Sunday, August 27, 2006

പഞ്ചാരപ്പായസം

ഇതാ ഞങ്ങളുടെ വക പഞ്ചാരപ്പായസം - ഉണ്ണൂ, നല്ലോണമുണ്ണൂ !
എല്ലാവര്ക്കും ജ്യോതിയുടേയും കൃഷ്ണകുമാറിന്റെയും ഓണാശംസകള്‍ !!


ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി(നുറുക്ക്‌)ഇതുകിട്ടുവാന്‍ പ്രയാസമാണെങ്കില്‍ പച്ചരിraw rice ആയാലും ഒപ്പിയ്ക്കാം.
പഞ്ചസാര, പാല്‍ , വെള്ളം.


1 ലിറ്റര്‍ പായസം
ഉണക്കലരി(നുറുക്ക്‌) : 100 ഗ്രാം
പാല്‍ : 1ലി.
വെള്ളം : 200മില്ലി
പഞ്ചസാര : 300ഗ്രാം

3ലിറ്റര്‍ പായസം
ഉണക്കലരി/നുറുക്ക്‌ : 250ഗ്രാം
പാല്‍ : 3ലിറ്റര്‍
വെള്ളം :അരലിറ്റര്‍
പഞ്ചസാര : 850 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൂന്നു ലിറ്ററോ ഒരുലിറ്ററോ പായസം വെയ്ക്കേണ്ടതെന്നു തീരുമാനിയ്ക്കുക. (നേരത്തേ ഒരു ധാരണ ഉണ്ടായിരിയ്ക്കണം:-) അടികനമുള്ള പാത്രത്തിലേയ്ക്കു കഴുകിത്തയ്യാറാക്കിയ അരിയും പാലും ആവശ്യത്തിനു വെള്ളവും ഒരുമിച്ചൊഴിയ്ക്കുക. അടുപ്പത്തുവെയ്ക്കുക. ഇടയ്ക്കിടക്ക്‌ ഇളക്കിക്കൊണ്ടിരിയ്ക്കുക.

അരി നന്നായി വെന്താലും പഞ്ചസാര ഇടാന്‍, വരട്ടേ, പാലും നന്നായി കുറുകിയതിനുശേഷമേ പഞ്ചസാരയിടാവൂ. അതെങ്ങനെ അറിയാം? നല്ലവണ്ണം ഇളക്കിയതിനുശേഷം കയ്യിലില്‍/തവിയില്‍, ഒരു തവി പായസം കോരുക. ഒരു നിമിഷം തവി അനക്കാതെ പിടിയ്ക്കുക, എന്നിട്ട്‌, സാവധാനം പാത്രത്തിലേയ്ക്കുതന്നെ തിരിച്ചൊഴിക്കുക. ഇപ്പോള്‍ കയ്യിലില്‍/തവിയില്‍ വറ്റൊന്നും പിടിച്ചിരിക്കുന്നില്ലെങ്കില്‍ പഞ്ചസാരയിടാന്‍ പാകമായി. വറ്റു ഊറി, തവിയില്‍ തങ്ങിയിരിക്കുന്നുവെങ്കില്‍ കുറച്ചുനേരം കൂടി ഇളക്കല്‍ തുടരണം.

പാകമായാല്‍ നേരത്തേ അളന്നുവെച്ച പഞ്ചസാര ചേര്‍ക്കുക. ഇളക്കുക. ഇപ്പോള്‍ പായസം കുറുകിയിരുന്നത്‌ ഒന്നിത്തിരി അയയും. വീണ്ടും മേല്‍പ്പറഞ്ഞ കയ്യില്‍/തവി ടെസ്റ്റ്‌, പരീക്ഷിക്കുക. തവിയിലെടുത്ത്‌, ഒരു നിമിഷം അനക്കാതെ പിടിച്ച്‌, തിരിച്ച്‌ പാത്രത്തിലേയ്ക്കൊഴിയ്ക്കുക. തവിയില്‍ ഒന്നും പറ്റിപ്പിടിച്ചു നില്‍ക്കുന്നില്ലെങ്കില്‍ പായസം പരിപാകം.

