Thursday, August 31, 2006

"രാജവത്‌ പഞ്ചവര്‍ഷാണി"-- രണ്ടാം വായന.

ഉമേഷ്ജീയുടെ ഗുരുകുലത്തില്‍ നിന്നും നാം പഠിച്ചതാണീശ്ലോകം.
"രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത് "
രാജേഷ്‌ വര്‍മ്മ അതിങ്ങനെ പരിഭാഷപ്പെടുത്തി--
"മഹാരാജനെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരനായ്‌ പത്തു കൊല്ലം,
മകന്നെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖന്നൊപ്പമായും നിനച്ചീട വേണം"

കുഞ്ഞിനോട്‌ , വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണംഎന്നാണ്‌ ഇവിടെ വിശദീകരിയ്ക്കുന്നത്‌.

ഒന്നാം ഘട്ടം
ആദ്യത്തെ അഞ്ചുവര്‍ഷം കുട്ടിയെ രാജാവിനെപ്പോലെ കരുതുക. രാജാവിനെപ്പോലെ' എന്നതുകൊണ്ട്‌ എന്തായിരിയ്ക്കാം ഉദ്ദേശിച്ചത്‌? ഒന്നു ചിന്തിച്ചുനോക്കാം.എല്ലാ സുഖസൌകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നാണോ? ആയിരിയ്ക്കില്ല. ഉള്ളതുകൊണ്ട്‌, ഓണം പോലെ, നമ്മുടെ കഴിവിനനുസരിച്ച്‌, സന്തോഷമായിട്ട്‌, പിന്നെ ഉള്ളതില്‍ വെച്ച്‌ ഏറ്റവും നല്ലത്‌ കുഞ്ഞിന്‌, കുഞ്ഞിന്റെ കാര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റുള്ളവരുടേതിനു വിട്ടുവീഴ്ച്ച വേണെങ്കിലത്‌, അങ്ങനെ. കുഞ്ഞായിരിയ്ക്കട്ടെ വീട്ടിലെ കേന്ദ്രബിന്ദു(അതല്ലാതെവരികയുമില്ലല്ലോ).

പിന്നെ അഞ്ചുവയസ്സ്‌വരെ എന്നത്‌, ഇന്നത്തെ കാലത്ത്‌ 3വയസ്സുവരെ എന്നു കരുതിയാലും മതിയാവും എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇന്നത്തെ കുഞ്ഞിന്‌ കൂടുതല്‍ അവസരങ്ങളുള്ളതുകൊണ്ടായിരിയ്ക്കണം മൂന്നുവയസ്സാവുമ്പോഴേയ്ക്കും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെട്ട്‌, വലിയവരുടെ EGOയുമായിനടക്കുന്നവരേയും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അമ്മമാരേ, കുഞ്ഞിന്റെ ഓരോദിവസവും വിലപ്പെട്ടതാണ്‌. ജനിച്ച അന്നുമുതല്‍ ഒരു മൂന്നുവയസ്സുവരെ, മറ്റെല്ലാം മറന്ന്‌ കുഞ്ഞിനെ ലാളിയ്ക്കുവിന്‍, കൊഞ്ചിയ്ക്കുവിന്‍, നല്ലശീലങ്ങള്‍ വളര്‍ത്തുവിന്‍ (തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ വേണേ. അതു പിന്നെ അമ്മമാരോടു പറയേണ്ടതില്ലല്ലോ അല്ലേ). മതിയാവോളം അമ്മിഞ്ഞപ്പാലും മൂന്നുവയസ്സുവരെയെങ്കിലും നിറഞ്ഞവാത്സല്യവും ലാളനയും കിട്ടി വളരുന്ന കുട്ടിയ്ക്ക്‌ തന്റെ എല്ലാമെല്ലാമാണമ്മ. ഇടയ്ക്കിത്തിരി വാശി കാണിച്ചാലും അമ്മപറഞ്ഞാലതുതന്നെ വേദവാക്യം. എന്തും അമ്മപറഞ്ഞാല്‍ കേള്‍ക്കും.

