Thursday, October 19, 2006

ബോണ്‍സായ്‌!

ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും.
മാനവും കൂടി ഞൊടിയ്ക്കിടയില്‍
നാണമില്ലാതെയടിച്ചമര്‍ത്താം,
ചന്ദ്രനില്‍പ്പോകാം, മധുവിധുവായ്‌
കാണും കിനാവു വധൂവരന്മാര്‍.
സ്വിച്ചൊന്നമര്‍ത്തിയാലേതുലോകം
ബൂലോകം പോലുമെന്‍മുന്നിലെത്തും.
കമ്പ്യൂട്ടര്‍മേശയ്ക്കരികില്‍വെച്ച
ബോണ്‍സായിചോദിയ്ക്കയാണു പാരം-

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍
പോകാനിടമെനിയ്ക്കില്ല തെല്ലും!

നിങ്ങള്‍ക്കു കാഴ്ച്ചയായ്‌നില്‍ക്കുവാനീ
ഞങ്ങടെ ജന്മം തുലച്ചതാണോ?

പട്ടിണികൊണ്ടു ചാകേണ്ടയെന്നീ
ചട്ടിയില്‍ത്തന്നെ വളമിടുന്നൂ
സോഡിയം പൊട്ടാഷും യൂറിയയും
കാച്ചിക്കുറുക്കിവിളമ്പിടുന്നൂ.
കിട്ടുന്നു കണ്മുന്നിലെന്തുമെന്നും
ചട്ടിയെവിട്ടൊരു ലോകമുണ്ടോ
മേനികൊഴുത്തു മിനുത്തുനില്‍ക്കേ
മാനത്തെയൊട്ടുമേയോര്‍ത്തുമില്ല...


ആകാശം കോരിച്ചൊരിഞ്ഞുനല്‍കും
വേനലും മാരിയും മാറിമാറി
താതന്റെ വാത്സല്യമെന്നതോര്‍ത്തു
കൈക്കൊണ്ടു ഞാനൊന്നു നിന്നതില്ല

ഭൂമിയാമമ്മതന്‍മാറിലൂടെ
തത്തിക്കളിയ്ക്കാന്‍ മറന്നുപോയീ.

ആഴത്തിലേയ്ക്കുവേരോടിയില്ലാ
ആകാശം നോക്കിച്ചിരിച്ചതില്ല
ശൈശവം ബാല്യവും കൌമാരവും
എന്നില്‍നിന്നൂര്‍ന്നുപോയെന്നറികേ
എന്തു ഞാന്‍ ചൊല്‍വൂ വളര്‍ത്തുവോരേ
ഞാനൊരു പാഴ്‌മരം മാത്രമായീ...

ആഴത്തിലേയ്ക്കൂളിയിട്ടുപോകാന്‍
ആകാശം നോക്കിക്കളിച്ചിരിയ്ക്കാന്‍
വേരുമെന്‍ചില്ലയും കൊള്ളുകില്ലാ
ഉള്ളാം തടിയ്ക്കോരുറപ്പുമില്ല..."

"ലോകം വളര്‍ന്നോ വളര്‍ന്നുവോ ഞാന്‍?
പോകാനിടമെനിയ്ക്കില്ല തെല്ലും."
നാളെയെന്‍കുഞ്ഞു ചോദിയ്ക്കുമല്ലോ
ഉത്തരമെന്തു ഞാന്‍ ചൊല്ലുമപ്പോള്‍?

24 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടരേ,

"ബോണ്‍സായ്‌" എന്റെ ഒരു പരീക്ഷണം. നിങ്ങളുടെ ക്ഷമയ്ക്കും:-)

ലിഡിയ said...

ബോണ്‍സായ് മരത്തിന്റെ മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത..നന്നായിരിക്കുന്നു..വ്യത്യസ്ഥമായിരിക്കുന്നു..

ഏതാണ്ടിതിനോടടുത്തു നില്ക്കുന്ന ഒരു വികാരമാണ്,മുഖത്ത് ചായം തേച്ച് പല കടകളുടെയും മുന്നില്‍ നില്‍ക്കുന്ന കോമാളികളെ കാണുമ്പോഴും ഓര്‍മ്മ വരുക.

-പാര്‍വതി.

കാളിയമ്പി said...

കവിത നന്നായിട്ടുണ്ട് ടീച്ചറേ..

കവിതകളിലുമിപ്പോള്‍ പുല്‍ക്കൊടികളേയും, ബോണ്‍സായികളേയുമാണ് കാണുന്നത്....