22 comments:

വക്കാരിമഷ്‌ടാ said...

പായസം കണ്ടാലറിയാം, നല്ല ഒന്നാന്തരം പാല്‍പ്പായസമാണെന്ന്. നല്ല പാല്പായസമാണെങ്കില്‍ സ്വല്പം ചുമന്നിരിക്കും.

അടിപൊളി.

ഓണാശംസകള്‍, ജ്യോതിടീച്ചര്‍ക്കും കുടുംബത്തിനും.

പട്ടേരി l Patteri said...

പായസത്തിന്റെ ചിത്രം കാണിചു കൊതിപ്പിക്കുന്നൊ ഈ ഉത്രാട നാളില്‍ ,,,,,
സത്യമായിട്ടും നാവില്‍ വെള്ളം ഊറി
മനസ്സിന്റെ തിരുമുറ്റത്തിട്ട പൂക്കളവുമായി ഞാനും ഉണ്ദു ഈ പൊന്നോണ സദ്യ.
നന്ദി ഈ പഞാര പായസതിനു.
ജ്യോതിചേചിക്കും കൃഷ്നേട്ടനും എന്റെ ഓണാശംസകള്‍ !!
ഓ ടോ : പായസം പാറ്സെല്‍ ചെയ്യുന്ന വിദ്യ അറിയില്ലെ???

സു | Su said...

പായസം കണ്ടു. ഇനി അഭിപ്രായം , കുടിച്ചുനോക്കിയിട്ട് പറയാം ;)

ഇത്തിരിവെട്ടം|Ithiri said...

ഇതുവരെ കഴിച്ച് അഭിപ്രായം പറാഞ്ഞാല്‍ മതിയായിരുന്നു.. ഇനിയേതായാലും ഇതൊന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം ..

ഓണാശംസകള്‍ - ജ്യോതിടീച്ചര്‍ക്കും കുടുംബത്തിനും

പെരിങ്ങോടന്‍ said...

റ്റീച്ചറേ പാല്‍‌പ്പായസങ്ങളുടെ ഒരു ആരാധകനാ ഞാന്‍. പാല്‍/പാലട/സേമിയ എന്നിവയുടെ പ്രത്യേകിച്ചും. കുറച്ചു നല്ല പായസം അവസാനം കഴിച്ചതു നമ്മുടെ ബ്ലോഗര്‍ കുറുമാന്‍ കൊടുത്തയച്ചപ്പോഴായിരുന്നു. ഡബിള്‍ ഹോഴ്സ്, മേളം എന്നിവയുടെയൊക്കെ പായസക്കൂട്ട് വാങ്ങി പാലൊഴിച്ചു ചൂടാക്കിയാല്‍ പായസം കിട്ടുമോ എന്നു ഞാന്‍ സ്ഥിരമായി പരീക്ഷിക്കാറുണ്ട് ;)

തറവാടി said...

ഓണാശംസകള്‍, ജ്യോതിടീച്ചര്‍ക്കും കുടുംബത്തിനും.

o.t:പായസം ഉണ്ടാക്കാനായി സ്ഥിരമായി ഒരാളെ നിയമിച്ചൂടെ പെരിങ്ങോടാ

അഗ്രജന്‍ said...

നന്നായിരിക്കണു പായസം...

നിങ്ങള്‍ രണ്ട് പേരും ഇത്തിരി കല്ലുപ്പ് മത്രിച്ചൂതി കലക്കി കുടിക്കാന്‍ മറക്കേണ്ട... :)

എല്ലാവര്‍ക്കും ഓണാശംസകള്‍

ദില്‍ബാസുരന്‍ said...

ഹൌ.... പാല്‍പ്പായസം!

ഇവിടെ ഇപ്പൊ ഒരു രക്ഷയുമില്ല.പാല്‍പ്പായസവും സദ്യയുമൊന്നുമില്ലാത്ത നിലയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ഡബിള്‍ ക്രസ്റ്റ് ചീസ് പീറ്റ്സയാക്കിക്കളയാം. (നോക്കണേ ഓരോ ഗതികേട്!)