ഇതിന്‌ അപവാദമില്ലാതില്ല. പക്ഷേ വാശിയും ശുണ്ഠിയും മുഖമുദ്രയാക്കിയ കുട്ടികള്‍ക്ക്‌ ആദ്യത്തെവര്‍ഷങ്ങളില്‍ അവന്‌/അവള്‍ക്ക്‌ ആവശ്യമുള്ളത്ര വാത്സല്യവും പരിഗണനയും കിട്ടിയില്ല എന്നതും കാരണമാവാം. കുഞ്ഞ്‌ ആഗ്രഹിക്കുമ്പോഴെല്ലാം അഛനുമമ്മയും അവന്റെ/അവളുടെ അടുത്തുണ്ടാവുക. ഈ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇടയ്ക്കൊക്കെ വാശികാണിച്ചാലും കുഞ്ഞ്‌ അമ്മപറയുന്നത്‌ സ്നേഹത്തോടെ അനുസരിയ്ക്കും.

രണ്ടാം ഘട്ടം

അഞ്ചുമുതല്‍ പതിനഞ്ചുവയസ്സുവരെ ദാസനെപ്പോലെ കരുതുക. ഇവിടെ 'ദാസനെപ്പോലെ' എന്നതുകൊണ്ട്‌ എന്താണു മനസ്സിലാക്കേണ്ടത്‌ എന്നു ചിന്തിക്കാം."അങ്ങോട്ടുപോടാ" "ഇങ്ങോട്ടുവാടാ" എന്നു നാം നിന്നു കല്‍പ്പിയ്ക്കണം എന്നതാവില്ല, അതുകൊണ്ടു മനസ്സിലാക്കേണ്ടത്‌.

* സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക,
* മറ്റുള്ളവര്‍ക്കുവേണ്ടിയും കാര്യങ്ങള്‍ ചെയ്തുകൊടുക്കുക,
* ഉത്തരവാദിത്തബോധമുണ്ടാവുക,
* സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുശീലിയ്ക്കുക,
* ഒന്നും തന്നിഷ്ടം മാത്രം നോക്കി ചെയ്യാതിരിയ്ക്കുക

ഇത്രയും കാര്യങ്ങള്‍ പരിശീലിയ്ക്കാനൊരവസരം കുട്ടികള്‍ക്കു കൊടുക്കുക. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഈ കാലഘട്ടത്തില്‍ കുട്ടി തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാം. 'ശിക്ഷ' എന്നാല്‍ പാഠം/പഠിപ്പ്‌. തെറ്റു മനസ്സിലാക്കാനും തിരുത്തണം എന്നു ബോദ്ധ്യപ്പെടാനുമുള്ള പഠിപ്പ്‌(പാഠം) കുട്ടിയ്ക്കു കിട്ടണം. വെറുതെ അടിച്ചോ പട്ടിണിയ്ക്കിട്ടോ ശരീരവും മനസ്സും വേദനിപ്പിക്കലല്ല 'ശിക്ഷ'.

മൂന്നാം ഘട്ടം

ഇത്രയും പരിശീലനം കഴിഞ്ഞാല്‍, പതിനാറുതികഞ്ഞാല്‍ കുട്ടി പക്വതയുള്ള ഒരു വ്യക്തിത്വത്തിനുടമയായിരിയ്ക്കും. അപ്പോള്‍ അവനെ/അവളെ സുഹൃത്തിനെപ്പോലെ തനിയ്ക്കുതുല്യനായി/തുല്യയായി കരുതണം. ചര്‍ച്ചകളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം. അവരുടേയും അഭിപ്രായങ്ങള്‍ ആരായണം. തന്നൊപ്പമായും തനിയ്ക്കു താങ്ങായും കുട്ടിവളര്‍ന്നതുകണ്ടു സന്തോഷിയ്ക്കുകയും ആവാം.അച്ഛനമ്മമാര്‍, ഒന്നും തിരിച്ചുപ്രതീക്ഷിച്ചില്ലെങ്കിലും ഇങ്ങനെ വളര്‍ത്തപ്പെട്ട കുട്ടികള്‍ എന്നും അവരെ നന്ദിയോടെ, ആദരവോടെ സ്മരിയ്ക്കുന്നവരായിരിയ്ക്കും.
* *
[നമ്മുടെ അച്ഛനമ്മമാര്‍ക്കെന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു കണ്ടുപിടിയ്ക്കാനാവരുതേ, നമുക്കുശേഷം വരുന്ന തലമുറയെ ശ്രദ്ധിയ്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കാനാവട്ടെ ഈ കുറിപ്പു പഠിച്ചിട്ടുള്ള നമ്മുടെ ശ്രമം]

11 comments:

Anonymous said...