കൂടുതലും

“പട്ടിണികൊണ്ടു ചാകേണ്ടയെന്നീ
ചട്ടിയില്‍ത്തന്നെ വളമിടുന്ന“ തരം കവിതകള്‍..വായിയ്ക്കുമ്പോള്‍ പലപ്പോഴും സങ്കടം തോന്നും...

പൂത്തുലഞ്ഞു നില്ക്കുന്ന കൊന്ന പോലൊരു കവിത വായിച്ചിട്ട് കുറേ നാളായിരുന്നു...

..അത്തരമൊരനുഭവത്തിന് നന്ദി..

“ആഴത്തിലേയ്ക്കൂളിയിട്ടുപോകാന്‍
ആകാശം നോക്കിക്കളിച്ചിരിയ്ക്കാന്‍
വേരുമെന്‍ചില്ലയും കൊള്ളുകില്ലാ
ഉള്ളാം തടിയ്ക്കോരുറപ്പുമില്ല..."

എന്താ വരികള്‍....

Abdu said...

നല്ല കവിത,

ഭാഷയും ആശയവും നന്നായിരിക്കുന്നു,

നന്ദി.

-അബ്ദു-

അനംഗാരി said...

ബോണ്‍സായ് ചെടികള്‍ കാണുമ്പോള്‍ എനിക്കെന്നും സങ്കടം വന്നിട്ടുണ്ട്. അതിന്റെ വളര്‍ച്ചയെ മുരടിപ്പിച്ച് അങ്ങിനെ കൊല്ലങ്ങളോളം നിര്‍ത്തുക.ഒരു തരം മനുഷ്യത്വ രഹിതമായ പ്രവണത. നാളെ മനുഷ്യനേയും ബോണ്‍സായികളാക്കുന്ന കാലം വിദൂരമല്ല.കവിത നന്നായി ജ്യോതി. അഭിനന്ദനങ്ങള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജ്യോതിയുടെ കവിത വായിച്ചു. പണ്ട്‌ zoology പ്രാക്ടിക്കലിന്‌ പാറ്റകളേയും മണ്ണിരയേയും , അതുപോലെ physiology യില്‍ തവളകളേയും ഒക്കെ പച്ചജീവനോടെ പലതവണ കൊല്ലാതെ കൊല്ലുമ്പോഴും,

കൂട്ടിലിട്ടു സ്നേഹത്തോടെ വളര്‍ത്തുന്ന(!!!) കിളികളേ കാണുമ്പോഴും , ചെടിച്ചട്ടിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട- മനപ്പൂര്‍വമാല്ലാതെ ബോണ്‍സായി ആക്കപ്പെട്ട - ചെടികളെ കാണുമ്പോഴും ഒക്കെ മനസ്സിലുണ്ടാകുമായിരുന്ന ആ വിങ്ങല്‍ ഒന്നു കൂടി ആളിക്കത്തിച്ചു.

ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കു നേരം. നാമൊക്കെ കുഞ്ഞുണ്ണിമാഷ്‌ പറഞ്ഞ പോലെ-
പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്നു
കുഞ്ഞിയുറുമ്പു കരഞ്ഞു
എത്ര ചെറിയതാണെന്റെ വായ
എത്ര ചെറിയതാണെന്‍ വയറും--
ഒറ്റ വലിക്ക്‌ ഈ മുന്നില്‍ കാണുന്നതൊക്കെ തന്റേതാക്കാന്‍, തന്റെ വയറ്റിലെത്തിക്കാനുള്ള തത്രപ്പാടിലല്ലേ.

ജ്യോതിക്കനുമോദനങ്ങള്‍

വേണു venu said...

നിങ്ങള്‍ക്കു കാഴ്ച്ചയായ്‌നില്‍ക്കുവാനീ
ഞങ്ങടെ ജന്മം തുലച്ചതാണോ?

"ബോണ്‍സായ്‌" കവിതയും ആശയവും മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

വല്യമ്മായി said...

നല്ല ആശയം ജ്യോതീ,വരികളും മനോഹരം

മനോജ് കുമാർ വട്ടക്കാട്ട് said...

ബോണ്‍സായ്‌ കാണുമ്പോള്‍ ഒരിക്കലും ഇങ്ങിനൊരു ദുഖത്തെക്കുറിച്ചോര്‍ത്തതല്ല.

ഒരു ഓര്‍മ്മിപ്പിക്കലിന്ന് നന്ദി.

Promod P P said...