അഗ്രജന്‍ said...

തറവാടി: o.t:പായസം ഉണ്ടാക്കാനായി സ്ഥിരമായി ഒരാളെ നിയമിച്ചൂടെ പെരിങ്ങോടാ...

പെരിങ്ങോടാ... ചതിയാണ്... വീണുപോകരുത്.. :))

ഡാലി said...

ദേ ജോതി ടീച്ചറേ, മനുഷ്യനെ പ്രാന്ത് (ഭാന്ത്) പിടിപ്പിക്കല്ലേട്ടാ.. എത്ര വട്ടം ശ്രമിച്ചീട്ടാ ഈ ലിങ്ക് വന്നത്. അപ്പോള്‍ പാല്പായസത്തിന്റെ പടം. ഓണം മനസ്സിലുണ്ടിരിക്കുമ്പഴാ ഒണക്കലരീം പാല്പായസോം... വട്ടായി. ഇവിടെ കിട്ടണ ബസുമതി ഇട്ടീ പാചക കുറിപ്പൊന്ന് പരീക്ഷിച്ചാലോന്നാ ഇപ്പോ ആലോചന..

അരവിന്ദ് :: aravind said...

ഹയ് ഹയ്!
കണ്ടിട്ട് വായില്‍ വെള്ളം നിറഞ്ഞല്ലോ ടീച്ചറേ...
കണ്ടാല്‍ അറിയാം ട്ടോ..നല്ല ഒന്നാന്തരം പായസം..ആ മധുരോം കൊഴുപ്പും അറിയാം.

വെള്ളി, ഡബിള്‍ ഹോഴ്സിന്റെ അട വച്ച് പാലടപ്രഥമന്‍ കുടിച്ചു.
പിന്നെ ഇന്നലെ സേമിയായും അടപ്രഥമനും.

ഇപ്പോ ഈ പാല്‍‌പ്പായസം കാണുമ്പോള്‍..മനസ്സ് വീണ്ടും ദുര്‍ബ്ബലമാകുന്നു...
:-)

ഓണാശംസകള്‍..ടീച്ചര്‍ക്കും കുടുംബത്തിനും.

പാര്‍വതി said...

എല്ലാരും പായസമൊക്കെ കുടിച്ച് ഓണോം പൂവിളിയും ഒക്കെയായി നടക്കുമ്പോള്‍ എന്നേം ഓര്‍ക്കണേ..

നാളെ 12 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ട്രെയിനിങ്ങ് ആണ്..

പായസവും പിന്നെ അവിയലും തിന്നുമ്പോള്‍ എനിക്കും കൂടി വേണ്ടി ഒരു വറ്റ് കഴിച്ചേക്കൂ..എനിക്കിവിടെ വയറ് നിറയും..

-പാര്‍വതി.

ദേവന്‍ said...

പായസം മണത്ത്‌ ഇവിടെവരെ വന്നപ്പോഴേക്കും ദിവസം മൂന്നാലു കഴിഞ്ഞു. വക്കാരി മുതല്‍ പാര്‍വതി വരെ എല്ലാരും കുടിച്ചിട്ട്‌ പോകുകയും ചെയ്തു. എനിക്ക്‌ വല്ലതും ബാക്കിയുണ്ടാവുമോ അതോ "പായസം മുഴുവന്‍ പാര്‍ന്നൊഴിഞ്ഞളവു സേതു വന്നിരിക്കുന്നതെന്തെടോ?" എന്നൊക്കെ പറഞ്ഞു വിരട്ടി വിടുകയേയുള്ളോ :)

nalan::നളന്‍ said...

പായസമൊക്കെ തീര്‍ന്നോ ടീച്ചറെ,
ദേ രണ്ടുപേരായി, ഒന്നൂടി പായസം വച്ചോളൂ.
ഒരുരുളി പായസം കണ്ടാലൊന്നും ദേവന്‍ ഞെട്ടൂല.
പ്രഥമനില്ലേ (ഒരു തല്ലിനുള്ള വകുപ്പു കാണുന്നു) :)

viswaprabha വിശ്വപ്രഭ said...

