Monday, July 10, 2006

അമ്പിളിമ്മാമന്‍

വെയ്ക്കാ,നന്തിവിളക്കുമായ്‌ വരുവതിങ്ങാരാണു ചെമ്പട്ടുടു-
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും-
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

'
'അമ്പിളിമ്മാമന്‍' എന്ന പ്രയോഗം ശരിയല്ലെന്നു ഉമേഷ്ജി അഭിപ്രായപ്പെട്ടിരുന്നു, എന്നാലും ഞാനെന്റെ ഉണ്ണിമ്മാമനെ വിളിയ്ക്കുന്ന അതേ സ്വാതന്ത്ര്യം 'അമ്പിളിമ്മാമാ..' എന്നു വിളിയ്ക്കുമ്പോഴും കാണിച്ചിരുന്നതുകൊണ്ട്‌, എനിയ്ക്കിനി മാറ്റിവിളിയ്ക്കാനൊരു മടി.
ജ്യോതി.

Santhosh said...

ശ്ലോകങ്ങള്‍ക്ക് അഭിപ്രായം പറയുവോളമായിട്ടില്ല. എന്നാലും പറയട്ടെ, ഇഷ്ടപ്പെട്ടു. അമ്പിളിമ്മാമാന്‍ കേട്ടുപരിചയമില്ലാത്ത വിളിതന്നെ; ഉണ്ണിമ്മാമനെപ്പോലെ.

പിന്‍‍കുറിപ്പ്: ചില്ലിലെ ചതുരം ശരിയാക്കിയിട്ടില്ലല്ലോ...

അനംഗാരി said...

അമ്പിളി മാമന്‍ എന്നതാണു ശരി.അമ്പിളിമ്മാമന്‍ വേണ്ട.നന്നായിട്ടുണ്ട് ജ്യോതി.അഭിനന്ദനങ്ങള്‍.

രാവുണ്ണി said...

‘അമ്പിളിമ്മാമന്‍'ആണെങ്കിലേ വൃത്തം ശരിയാവൂ എന്നു തോന്നുന്നു.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ശരിയാണു രാവുണ്ണീ. അമ്പിളിമ്മാമന്‍ എന്നായാലേ ശാര്‍ദ്ദൂലവിക്രീഡിതവൃത്തം ശരിയാവൂ.

“അപി മാഷം മഷം കുര്യുച്ഛന്ദോഭംഗം ന കാരയേത്” എന്നൊരു പരിഹാസച്ചൊല്ലുണ്ടു സംസ്കൃതത്തില്‍. വൃത്തം ശരിയാക്കാന്‍ വാക്കു തെറ്റിക്കുന്നതു ശരിയല്ല. “പാദസര“ത്തിനെ “പാദസ്വരം” ആക്കിയ (ഓണക്കോടി ഞൊറിഞ്ഞുടുത്തു... എന്ന ശ്ലോകത്തില്‍) വയലാറും ഇതു ചെയ്തിട്ടുണ്ടു്.

ജ്യോതിയുടെ അഭിപ്രായം “അമ്പിളിമ്മാമന്‍” എന്നുമ്ം (സംസാരഭാഷയിലെങ്കിലും) പറയാറുണ്ടെന്നാണു്. സന്തോഷിന്റെ “ഉണ്ണിമ്മാമന്‍” എന്ന ഉദാഹരണം ഇതിനു സദൃശമാണു്. അങ്ങനെയാണെങ്കില്‍ ഇതു ശരിയാണു്.

പാപ്പാന്‍‌/mahout said...

(ശ് ശ്, ഉമേഷേ, ഉണ്ണിമ്മാമന്‍ ജ്യോതീടെ തന്നെയാ).

ഛന്ദസ്സ് മുറിഞ്ഞാലുമില്ലെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടു ഈ മുക്തകം (മുക്തകം ന്നല്ലേ പറയണേ).

പിന്നെ ഉമേഷ് ഒരഭിപ്രായം പറഞ്ഞ സ്ഥിതിക്ക് (പ്രത്യേകിച്ചും, ഉമേഷാണഭിപ്രായം പറഞ്ഞതെന്ന സ്ഥിതിക്ക്) അന്തിമതീരുമാനത്തിനായി ഞാന്‍ ബ്ലോഗ് മാനിനീകുലമൌലിമാണിക്യം ശ്രീമതി എല്‍‌ജിയെത്തന്നെ ക്ഷണിക്കുന്നു
:) ഞാന്‍ ഓടി (കട്: ആദി)

Santhosh said...

ജ്യോതിര്‍മയി വൃത്തമൊപ്പിക്കാന്‍ അമ്പിളിമ്മാമനാക്കിയതല്ലല്ലോ. (വൃത്തം തെറ്റാതെ നാലുവാരി ശാര്‍ദ്ദൂലവിക്രീഡിതം എഴുതാന്‍ ജ്യോതിര്‍മയിക്കാവുമെന്ന് ഉമേഷും സാക്‍ഷ്യപ്പെടുത്തില്ലേ?) ഉണ്ണിമ്മാമനെന്ന് വിളിച്ച് ശീലവുമുണ്ട്. അതുകൊണ്ട് തന്നെ കവിസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ആ പ്രയോഗം അനുവദിക്കാം:)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉണ്ണിമ്മാമന്‍ മാത്രമല്ല, കുഞ്ഞേട്ടമ്മാമന്‍,കുഞ്ഞമ്മാമന്‍, കുട്ട്യേട്ടമ്മാമന്‍ ... ഞാന്‍ മാത്രമല്ല, ഞങ്ങളൊക്കെ(മാങ്കാവുകാര്‍-കോഴിക്കോട്ടുകാര്‍(മാമുക്കോയേടെയല്ല) അങ്ങനെയാണു വിളിയ്ക്കറ്‌. ദക്ഷിണദേശത്തുള്ള എന്റെ ദക്ഷിണഭാഗവും കൂട്ടരും അമ്മാമന്മാരെ ഇങ്ങിനെയാണല്ലോ വിളിയ്ക്കുന്നത്‌. അമ്പിളിയമ്മാമന്‍ എന്നു തന്നെ ശരിയ്ക്കും ശരി. അമ്പിളിമാമനും അമ്പിളിമ്മാമനും ഒരുപോലെ തെറ്റ്‌. പിന്നെ സ്വന്തം അമ്മാമനല്ലേ, സന്തോഷ്‌ പറഞ്ഞ ആ സ്വാതന്ത്ര്യം .... ഞാനുണ്ടാക്കിയ വാക്കല്ലാ ട്ടോ,

എല്ലാവര്‍ക്കും നന്ദി