നല്ലൊരു പോസ്റ്റ് വായിച്ചു
പദ്ധതിപ്രകാരം കുട്ടികളെ വളര്‍ത്താന്‍ കഴിയുമോ?
ആവോ?
എനിക്കറിയില്ല.

സു | Su said...

ടീച്ചറേ,

എനിക്കൊരു സംശയം. ഈ ദാസനെപ്പോലെ വളര്‍ത്തുക എന്നത്, നമ്മുടെ ദാസന്‍- വിജയനിലെ ദാസന്‍ ആണോ? ;)

കുട്ടികളെ ഒരുപാട് സ്നേഹം കൊടുത്ത് വളര്‍ത്തുക. ഒപ്പം ശാസനയും. നല്ലതും ചീത്തയും പറഞ്ഞുകൊടുക്കുക. എന്തു ചെയ്യണം എന്നുള്ളത് ഒരുപ്രായം കഴിഞ്ഞാല്‍ അവര്‍ക്ക് വിടുക. അച്ഛനുമമ്മയും ആവട്ടെ ഒരാളുടെ, ആദ്യത്തെ, എക്കാലത്തേയും, പ്രിയമിത്രങ്ങള്‍.

ജ്യോതിര്‍മയി /ज्योतिर्मयी said...

നവന്‍, സ്വാഗതം. എന്റെ കുറിപ്പു വായിച്ചിട്ട്‌, എന്നതല്ല, സുഭാഷിതം പഠിച്ച്‌ മനസ്സിലാക്കിയ പാഠം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിയ്ക്കുന്നുവെങ്കില്‍, മറ്റുള്ളവരെ വിമര്‍ശിയ്ക്കാനല്ല, സ്വയം അതുള്‍ക്കൊള്ളുവാനാണ്‌ ശ്രമിയ്ക്കേണ്ടത്‌ എന്ന കാര്യം അടിവരയിട്ടുറപ്പിക്കുകയായിരുന്നു.
നന്ദി, വായിക്കാന്‍ മിനക്കെട്ടതിന്‌:-)

സൂ, :-) പ്രസംഗിയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ, അതാ, ഞാനിങ്ങനെയൊക്കെ ഹ ഹ, ഓ അല്ലല്ല, ഹി ഹി ഹി(ഇങ്ങനെയാണല്ലോ ബൂലോഗത്തെ ചിരി :-))

അരവിന്ദ് :: aravind said...

കൊള്ളാം ടീച്ചറേ..

പയ്യന്‍സ് said...

രാജാവിനെപ്പോലെയഞ്ചാണ്ടുകാലവും
പത്താണ്ടുകാലം ദാസനെന്നോണവും
വര്‍ഷം പതിന്നാറു പിന്നിട്ടുവെന്നാല്‍ പുത്രനെത്തോഴനായും കരതീടണം

ജ്യോതിര്‍മയി /ज्योतिर्मयी said...

അരവിന്ദ്ജീ,
'രണ്ടാം വായന'- ഞാന്‍ ഈ പോസ്റ്റിനു പരസ്യമൊന്നും കൊടുത്തിരുന്നില്ല. എന്നിട്ടും നിങ്ങളൊക്കെ വന്നു വായിച്ചു എന്നതെനിയ്ക്കു സന്തോഷം തരുന്നു.


പയ്യന്‍സേ

നന്ദി, നന്ദി, കേട്ടോ, ഇവിടം ധന്യമാക്കിയതിന്‌. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

laaLanaal bahavO dOshaaH
thaadanaal bahvO guNaH
thasmaal puthram cha Sishyam cha
thaaDayEnnathu laaLayEl
oranubandhamaayi chaaNakyantE thanne aaya ithum kooTi
jyOthirmayiyuTe vaaNeeviruthu chErththavathrippikkumallo alle

പയ്യന്‍സ് said...

