ഉണ്ണിയായ വാമനന്‍ മഹാബലിയുടെ യാഗശാലയിലേയ്ക്കു നടന്നുവരുന്നത് കാണുന്നു, മഹാബലിയുടെ മകള്‍. അവള്‍ക്കെന്തെന്നില്ലാത്ത വാത്സല്യം. കൈക്കുഞ്ഞായിരുന്നെങ്കില്‍, എടുത്തു പാലുകൊടുക്കാമായിരുന്നു എന്ന് തോന്നി. മഹാബലിയുടെ മകളാണത്രേ പിന്നീട്, പൂതനയായി പിറന്നത്.
ഉണ്ണീ! നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ, മന-
സ്സെണ്ണീ വാമന! പൈതലായൊരുദിനം കിട്ടീലയിക്കൈകളില്‍
ഇന്നീ പൂതനയായൊരെന്‍മുലനുകര്‍ന്നാനന്ദമേകീടവേ
അമ്മിഞ്ഞക്കൊതിയോ ഭവാന്റെ കരുണാവായ്പോ വിചിത്രം ഹരേ!
മഹാബലി വാമനനോട്
"ഓണമാണതുമെനിയ്ക്കു പാഠമായ്
ഏറ്റി ഭാവമൊരു"ദാനശാലി"ഞാന്‍
ആട്ടിയെന്നുടെയഹന്ത,ഏകി നീ
ചേണെഴുന്ന വരമന്നു വാമന!"
എപ്പോഴും തിരക്കിലായ എന്തിനൊക്കെയോവേണ്ടി തിരക്കു കൂട്ടുന്ന ആളുകളോട്, മഹാബലി ഒന്നും പറയാന്‍നിന്നില്ല. എങ്കിലും കുട്ടികള്‍ ഒരുക്കിയ പൂക്കളങ്ങള്‍ അദ്ദേഹത്തിനൊരാശ്വാസമായിരുന്നു.
മഹാബലി കുട്ടികളോട്
കുഞ്ഞുങ്ങളേ, നിങ്ങളൊരുക്കിടുന്ന
പാല്‍പ്പുഞ്ചിരിപ്പൂവഴിയും കളത്തില്‍
മാവേലി ഞാന്‍, തേടിയലഞ്ഞൊടുക്കം
സമത്വഭാവം കണികണ്ടിടുന്നൂ.
മുക്കുറ്റിമന്ദാരകചെമ്പരത്തി
വേലിയ്ക്കെഴും നല്ലതിരാണിയൊപ്പം
ഒന്നല്ല വര്‍ണ്ണം, പലതാം വലിപ്പം
വിളങ്ങിനില്‍പ്പാണവരൊന്നുപോലെ!!
കൂട്ടരേ, ഇത്രടം വന്നില്ലേ, സന്തോഷമായി. ഇനി ഞങ്ങളുടെ വക കുറച്ചു പഞ്ചാരപ്പായസം കൂടിയുണ്ടേ...രണ്ടു പോസ്റ്റ് താഴേയാണെന്നു മാത്രം :-).
11 comments:
രണ്ട് പോസ്റ്റുകള്‍. ഓണച്ചിന്തകളും പഞ്ചാരപ്പായസവും .
ചിന്തകള്‍ മധുരം.പായസം അതിലും മധുരം.
ഓണാശംസകള്‍
കൊള്ളാം ടീച്ചറേ!
ടീച്ചറമ്മേ നന്നായി ഓണച്ചിന്തകള്‍. അവസാനത്തെ വരിയും പിന്നെ പഞ്ചാരപ്പയസം ലിങ്കും വെറുതെ കൊതിപിടിപ്പിക്കാനായി ഇട്ടതാണോ?
പായസവും, ഓണച്ചിന്തയും കണ്ടു.
ഇനി ആ, തുമ്പപ്പൂ ഇല്ലാത്ത പൂക്കളവും കൂടെ ഒന്ന് കണ്ടാല്‍ തൃപ്തി ആയേനെ.
ജ്യോതിയ്ക്കും കുടുംബത്തിനും ഓണാശംസകള്‍ :)
ജ്യോതി ടീച്ചറേ, ഹായ് എന്തു രസം വിളിക്കാന്‍. ഒരു ജോതി ടീച്ചറേ നാലഞ്ചു കൊല്ലം വിളിച്ചതാ. അതു പക്ഷെ സംസ്കൃത ടീച്ചര്‍ അല്ലായിരുന്നു.
