തമംഗരാഗം ദദതീം ച കുബ്ജാ-
മനംഗബാണാ രുരുധുഃ കഥം താം
കിമംഗ!രാഗം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം!!
തം അംഗരാഗം = ആ അംഗരാഗം എന്ന കുറിക്കൂട്ട്
ദദതീം താം കുബ്ജാം = തരുന്ന ആ കുബ്ജയെ (കൂനിയെ)
അനംഗബാണാഃ = കാമദേവന്റെ അമ്പുകള്‍
രുരുധുഃ= തടഞ്ഞു
കഥം= എങ്ങിനെ?
(അതുപോലെ)
അംഗ= സുന്ദര,
ഭവതേ= അങ്ങേയ്ക്ക്
രാഗം ദദാമി=ഞാന്‍ അനുരാഗം സമര്‍പ്പിയ്ക്കുന്നു
മയി= ആ എന്നില്‍
ത്വം=നീ
വിരാഗവര്‍ഷം കിം നിക്ഷിപേഃ =വൈരാഗ്യം വര്ഷിയ്ക്കുന്നുവല്ലോ.
(എന്റെ ആദ്യത്തെ സംസ്കൃതശ്ലോകമാണിത്)
32 comments:
കുബ്ജാമാധവം!
സംസ്കൃതം തൊടാന്‍ ഞാനാളല്ല..പക്ഷേ ഒന്നു കൂടി ഒന്ന് പരിഭാഷപ്പെടുത്താമോ?
അംഗരാഗം എന്താണ്?
സംസൃതം അറിയാത്തതില്‍ ലജ്ജിക്കുന്നു.
അരവിന്ദാ,വായിച്ചതിനു നന്ദി:-)
അംഗരാഗം-കളഭക്കൂട്ടുപോലെ, സുഗന്ധപൂരിതമായ കുറിക്കൂട്ട്. ദേഹത്തു പുരട്ടാനുപയോഗിയ്ക്കും.
അരവിന്ദാ,വായിച്ചതിനു നന്ദി:-)
അംഗരാഗം-കളഭക്കൂട്ടുപോലെ, സുഗന്ധപൂരിതമായ കുറിക്കൂട്ട്. ദേഹത്തു പുരട്ടാനുപയോഗിയ്ക്കും.
"കൂനിയും വൃദ്ധയുമായ ഒരുവള്‍(നമ്മുടെ കുബ്ജ) നിറഞ്ഞമനസ്സോടെ കയ്യിലുണ്ടായിരുന്ന കളഭക്കൂട്ടുമുഴുവന് സമര്‍പ്പിച്ചു. അപ്പോള്‍ കൃഷ്ണാ.. നീയെന്തു ചെയ്തൂ? കാമബാണങ്ങളാല്‍ അവളെ പ്രതിരോധിച്ചു. ഇതാണല്ലോ നിന്റെ സ്വഭാവം. ഈ ഞാന്‍ ഇന്നു (അനു)രാഗം നിന്നിലേയ്ക്കൊഴുക്കുമ്പോള് നീ വൈരാഗ്യം വര്ഷിയ്ക്കുകയാണല്ലേ" .
ഇനിയും കുറച്ചുകൂടി രസം ഇതിലുണ്ട് (തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് ന്യായേന :-)). അത് ആരെങ്കിലും കണ്ടുപിടിച്ചാല്‍ എനിയ്ക്കു കൂടുതല്‍ സന്തോഷമാവും :-)
വൌ..അര്‍ത്ഥം തെളിയുമ്പോള്‍ ആസ്വാദനം കൂടുന്നു ടീച്ചറേ .
രസം കണ്ടു പിടിക്കാന്‍.....
ഉമേഷ്ജി എഴുന്നേറ്റു വരട്ടെ...:-)
അല്ലെങ്കില്‍ സന്തോഷ് ജി, വര്മ്മസാറ്, പുല്ലൂരാന്...
ഞാന്‍ ഏതായാലും എടക്കിടെ വന്ന് നോക്കണ്ണ്ട്. :-)
അക്ഷരശ്ലോകസദസ്സില്‍ (യാഹൂ ഗ്രൂപ്പ്) ജ്യോതി ഈ ശ്ലോകം ചൊല്ല്ലിയപ്പോള് ഇതിനൊരു പരിഭാഷ ഉണ്ടാക്കി ഞാന്‍ അതിനു തൊട്ടു പിന്നാലെ ചൊല്ലിയിരുന്നു. രണ്ടും ഇവിടെ കാണാം.
ഇതു ജ്യോതിചേച്ചി തന്നെത്തനെ എഴുതിയതാ? കാമബാണങ്ങളാല്‍ അവളെ പ്രതിരോധിച്ചു -> പ്രതിരോധിക്കുക എന്ന് പറഞ്ഞാല്‍ തടയുക അല്ലെ? അപ്പോ കാമ ബാണങ്ങളാല്‍ 'തടഞ്ഞു' എന്ന് പറയണത് എന്തിനാ? കാമബാണങ്ങള്‍ കൊണ്ടാല്‍ പ്രണയം തോന്നില്ലെ?
റോയലിഞ്ചിയേ,
മഥുരയില്‍ കൃഷ്ണനു കുറിക്കൂട്ടു കൊടുത്ത വൃദ്ധയായ കൂനിയുടെ കൂനു മാറ്റിയ കഥ ഭാഗവതത്തിലുണ്ടു്. അവള്‍ക്കു പ്രണയം തോന്നിയെങ്കില്‍ അതു് അവളുടെ പ്രവൃത്തിയെ പ്രതിരോധിക്കുക തന്നെയായിരുന്നു.
രാഗം, വൈരാഗ്യം എന്ന വാക്കുകളുടെ ഉപയോഗം മനോഹരം തന്നെ. ആദ്യത്തെ വേര്‍ഷനില്‍ “വാസം” എന്നുണ്ടായിരുന്നു. പാര്‍ക്കല്‍ എന്നും മണം (വാസന) എന്നും രണ്ടര്‍ത്ഥത്തില്‍. അതാണു ഞാന്‍ കൊടുത്ത ലിങ്കിലുള്ള പദ്യത്തിലും അതിന്റെ പരിഭാഷയിലുമുള്ളതു്. ഇതു ജ്യോതി പിന്നീടു നന്നാക്കിയ രൂപമാണു്.
ഇഞ്ചി, സന്തോഷമായീ ശ്രദ്ധിച്ചുവായിച്ചൂലോ.
ആ ചോദ്യം തന്നെയാണതിലെ രസം. കാമബാണങ്ങളാല്‍ പ്രതിരോധിച്ചാല്‍ കൂടുതല്‍ക്കൂടുതല്‍ അടുക്കുകയല്ലേ ചെയ്യുക. അതുപോലെ രാഗിണിയെ വൈരാഗ്യവര്ഷം കൊണ്ടു തടയുകയോ എന്ന്.
വൈരാഗ്യം എന്നാല്‍ ഈ മായക്കാഴ്ച്ചകളോടുള്ള വിരക്തി (കോളേജില്‍ പഠിയ്ക്കുന്ന കുട്ടിയ്ക്ക് മുച്ചക്രസൈക്കിളിനോടുള്ള ഭാവം) ആ ഭാവം വന്നാലേ ഈശ്വരനോടു (the god-principle)അടുക്കാന്‍ കഴിയൂ. അതില്ലാത്തിടത്തോളം കാലം നമ്മള് കണ്ണു പറയുന്ന കാഴ്ച്ചകള്‍ കണ്ട്, കാതുപറയുന്ന വാക്കുകള്‍ കേട്ട്, നാവു പറയുന്നതൊക്കെ തിന്ന്, കുടിച്ച്... അങ്ങനെ കഴിയും. ഇതൊന്നും തെറ്റാണെന്നു വിവക്ഷയില്ല ട്ടോ. ഇതുകൊണ്ടൊക്കെ എന്നും സന്തോഷം കിട്ടുമെങ്കില്‍, അതു ധാരാളം.
(ഞാനിങ്ങനെ പറഞ്ഞുകാടുകയറും എന്നു വിചാരിച്ച്, ഇനി ഇവിടെ വരാതിരിയ്ക്കരുതേ, ഇഞ്ചീ.)
ഉമേഷ്ജീ, അതെ വാസം മാറ്റി രാഗം എന്നാക്കി. ശ്ലോകത്തിലെ വിരോധാഭാസം ഇഞ്ചി കണ്ടുപിടിച്ചു, എനിയ്ക്കു സന്തോഷായി.