ച്ചും വേണം പായ്പായ്ച്ചം

രാജാവു് said...

ഈ പായസത്തില്‍ കല്ലു കടിച്ചു.എന്തൊക്കെയ്യോ ചേരാനുണ്ടു്. കുട്ടോ അടിയും വാങ്ങുക പിന്നെ ഈ കുടിച്ചവരൊക്കെ,മണം പിടിച്ചു വന്നവരുള്‍പ്പെടെ കേരളക്കാരല്ലേ എന്നും കൂടെ ചോദിച്ചിട്ടു് ഓടിയേരു്.
അവിട്ടമാശംസകള്‍ എല്ലാ ബൂലോകര്‍ക്കും.
രാജാവു്.

ജ്യോതിര്‍മയി said...

വക്കാരിജീ, നല്ലോണമുണ്ണൂ. നന്ദി.

പട്ടേരിജി, ബാംഗ്ലൂരിലായിരുന്നെങ്കില്‍ വിളിയ്കാമായിരുന്നൂ..... കൊതിയായോ? സാരല്ല്യ, ഇനിമുതല്‍ കഴിക്കുമ്പോള്‍ ഓര്‍ത്തോളാം:-)

സൂ, കുടിച്ചുനോക്കിയോ? ഞാനും കൂടി ഉണ്ടാക്കി, പിന്നെയാണോ? ഏട്ടന്മാര്‍ ഇതിലും നന്നായി ഉണ്ടാക്കും. പക്ഷേ ഇത്തവണ ബാംഗ്ലൂരോണല്ലേ, നിയ്ക്ക്‌.

ഇത്തിരിവെട്ടമേ,

നന്ദി, ഉണ്ടാക്കിനോക്കിയോ:-) അതിമധുരത്തിന്റെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പേടിക്കണ്ട, മരുന്നുമായി ഒരാള്‍ ചികിത്സിക്കാന്‍ കുപ്പായം തയ്പിച്ചുനില്‍ക്കുന്നുണ്ടല്ലോ:-)

പെരിങ്ങോടരേ,
നന്ദി, പായസപ്രിയനാണല്ലേ. ഓണാശംസകള്‍. പായസം ഉണ്ടാക്കികഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടേ കഴിക്കാവൂ:-)

തറവാടി, നന്ദി, ഓണം നന്നായീന്നു വിശ്വസിക്കുന്നു.

അഗ്രജാഗ്രജാ:-) നന്ദി, എന്തിനാ കല്ലുപ്പ്‌ മന്ത്രിച്ചൂതുന്നേ? അതിമധുരത്തിനാണെങ്കില്‍, നെല്ലിക്കയുണ്ടല്ലോ.

കേട്ടിട്ടില്ലേ, "കള്ളവുമില്ല, ചതിയുമില്ല, ഉള്ളതു പായസം മാത്രമാണേ"

ദില്‍ബൂ, മാവേലീടെ മുന്നില്‍ നടന്ന്‌, ഇങ്ങോട്ടൊക്കെ കൂട്ടിക്കൊണ്ടുവരേണ്ടയാള്‍ ....ഇതാപ്പൊ നന്നായത്‌, എന്താ പറയാ..:-)

അരവിന്ദേ, നന്ദി, നന്ദി. എന്നാലും ആ സാമ്പാറിന്റെ അത്രവരില്ല:-)
എന്നും പായസമാണല്ലേ. നന്നായി,
ഡാലീ, ലിങ്കാനൊക്കെ പഠിച്ചുവരുന്നേ ഉള്ളൂ. ബസ്മതി, പായസത്തിനു പറ്റും എന്നു തോന്നിയില്ല. ഒരിക്കല്‍ നോക്കി, ഇഷ്ടപ്പെട്ടില്ല. പിന്നെ എങ്ങാനും പരീക്ഷിക്കണമെന്നു തോന്നിയാല്‍, അരി കുറിപ്പില്‍ കാണിച്ചതിന്റെ 60% മതിയാവും.