ബോണ്‍സായികളെ സൃഷ്ടിക്കുന്നവരേ
അനന്ത തമസ്സിന്റെ ഗര്‍ത്തങ്ങള്‍
നിങ്ങള്‍ക്കുള്ളതാകുന്നു

എന്ന് പണ്ടെങ്ങോ എഴുതിയിരുന്നു..ചരിത്രാതീത കാലത്ത്‌

കാളിയമ്പി said...

ബോണ്‍സായി ചെടികള്‍ കണ്ടാല്‍ വിഷമം....
ഞാ‍നുള്‍പ്പെടെയുള്ള തലമുറ,അതു കഴിഞ്ഞ് വരും തലമുറ ബോണ്‍സായികളാകാന്‍ വിധിയ്ക്കപ്പെട്ടതോര്‍ക്കുമ്പൊഴോ?
ഞാനെന്റെ ചട്ടിയൊക്കെ പൊട്ടിച്ചു കളയാന്‍ പോകുന്നു..

മുസാഫിര്‍ said...

ജ്യോതി ടീച്ചറെ ,
നല്ല ആശയം.ഇന്നലെ ഇവിടുത്തെ പത്രത്തില്‍ വിദേശങ്ങളില്‍ മോഡലുകള്‍ തടി കുറച്ച് ഫില്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പെടുന്ന പങ്കപ്പാടുകളെക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു.

പാച്ചു said...

ഓര്‍ത്തതു കുട്ടികളെക്കുറിച്ചാണ്‌.

ഒരു ബൊണ്‍സായ്‌ ആവാന്‍ അല്‍പം ജീവന്‍ എങ്കിലും വേണം.

അടുത്ത തലമുറയില്‍ നിന്നും അതു കൂടി പ്രതീക്ഷിക്കാന്‍ ആവുമൊ?

Unknown said...

ജ്യോതിച്ചേച്ചീ,
പരീക്ഷണം കൊള്ളാം.നന്നായിരിക്കുന്നു.

രാജേഷ് ആർ. വർമ്മ said...

ബോണ്‍സായി മരത്തിന്റെ വിത്തെടുത്തു വെള്ളവും വെളിച്ചവും കിട്ടുന്ന ഒരിടത്തു നട്ടാല്‍ സാധാരണ മരമുണ്ടാകുമോ എന്തോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

എന്റെ 'ബോണ്‍സായ്‌' വായിച്ച എല്ലാവര്‍ക്കും നന്ദി. വിസ്തരിച്ചൊരു മറുപടി പിന്നീടെഴുതാം. ഇപ്പോഴിതുമാത്രം-

രാജേഷാര്‍വര്‍മ്മേ, ആലിനേയും പുളിയേയും ഒക്കെ ബോണ്‍സായ്‌ ആക്കിക്കണ്ടിട്ടില്ലേ? ബോണ്‍സായ്‌ എന്നതൊരുതരം മരമല്ലെന്നാ എന്റെ ധാരണ. അതെ അഞ്ജനമെന്നതു ഞാനറിയും... എന്നതുപോലെ:-)

അംബി-കാളിയമ്പിയാണോ? ആദ്യത്തെ കമന്റുവായിച്ച്‌ തല അട്ടം മുട്ടി. പൊക്കിയാല്‍ പൊങ്ങുന്നവരെ പൊക്കാന്‍ പാടില്ലെന്നാ നിയമം:-) നല്ലവാക്കുകള്‍ക്ക്‌ നന്ദി.

സു | Su said...

ജ്യോതീ തിരക്കിലാണോ? :)

qw_er_ty

ദേവന്‍ said...

റ്റീച്ചര്‍ വെക്കേഷനിലായിരുന്നോ? കുറേക്കാലം കണ്ടില്ലല്ലോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

പാര്‍വതീ, വായിച്ചതില്‍ സന്തോഷം കമന്റിയതില്‍ അതിലേറെ സന്തോഷം. ഞാന്‍ വല്ല്യമ്മയാവാനുള്ള തയ്യാറെടുപ്പുമായി കുറച്ചുദിവസമായി നാട്ടിലായിരുന്നു. ധൃതിയിലെഴുതിപ്പോസ്റ്റിയ ഒരു കവിതയായിരുന്നു. ഇപ്പോള്‍ ചിലവരികളൊക്കെ ക്രമീകരിയ്ക്കാനുണ്ടെന്നൊരു തോന്നല്‍. പക്ഷേ ക്ഷമയില്ല താനും.

പറഞ്ഞുവന്ന കാര്യം മുഴുവനാക്കട്ടെ. ഉമേഷ്ജീയുടെ വിഘ്നേശിനേക്കാള്‍ രണ്ടുദിവസം താഴെ എന്റെ അനിയത്തിക്കൊരു പെണ്‍കുഞ്ഞുപിറന്നു. ഇപ്പോള്‍ അമ്മൂന്നും അമ്മിണീന്നും മുത്തുമണീന്നും ഒക്കെ വിളിയ്ക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. വല്ല്യമ്മയ്ക്ക്‌ ഗമ കൂടുകയും ചെയ്തു:-)

അബ്ദുജീ, നന്ദി, പ്രോത്സാഹനത്തിന്‌.

അനംഗാരീ,

താങ്കളുടെ ആലാപനത്തിന്‌ എങ്ങനത്തെ കവിതകളാണ്‌ തെരെഞ്ഞെടുക്കുക? കുറേ ദിവസമായി അവിടെയൊക്കെ വന്നിട്ട്‌. അഭിനന്ദനങ്ങള്‍ക്കു നന്ദി.

പണിക്കര്‍സാറേ, നന്ദി, അനുമോദനങ്ങള്‍ക്ക്‌.

വേണുജീ, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

വല്യമ്മായി, നന്ദി.

പടിപ്പുരേ, ഞാനിതുവരെ അവിടെ വന്നിട്ടില്ല. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

തഥാഗതാ, ഏതോ ഒരു ബ്ലോഗില്‍ വെച്ച്‌ താങ്കളുടെ ജോലിസ്ഥലത്തിനടുത്താണ്‌ എന്റെ ജോലിസ്ഥലമെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. സന്തോഷമുണ്ട്‌, ഇവിടെ കാണുന്നതില്‍.

അംബി, ബോണ്‍സായ്‌ ക്ലബ്ബുകാര്‍ കേള്‍ക്കേണ്ട:-)

മുസാഫിര്‍ജീ താങ്കളോടെന്തോ ഒരു കമ്മിറ്റ്‌മന്റ്‌ ബാക്കിനില്‍ക്കുന്നതുപോലെ തോന്നുന്നു. എന്താണെന്നോര്‍മ്മയില്ല(എളുപ്പമായി:-))

മോഡലുകള്‍ സ്വയം വരിയ്ക്കുന്ന അതിര്‍വരമ്പുകളല്ലേ? സാഹചര്യങ്ങള്‍ കാരണമായിട്ടാണെങ്കിലും.
ബോണ്‍സായികളും ഇന്നത്തെ so calledഉന്നതരുടേയും ഇടത്തരക്കാരുടേയും കുട്ടികളും ഒരേ അവസ്ഥയിലാണല്ലോ എന്നൊരു തോന്നല്‍. പണവും സുഖസൌകര്യങ്ങളുമുണ്ടെങ്കില്‍ എല്ലാമായി എന്നു കരുതി കുട്ടിക്കൊരു കുറവും വരുത്താതെ ശ്രദ്ധിക്കുമ്പോള്‍ വാസ്തവത്തില്‍ അവരുടെ potential നാം അറിയുന്നുമില്ല, അതു കണ്ടെത്താന്‍ അവര്‍ക്കൊരവസരവും നല്‍കുന്നുമില്ല. കാലം ചെല്ലുംതോറും തടിമിടുക്കില്‍ കേമനായേക്കാമെങ്കിലും നിസ്സാരപ്രശ്നങ്ങളെപ്പോലും നേരിടാനോ അവഗണിക്കാനോ കഴിയാതെ നില്‍ക്കേണ്ടിവരുന്ന അവരുടെ ജന്മം നമ്മളാണു പാഴാക്കിയതെന്ന്‌ അവരും പറയുമോ?

പാച്ചു,
നന്ദി, താങ്കള്‍ പറഞ്ഞത്‌ എനിയ്ക്കു പിടികിട്ടിയില്ല.

ദില്‍ബൂ, ഇഷ്ടായോ? സന്തോഷം.:-)

ശിശു said...

ജ്യോതിടീച്ചറുടെ വാഗ്ജ്യോതിയില്‍ വൈകിയാണെത്തിയത്‌, ഒരുപുതുമുഖമാണ്‌,ബോണ്‍സായ്‌ എന്ന കവിത ശരിക്കും ഇഷ്ടപ്പെട്ടു, കവിതയെഴുത്ത്‌ ഇപ്പോള്‍ താളത്തിലല്ലല്ലോ? അവിടെ വേറിട്ടു നില്‍ക്കുന്നു ഈ കവിത. വരികള്‍ ക്വൊട്ടാന്‍ നോക്കിയാല്‍ മുഴുവന്നായും വേണ്ടിവരും. എന്നാലും ശരിക്കും ചിന്തിപ്പിച്ച ചില വരികള്‍ ഇവയാണ്‌, .