ഈ ഒരു ഓണ വീക്ഷണം നന്നായി ഇഷ്ടപ്പെട്ടൂട്ടൊ ടീച്ചറേ..
ആദ്യത്തെ കവിതയും അസ്സലയിരിക്കുണു.(ടിച്ചറെഴുതിയതല്ലെ?)
നന്നായി, ജ്യോതീ.
ഓണാശംസകള്‍!
വല്ല്യമ്മായി, സന്തോഷ്ജീ, പരസ്പരം, സൂ, സന്തോഷമായി. ഓണം എല്ലാവര്‍ക്കും നന്നായി എന്നു കരുതട്ടെ.
ഡാലി, ജ്യോതീെന്നു വിളിച്ചാമതിയെന്നേ. ഞാനെഴുതിയതല്ലാന്നു തോന്നുണുണ്ടോ? :-) നന്ദി, നന്ദി.
ഉമേഷ്ജീ, നന്ദി.
"ഉണ്ണീ... നിന്‍.." എഴുതി, ഞാന്‍ ആദ്യം കാണിച്ചത്, താങ്കളെയായിരുന്നൂന്ന് ഓര്‍ക്കുന്നുണ്ടാവും.
ബലിയുടെ ഭാര്യ വിന്ധ്യാവലി, ഉണ്ണിയെ കണ്ടപ്പോള്‍ കാലുകഴുകിച്ചൂട്ടണം എന്നൊക്കെയേ വിചാരിച്ചുള്ളൂ ന്ന് പറഞ്ഞു. മകളുതന്നെ, പൂതനേം പറഞ്ഞു:-)
ടീച്ചറുടെ ഓരോ പോസ്റ്റും വളരെ ഹൃദ്യം.
ഓണാശംസകളും പായസ്സത്തിന് നന്ദിയും. :-)
തൃപ്തിയായി. ;-)
എഹ്‌ഹേം...(ഏമ്പക്കം).
മനോഹരം ടീച്ചറെ....ഇക്കലത്ത് ഇമ്മാതിരി കവിതകള്‍ വായിക്കാന്‍ കിട്ടണതു തന്നെ വലിയ സന്തോഷം...ആധുനികതയുടേയും ഉത്തരാധുനികതയുടേയുമൊക്കെ കാലത്ത് എഴുത്തച്ചന്റ്റേയും ചെറുശേരിയുടേയുടേയും കവിതയെ അനുസ്മരിപ്പിക്കുന്ന വരികള്‍ കണ്ടതില്‍ വളരെ സന്തോഷം.ഓരൊ ഓണവും എന്തൊക്കെയോ നഷ്ടപ്പെടുന്നതിന്റെ വേദനയിലവസാനിക്കുകയാണു...നിലാവു വീണ എന്റെ നാട്ടു വഴികള്‍ അനുഭൂതിക്കും മധുരത്തിനുമൊപ്പം വേദനയും പകര്‍ന്നു നള്‍കുകയാണു...നഷ്ട്പ്പെടലിന്റെ അത്ര സുഖമില്ലാത്ത വേദനകള്‍...
പ്രിയപ്പെട്ട ജ്യോതിട്ടീച്ചറെ
അക്ഷരശ്ലോകം ഗ്രൂപ്പില്‍ സ്ഥിരം വായിക്കാറുണ്ട് . ഇവടേം കണ്ടതില്‍ സന്തോഷം. പതിവു പോലെ പെരിങ്ങോടനു നന്ദി , ഇങ്ങട്ടുള്ള വഴീം കാട്ടിത്തന്നേന്.
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാ ഈ ജന്മത്തിലെ മക്കളാവണേ ന്ന് ആരോ പറഞ്ഞ് കേട്ടിട്ട് ണ്ട്. ഈ ജന്മത്തില്‍ ഇത് പോലൊരു ഉണ്ണ്യേ കിട്ട്യെങ്കില്‍ എന്ന് മോഹിച്ചാ അടുത്ത ജന്മം അവന്‍ സ്നേഹിച്ചു ജീവനെടുക്ക്വോ? മോക്ഷം!
Post a Comment