പാര്‍വതീ,

അതു പിന്നെ ഞാനേറ്റു. പറഞ്ഞപോലെ അവിയലും പായസോം, അല്ലേ:-)

ദേവരാഗം,

പാല്‌, പാട, കൊളസ്റ്റ്രോള്‍, ആയുരാരോഗ്യം .. ന്നൊക്കെ പറയില്ല്യാച്ചാല്‍ ഇനീം ഉണ്ടാക്കിത്തരാം. പായസമിഷ്ടമുള്ളോര്‍ക്ക്‌`, വിളമ്പിക്കൊടുക്കാനെന്തു സുഖാ. അച്ഛനുമേട്ടന്മാരും ചെയ്യുന്നതുകണ്ടല്ലേ അനിയത്തിക്കുട്ടീം പഠിയ്ക്ക്യ.

നളന്‍ജീ,

വന്നുവന്നിപ്പോ തല്ലുകഴിഞ്ഞ്‌, പാചകത്തിനൊന്നും നേരല്ല്യാന്നായോ നളാ:-) പഴപ്രഥമനും പാലും കൂടി തല്ലുണ്ടാക്കി പാല്‍പ്പായസം തന്നെ ജയിച്ചു. മൂന്നരയ്ക്കെണീറ്റെങ്കിലെന്താ, അടയുണ്ടാക്കി നേദിച്ച്‌, സദ്യവട്ടങ്ങളൊരുക്കി, അദ്ധ്യാപകദിനത്തിന്റന്ന്‌, കുട്ട്യോളേം പഠിപ്പിച്ച്‌, ഇലയിട്ടുണ്ണാറാവുമ്പോഴെയ്ക്കും തിരിച്ചെത്താനും സാധിച്ചതു തന്നെ ഭാഗ്യം, രണ്ടു നളന്മാരെന്നെ സഹായിച്ചതുകൊണ്ട്‌.

വിശ്വംജീ, പായസം തരാലോ, അമ്മാടത്തിനല്ലേ:-)

ജ്യോതിര്‍മയി said...

രാജാവു വരുമ്പോള്‍ കല്ലെറിയരുതെന്നു ഞാനെല്ലാരോടും പറഞ്ഞതാണല്ലോ. എന്നിട്ടും കല്ലു കടിച്ചോ? ക്ഷമിയ്ക്കൂ രാജാവേ:-)
നന്ദിയുണ്ടേ.

Satheesh :: സതീഷ് said...

തറവാടിയുടെ ഓടോ ചോദ്യം പെരുത്തിഷ്ടപ്പെട്ടു! :-)
ജ്യോതിടീച്ചറേ, ആ ഉരുളിയെ പറ്റി പരാമര്‍ശം ഒന്നും കണ്ടില്ല!!!അലൂമിനിയം/സ്റ്റീല്‍ പാത്രത്തില്‍ വെച്ചാല്‍ ആ ടേസ്റ്റ് വരൂല്ലാന്ന് തോന്നുന്നു!
പായസം നന്നായി.. ഇനിയിപ്പം അടുത്തതെന്താ? നല്ല മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാനറിയോ..?!

ജ്യോതിര്‍മയി said...

സതീഷ്ജി, സന്തോഷം. പായസം നന്നായിരുന്നു. ഇതു സ്റ്റീല്‍ ഉരുളിയാണ്‌.

മാമ്പഴപ്പുളിശ്ശേരി വെയ്ക്കാനറിയാം. കുട്ടിക്കാലത്തേ ശീലിച്ചതുകൊണ്ടാവും വെപ്പും ഒരു രസമാണേ(പലപ്പോഴും). അല്ലാ, അരങ്ങത്തൂന്നും അടുക്കളയിളേയ്ക്കൊതുക്കാനാണോ.. ഗൂഢാലോചന? :-))))
:-)

kuttani said...

ടീച്ചറെ, ഈ വൃത്തത്തില്‍ നിന്ന് പുറത്ത്‌ വരിക. പാചകം,ചിത്രമെഴുത്ത്‌,പട്ടി പാലനം എന്നിവ വേറെ ,അക്ഷരശ്ലോകം വേറെ
യേത്‌?

വികടശിരോമണി said...

നന്ദി...