ഹൊ! എനിക്ക് വയ്യ. ബിന്ദൂട്ടി ശ്ലോകം എഴുതി തുടങ്ങി..ഞാന്‍ ശ്ലോകത്തിലെ എന്തോ രസമോ സാമ്പാറോ ഒക്കെ കണ്ടു തുടങ്ങി..
ഞങ്ങളെ വെറുതെ ഓഫ് കൂലികള്‍ ആയി കണ്ട് നടക്കുന്ന മാളോര് ഇതറിയുമ്പൊ എന്ന ചെയ്യും? ഹിഹിഹി..
എന്റെ ജ്യോതി ചേച്ചി ഒരു ഉമേഷേട്ടനെ സഹിക്കാമെങ്കില്‍ 50 ജ്യോതിചേച്ചികളേയും സഹിക്കാം :-)
സൊ സധൈര്യം എഴുതുക....
ജ്യോതി നന്നായി എഴുതി, ആസ്വദിച്ചു വായിച്ചു. കുഞ്ചിപെണ്ണു അതു കണ്ടുപിടിച്ചതു നന്നയി, അല്ലെങ്കില്‍ ഞാന്‍ ബുദ്ധിമുട്ടേണ്ടി വന്നേനെ.;)
:)
ഇഞ്ചീ,
ഞാന്‍ വിളമ്പിയ രസം ഇഞ്ചിയ്ക്കുമാത്രേ കിട്ടീള്ളൂ, ഉമേഷിനതു കിട്ടിയിട്ടില്ല.(പുളിവെള്ളമാണെന്നു വിചാരിച്ചോ ആവോ :-)
ബിന്ദൂ, :-)
സൂ, വായിച്ചതില്‍ സന്തോഷം. പിന്നെ എനിയ്ക്കു വിവരം ഇത്തിരി കൂടുതലായതുകൊണ്ട്, സൂന്റെ ഗെയിറ്റിനപ്പുറത്തേയ്ക്കു കടക്കാന്‍ കഴിയാതെ പുറത്തേ നില്‍ക്കാറുള്ളൂ ട്ടോ :-) ഒരു കമന്റിടണമെന്നു വിചാരിച്ചിരുന്നൂ, മൌനത്തിനല്ല:-)
ജ്യോതീ, എനിക്കും വിവരം ഭയങ്കര അധികം ആണ്. ജ്യോതിയുടെയൊക്കെ പോസ്റ്റില്‍ കമന്റിടുന്നത് പോയിട്ട് വായിക്കാമോന്ന് തന്നെ സംശയം. പിന്നെ വിവരം ഒക്കെ അന്വേഷിച്ച് പോകാമെന്ന് കരുതി വരുന്നതാ :)
ഇതുതന്നെയല്ലേ മെക്കിഞ്ചിപ്പെണ്ണ് കാലാകാലമായിമറ്റൊരു രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്? :)
സംസ്കൃതം അറിയാത്തതില്‍ ലജ്ജിക്കുന്നു. എത്ര വായിച്ചിട്ടും ‘രസം‘ എനിക്ക് മനസ്സിലായില്ല. സംസ്കൃതം വേണോ മലയാളം വേണോ എന്ന് സ്കൂളില്‍ ചോദ്യം വന്നപ്പോള്‍ ‘കളേഴ്സ്‘ കൂടുതല്‍ മലയാളം ക്ലാസിലായതിനാല്‍ ചോദ്യം ഞാന്‍ കേട്ടില്ല.
എത്ര മനസ്സിലായില്ലെങ്കിലും ഞാന്‍ വന്ന് വായിക്കും ട്ടോ. സംശയം ചോദിക്ക്യേം ചെയ്യും.
ഞാന്‍ വിളമ്പിയ രസം ഇഞ്ചിയ്ക്കുമാത്രേ കിട്ടീള്ളൂ, ഉമേഷിനതു കിട്ടിയിട്ടില്ല.(പുളിവെള്ളമാണെന്നു വിചാരിച്ചോ ആവോ :-)
ഒന്നും മനസ്സിലായില്ലല്ലോ ജ്യോതീ. പ്ലീസ്, സംസ്കൃതത്തിലെഴുതൂ. ജ്യോതിയുടെ മലയാളമാണു മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടു് :-)
മെക്കിഞ്ചിയേ (സിബൂ കൊടുത്ത ആ പേരു് എനിക്കിഷ്ടമായി!), എന്താണീ രസം, രസം (കോണ്ടസാ, കോണ്ടസാ) എന്നു പറയുന്നതു്? ഞങ്ങള്‍ക്കു കൂടി പറഞ്ഞുതരൂ :-)
സിബൂ, അതാണോ ഇതു്? ഇതാണോ അതു്? ആകെ കണ്ഫ്യൂഷന്.
അയ്യോ എന്നോട് ചോദിക്കല്ലേ ഉമേഷേ. ഞാന്‍ മെക്കിഞ്ചി പറഞ്ഞാണ് ഓരോന്നും മനസ്സിലാക്കുന്നത്. ജ്യോതി ഉമേഷിന് മനസ്സിലാവുന്നപോലെ പറയും. ഉമേഷ് ഇഞ്ചിക്ക് മനസ്സിലാവുന്ന പോലെ വിവരിക്കും. അത് കേട്ട് ഇങ്ങനെ തന്നെയല്ലേ എന്ന് ഇഞ്ചി ഒന്നുകൂടി എഴുതുമ്പോഴാണ് എനിക്ക് മനസ്സിലാവുക. ഞാനും വെയിറ്റ് ചെയ്തുകൊണ്ടേ ഇരിക്കുകയാണ് ആ രസം ഒരു സ്പൂണ്‍ ഈ ഇലയിലും വീഴാന്‍. കേട്ടിടത്തോളം ഇത് ഇഞ്ചി, ബിന്ദു, ജ്യോതി, സൂ എന്നിവരെല്ലാം ഒപ്പുവച്ച ഒരു അതിഗംഭീര ഡാവിഞ്ചികോഡാണ്. മിസ്സാവാന്‍ വയ്യ. ബെറ്റര്‍ ലേറ്റ് താന്‍ നെവര്‍ എന്നല്ലേ മെക്കിഞ്ചീ?
സിബൂ,
ജ്യോതിയുടെ പഞ്ച്ലൈന്‍ പലപ്പോഴും വിചാരിക്കാത്തിടത്താണു വീഴുന്നതു്. പണ്ടൊരിക്കല്‍ ജ്യോതി
വാടിവീണൊരിളനീരുപോലുമീ--
നാളിലാളു കളയില്ല നിശ്ചയം
കോള കാളിയവിഷാംശമാണു - കാര്‍--
ക്കോടകന്റെ വിഷമോ - ഗവേഷണം!
എന്നൊരു ശ്ലോകം എഴുതി. (ഈ ശ്ലോകം നോക്കുക.)
മിക്കവാറും എല്ലാവരും ഇതിന്റെ അവസാനഭാഗം മനസ്സിലാക്കിയതു് “ഈ കോള എന്നു പറയുന്നതു കാളിയന്റെ വിഷമാണു്. അപ്പോല്പ്പിന്നെ, കാര്‍ക്കോടകന്റെ വിഷമെന്താണു്? അതാണു ഗവേഷണം!” മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, “ഗവേഷണം എന്നു പറയുന്നതു കാര്‍ക്കോടകന്റെ വിഷം പോലെയാണു്..” എന്നു്. (വക്കാരീ, ഡാലീ,യാത്രാമൊഴീ പ്ലീസ് കണ്‍ഫേം...) ജ്യോതിയും ഒരു ഗവേഷകയായതുകൊണ്ടു അതില്‍ ഒരു തരക്കേടും തോന്നിയില്ല. കുറെക്കാലം കഴിഞ്ഞപ്പോഴാണു് “കോള എന്നതു കാളിയന്റെ വിഷമാണോ കാര്‍ക്കോടകന്റെ വിഷമാണോ എന്നു ഗവേഷണം നടക്കുന്നു” എന്നാണു ജ്യോതി ഉദ്ദേശിച്ചതു് എന്നു മനസ്സിലായതു്.
