോ അത്തത്തിനു വീണ്ടും മുഖം കറുക്കുമോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

നന്ദി, വായനക്ക്. അത്തവും ഓണവും വെളുപ്പിക്കും.. :-)