ജ്യോതിര്‍മയി കാലടി സംസ്കൃത സര്‍വകലാശാലയില്‍ പ്ഠിച്ചിട്ടുണ്ടോ?
94-96കാലത്ത് മാതൃഭൂമി നടത്തിയ കവിതാമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ടോ? ആ വിഷുപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ടോ? പേരു കേട്ടിട്ടുള്ള പരിചയം കൊണ്ട് ചോദിച്ചു പോയതാണേ.. ഓര്‍മയുണ്ടോ ആ മുഖം ന്ന് ഒര് ശങ്കു..

ജ്യോതിര്‍മയി /ज्योतिर्मयी said...

indiaheritage, നമസ്കാരം. ശ്ലോകത്തിനു നന്ദി. "താഡയേത്‌ ന തു ഭര്‍ത്സയേത്‌" എന്നു മുന്‍പ്‌ കേട്ടിട്ടുണ്ട്‌. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

പയ്യന്‍സേ: അങ്ങിനെ ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ആദ്യം പയ്യന്‍സ്‌ ആരാണെന്നു പറയൂ :-). ഉത്തരം: ആദ്യം പറഞ്ഞത്‌ ഒരു ജ്യോതിര്‍മയി, രണ്ടാമത്തേത്‌ ഒരു ശാന്തിര്‍മയി. കേട്ടിട്ടുണ്ട്‌. :-)

ഉമേഷ്::Umesh said...

കൊള്ളാം ജ്യോതീ. ഇപ്പോഴാണു കണ്ടതു്.

പയ്യന്‍സേ, കാലടിയില്‍ പഠിച്ചതു ജ്യോതി തന്നെ. കവയിത്രി ജ്യോതിയുടെ അനിയത്തി ശാന്തി. “ശ്രീരേഖ” പുരസ്കാരവും മറ്റും കിട്ടിയിട്ടുണ്ടു്. ജ്യോതി കവിതയെഴുതാന്‍ തുടങ്ങിയിട്ടു് ഒരു കൊല്ലമാകുന്നതേ ഉള്ളൂ. അക്ഷരസ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സയിരുന്നു ജ്യോതിയുടെ കളരി.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉമേഷ്ജീ,
ഇതു കൊള്ളാമെന്നോ. നന്ദി, നന്ദി.
അക്ഷരശ്ലോകം ഗ്രൂപ്പുതന്നെയാണ്‌ എന്നെക്കൊണ്ട്‌ ശ്ലോകമെഴുതിയ്ക്കുന്നത്‌. ഉമേഷ്ജി ഗുരുസ്ഥാനീയനും.

എന്നാലും ഈ പാര പ്രതീക്ഷിച്ചില്ല:-) എനിയ്ക്കു പയ്യനാരാണെന്ന്‌, ഇനി ഉമേഷ്ജീ തന്നെ പറഞ്ഞുതരൂ:-)


പയ്യന്‍സേ, അവടേം ഇവിടേം തൊടാണ്ടെ ഒരു ഉത്തരം പറഞ്ഞു തടിതപ്പിയതായിരുന്നൂ ഞാന്‍. എല്ലാം പൊളിഞ്ഞു.

94-96, കാലടി, സംസ്കൃതം, കഥ, ശ്ലോകം, തിലകം, പത്രം.

ഇതിലേതെങ്കിലും വഴിയാണോ പരിചയം? എങ്കില്‍ ഞാനാവും. അതല്ലെങ്കില്‍,

2002ലാണെന്നു തോന്നുന്നു, മാതൃഭൂമി വിഷുപ്പതിപ്പില്‍ ശാന്തിയുടെ സമ്മാനാര്‍ഹമായകവിത, പ്രസിദ്ധീകരിച്ചിരുന്നു. 89-90 ലായിരിയ്ക്കണം, ശ്രീരേഖാപുരസ്കാരം കിട്ടിയ കവിതയും മാതൃഭൂമിയില്‍ വന്നിട്ടുണ്ട്‌.

ഇനി പറയൂ, പയ്യന്‍സാരാ?????
:-)