രാജേഷ് വര്‍മ്മ ഇതിലും വലിയ ഒരു അബദ്ധത്തില്‍ ചാടിയതു് ഇവിടെ കാണാം. ജ്യോതിയുടെ ഒരു സംസ്കൃതശ്ലോകം അതേ വൃത്തത്തില്ത്തന്നെ പരിഭാഷപ്പെടുത്തിയ രാജേഷ് പിന്നീടാണു മനസ്സിലാക്കിയതു് ജ്യോതി അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചതെന്നു്. അന്നു പരിഭാഷ എന്ന പരിപാടി തന്നെ നിര്‍ത്തി ചിത കൂട്ടി ആത്മാഹുതി ചെയ്യാന്‍ പോയ രാജേഷിനെ ഞാനാണു പിന്തിരിപ്പിച്ചതു്. (ചിതയില്‍ ചാടാന്‍ ഊരിയ ഷര്‍ട്ടു് പുള്ളി ഇതുവരെ ഇട്ടിട്ടില്ല!)
"പ്രതിരോധിക്കുക എന്ന് പറഞ്ഞാല്‍ തടയുക അല്ലെ? അപ്പോ കാമ ബാണങ്ങളാല്‍ 'തടഞ്ഞു' എന്ന് പറയണത് എന്തിനാ? കാമബാണങ്ങള്‍ കൊണ്ടാല്‍ പ്രണയം തോന്നില്ലെ?" എന്നു വിരോധം.
അതുപോലെ തന്നെ-
'രാഗം നിന്നിലേയ്ക്കൊഴുക്കുമ്പോള് നീ വിരാഗം കൊണ്ട് നേരിടുന്നു. വൈരാഗ്യം(വിരക്തി=detachment) കൂടിക്കൂടിവന്നാലേ ഈശ്വരനിലേയ്ക്കു അടുക്കാന്‍ കഴിയൂ.
ഇവിടെ ഒരു വിരോധാഭാസമൊക്കെ ഇല്ലേ? :-) എനിയ്ക്കു വെറുതെ തോന്നുന്നതാണോ?
ബാണങ്ങള്‍ കൊണ്ട് നേരിട്ടു.
കാമബാണങ്ങളായിരുന്നു, ഏറ്റാല്‍ ഓടിപ്പോകുന്നതിനുപകരം കൂടുതല്‍ അടുക്കും.
രാഗത്തെ നേരിടാന്‍ വിരാഗം.
പക്ഷേ ഈ വിരാഗം അഥവാ വിരക്തി(മായക്കാഴ്ചകളോടുള്ളത്) ആണ് ഒരാളുടെ ശ്രദ്ധ ഈശ്വരനിലേയ്ക്കു തിരിയ്ക്കുന്നത്.
കുബ്ജയെ നീ നിന്നിലേയ്ക്കടുപ്പിച്ചു, എന്നേയും നീ ആകര്‍ഷിയ്ക്കുന്നു, എന്നു ഉദ്ദിഷ്ടാര്‍ഥം.
ഉമേഷിനു മനസ്സിലായില്ല എന്നു വിവക്ഷയില്ല:-)
വൈരാഗ്യം എന്നാല്‍ ഈ മായക്കാഴ്ച്ചകളോടുള്ള വിരക്തി. കോളേജില്‍ പഠിയ്ക്കുന്ന കുട്ടിയ്ക്ക് മുച്ചക്രസൈക്കിളിനോടുള്ള ഭാവം) ആ ഭാവം വന്നാലേ ഈശ്വരനോടു (the god-principle)അടുക്കാന്‍ കഴിയൂ. അതില്ലാത്തിടത്തോളം കാലം നമ്മള് കണ്ണു പറയുന്ന കാഴ്ച്ചകള്‍ കണ്ട്, കാതുപറയുന്ന വാക്കുകള്‍ കേട്ട്, നാവു പറയുന്നതൊക്കെ തിന്ന്, കുടിച്ച്... അങ്ങനെ കഴിയും. ഇതൊന്നും തെറ്റാണെന്നു വിവക്ഷയില്ല ട്ടോ. ഇതുകൊണ്ടൊക്കെ എന്നും സന്തോഷം കിട്ടുമെങ്കില്‍, അതു ധാരാളം.
അപ്പോ ദൈവത്തോട് അടുക്കണമെങ്കില്‍ ബ്ലോഗിങ്ങ് പോലും ത്യജിക്കണം എന്നാണോ ജ്യോതി പറയുന്നത്?
കവി ഉദ്ദേശിച്ച അര്‍ഥം വായനക്കാരന് കിട്ടാത്തതും പിന്നെ അത് പറഞ്ഞ് മനസ്സിലാക്കേണ്ടി വരുന്നതും ദുര്യോഗം തന്നെ. ഒരു നുള്ളുപോലും സംസ്കൃതനല്ലാത്ത എന്നെ അരവിന്ദ് പണ്ഠിതരോടൊപ്പം പേരെടുത്തു പറഞ്ഞപ്പോള്‍ ഉള്ള വില കളയേണ്ട എന്ന് കരുതി ഇതു വരെ മിണ്ടാതിരുന്നതാണ്.
എന്നാലും,
കോള കാളിയവിഷാംശമാണു - കാര്‍--
ക്കോടകന്റെ വിഷമോ - ഗവേഷണം!
എന്നത്, “കോള എന്നതു കാളിയന്റെ വിഷമാണോ കാര്‍ക്കോടകന്റെ വിഷമാണോ എന്നു ഗവേഷണം നടക്കുന്നു” എന്നാണ് ഉദ്ദേശിച്ചത് എന്ന് കണ്ടപ്പോള്‍ എന്റെ മൌനത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു.
മലയാള വിശദീകരണം വന്നപ്പോള്‍ കുബ്ജാമാധവം മനസ്സിലായി (അല്ലെങ്കില്‍ കുറച്ചു കൂടെ സേയ്ഫ് ആയി, മനസ്സിലായി എന്ന് തോന്നുന്നു).
ദില്‍ബൂട്ടി...സംസ്കൃതം അറിയില്ല്യാ അല്ലെ? ലജ്ജാവഹം..ബഹുത് ലജ്ജാവഹം!!
എന്നേയും ബിന്ദൂട്ടിനേയും കണ്ട് പഠിക്കൂ...
അരവിന്ദേട്ടാ...ന്നാലും ഞങ്ങളെ ലിസ്റ്റില്‍ പെടുത്താതില് പ്രതിഷേദ്ധിക്കുന്നു...
ജ്യോതിചേച്ചി, ഇതിനെയാണ് ചക്ക മുയല് എന്നൊക്കെ എന്റെ കാര്യത്തില്‍ എന്റെ കെട്ടിയോന്സ് എപ്പോഴും പറയുന്നത് :-)
സൂ,
ഒന്നും ത്യജിയ്ക്കണ്ട.
മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ വാശിപിടിച്ചു അച്ഛനെക്കൊണ്ടു വാങ്ങിപ്പിച്ച മുച്ചക്രസൈക്കിള്‍ അതേ കുട്ടി പത്തുവയസ്സായാല്‍ ചിലപ്പോള്‍ അനിയനോ അടുത്തവീട്ടിലെ കുട്ടിയ്ക്കോ അതു കൊടുത്തേയ്ക്കാം. അപ്പോള്‍ അതു കയ്യില്‍ കിട്ടുന്ന കുട്ടി കരുതും "ഹായ്, എന്തു നല്ല ഏട്ടന്, കണ്ടോ എനിയ്ക്കു തന്നത്" എന്ന്. വാസ്തവത്തില്‍ ഇതൊരു ത്യാഗമല്ല. the elder boy has outgrown the paltry thing. thats all.
ഈ കാണുന്നതൊക്കെ ഇത്രയ്ക്കേ ഉള്ളൂ എന്നു മനസ്സിലായാല്‍, കാണുന്നതിന്റെയെല്ലാം പിന്നാലെ എല്ലാം നേടിയെടുക്കാനുള്ള പാച്ചില്‍ ഒഴിവാക്കാം. നാവും കണ്ണും കാതും, ഒക്കെ പറയുന്ന വഴിയ്ക്കു ഓടിക്കൊണ്ടേയിരിയ്ക്കുന്ന മനസ്സ് ശാന്തമായ ആ ദിവ്യസാന്നിദ്ധ്യത്തെ ശ്രദ്ധിയ്ക്കുകപോലുമില്ലല്ലോ
ഇഞ്ചി,
കെട്ടിയോന് എന്നു പോരേ:-)
അയ്യോ അത് പ്ലൂറല്‍ അല്ല...പ്ലൂറലിന്റെ മലയാളം എന്താ? ബഹുവചനം എന്നാണോ?
