Thursday, August 24, 2006

അമ്മിണി

അമ്മിണിയ്ക്ക്‌ മൂന്നരവയസ്സാണ്‌. ഏട്ടന്മാര്‍ അവളെ കളിയ്ക്കാന്‍ കൂട്ടില്ല. കൊച്ചനുജത്തിയെ അവളും കൂട്ടില്ല. നന്ദനാരുടെ ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും കാളിയമ്മയും തൊടിയിലെ ഓന്തും, കപീഷും പിന്റുവും പിന്നെ ഉണ്ണിക്കണ്ണനും രാധയും ബലരാമേട്ടനും ഒക്കെയാണ്‌ അവളുടെ കുഞ്ഞുഭാവനാലോകത്തില്‍. അച്ഛനോ അമ്മയോ പറയുന്ന കഥകള്‍ക്കനുസരിച്ച്‌, അവളൊരു കൊച്ചുലോകം തന്നെ സൃഷ്ടിച്ചു. നിര്‍ത്താതെ എത്രനേരം വേണമെങ്കിലും അവള്‍ അവരോടൊക്കെ സംസാരിക്കും. ഒരുദിവസം ഉണ്ണിക്കണ്ണന്‍ രാധയെ വല്ലാതെ കളിയാക്കി. അമ്മിണിയ്ക്കു പരിഭവമായി. അന്നു പിന്നെ ഒന്നും മിണ്ടിയില്ല. രാത്രി ഉറങ്ങാന്‍ നേരം ഉണ്ണിക്കണ്ണന്റെ കഥയ്ക്കുവേണ്ടി വാശിപിടിച്ചില്ല. വേഗം ഉറങ്ങുകയും ചെയ്തു.പിറ്റേന്നു നേരത്തേ എഴുന്നേറ്റു. എണീറ്റാലാദ്യം പടിഞ്ഞാറ്റയില്‍പ്പോയി കണ്ണനെ തൊഴണം, അതാണു നിയമം. അന്നവള്‍ മനഃപൂര്‍വ്വം തൊഴാതെ അടുക്കളയിലേയ്ക്കു നടന്നു. വടക്കേ മുറ്റത്ത്‌ അമ്മ പശുവിനുള്ള കഞ്ഞിയും പിണ്ണാക്കും തയ്യാറാക്കുന്നു. ടീച്ചറമ്മയ്ക്കിതെല്ലാം കഴിഞ്ഞുവേണം സ്കൂളില്‍പ്പോകാന്‍.

"മിടുക്കി! ഇന്നിത്തിരി നേരത്തേ എണീറ്റൂലോ, കണ്ണനെ തൊഴുത്വോ?"

ഇല്ല എന്നു പറഞ്ഞാല്‍ ഇനി പോയി തൊഴാന്‍ പറഞ്ഞാലോ. തൊഴുതൂന്നു പറയാനും വയ്യ, കണ്ണുപൊട്ടിപ്പോവില്ലേ

"സാരല്ല്യ, ഈ തെങ്ങിനെ നോക്കി തൊഴുതാല്‍ മതി" അമ്മ പറഞ്ഞു.അമ്മിണിയ്ക്കാശ്വാസമായി. കൈരണ്ടും കൂപ്പി സന്തോഷത്തൊടെ അവ ള്‍കുലച്ച ആ തെങ്ങിനെ നോക്കി തൊഴുതു. ആ തെങ്ങും പതുക്കെ അവളുടെ കുഞ്ഞുലോകത്തിലെ കൂട്ടുകാരനായി. കണ്ണനെന്ന പൂച്ച, സീതയെന്ന പശുക്കുട്ടി, കിണറ്റില്‍ നിന്നും അച്ഛന്‍ രക്ഷപ്പെടുത്തിയ മൂങ്ങ ഇവരെയൊക്കെപ്പോലെ.

കാലമുരുണ്ടൂ വേഗം വേഗം. .... അമ്മിണി വലുതായി ഒരു ടീച്ചറായി. കണ്ണന്‍പൂച്ചയും സീതപ്പശുവുമൊന്നും ഇന്നില്ല. ഇന്നും അമ്മ വടക്കേമുറ്റത്തെ തിണ്ണയില്‍ മതിയാവോളം വിളമ്പുന്ന ചോറുണ്ണാന്‍ ധാരാളം കാക്കകളും അണ്ണാര്‍ക്കണ്ണന്മാരും മൂന്നു കുയിലുകളും ഒരു കീരിയും പൂച്ചയും ഒക്കെ വരാറുണ്ട്‌. ഓരോന്നിനും അതാതിന്റേതായ സമയമൊക്കെയുണ്ട്‌. അതു നോക്കിനില്‍ക്കാനെന്തിഷ്ടമാണെന്നോ ടീച്ചര്‍ക്ക്‌.