ആകാശം കോരിച്ചൊരിഞ്ഞുനല്‍കും
വേനലും മാരിയും മാറിമാറി
താതന്റെ വാത്സല്യമെന്നതോര്‍ത്തു
കൈക്കൊണ്ടു ഞാനൊന്നു നിന്നതില്ല..

ആഴത്തിലേയ്ക്കൂളിയിട്ടുപോകാന്‍
ആകാശം നോക്കിക്കളിച്ചിരിയ്ക്കാന്‍
വേരുമെന്‍ചില്ലയും കൊള്ളുകില്ലാ
ഉള്ളാം തടിയ്ക്കോരുറപ്പുമില്ല..."


ശിശുവിനി തീര്‍ച്ചയായും വാഗ്ജ്യോതിയിലെത്തും തീര്‍ച്ച

ശിശു said...

ജ്യോതി ടീച്ചറെ, താഴത്തെ ലിങ്കുകളിലൊന്നു നോക്കുമൊ?, ശിശുവെഴുതിയ ചില പൊട്ടവരികളാണ്‌, (കവിത എന്നു വിളിക്കാന്‍ ഒരു ചമ്മല്‍) വൃത്തത്തിലും താളത്തിലുമൊന്നും അല്ല, ടീച്ചറെപ്പോലെ കവിത എഴുതാന്‍ അറിയുന്നവര്‍ ആരെങ്കിലും നോക്കി തിരുത്തി ഉപദേശം തന്നിരുന്നെങ്കില്‍ പാകപ്പിഴകള്‍ അറിയാമായിരുന്നു, അതിനുവേണ്ടി, ഒരു കൌതുകത്തിനുവേണ്ടി, നോക്കുമല്ലോ, അഭിപ്രായം അറിയിക്കുമല്ലോ?,ആദ്യമായെഴുതുന്ന കവിതകളാണ്‌ (അതാണ്‌ കൂടുതല്‍ ആകാംക്ഷ)

ആത്മഹത്യാ മുനമ്പില്‍
കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വം
ദുഷ്ടഹൃദയം

qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

ശിശുജീ,

പണ്ടെപ്പോഴോ ശിശുവിന്റെ ഫോട്ടൊ കണ്ട്‌ ഞാനും 'കുറിപ്പുകള്‍' കണ്ടിരുന്നു. കമന്റിയില്ല എന്നുമാത്രം.
താങ്കളുടെ രചനകള്‍ ധാരാളം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിയ്ക്കുന്നു. നോക്കിവിലയിരുത്താന്‍ മാത്രം വലിയ ഒരു ടീച്ചറല്ല ഞാന്‍. എഴുത്തും തുടങ്ങിയിട്ടധികമായില്ല. ഞാന്‍ വരും കുറിപ്പുകള്‍ കാണാന്‍, തിങ്കളാഴ്ച്ച:-)

(ഇന്നലെത്തന്നെ ആദ്യത്തെ കമന്റിനു മറുപടി തയ്യാറാക്കിയിരുന്നു, പോസ്റ്റാറായപ്പോഴേയ്ക്കും കറണ്ടുപോയി:-(
Jyothi.

ശിശു said...

ടീച്ചറെ, ഒത്തിരി നന്ദി, ശിശുവിന്റെ കവിത വായിച്ചു വിലയിരുത്തിയതിന്‌, സമയം കണ്ടെത്തി കുറിപ്പുകളിലെത്തിയതിന്‌, പ്രോത്സാഹിപ്പിച്ചതിന്‌, ഒക്കെ ശിശു കടപ്പെട്ടിരിക്കുന്നു.

നന്ദിയുണ്ട്‌, ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാകും.

qw_er_ty

രാജേഷ് ആർ. വർമ്മ said...

ജ്യോതി,

മറുപടി ഇപ്പോഴാണു കണ്ടത്‌. ഞാന്‍ 'ബോണ്‍സായി മരം' എന്ന് എഴുതിയതു വായിച്ചിട്ട്‌ 'ബോണ്‍സായി ആയി വളര്‍ത്തപ്പെട്ട മരം' എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ? മുമ്പു പറഞ്ഞിട്ടുള്ള, ജ്യോതിയുമായിട്ടു പലപ്പോഴും അനുഭവിച്ചിട്ടുള്ള തെറ്റിദ്ധാരണകളുടെ പരമ്പര തുടരുന്നോ?

qw_er_ty