അതു സ്നേഹം കൊണ്ടാണ് ഒരു സ് ചേര്‍ക്കുന്നെ..എന്നെങ്കില് ചേട്ടായി ബ്ലോഗ് വായിക്കുവാണെങ്കില്‍.. ഒരു റിസ്കെടുക്കണ്ടാന്ന് കരുതിയാണ്.. :)
സന്തോഷ്,
ഇളനീര്ശ്ലോകത്തിനു, ഉമേഷും രാജേഷും കണ്ടുപിടിച്ച അര്‍ഥം എന്നോടൊന്നാദ്യം പറഞ്ഞിരുന്നെങ്കില്‍!!!! അതായിരുന്നു കൂടുതല്‍ ശരി എന്നിപ്പോള്‍ തോന്നുന്നു. ഗവേഷണം കാര്ക്കോടകവിഷമാണെന്ന്. അതാണോ ഇത്രയൊക്കെ ആധികാരിക പ്രബന്ധങ്ങള്‍ എഴുതിയിട്ടും ഉമേശന് ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിയ്ക്കാത്തത്?:-)
ഞാന്‍ പറഞ്ഞ അര്‍ഥം ഒരു വളഞ്ഞുമൂക്കുപിടിയ്ക്കലായിരുന്നു. അതുകൂടാതെ കഴിയ്ക്കാമായിരുന്നു:-)
ഇഞ്ചി,
അതുതന്നെ, പ്ലൂരല്‍=ബഹുവചനം. ബഹുമാനം കാണിയ്ക്കാനും ബഹുവചനം ഉപയോഗിക്കാം, പൂജകബഹുവചനം{You are right, inji:-)
ജ്യോതീ, ഈ വക പൊല്ലാപ്പൊക്കെ ഒഴിവാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞു തരാം: എന്തൊക്കെ പ്രകോപനമുണ്ടായാലും ‘ഉദ്ദേശിച്ചത് ഇതാണ്’ എന്നു പറയാതിരിക്കുക!
ഈ ടെക്നീക് ഉപയോഗിച്ച് എത്ര കവികളാണ് ജീവിച്ചുപോരുന്നത് എന്നറിയാമോ!
ജ്യോതിടീച്ചറേ ശ്ലോകം ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല. അര്‍ത്ഥം കൊടുത്തിരുന്നെങ്കിലും ശ്ലോകത്തിന്റെ സാരാംശം മനസ്സിലായതു പിന്നീടെഴുതിയ കമന്റില്‍ നിന്നാണു്. വളരെ നന്നായിരിക്കുന്നു. ‘രസം’ മുഴുവനായി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല, എന്നാലും വായിച്ചുകൊണ്ടിരിക്കുന്നു.
സന്തോഷേ,
സൂത്രം പറഞ്ഞുതന്നതിനു നന്ദി:-) ഇനി അങ്ങനെയാവാം. പക്ഷേ സംസ്കൃതബ്ലോഗുസംഘം വല്ലതും തേടിപ്പോകേണ്ടിവരില്ലേ, ഞാന്‍ സംസ്കൃതശ്ലോകത്തിനു വിശദീകരണം ചോദിയ്ക്കരുത്, എന്നൊക്കെ പറഞ്ഞാല്‍? ഇവിടെ ജീവിച്ചുപോകാന്‍ പറ്റുമോ?
:-)
ചുമ്മാ ഒന്നു പരിഭാഷിച്ചു നോക്കീാതാണേ വ്ര്ത്തം മുഴുവന്‍ ശരിയായോന്ന് സംശയമൊണ്ട്
കുറിക്കൂട്ടേകിയെ കൂനിയെ
കാമബാണാല് തടഞ്ഞ പോല്‍
പ്രേമം നിന്നിലര്പ്പിച്ചോരെ
ന്നില്‍ വൈരാഗ്യമിട്ടു നീ
ഈ പ്രതിഭയോട് അസൂയ തോന്നി പക്ഷെ അവന് ഗീതയില്‍ പറഞ്ഞല്ലോ എവിടെയെല്ലാം മഹത്വം കാണുന്നുവോ അവിടയെല്ലാം അവന്ടെ സാന്നിദ്ധ്യം ഉണ്ടെന്ന് ആ പ്രതിഭക്ക് എന്റെ പ്രണാമം
Post a Comment