ഇപ്പോഴുമവള്‍ അമ്മിണിക്കുട്ടി തന്നെ !!

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇനി ഒരു കുഞ്ഞിക്കഥ....അല്ല കുഞ്ഞിന്റെ കഥ

Unknown said...

“ഒരു മയില്‍പീലി ഞാനിന്ന് കാണുമ്പോഴും
ഒരു കുട്ടിയാകുവാന്‍ മോഹം” അല്ലേ ടീച്ചറേ

myexperimentsandme said...

ജ്യോതിടീച്ചര്‍ കുഞ്ഞിന്റെ തന്നെ കഥയാണോ? വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

Anonymous said...

ഹയ്! എന്റെ അമ്മിണിക്കുട്ടി ടീച്ചറേ...:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

കുഞ്ഞന്‍സേ ബാംഗ്ലൂരിലാണല്ലേ:-)
നഷ്ടബോധമൊന്നും കാര്യമായി തോന്നുന്നില്ല, നഷ്ടപ്പെട്ടു എന്നു തോന്നാത്തതുകൊണ്ടാവും. പിന്നെ മയില്‍പ്പീലി കാണുമ്പോള്‍ ഉണ്ണിക്കണ്ണനേയും എന്നെ രണ്ടാം ക്ലാസില്‍ പഠിപ്പിച്ച ലക്ഷ്മിക്കുട്ടിട്ടീച്ചറേം ഒപ്പം ഓര്‍മ്മവരും. 4വയസ്സിലേ ഒന്നാംപാഠം മുഴുവന്‍ പഠിച്ചുകഴിഞ്ഞിരുന്നതുകൊണ്ട്‌, ഒന്നാം ക്ലാസ്സില്‍ വെറും 12ദിവസമേ(പരീക്ഷകള്‍ക്കുമാത്രം)സ്കൂളില്‍ പോയിരുന്നുള്ളൂ. അതുകൊണ്ട്‌, രണ്ടാംക്ലാസിലെത്തിയപ്പോഴും എന്റെ പരിചയക്കേടു മാറിയിരുന്നില്ല. ആദ്യത്തെ ദിവസം ഭയങ്കര കരച്ചിലായിരുന്നൂ, ഒന്നാംക്ലാസ്സിലെ ടീചര്‍ എന്നെ പഠിപ്പിച്ചാമതീന്നും പറഞ്ഞ്‌.. അവസാനം രണ്ടിലെ ലക്ഷ്മിക്കുട്ടിടീച്ചര്‍ ഒരു മയില്‍പ്പീലിയെടുത്ത എന്റെ നേരെനീട്ടി. അപ്പോള്‍ കരഞ്ഞുകലങ്ങിയ എന്റെ കണ്ണുകളില്‍ ഞൊടിയിടകൊണ്ട്‌ പുഞ്ചിരിവിടര്‍ന്നത്‌ എനിയ്ക്കിന്നും നല്ല ഓര്‍മ്മയുണ്ട്‌. :-)

വക്കാരീ, എന്നു ചോദിച്ചാല്‍ എന്നെ ആരും അമ്മിണീ, അമ്മൂ എന്നൊന്നും വിളിച്ചിരുന്നില്ല:-)

ഇഞ്ചീ :-)

വല്യമ്മായി said...

മനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്ന ആ ടീച്ചര്‍ കുട്ടികള്‍ക്കെന്നും കൂട്ടായിരിക്കട്ടെ.

Rasheed Chalil said...

കുട്ടിത്തം നഷ്ടപെടാതിരിക്കുന്നത് വലിയ ഭാഗ്യമല്ലേ.. നന്നായിട്ടുട് ഈ കുഞ്ഞികഥ.

ബിന്ദു said...

അമ്മിണിക്കുട്ടിയെ എനിക്കിഷ്ടായി. :)

Sreejith K. said...

ജ്യോതിച്ചേച്ചീ, ബാംഗ്ലുരില്‍ തന്നെ അല്ലേ ഇപ്പോഴും. ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ ഇടയില്‍ പെണ്‍കുട്ടികള്‍ കുറവായതിനാല്‍ കല്യാണി എല്ലാ മീറ്റിലും ഒറ്റപ്പെടുന്നു. കൂടുന്നോ അസ്സോസിയേഷനില്‍?

ഈ ബ്ലോഗില്‍ ചേരുമോ പ്ലീസ്‌! ഇന്വിറ്റേഷന്‍ അയക്കേണ്ട ഐഡി എന്നെ sreejithk2000@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക.