Monday, January 22, 2007

"അമ്മ നല്ല അമ്മ"

"അമ്മ നല്ല അമ്മ
ഉമ്മനല്‍കും അമ്മ....
......
അമ്മ എന്റെ ദൈവം" എന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍, സ്വന്തം അമ്മമാരെ സ്നേഹത്തോടേയും ആദരവോടേയും കാണണം എന്ന ഒരു പാഠമല്ലേ പഠിപ്പിക്കാനുദ്ദേശിക്കുന്നത്‌?

അതോ ഓരോ കുട്ടിയുടേയും അമ്മയെപ്പറ്റിപ്പഠിച്ച്‌,

" മിന്നൂ, നിന്റെ അമ്മ അത്ര നല്ലതൊന്നുമല്ല, അവള്‍ പരദൂഷണക്കരിയാണ്‌"

"ചിന്നൂ, നിന്റെ അമ്മയും അത്ര നല്ലതല്ല, ഇന്നാളൊരുദിവസം വെള്ളം പിടിക്കാന്‍ ടാപ്പിന്റെ അടുത്തുനില്‍ക്കുമ്പോള്‍ സൈനബത്താത്തയോടു അടികൂടുന്നതു ഞാന്‍ കണ്ടിരുന്നു,"
എന്നൊക്കെ സത്യം സത്യമായി പഠിപ്പിക്കണോ?

സ്വന്തം അമ്മയെക്കുറിച്ച്‌, മാനുഷികപരിമിതികള്‍ എത്രയുണ്ടെങ്കിലും, പ്രസവിച്ച അമ്മ എന്ന നിലയ്ക്കുതന്നെ സ്നേഹാദരങ്ങളോടെ നോക്കിക്കാണണം എല്ലാവരും. അമ്മയെ ദൈവതുല്യം കാണുന്നവര്‍ക്‌ക്‍ മറ്റുള്ളവരുടെ അമ്മയേയും ബഹുമാനിക്കാന്‍ കഴിയും. സ്വന്തം അമ്മയുടേയും കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌, യുക്തിയുക്തം തര്‍ക്കിക്കുന്നവര്‍ക്‌ക്‍ ബിസിനസ്സ്‌ തലത്തില്‍ മാത്രമേ( എനിയ്ക്കു വല്ല ഉപകാരവുമുണ്ടോ, എങ്കില്‍ നല്ലത്‌ എന്നും, മറ്റൊരു വീട്ടില്‍ മറ്റൊരമ്മ എനിയ്ക്കി ഇതിനേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുമെങ്കില്‍ ആ അമ്മയാണ്‌ വിലമതിയ്ക്കേണ്ട അമ്മ എന്നും ഉള്ള രീതിയില്‍) ചിന്തിയ്ക്കാന്‍ കഴിയൂ.


സ്വന്തം അമ്മയെ നല്ലവണ്ണം സ്നേഹിയ്ക്കുന്ന ആള്‍ക്‌ക്‍ അമ്മയോട്‌ തികഞ്ഞസ്വാതന്ത്ര്യത്തോടെ അവരുടെ പരിമിതികളെക്കുറിച്ചും സംസാരിക്കാം, അവര്‍ തെറ്റിദ്ധരിയ്ക്കപ്പെടുകയില്ല.

63 comments:

ജ്യോതിര്‍മയി said...

"അമ്മ നല്ല അമ്മ" new post.

ഇത്‌ ഒരു വ്യക്തിവിമര്‍ശനമല്ല. ഒരു രീതിയെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ്‌.മേല്‍പ്പറഞ്ഞ കാര്യം എനിക്കു പലപ്പോഴും ഉമേഷ്ജിക്ക്‌ വിയോജനക്കുറിപ്പെഴുതുമ്പോള്‍ (വിശ്വാസത്തേയും, ഭാരതീയതയേയും പറ്റി) എഴുതാന്‍ തോന്നാറുണ്ട്‌.

ഉമേഷ്::Umesh said...

അമ്മയെപ്പറ്റി നല്ല്ലതു തന്നെ പറഞ്ഞുകൊടുക്കൂ ജ്യോതീ. പക്ഷേ ആരെങ്കിലും “നിന്റെ അമ്മ പണ്ടു് പത്തുകൊല്ലം ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു” എന്നു പറഞ്ഞാല്‍ “നിന്റെ അമ്മ അത്രയ്കുമൊന്നും വലിയ ആളായിരുന്നില്ല്ല, പക്ഷേ അതുകൊണ്ടു നമുക്കു് അമ്മയോടുള്ള ആദരവിനും അമ്മയെപ്പറ്റിയുള്ള അഭിമാനത്തിനും കുറവുണ്ടാകില്ല” എന്നു പറഞ്ഞുകൊടുക്കണം.

ചീത്ത സത്യം മുഴുവനും പറയാതിരിക്കലും അസത്യം അസത്യമാണെന്നു പറയുന്നതും രണ്ടാണല്ലോ.

നന്ദി.

കുറുമാന്‍ said...

ഠോ.........അമ്മേ നിനക്കുവേണ്ടി (തേങ്ങയുടച്ചതാ, എന്റെ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ട്).

അമ്മ എന്നും അമ്മ തന്നെ. അമ്മക്കൊപ്പം നില്‍ക്കാന്‍, എന്തിനു താരതമ്യം ചെയ്യാന്‍ പോലും ആരുമില്ല എന്ന പക്ഷക്കാരനാണു ഞാന്‍.

മാതാ പിതാ ഗുരോര്‍ ദൈവം (അമ്മ തന്നെയാണു ഇവിടേയും മുന്‍പില്‍ വരുന്നത്).

ഇനിയും കുറേ എഴുതണമെന്നുണ്ട്. ഞാന്‍ വാചാലനായിപോയാല്‍ തേങ്ങ നാട്ടുകാരുടക്കും :(

കുറുമാന്‍ said...

ടൈപ്പ് ചെയ്ത് കയ്യെടുത്തില്ല (പറഞ്ഞു നാവെടുത്തില്ലാന്നു പറയുന്നതുപോലെ), ദേ തേങ്ങ ഉമേഷ്ജി കൊണ്ടു പോയി.

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
ബ്ലോഗിന്‍ വാരിധി നടുവില്‍ ഞാന്‍,
ഈ നരകത്തില്‍ നിന്നും കരകൈറ്റീടണെ,
തിരുബ്ലോഗില്‍ വാഴും ശിവയേശു

കണ്ണൂസ്‌ said...

റ്റീച്ചര്‍ പറഞ്ഞത്‌ സ്വന്തം അമ്മയെക്കുറിച്ചാവുമ്പോള്‍ വളരെ ശരി തന്നെ.

പക്ഷേ, അത്‌ എത്രത്തോളം ഭാരതീയതയുമായും വിശ്വാസവുമായും ഒക്കെ ബന്ധിപ്പിക്കാം എന്നൊരു സംശയം. എന്തായാലും എന്നെക്കൊണ്ടു പറ്റില്ല. സ്വന്തം അമ്മയെക്കാണുന്ന പോലെ ദേശത്തേയും സംസ്കാരത്തേയും ഒന്നും കാണാനും പറ്റില്ല. (ഇതെങ്ങനെ തെറ്റിദ്ധരിക്കപ്പെടാതെ പറയണം എന്ന് കുറേ ആലോചിച്ചു. വഴിയൊന്നും കാണാത്തതു കൊണ്ട്‌, " ഒരു നേരേ വാ നേരേ പോ ലൈനില്‍ എഴുതുന്നു.)

സു | Su said...

എന്റെ അമ്മ എനിക്കെല്ലാമാണ്.

അമ്മ, കൂട്ടുകാരി, ഗുരു.


അമ്മയോടൊപ്പം ശീട്ട് കളിക്കാറുണ്ട്.

അമ്മയോടൊപ്പം തമാശ പറഞ്ഞ് ചിരിച്ച് ചിരിച്ച് മതിയാവാറുണ്ട്.


എന്നേക്കാള്‍ പഠിപ്പും വിവരവും ഉള്ള ആളാണ് അമ്മ. പിന്നെ പ്രായത്തിന്റെ അറിവും കൂടുതല്‍ ഉണ്ടാകും.

എന്റെ മുപ്പത്തഞ്ചാം വയസ്സിലും അമ്മയ്ക്ക് എന്നോട് പറയാന്‍ ഒരു ഉപദേശം ഉണ്ട്. നായ കടിക്കുകയും കുരയ്ക്കുകയും ചെയ്യും, എന്നുവെച്ച് നമ്മള്‍ മനുഷ്യര്‍ അതിനെ കടിക്കാന്‍ പോവില്ല എന്ന്. ഇപ്പോ അമ്മ അത് പറഞ്ഞ് കഴിഞ്ഞ് ചിരിക്കും. കാരണം അമ്മയ്ക്കറിയാം അമ്മയുടെ മോളുവിന്റെ മറുപടി ഒരിക്കലും മാറില്ലാന്ന്. അത് ഇന്നും “നായ കടിക്കാനും കുരയ്ക്കാനും വന്നാല്‍ നമുക്ക് അതിനെ ഒന്ന് പേടിപ്പിക്കുകയെങ്കിലും ചെയ്യാമെന്ന്.” ആവും എന്ന്.

ഈ ബൂലോഗത്തില്‍ വരുന്നതുവരെ അമ്മയുടെ ഉപദേശത്തിന്റെ അര്‍ത്ഥം എനിക്ക് ശരിക്കറിയില്ലായിരുന്നു. ഇപ്പോ നല്ലപോലെ മനസ്സിലായി.


അമ്മ എന്ന നിലയിലും, ഒരു നല്ല സ്ത്രീ എന്ന നിലയിലും അമ്മയെപ്പറ്റി ഞാന്‍ എന്നും അഭിമാനിക്കുന്നു.

(കമന്റ് ബോക്സ് തുറന്നപ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു. ഇന്നലെ വീട്ടില്‍ ഇല്ലാഞ്ഞതുകൊണ്ട് വിളിക്കാന്‍ പറ്റിയില്ല, അമ്മയ്ക്ക്. അതുകൊണ്ട് ഇവിടെ തേങ്ങയുടയ്ക്കാന്‍ പറ്റിയില്ല.)

മിന്നുവിന്റെ അമ്മയും ചിന്നുവിന്റെ അമ്മയും നല്ലതല്ലെങ്കില്‍ നമ്മളതൊന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ആരെങ്കിലും നല്ലതാണോ ചീത്തയാണോന്ന് തീരുമാനിക്കാന്‍ നമ്മളാര്? ദൈവമോ? നിന്റെ അമ്മ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് മാത്രം വേണമെങ്കില്‍ പറയാം.


അമ്മ നല്ല അമ്മ

ഉമ്മ തരും അമ്മ,

പട്ടുറുമാല്‍ തുന്നിത്തരും,

പൊട്ടുതൊടുവിക്കും,

അമ്മയാണ് പാരിടത്തിലെന്നുമെന്റെ ദൈവം,

അമ്മയെ മറക്കുകില്ല ജീവനുള്ള കാലം.


(അമ്മയെപ്പറ്റി, അല്ലെങ്കില്‍ വേറെ ആളെപ്പറ്റി വിമര്‍ശനം എന്നത് മാത്രമല്ല, രണ്ട് വ്യക്തികള്‍ തമ്മിലുള്ള വഴക്കും, അങ്ങാടിയില്‍ നിന്ന് വേണ്ട എന്നൊരു അഭിപ്രായം എനിക്കുണ്ട്. പക്ഷെ സാഹചര്യസമ്മര്‍ദ്ദം...)

സു | Su said...

പിന്നെ, അമ്മ എന്നത് മാത്രമല്ല, ജീവിതരീതി,വിശ്വാസം, നാട്, സംസ്കാരം, ഭാഷ എന്നിവയെയൊക്കെപ്പറ്റിയും എനിക്ക് എന്റേത് നല്ലത് തന്നെ എന്നൊരു അഭിപ്രായമുണ്ട്. എന്ന് വെച്ച് മറ്റുള്ളവരുടേത് നന്നല്ല എന്ന് ഞാന്‍ അത്യാവശ്യത്തിനല്ലാതെ, അവര്‍ തെളിച്ച് കാട്ടി ‍ പറഞ്ഞ് പറയിപ്പിച്ചാല്‍ അല്ലാതെ പറയാറില്ല.

പക്ഷെ, ചിലരുണ്ട്, നിങ്ങളുടെ ദൈവത്തിലുള്ള വിശ്വാസം ശരിയല്ല എന്നും പറഞ്ഞ് ബാക്കിയുള്ളവരെ അവഹേളിക്കാന്‍ നടക്കുന്നവര്‍. കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ എന്നേ പറയാന്‍ ഉള്ളൂ, അത്തരക്കാരോട്. പക്ഷെ പറയാറില്ല.

ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം ആവും. അതിനെ മറ്റുള്ളവര്‍ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ വിഡ്ഡികള്‍ ആണെന്നേ ഞാന്‍ പറയൂ.

ഗോബി മഞ്ചൂരിയന്‍ നിങ്ങള്‍ക്കിഷ്ടമല്ല എന്ന് വെച്ച്, അല്ലെങ്കില്‍ തിന്നാന്‍ ഭാഗ്യമില്ല എന്ന് വെച്ച്, അത് എണ്ണയില്‍ മുക്കിപൊരിച്ചതാണെന്നും, ആരോഗ്യം നശിപ്പിക്കുമെന്നും ഒക്കെപ്പറയാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷെ, അത് നിങ്ങളുടെ കാര്യം മാത്രം ആയിരിക്കണം. മറ്റുള്ളവരും അത് തിന്നരുത് എന്ന് പറയരുത്. (ഉദാഹരണം മാത്രം.)

രണ്ട് കമന്റ് അധികം ആവുമോ?

കുറുമാന്‍ said...

ഗോബി മഞ്ചൂരിയന്‍ നിങ്ങള്‍ക്കിഷ്ടമല്ല എന്ന് വെച്ച്, അല്ലെങ്കില്‍ തിന്നാന്‍ ഭാഗ്യമില്ല എന്ന് വെച്ച്, അത് എണ്ണയില്‍ മുക്കിപൊരിച്ചതാണെന്നും, ആരോഗ്യം നശിപ്പിക്കുമെന്നും ഒക്കെപ്പറയാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷെ, അത് നിങ്ങളുടെ കാര്യം മാത്രം ആയിരിക്കണം. മറ്റുള്ളവരും അത് തിന്നരുത് എന്ന് പറയരുത് - ദേവന്‍ നാട്ടിലാണെന്നു കരുതി ഇത് വായിക്കാതിരിക്കുകയൊന്നുമില്ല സൂ. എണ്ണയില്‍ മുക്കിപൊരിച്ചതാനെങ്കില്‍ കൊളസ്ട്രോള്‍ ഫ്രീ :)

സു | Su said...

കുറുമാനേ, വെറുതെയിരിക്കുന്ന രണ്ട് വ്യക്തികളെ തമ്മിലടിപ്പിക്കല്ലേ. ദേവന്റെ കാര്യം പറഞ്ഞില്ല ഇവിടെ. അത് ഒരു ഉദാഹരണം പറഞ്ഞതാ. മാറ്റണോ?

ഈശ്വരാ... ഒട്ടകപ്പക്ഷിയുടെ മുട്ട കൊണ്ടൊന്നും കാര്യമുണ്ടാവും എന്ന് തോന്നുന്നില്ല. കണ്ടകശ്ശനി എന്നേം കൊണ്ടേ പോകൂ. എന്ത് പറഞ്ഞാലും കുറ്റം.

കുറുമാനേ, നുള്ളിപ്പറിയ്ക്കും ഞാന്‍. പറഞ്ഞില്ലാന്ന് വേണ്ട.

ടീച്ചറേ, സോറിയൊക്കെ ഒരുമിച്ച് പറഞ്ഞോളാം.

കണ്ണൂസ്‌ said...

സൂ-ന്റെ രണ്ടാമത്തെ അഭിപ്രായത്തിന്‌ നിദാനം എന്റെ അഭിപ്രായം ആണോ?

ആണെങ്കില്‍ ഒന്നു കൂടി വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.

എന്റെ നാട്‌, ഭാഷ, സംസ്കാരം, വിശ്വാസം ഇവയില്‍ ഒക്കെ എനിക്കഭിമാനം ഉണ്ട്‌. എന്റെ അമ്മയുടെ തെറ്റുകുറ്റങ്ങള്‍ മറ്റുള്ളവരോട്‌ - അതിപ്പോ എന്റെ ഭാര്യയായാല്‍പ്പോലും - ഞാന്‍ ചര്‍ച്ച ചെയ്യില്ല. അങ്ങിനെ ഒരു വികാരം ദേശത്തിനോടോ ഭാഷയോടോ സംസ്കാരത്തിനോടോ ഇല്ല എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. ഇവയുടെ തെറ്റുകുറ്റങ്ങളും കുറവുകളും വെളിനാട്ടുകാര്‍ ഉള്‍പ്പടെയുള്ളവരോട്‌ ചര്‍ച്ച ചെയ്തിട്ടുണ്ട്‌. പ്രതിരോധിക്കേണ്ടവ പ്രതിരോധിക്കുന്നതിനൊപ്പം, സ്വീകരിക്കേണ്ടത്‌ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാത്രം.

സു | Su said...

കണ്ണൂസേ, അല്ലേയല്ല. ഒന്നായിട്ട് ടൈപ്പ് ചെയ്ത് പബ്ലിഷ് ആയില്ലെങ്കില്‍, പിന്നേം തുടങ്ങണ്ടേന്ന് വെച്ചിട്ടാണ് രണ്ടെണ്ണം ആയത്. ഞാന്‍ ജ്യോതിയുടെ പോസ്റ്റിനു മാത്രം അഭിപ്രായം പറഞ്ഞതാ.

അരവിന്ദ് :: aravind said...

അമ്മ, നാട്, സംസ്കാരം ഇതെല്ലാം വേറെ വേറെ.
സംസ്കാരത്തിനെ സ്വന്തം അമ്മയെപോലെ കണ്ടിരുന്നുവെങ്കില്‍ സതിയും, തൊട്ട് കൂടായ്മയും, അയിത്തവും, മാറുമറക്കാതെ നടക്കലും,വിധവകളെ പീഡിപ്പിക്കലും, ദേവദാസിത്തരവും, രാജഭരണവും എല്ലാം അങ്ങ് വിഴുങ്ങേണ്ടി വന്നേനേമല്ലോ...
അമ്മയെ അമ്മയായും സംസ്കാരത്തിനെ സംസ്കാരമായും കണ്ടവര്‍ അത് മാറ്റി എന്നേ ഞാന്‍ പറയൂ..

മനുഷ്യനെ കാണുന്നത് പോലെ മനുഷ്യന്‍ നിര്‍മ്മിച്ചതിനെ കാണേണ്ട കാര്യമില്ല.

എളിയരീതിയിലാണെങ്കിലും ഇവിടേയുള്ള ചില ബ്ലോഗേര്‍സിനെ ആ രീതിയിലെ എനിക്ക് കാണാന്‍ പറ്റൂ.

രാജ്യം, മതം, സംസ്കാരനിഷ്കര്‍ഷകള്‍ ഇതിലൊക്കെ ഇത്തിരികൂടി റിലാക്സ്‌ഡ് അപ്രോച്ച് ആയിരിക്കും നല്ലത് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.
ആത്യന്തികമായി ഞാനൊരു വളരുന്ന , ലിബേര്‍ട്ടേറിയനിസ്റ്റ് ചിന്താഗതിക്കാരനാണ്.

ശാലിനി said...

ഈ പോസ്റ്റ് എനിക്ക് വ്യക്തിപരമായി ഉപകാരപ്പെട്ടു. വളരെ നന്ദി.

നന്ദു said...

അമ്മയെന്നും, സ്നേഹമെന്നുമൊക്കെ കണ്ടതുകൊണ്ടു വന്നു രണ്ടു വക്കു പറയാമെന്നു കരുതി. പക്ഷേ ഏറ്റവും താഴേയ്ക്ക് എത്തിയപ്പോള്‍[....ഒരു രീതിയെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ്‌.മേല്‍പ്പറഞ്ഞ കാര്യം എനിക്കു പലപ്പോഴും ഉമേഷ്ജിക്ക്‌ വിയോജനക്കുറിപ്പെഴുതുമ്പോള്‍ (വിശ്വാസത്തേയും, ഭാരതീയതയേയും പറ്റി) എഴുതാന്‍ തോന്നാറുണ്ട്‌.
] ഒരു സംശയം. “അമ്മ” ചിന്നുവിന്റെയും മിന്നുവിന്റെയുമൊന്നുമല്ല. സംഗതി പൊള്ളുന്ന വിഷയമാണ്. അതിനാല്‍ ഞാന്‍ കൈവയ്ക്കാതെ പിന്മാറുന്നു.
ഓ;ടോ: ടീച്ചറേ, ബാങ്ലൂരൊക്കെ സ്ഥിതിഗതികള്‍ ശാന്തമാണെന്നു വിശ്വസിക്കുന്നു...

Ralminov said...

അമ്മ ഒരു "വിശ്വാസ"മല്ലല്ലോ ടീച്ചറേ. അമ്മയെ മറ്റൊന്നിനോടും താരതമ്യം ചെയ്യാനേ പാടില്ല എന്ന (അന്ധ)വിശ്വാസമാണെനിക്കു് !

ബയാന്‍ said...

ആറാമിന്ദ്രിയത്തിന്റെ പരീക്ഷണഘട്ടത്തില്‍ ഒരമ്മ എലിയെയും അതിന്റെ ഏഴു കുഞ്ഞുങ്ങളെ യും കൊണ്ടു ഒരു പരീക്ഷണം നടത്തിയതായി വയിച്ചിരുന്നു, അമ്മ എലിയില്‍ നിന്നും അതിന്റെ ഏഴു കുഞ്ഞുങ്ങളെ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള lab ല്‍ കൊണ്ടുപോയി ഒരൊന്നൊരോന്നായി കൊല്ലുമ്പോള്‍ വളരെ അകലെ കരയിലുള്ള ലാബിലെ തള്ള എലിയിലെ echo pulsation ല്‍ മാറ്റം വരുന്നതായും അതു അതിന്റെ കുഞ്ഞുമായി, സംവദിക്കുന്നതായും തിരിച്ചറിയുന്നു. പറഞ്ഞു വരുന്നതു പൊക്കില്‍കൊടി മുറിച്ചു മാറ്റുന്നതിലൂടെയൊ, ഭൂഘണ്ടങ്ങള്‍കുമപ്പുറത്തു മറഞ്ഞിരുന്നാലോ അമ്മയെ തള്ളാനാവില്ല, ഭൂമിയും സ്വര്‍ഗവും എല്ലാം അമ്മ കനിഞ്ഞാലെ കിട്ടൂ, അല്ലെങ്കില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനെക്കാള്‍ വല്യ പുണ്യം വേറെ എന്തുണ്ടു, അതിനു വയ്യാത്ത പുരുഷപ്രജ അമ്മയെ കുറിച്ചു മിണ്ടരുതു.

സിദ്ധാര്‍ത്ഥന്‍ said...

ജ്യോതിടീച്ചര്‍,
അമ്മയെ സംസ്ക്കാര(ഭാരതീയത)വും വിശ്വാസവുമായും ഉപമിക്കുന്നതില്‍ ഒരു പ്രമാദം സംഭവിക്കാനിടയുണ്ടെന്നാണെനിക്കു തോന്നുന്നതു്. അമ്മ നല്ലതോചീത്തയോ മേന്മയുള്ളവളോ കുറഞ്ഞവളോ എന്നതു് നമ്മളെ മാത്രം സംബന്ധിക്കുന്ന കാര്യമാണു്. മറ്റു രണ്ടും അങ്ങനെയല്ല. അതു് വരാനിരിക്കുന്ന പല സൃഷ്ടികളുടേയും അമ്മയാണു്.

എന്റെ അമ്മ എനിക്കു മുലപ്പാല്‍ തന്നില്ല. അതിനാലെനിക്കു് സ്വാഭാവികമായി ലഭിക്കേണ്ട പ്രതിരോധശക്തി ഉണ്ടായില്ല, എന്നു ഞാന്‍ പലരോടും പറയുന്നതു സ്നേഹാദരങ്ങളുടെ കുറവാവാം. പക്ഷേ, അതിനാല്‍ അമ്മമാരേ നിങ്ങള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കൂ എന്നു പറയുന്നതു് സമഷ്ടിയായ അമ്മയോടുള്ള സ്നേഹവും ആദരവും കൊണ്ടു തന്നെയാണു്. സംസ്കാരവും വിശ്വാസവും ഇനിയും ഒരുപാടു പേരുടെ (എന്റെ കുഞ്ഞിന്റേതടക്കം) അമ്മയാകേണ്ടവളാണു്. അവള്‍ അതിനൊത്തവളായിരിക്കേണ്ടതു് അത്യന്താപേക്ഷിതമാണു്. പ്രതിരോധശക്തിയില്ലാത്ത കീടങ്ങളെ അവള്‍ നമുക്കു പെറ്റുതരുന്നുണ്ടെങ്കില്‍ അതിനുത്തരവാദി നമ്മള്‍ തന്നെയാണു്. സമഷ്ടിയുടെ അമ്മയെ തിരുത്തുന്നതു് അങ്ങാടിയില്‍ തന്നെ വേണം താനും. കാരണം അവളവിടെയാണു് ഇരിക്കുന്നതു്.

ഓഫ്: ഉമേഷിന്റെ ഈ ഒരു മേന്മ മാത്രം മതി, അരാഷ്ട്രീയത അദ്ദേഹത്തില്‍ ആരോപിച്ചതു് ഒരു വലിയ അബദ്ധമായിരുന്നെന്നു് മനസ്സിലാവാന്‍.

Anonymous said...

ഭാരതീയത/ഭാരതാമ്പ എന്നുള്ളത് ആരൊക്കെയോ ചേര്‍ന്ന് ആരുടെയൊക്കെയോ മേല്‍ അടിച്ചെല്‍പ്പിച്ച ലേബലാണ്.അതിനുളില്‍ കിടന്ന് നട്ടംതിരിയുന്നവര്‍ക്കേ “മെല്ലെ പറയു ആരെങ്കിലും കേള്‍ക്കും” എന്നു പറയാന്‍ തോന്നു.

പറഞ്ഞിട്ടും പറഞ്ഞിട്ടും മനസ്സിലാക്കത്തവര്‍ ഇപ്പൊ രീതിയെ കുറ്റം പറയുന്നു :)

kaithamullu - കൈതമുള്ള് said...

എന്തിനാ ഈ കോലാഹലം, ബൂലോകരേ...
അമ്മക്കു തുല്യം അമ്മ!

അയലോത്തെ അമ്മയോ
കൂട്ടുകാരന്റെ അമ്മയോ
റ്റീവീലെ അമ്മയോ
ടീച്ചറെന്ന അമ്മയോ
-ഒന്നുമാവില്യാ!

എന്നു വച്ച് അതിലും കാണില്യേ വകഭേദങ്ങള്‍.
എന്റെ ചേച്ചി(വല്യമ്മേടെ മകള്‍)കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലണ്ടീന്നു ഇവിടെ വന്നപ്പോള്‍ (വിസിറ്റ്) എന്റെ തോളീല്‍ തല വച്ച് മുള പൊട്ടും പോലെ കരഞ്ഞ കരച്ചില്‍! (പോകും വരെ അവര്‍ കരച്ചില്‍ തന്നെയയിരുന്നു) അവരുടെ മകള്‍ (അവിടെ ജോലി ചെയ്യുന്നു, വെറെ താമസിക്കുന്നു)ഇവരെ കാണാന്‍ വിസമ്മതിച്ചിരിക്കയാണത്രെ! കാരണം അമ്മ ചെറുപ്പത്തില്‍ അവളെ നല്ലവണ്ണം നോക്കാത്തതിന്റെ പേരിലാണു പോലും അവള്‍ക്ക് പിന്നീട് ‘എപിലെപ്സി’ വന്നത്.
-എന്തു പറയുന്നു?

പൊതുവാള് said...

“അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?“
എന്നു തുടങ്ങുന്ന ഒരു പഴയ ചലച്ചിത്രഗാനശകലം ഓര്‍ത്തുപോയി ഇതു വായിച്ചപ്പോള്‍.

ചന്ത്രക്കാറന്‍ said...

"എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരായ സ്ഥിതിക്ക്‌ നിനക്ക്‌ ഇന്ത്യയില്‍നിന്നും പെണ്ണുനോക്കാന്‍ പറ്റില്ലല്ലോ മോനേ!" എന്ന് ഗ്രാമഫോണ്‍ എന്ന സിനിമയില്‍ ദിലീപ്‌ അനിയനോടു പറഞ്ഞതോര്‍മ്മവന്നു.

സ്കൂള്‍ അസ്സംബ്ലിയില്‍ പ്രതിജ്ഞചെയ്തതൊക്കെ അനശ്വരമാണെന്നാണെങ്കില്‍, എനിക്കൊന്നും പറയാനില്ല.

കരള്‍=മനസ്സ്‌ എന്ന്‌ ചെറിയ കുട്ടികള്‍ (നീയെന്റെ കരളാണ്‌ എന്ന അര്‍ത്ഥത്തില്‍) വായിച്ചുപഠിക്കുന്നതുകണ്ടിട്ടുണ്ട്‌. എന്നുവച്ച്‌ അവന്‍/അവള്‍ വലുതായി ഡോക്ടറോ മറ്റോ ആയി മനോരോഗത്തിനു കരളിനു ചികിത്സ വിധിക്കില്ല.

ജ്യോതിര്‍മയി said...

ഉമേഷ്ജിയോട്‌,


അമ്മയെപ്പറ്റിയാവുമ്പോള്‍ അതു ശരിതന്നെ. കാരണം എല്ലാത്തിനും മീതെ, രക്തബന്ധമുണ്ട്‌. എന്തൊക്കെ കേമത്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മ അമ്മ തന്നെ.

( കുഞ്ഞുന്നാളിലേ പറഞ്ഞുകൊടുത്ത്‌ ആ സംസ്കാരം ഉണ്ടാക്കാന്‍, ഇന്നത്തെക്കാലത്ത്‌ പ്രത്യേകപരിശ്രമം തന്നെ വേണം എന്നു തോന്നുന്നു. കഴിഞ്ഞദിവസം കോളേജിലെ ഒരു കുട്ടി, സ്കൂട്ടി വാങ്ങാന്‍ അമ്മ സമ്മതിച്ചില്ല, എന്ന കാരണം എഴുതിവെച്ച്‌ ആത്മഹത്യ ചെയ്തു! എന്തെല്ലാം സാധനങ്ങള്‍ വാങ്ങിത്തരുന്നുണ്ട്‌, എന്തെന്തു സമ്മാനങ്ങള്‍ തരുന്നുണ്ട്‌ എന്നൊക്കെ നോക്കിയാണെന്നു തോന്നുന്നു, ഇപ്പോള്‍ സ്നേഹം അളക്കപ്പെടുന്നത്‌. അമ്മയോട്‌, സ്നേഹാദരങ്ങള്‍ കുഞ്ഞിലേമുതല്‍ വളര്‍ത്തിയിരുന്നുവെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു.)

പിന്നെ, ജന്മനാടിനോടാവുമ്പോള്‍, ബഹുമാനം ഉണ്ടാക്കിയെടുക്കുക എന്നത്‌ ഇതിനേക്കാള്‍ ശ്രമകരമാണ്‌. നാടിന്റെ നന്മയും സംസ്കാരവും ഒക്കെ അറിയാനുള്ള അവസരം ഉണ്ടാക്കണം. കേമത്തങ്ങള്‍ മനസ്സിലാക്കണം. ദേശാഭിമാനം വളര്‍ത്താനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും മറ്റും നല്‍കണം. (സ്വന്തം പാര്‍ട്ടിയെക്കുറിച്ചും സംഘടനയെക്കുറിച്ചും മാത്രം ചിന്തിക്കുന്ന- പാര്‍ട്ടിയുടെ മാത്രം വിജയം ലക്ഷ്യമാക്കുന്ന രാഷ്ട്രീയമല്ല, രാഷ്ട്രത്തിനു വേണ്ടത്‌.

രാഷ്ട്രത്തെപ്പറ്റി, നല്ലതുകേള്‍ക്കാനും പഠിയ്ക്കാനും ഉള്ള ധാരാളം അവസരങ്ങള്‍ ഉണ്ടാവണം. ഭാരതത്തില്‍ അതുണ്ട്‌, ഇതുണ്ട്‌, എന്നു പറയുന്നത്‌, രാഷ്ട്രത്തോടുള്ള ബഹുമാനം കൂട്ടാനുള്ള ഒരു വഴിയാണെന്നു കണ്ടുകൂടെ? ആളുകള്‍ അതു പഠിയ്ക്കാന്‍ വരട്ടെ. അതിലുള്ള തെറ്റുകള്‍ തിരുത്തണം. തെറ്റിനെ തെറ്റെന്നു പറഞ്ഞോളൂ. ഉറക്കെ പറഞ്ഞോളൂ, പക്ഷേ, വസ്തുതയെമാത്രം തെറ്റാണെന്നുകണ്ടാല്‍ തിരുത്തൂ, ഇങ്ങനെ തിരുത്താന്‍ എല്ലാവര്‍ക്കും കഴിയില്ല, അതു ചെയ്യാന്‍ കഴിയുന്നവര്‍ ചെയ്യുന്നത്‌ തീര്‍ച്ചയായും വളരെ നല്ല കാര്യമാണ്‌. പക്ഷേ, അത്‌ അധിക്ഷേപത്തിലൂടെയോ പരിഹാസത്തിലൂടേയോ ആവരുത്‌. ബഹുമാനമുണ്ടെങ്കില്‍ അങ്ങിനെയാവുകയില്ല.


എന്നും അമ്പലത്തില്‍പോകണമെന്നോ, ജ്യോതിഷത്തില്‍ വിശ്വസിക്കണമെന്നോ ജാതിയെകെട്ടിപ്പിടിച്ചിരിയ്ക്കണമെന്നോ ഇല്ല, ഭാരതസംസ്കാരത്തെമാനിയ്ക്കാന്‍. ഒന്നും വിശ്വസിക്കുന്നില്ലെങ്കിലും സംസ്കാരത്തെപ്പറ്റി കൂടുതല്‍ അറിയണം എന്നുള്ള ബോധമെങ്കിലും ഉണ്ടാവണം, എല്ലാവരിലും എന്നാണ്‌ എന്റെ അഭിപ്രായം. ഉമേഷ്ജിയ്ക്കതുണ്ട്‌.
താങ്കള്‍ക്‌ക്‍ സ്വന്തം പരിശ്രമത്താല്‍ ഇതെല്ലാം പഠിച്ചു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഇത്രയും എകാഗ്രതയും സ്ഥിരപരിശ്രമവും (തപസ്സെന്നു വിളിക്കാനാണെനിക്കിഷ്ടം) ഒക്കെക്കൊണ്ട്‌ , താങ്കള്‍ ഒരുപാടുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ഇത്രയും പഠിച്ചറിഞ്ഞതിനുശേഷം താങ്കള്‍ക്‌ക്‍ ഇതില്‍ തെറ്റെന്നു തോന്നുന്ന കാര്യം പറയുമ്പോള്‍ ദേശാഭിമാനം ഇല്ലാതാവില്ലായിരിയ്ക്കാം. പക്ഷേ, ഇതൊന്നും പഠിച്ചുമനസ്സിലാക്കാന്‍ കഴിവില്ലാത്തവരും, താല്‍പര്യമില്ലാത്തവരും ആയ പലര്‍ക്കും ദേശത്തെക്കുറിച്ചുള്ള മതിപ്പു കുറയാന്‍ കാരണമാവുന്ന തരത്തില്‍ ചില പ്രസ്താവനകള്‍ താങ്കള്‍ നടത്തിയിട്ടില്ലേ എന്ന് എനിയ്ക്കു സംശയമുണ്ട്‌. (അത്രയേ ഉദ്ദേശിച്ചുള്ളൂ- athu maathramE uddESichchuLLoo). താങ്കള്‍ക്‌ക്‍ മാതൃസ്നേഹവും ദേശാഭിമാനവും ഇല്ല എന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.

ജ്യോതിര്‍മയി said...

കുറുമാന്‍ജീ,

അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്കെന്നും കഴിയട്ടെ, അല്ലേ. എന്നാലും അമ്മയോട്‌ അടികൂടാനും ഒരു രസമാണ്‌(സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്‌)


സൂ :-) നന്നായി. കമന്റ്‌, എത്രവേണമെങ്കിലും ആവാം. എത്ര വലിച്ചാലും 'നൂറടി' ഇവിടെ നിരോധിച്ചതറിയില്ലേ:-)

ജ്യോതിര്‍മയി said...

കണ്ണൂസ്ജി ;-)

സമൂഹത്തോടൊരു പ്രതിബദ്ധത വേണം എന്നു വെച്ചിട്ടാവാം "മാതൃഭൂമി" എന്ന സങ്കല്‍പ്പം ഉടലെടുത്തത്‌.

അവനവന്‍ വളരുന്നതോടൊപ്പം ചുറ്റുമുള്ള സമൂഹത്തേയും വളര്‍ത്താനുള്ള ഉത്തരവാദിത്തബോധം ഉള്ളിലുണ്ടാവാന്‍ ഈ സങ്കല്‍പ്പം സഹായിക്കില്ലേ.

തികച്ചും സ്വാര്‍ഥിയായ - സങ്കുചിതനായ "ഞാനി"നെ വിശാലനാക്കാന്‍ ഈ ചിന്ത പ്രയോജനം ചെയ്യില്ലേ? (ഇനി സങ്കുചിതനും വിശാലന്‍ജിയും കൂടെ എടുത്തടിയ്ക്കാതിരുന്നാല്‍ മതിയായിരുന്നു:-))


ഞാനെന്നാല്‍,

1. ഞാന്‍ മാത്രം
2. ഞാനും എന്റെ വീട്ടുകാരും

3. ഞാനും എന്റെ വീട്ടുകാരും ബന്ധുക്കളും
4. വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും

5. ഞാനും വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും എന്റെ ഗ്രാമത്തിലുള്ളവരും

6. ഞാനും വീട്ടുകാരും ബന്ധുക്കളും എന്റെ ഭാഷ സംസാരിക്കുന്ന(?) നാട്ടിലുള്ളവരും

7. ഞാനും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒരേ സംസ്കാരപാരമ്പര്യമുള്ളവരും

8. ഞാനും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒരേ സംസ്കാരപാരമ്പര്യമുള്ളവരും, എല്ലാ മനുഷ്യരും

9. ഞാനും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാ മനുഷ്യരും മറ്റു ജീവജാലങ്ങളും...

അങ്ങനെ ഈ ഭൂമിമുഴുവന്‍ എന്റെ കുടുംബമായിക്കാണാനുള്ള (വസുധൈവ കുടുംബകം-) ലോകത്തെ മുഴുവനുമായി, സ്വന്തം തറവാടായി കാണാനുള്ള വിശാലമായ വീക്ഷണത്തിലേയ്ക്കുള്ള പടികളാണ്‌ ഈ സങ്കല്‍പ്പങ്ങള്‍ എന്നെനിയ്ക്കു തോന്നുന്നു.

ഇപ്പോള്‍ തന്നെ ഇത്രയും വിശാലവീക്ഷണമുള്ള വിശ്വപൌരന്മാര്‍ നിങ്ങളെപ്പോലെ പലരുമുണ്ട്‌ ഈ ബൂലോകത്തില്‍.

വിശ്വത്തെമുഴുവനും സേവിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, സ്വന്തം ജന്മനാടിനെയെങ്കിലും സേവിയ്ക്കണം എന്നു തോന്നിയാല്‍ നല്ലതല്ലേ.

"ഞാനും എന്റെ ഭാര്യെം, എന്റെ കുഞ്ചൂം" നന്നായിരിക്കണം എപ്പോഴും"എന്ന ചിന്തയേക്കാള്‍ വലിയൊരു ലക്ഷ്യം ഓരോ പൌരനിലും ഉണ്ടാക്കുക എന്നത്‌ രാഷ്ട്രത്തിന്റെ വളര്‍ച്ചക്‌ക്‍ ഉതകുമല്ലോ.

ദില്‍ബാസുരന്‍ said...

അമ്മയോളം ആരും വേറെ ഒരാളും ഒരു വ്യക്തിയെ സ്വാധീനിക്കില്ല എന്ന് തോന്നുന്നു. മൂല്യങ്ങളും സംസ്കാരവും ഒക്കെ അമ്മയില്‍ നിന്ന് പഠിയ്ക്കുന്നു. അമ്മയോടുള്ള ആ ഒരു റിലേഷന്‍ഷിപ്പ് ഒന്ന് വേറെയാണ്. അഛനുമായി എത്ര അടുപ്പമുണ്ടെങ്കിലും അത് വേറെ ഒരു തലത്തിലുള്ളതാണെന്ന് തോന്നാറുണ്ട്.

ഓടോ: എനിയ്ക്ക് അമ്മയില്‍ നിന്ന് ഒന്നും മറച്ച് പിടിയ്ക്കാന്‍ പറ്റാറില്ല. ഒറ്റ നോട്ടത്തില്‍ അമ്മയ്ക്ക് മനസ്സിലാവും കാര്യം.അമ്മ പറഞ്ഞില്ലെങ്കിലും അമ്മയ്ക്ക് സംഗതി പിടികിട്ടി എന്ന് എനിയ്ക്കും മനസ്സിലാവും. (അത് കൊണ്ടല്ലേ ഞാന്‍ മുങ്ങി നടക്കുന്നത്):-)

ഉമേഷ്::Umesh said...

ചന്ത്രക്കാറനും (ഇവിടെയല്ല, അദ്ദേഹത്തിന്റെ ലേഖനത്തില്‍) ജ്യോതിയും പറയുന്നതു് ഒന്നു തന്നെ, തികച്ചും വിരുദ്ധങ്ങളായ വീക്ഷണകോണുകളില്‍ ആണെങ്കിലും. ഞാന്‍ പിഴച്ചുപോയി എന്നു രണ്ടു പേരും കരുതുന്നില്ല. പക്ഷേ, എന്റെ വാക്കുകള്‍ പലരെയും വഴിപിഴപ്പിക്കും എന്നു രണ്ടു പേരും ഭയക്കുന്നു.

ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ ഒരാള്‍ മാത്രമേ നമുക്കെതിരാവൂ. എന്നും നമ്മെ സംരക്ഷിക്കാന്‍ മറ്റേ വിഭാഗം കൂടെയുണ്ടാവും.

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍!

:)

Inji Pennu said...

ജ്യോതിചേച്ചിയെ,
ശരിയാണ്. അമ്മ ഇപ്പൊ എത്ര ചീത്ത സ്തീയാണെങ്കിലും ശരി, അമ്മയെപറ്റി പറഞ്ഞാല്‍ സഹിക്കുകേല. പക്ഷെ എന്നും പറഞ്ഞ് ഇത് എന്റെ അമ്മ മാത്രമാണ്, ബാക്കി നിങ്ങളൊക്കെ ദത്തെടുക്കപ്പെട്ടവരാണ് എന്നൊക്കെ പറയാന്‍ വേണ്ടി മാത്രം ഭാരതീയ സംസ്കൃതിയെപറ്റിയൊക്കെ ഒരു പുസ്തക താള്‍ പോലും മറച്ചു നോക്കാത്തവര്‍ മറ്റുള്ള മക്കളെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം വാ തോരാതെ സംസാരികുമ്പോളാണ്
സംഗതീടെ ഗുട്ടന്‍സ് ആകെ മാറിയത്. അപ്പോഴാണ് ഇനി ഇപ്പൊ നല്ലതിനു വേണ്ടി ഭാരതീയ പൈതൃകത്തെപറ്റി പറഞ്ഞാലും അതിനൊരു നിറ വ്യത്യാസം ഉണ്ടായത്.

പിന്നെ, എത്രയൊക്കെ മൂടി വെക്കാന്‍ ശ്രമിച്ചാലും പിള്ളേരു ഒരു പ്രായം ആവുമ്പൊള്‍ “ഉം, നമ്മുടെ അമ്മക്കും ചില ചീത്ത ഗുണങ്ങള്‍ ഉണ്ട്” എന്ന് മനസ്സിലാക്കും. പക്ഷെ എന്നും പറഞ്ഞ് അമ്മ അമ്മയല്ലാണ്ടാവില്ല, സ്നേഹത്തിനു ഒരു കുറവും ഉണ്ടാവില്ല, പക്ഷെ മുതിര്‍ന്ന് കഴിയുമ്പോള്‍ അമ്മ ആ തെറ്റ് ആവര്‍ത്തിക്കുന്നതു കണ്ടാല്‍, “അമ്മേ, ഇനിയെനെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടേ” എന്ന് ചോദിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. സായിപ്പിന്റെ ഫോറമിലൊന്നുമല്ലല്ലോ ഇതൊക്കെ ചോദിക്കുന്നത്. നല്ല പച്ച മലയാളത്തിലല്ലേ എഴുതുന്നതും സംവാദിക്കുന്നതും. സ്വന്തം മക്കളുടെ മുന്നില്‍ അല്ലെ? അതില്‍ എന്തു പ്രശ്നം?
അതില്‍ ബാക്കി വിവരമില്ലാ മക്കള്‍ക്ക് സ്നേഹം കുറഞ്ഞു പോകുമൊ? അങ്ങിനെയൊന്നും തോന്നുന്നില്ല. സത്യം പറഞ്ഞാല്‍ എന്നെപ്പോലുള്ള വിവരമില്ലാ മക്കള്‍ക്ക് അമ്മയൊരു അമാനുഷിക എന്നതിനേക്കാളും അമ്മ ഒരു സാധാരണ കുറ്റങ്ങളും കുറവുകളും ഉള്ള സ്തീയെന്ന് അറിയാനാണ് ഇഷ്ടം.

അല്ലാ ആക്ചുവലി ഇപ്പൊ എന്താ ഇവിടെ പ്രശ്നം? :) ഇവിടെന്താ അച്ഛന്മാര്‍ക്ക് യാതൊരു വിലയുമില്ലാത്തെ? ;)

ഉമേഷ്::Umesh said...

നാട്ടില്‍ പോയിട്ടു് ഒരാള്‍ മടങ്ങിവരുന്നു. അവന്റെ കയ്യില്‍ എന്തെങ്കിലും കൊടുത്തയയ്ക്കണോ എന്നു് അമ്മ ചോദിക്കുന്നു.

“ഒന്നും വേണ്ടാ” എന്നു ഞങ്ങള്‍.

“ലുങ്കി കൊടുത്തയയ്ക്കട്ടേ” എന്നു് അമ്മ.

“വേണ്ടാ, ലുങ്കി ആവശ്യത്തിനുണ്ടു്‌“ എന്നു ഞാന്‍.

“നൈറ്റി കൊടുത്തയയ്ക്കട്ടേ” എന്നു് അമ്മ.

“വേണ്ടാ‍, ഇപ്പോള്‍ നൈറ്റി അധികം ഇടാറില്ല; വീട്ടില്‍ ആളുകള്‍ ഇടയ്ക്കിടയ്ക്കു വരും” എന്നു സിന്ധു.

“ആളുകള്‍ വീട്ടില്‍ വരുമ്പോള്‍ നൈറ്റി ഇട്ടു നിന്നു കൂടേ? അമേരിക്കയില്‍ പോയപ്പോഴേക്കും നമ്മുടെ വസ്ത്രമൊന്നും വേണ്ടാതായി, അല്ലേ?” എന്നു് അമ്മ.

നൈറ്റി മാന്യതയുള്ള വസ്ത്രമാണോ അല്ലയോ എന്നു പറയാനല്ല ഇതെഴുതിയതു്. (ദയവായി ചര്‍ച്ച അതിലേക്കു കൊണ്ടുപോകല്ലേ :)) നൈറ്റി ഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രം ആയതിനെപ്പറ്റി പറയാനാണു്.

രണ്ടുമൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പു് നാട്ടില്‍ പെണ്ണുങ്ങള്‍ നൈറ്റി പകല്‍ ധരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ വിമര്‍ശിച്ചവളാണു് അമ്മ. ഇന്നും, നൈറ്റിയിട്ടു ചന്തയില്‍ പോകുന്ന പെണ്ണുങ്ങളെ അമ്മയ്ക്കു പഥ്യമല്ല. പക്ഷേ, വീട്ടില്‍ ഫുള്‍ടൈം നൈറ്റിയിടുന്നതു് ഇപ്പോള്‍ അമ്മയ്ക്കു വിരോധമില്ല. എന്നു മാത്രമല്ല, അതാണു ഭാവശുദ്ധിയുള്ള ഭാരതാംബകള്‍ ചെയ്യേണ്ടതു് എന്നു ശഠിക്കുകയും ചെയ്യുന്നു!

“ഭാരതീയസംസ്കാരം” എന്നു നമ്മള്‍ വിളിക്കുന്ന പലതും ഈ നൈറ്റി പോലെയാണു്-മാറുമറയ്ക്കലും തലമുടി വെട്ടലും വരെ.

ഉദാഹരണങ്ങള്‍ തരൂ ജ്യോതീ. ഞാന്‍ പറഞ്ഞ എന്താണു ഭാരതീയസംസ്കാരത്തിനു് എതിരായുള്ളതു്? ജ്യോതിഷത്തെ എതിര്‍ത്തതോ? രാമായണം വായിച്ചിട്ടു് അതിലെ വിമാനപരാമര്‍ശം ഭാവന മാത്രമാണെന്നു പറഞ്ഞതോ? പൂജ്യം കണ്ടുപിടിച്ചില്ലെങ്കിലും ബാബിലോണിയക്കാര്‍ക്കു് അതിനു വളരെ അടുത്തെത്തുന്ന ഒരു place holder concept ഉണ്ടായിരുന്നു എന്നതോ?

“എന്റെ അമ്മ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നില്ല, രാജീവിന്റെ അമ്മയാണു് ആയിരുന്നതു്. എന്റെ അമ്മ ഞങ്ങളുടെ നാടു അന്നു കണ്ടതില്‍ വെച്ചു് ഏറ്റവും നല്ല മലയാളാദ്ധ്യാപികയായിരുന്നു” എന്നു ഞാന്‍ പറയും. അതില്‍ നിന്നു് എന്റെ അമ്മയോടുള്ള അനാദരവു് ആര്‍ക്കെങ്കിലും ഉണ്ടാവും എന്നു ഞാന്‍ കരുതുന്നില്ല.

[അമ്മയുമായുള്ള ഡയലോഗും അതിനു ശേഷമുള്ള ചിന്തകളും ഒരു പോസ്റ്റാക്കാന്‍ ഇരുന്നതാണു്. പോട്ടേ. പോസ്റ്റുകളുടെ വിഷയങ്ങള്‍ക്കു ക്ഷാമമില്ലല്ലോ :) ]

ഉമേഷ്::Umesh said...

ഇഞ്ചീ,

ശാസ്ത്രബോധവും യുക്തിചിന്തയും ലോകവിജ്ഞാനവും ഒക്കെയാണു് ഇവിടെ അച്ഛന്റെ സ്ഥാ‍നത്തു്. എന്തു ചെയ്യാന്‍, നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതു് മരുമക്കത്തായസമ്പ്രദായത്തിലാണല്ലോ. അച്ഛന്‍ വെറുമൊരു ബീജബാങ്കു മാത്രം :)

കുറുമാന്‍ said...

ഓ ടോ : ഇഞ്ചി വന്നേ, ഇഞ്ചി വന്നേ, ഇഞ്ചിപെണ്ണു വന്നേ, ആര്‍പ്പേ, ഹൂറേ (ടീച്ചറേ ഓഫിന്നൊരു മ്യാപ്പ്)

ജ്യോതിര്‍മയി said...

ഉമേഷ്‌ജീ,

ചന്ത്രക്കാരന്റെ പോസ്റ്റ്‌, ഞാന്‍ വായിച്ചില്ല. അരാഷ്ട്രീയത എന്നത്‌ എന്തുദ്ദേശ്യത്തിലാണ്‌ പറഞ്ഞതെന്നു ശ്രദ്ധിച്ചുമില്ല.

മറ്റൊരാളാല്‍ സംരക്ഷിയ്ക്കപ്പെടേണ്ടവിധം ആക്രമിക്കപ്പെട്ടു, എന്നൊക്കെ തോന്നാന്‍ മാത്രം ഞാന്‍ എഴുതിയോ?

അപ്പോള്‍ താങ്കളുടെ അറിവിനേയും കഴിവിനേയും ഒക്കെ വളരെയധികം ബഹുമാനിയ്ക്കുന്ന എന്റെ കമന്റുകള്‍ക്കൊന്നും ഒരു വിലയുമില്ലേ. ബ്ലോഗെഴുത്തിന്റെ രണ്ടാം വാര്‍ഷികത്തിനു ആശംസയായി പറഞ്ഞ കമന്റു കണ്ടില്ലെന്നുണ്ടോ? :-(

ഉമേഷ്ജിയുടെ "ചില പ്രസ്താവങ്ങള്‍" എന്നേ ഞാന്‍ പറഞ്ഞുള്ളൂ. മൊത്തം വാക്കുകളെ പൊതുവായി താങ്കള്‍ ടാറടിച്ചതില്‍ സങ്കടമുണ്ട്‌.
ഇപ്പോഴും താങ്കളുടെ അറിവിനേയും വ്യക്തിത്വത്തേയും നൂറുശതമാനം ആദരിച്ചുകൊണ്ട്‌ വിവാദം ഇവിടെ നിര്‍ത്തുന്നു.

തുളസിജി,

വേഗം മനസ്സിലാക്കാന്‍ കുറച്ചുകൂടി പരിശീലിച്ചുനോക്കട്ടെ. നന്ദി കമന്റിന്‌.
ഇഞ്ചി,

അഭിപ്രായം അംഗീകരിക്കുന്നു. നന്ദി.

kamantukaL ezhuthiyavarkkum vaayichchavarkkum nandi.

പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യണോ എന്ന് കുറച്ചുകൂടി ആലോചിച്ച്‌ തീരുമാനമെടുക്കാം.

കൈപ്പള്ളി said...

എന്റെ ഒരു ലെബ്നാനി സ്നേഹിത എനിക്ക് പറഞ്ഞു തന്ന കഥയാണിത്:
ഒരു അമ്മക്ക് ഒരു മകന്‍. എല്ലാ അമ്മമാരെയും പോലെ അവര്‍ മകനെ താലോലിച്ച് വളര്ത്ത് വലുതാക്കി. അവര്‍ മകനെ ജീവനു തുല്ല്യം സ്നേഹിച്ചു. മകന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടില്‍ കൊണ്ടുവന്നു.
അവന്‍ ഭാര്യയെ ജീവനു് തുല്ല്യം സ്നേഹിച്ച്.
ഒരു ദിവസം അവന്റെ ഭാര്യ അവനോടു ചോദിച്ചു: "നിനക്കാരോടാണു സ്നേഹം കൂടുതല്‍. എന്നോടോ നിന്റെ അമ്മയോടോ?"
അവന്‍: "എനിക്ക് നിന്നോടു തന്നെയാണു സ്നേഹം"
അവള്‍: "എന്നാല്‍ എനിക്ക് നീന്റെ അമ്മയുടെ നെഞ്ജ് പിളര്ന്ന്‍ ഹൃദയം കൊണ്ടു തരു"
അവന്‍ പോയി അമ്മയുടെ നെഞ്ജ് പിളര്ന്ന്‍ ഹൃദയം പുറത്തെടുത്ത്. അവന്‍ ഓടി തിരികെ പോകുന്ന വഴിയില്‍ കാല്‍ വഴുതി വീണു. അപ്പോള്‍ അമ്മയുടെ ഹൃദയം കൈയില്‍ നിന്നും മണ്ണില്‍ വീണു. അപ്പോള്‍ അമ്മയുടെ ഹൃദയം മകനോടു് ചോദിച്ച്. "മകനെ, നിനക്ക് നൊന്തോ"

ഈ കഥയില്‍ നിന്നും അമ്മയെയും, മകനേയും, ഭാര്യയെയും മനസിലാക്കാം.

ജ്യോതിര്‍മയി said...

ഉമേഷ്‌ജീ,
ഇഞ്ചിയുടെ കമന്റിനുശേഷമിട്ട കമന്റുകള്‍ കണ്ടിരുന്നില്ല. ഞാനെഴുതാം കേട്ടോ. പിണങ്ങരുത്‌. ചര്‍ച്ചചെയ്യാം:-)

sandoz said...

ഈ പോസ്റ്റില്‍ വീണ കമന്റുകളുടെയെല്ലാം കോപ്പി എടുത്ത്‌ എല്ലാവരും അവരവരുടെ അമ്മമാര്‍ക്ക്‌ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.എല്ലാ അമ്മമാരുടേയും മറുപടി ഇങ്ങനെ ആയിരിക്കുമെന്നാണു എനിക്ക്‌ തോന്നുന്നത്‌.
'നീ എന്നെ അമ്മ എന്ന് വിളിച്ചത്‌ കൊണ്ട്‌ മാത്രം, എത്ര ചര്‍ച്ചയാ മോനേ/മോളേ നീ നടത്തണത്‌. ഇത്ര ബുദ്ധിമുട്ടി എന്നെ അമ്മേന്ന് നീ വിളിക്കണ്ട.'
ഇത്‌ ഉമേഷ്ജി നൈറ്റീടെ കാര്യം പറഞ്ഞത്‌ പോലെ ആയി.എന്താ പറഞ്ഞ്‌ തുടങ്ങീത്‌..എവിടെയാ വന്ന് നില്‍ക്കണത്‌....ആ ആര്‍ക്കറിയാം.

ജ്യോതിര്‍മയി said...

"ശാസ്ത്രബോധവും യുക്തിചിന്തയും ലോകവിജ്ഞാനവും ഒക്കെയാണു് ഇവിടെ അച്ഛന്റെ സ്ഥാ‍നത്തു്. എന്തു ചെയ്യാന്‍, നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതു് മരുമക്കത്തായസമ്പ്രദായത്തിലാണല്ലോ. അച്ഛന്‍ വെറുമൊരു ബീജബാങ്കു മാത്രം :) "
അമ്മയെപ്പറ്റിപ്പറഞ്ഞാല്‍, അച്ഛനെ ഇഷ്ടമല്ല, ബഹുമാനമില്ല, എന്നൊക്കെയാണോ അര്‍ഥം?

എനിയ്ക്‌ക്‍ അമ്മയോളമോ, അമ്മയെക്കളുമോ (താരതമ്യപ്പെടുത്തുന്നതിലര്‍ഥമില്ല, എന്നാലും) സ്നേഹവും ബഹുമാനവും സ്വാതന്ത്ര്യവും ഉണ്ട്‌ അച്ഛനോട്‌.ഉമേഷ്ജി, ഇഞ്ചിയ്ക്കുള്ള ഉത്തരമായി പറഞ്ഞ ... ആ തലത്തിലേക്കു വീണുപോകരുത്‌ എന്നുകരുതിമാത്രമാണ്‌ അച്ഛനെപ്പറ്റി പറയാതിരുന്നത്‌.

ഉമേഷ്ജി, പറയൂ, ഞാന്‍ അച്ഛനെക്കുറിച്ച്‌ പോസ്റ്റില്‍ എഴുതാതിരുന്നത്‌ , അച്ഛനെ ഗൌരവമായികരുതാത്തതുകൊണ്ടല്ല, എന്ന് ഇപ്പോള്‍ താങ്കള്‍ സമ്മതിക്കുമോ?

ഉമേഷ്::Umesh said...

ജ്യോതീ,

പിണങ്ങിയിട്ടും തെറ്റിദ്ധരിച്ചിട്ടും ഒന്നുമില്ല. ജ്യോതി കാടടച്ചു കുറ്റം പറഞ്ഞു എന്നും പറയുന്നില്ല. എന്റെ ചില വാക്കുകളില്‍ പ്രശ്നമുണ്ടു് എന്നേ ജ്യോതി ഉദ്ദേശിച്ചുള്ളൂ എന്നു് എനിക്കു മനസ്സിലായി. ദയവായ്യി അവ ചൂണ്ടിക്കാണിക്കൂ. പോസ്റ്റുകളില്‍ കമന്റായി മതി. (ജ്യോതി ഇതിനു മുമ്പും ഇതൂ ചെയ്തിട്ടുണ്ടു്). എന്റെ വാക്കുകള്‍ പുനഃപരിശോധിക്കാനും തിരുത്താനും ശ്രമിക്കാം.

ചന്ത്രക്കാറനോടും ഞാന്‍ ഇതാണു പറഞ്ഞതു്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇവിടെ. ദയവായി വായിക്കൂ, ചിന്താഗതിയിലുള്ള വൈവിദ്ധ്യത്തെപ്പറ്റി മനസ്സിലാക്കാനെങ്കിലും.

ഇഞ്ചിയ്ക്കു മറുപടിയായി എനിക്കു തോന്നിയ ഒരു കാര്യം (തമാശ എന്നു കരുതൂ ദയവായി) കുറിച്ചു എന്നേ ഉള്ളൂ. അതില്‍ ജ്യോതിയുടെ പോസ്റ്റിനെപ്പറ്റിയുള്ള വിമര്‍ശനമില്ല. അല്ലെങ്കിലും “മാതൃഭൂമി”യുടെ അര്‍ത്ഥമല്ലല്ലോ പിതൃഭൂമിയ്ക്കുള്ളതു് :)

വക്കാരിമഷ്‌ടാ said...

ഉദാഹരണങ്ങള്‍ തരൂ ജ്യോതീ. ഞാന്‍ പറഞ്ഞ എന്താണു ഭാരതീയസംസ്കാരത്തിനു് എതിരായുള്ളതു്? ജ്യോതിഷത്തെ എതിര്‍ത്തതോ? രാമായണം വായിച്ചിട്ടു് അതിലെ വിമാനപരാമര്‍ശം ഭാവന മാത്രമാണെന്നു പറഞ്ഞതോ? പൂജ്യം കണ്ടുപിടിച്ചില്ലെങ്കിലും ബാബിലോണിയക്കാര്‍ക്കു് അതിനു വളരെ അടുത്തെത്തുന്ന ഒരു place holder concept ഉണ്ടായിരുന്നു എന്നതോ?

ഞാന്‍ ഒന്ന് പറഞ്ഞോട്ടെ-ഇടയ്ക്ക് കയറിയതിന് മാപ്പ്.

specific examples അല്ല, ചില നിലപാടുകളോടും രീതിയോടുമാണ് എനിക്ക് അഭിപ്രായവ്യത്യാസം ഉള്ളത്. (ജ്യോതിടീച്ചറോടുള്ള ചോദ്യത്തിന് ഇടയ്ക്ക് കയറി എന്റെ ചിന്തകള്‍ പറഞ്ഞതിന് മാപ്പ്).

ഇത് എന്റെ അമ്മ മാത്രമാണ്, ബാക്കി നിങ്ങളൊക്കെ ദത്തെടുക്കപ്പെട്ടവരാണ് എന്നൊക്കെ പറയാന്‍ വേണ്ടി മാത്രം ഭാരതീയ സംസ്കൃതിയെപറ്റിയൊക്കെ ഒരു പുസ്തക താള്‍ പോലും മറച്ചു നോക്കാത്തവര്‍ മറ്റുള്ള മക്കളെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം വാ തോരാതെ സംസാരികുമ്പോളാണ് സംഗതീടെ ഗുട്ടന്‍സ് ആകെ മാറിയത്. അപ്പോഴാണ് ഇനി ഇപ്പൊ നല്ലതിനു വേണ്ടി ഭാരതീയ പൈതൃകത്തെപറ്റി പറഞ്ഞാലും അതിനൊരു നിറ വ്യത്യാസം ഉണ്ടായത്

ആര് പറയുന്നു എന്ന് നോക്കാതെ എന്ത് പറയുന്നു എന്ന് നോക്കിയാല്‍ ഈ പ്രശ്‌നത്തിന് കുറച്ചൊക്കെ പരിഹാരം ഉണ്ടാകുമോ എന്നൊരു ചിന്ത.

അവന്‍ അങ്ങിനെ പറഞ്ഞതുകൊണ്ട് എനി അങ്ങിനെ പറയുന്നവരെല്ലാം അവനെപ്പോലെ എന്ന ചിന്ത അബദ്ധം.

ആ ചിന്ത സെലക്ടീവാകുമ്പോള്‍ അങ്ങിനെ ചിന്തിക്കുന്നവര്‍ക്കുമില്ലേ ചില ബലം പിടുത്തം എന്നൊരു അബദ്ധധാരണ എനിക്ക് മാത്രം.

വിമാനപരാമര്‍ശത്തെ വിമാനടെക്‍നോളജിയാക്കി അങ്ങിനെ ടെക്‍നോളജിയില്ല എന്ന് "തെളിയിക്കുമ്പോള്‍" വിമാനപരാമര്‍ശത്തെപ്പറ്റി പഠിക്കുന്നവര്‍ക്കും വീഴുന്നു ലേബല്‍-ഇല്ലാത്തതൊക്കെ ഉണ്ടെന്ന് പൊലിപ്പിക്കുന്നവര്‍ എന്ന ലേബല്‍. ആ ലേബല്‍ പിന്നെ എളുപ്പത്തില്‍ ഭാരതീയ പൈതൃകത്തെപ്പറ്റി എന്ത് അന്വേഷണം നടത്തുന്നവര്‍ക്കും വീഴുന്നു- ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്ന് പൊലിപ്പിക്കപ്പെട്ട പൈതൃകം എന്ന ലേബല്‍. അങ്ങിനെ, ഒരു താളു പോലും മറിച്ച് നോക്കാത്തവരും എല്ലാ താളും പല പ്രാവശ്യം മറിച്ചവരും ഒരുപോലെ അപഹാസ്യരാകുന്നു-കുഴപ്പം ലേബലിന്റെ.

അങ്ങിനെ വന്ന് വന്നും കൂടിയാണ് ഭാരതീയ പൈതൃകം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്കൊക്കെ ഒരു പുച്ഛവും പരിഹാസവും തോന്നുന്നതെന്നുള്ളത് എന്റെ അനാവശ്യചിന്തകളുടെ ഫലമാണെന്നും അങ്ങിനെയൊന്നുമല്ല എന്നും ചിന്തിക്കാനാണ് എനിക്കിഷ്ടം.

ഉമേഷ്::Umesh said...

അതു ശരി. വക്കാരി ഇവിടെ ഉണ്ടായിരുന്നു, അല്ലേ?

എന്റെ നിലപാടു ഞാന്‍ കുറെയൊക്കെ ഇവിടെ വിശദീകരിച്ചിട്ടുണ്ടു വക്കാരീ. എന്റെ ബ്ലോഗിലെ പ്രൊഫൈലിലും (ബ്ലോഗര്‍ പ്രൊഫൈലിലല്ല) അതു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടു്.

ഭാരതത്തില്‍ ഒന്നുമില്ലായിരുന്നു എന്നു പറയുന്നവരെയും ഞാന്‍ എതിര്‍ക്കുന്നുന്നുണ്ടു് എന്നു ശ്രദ്ധിക്കുക.

വക്കാരി സാധാരണ പറയുന്നതിനോടാണു് (പഠിക്കണം, എല്ലാ വശവും നോക്കണം...) എനിക്കു് ഏറെ യോജിപ്പു്. പക്ഷേ വക്കാരിയുടെ അഭിപ്രായങ്ങളെ വക്കാരിയെക്കാള്‍ കൂടുതല്‍ ഞാന്‍ പ്രാവര്‍ത്തികമാക്കി എന്നു തോന്നുന്നു.

നിലപാടിനെയും വിമര്‍ശിക്കാം വക്കാരി. നന്നാവാനുള്ള എല്ലാ ശ്രമവും ചെയ്യാന്‍ ഞാന്‍ തയ്യാറാണു്.

[ഈയിടെയായി ഞാനെന്താ ഒരു പോപ്പുലര്‍ സബ്ജക്റ്റ് ആയതു്? ചന്ത്രക്കാറന്‍, ഡോ. പണിക്കര്‍, ജ്യോതി, സുനില്‍... :)]

Inji Pennu said...

പ്രിയ വക്കാരിജി, ഒരു പ്രാവശ്യം ഇരുട്ടത്തൂടെ നടക്കുമ്പൊ പാമ്പ് കടിച്ച് ചാ‍വാറായാല്‍, പിന്നെ ഒന്നില്ലെങ്കില്‍ ആളുകള്‍ ഇരുട്ടത്തൂടെ നടക്കില്ല അല്ലെങ്കില്‍ ടോര്‍ച്ചും പന്തവും ഒക്കെ പിടിച്ച് ഒരു ജാഥയായിയേ നടക്കുള്ളൂ.. മനുഷ്യ സഹജമാണ് രണ്ട് പ്രാവശ്യം അബദ്ധം പറ്റാതെയിരിക്കാന്‍ ഉള്ള ഒരു ഡിഫന്‍സ് മെക്കാനിസം. കടിച്ചത് പാമ്പാവില്ല, എല്ലാ പാമ്പിനും വിഷമുണ്ടാവില്ല എന്നൊക്കെ തിയറിറ്റിക്കലി പറയാന്‍ കൊള്ളാം, ചാവാന്‍ കിടന്നവരോട് അത് പറഞ്ഞാല്‍ ഏശില്ല. അവര്‍ക്ക് കടിയുടെ ഓര്‍മ്മ മാത്രമേ കാണൂ.

ഭാരതീയ പൈതൃകം ഈ പറയുന്ന അത്രേം ഒന്നുമില്ലാന്ന് നല്ലവണ്ണം പഠിച്ച് പറയുന്നുവരേയും അടച്ചാക്ഷേപിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ. അവരതിനേക്കുറിച്ച് പഠിച്ചിട്ട് അവര്‍ക്ക് വല്ല്യ കാര്യമായി ഒന്നും തോന്നിയില്ലെങ്കില്‍ ഉടനേ അവരേയും ലേബലുകള്‍ ചാര്‍ത്തി മുദ്രകുത്തുന്നതു ശരിയല്ല എന്ന് എനിക്ക് അഭിപ്രായം.
ഇപ്പോള്‍ ഭാരതീയ സംസ്കാരത്തിന്റെ തന്നെ ഏറ്റവും വലിയ ഒരു സംഭാവനയായി ഞാന്‍ കാണുന്നത് ആയുര്‍വേദമാണ്. അതിന്റെ കോര്‍ പ്രിന്‍സിപ്പിളസും ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതിന്റെ ചികിത്സാ രീതിയും, പക്ഷെ എന്തു കൊണ്ടോ നമ്മുടെ പൈതൃകത്തിന്റെ ആവശ്യമില്ലാത്തതിലൊക്കെ കോണ്‍സ്റ്റ്രേറ്റ് ചെയ്ത്, ആവശ്യമില്ലാത്തെ ഈഗോസ് ഉണ്ടാക്കി അതിനു യാതൊരു ഇമ്പോര്‍ട്ടന്‍സും കൊടുത്തില്ല. ഈ നാഴിക്ക് നാല്‍പ്പത് വട്ടം ഭാരതീയ സംസകൃതിയെപറ്റി പറയുന്നവരും ഇന്നേ വരെ ഒരു ആയുര്‍വേദ വൈദ്യനെ കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് അനുഭവം. പക്ഷെ എന്നും പറഞ്ഞ് ആയുര്‍വേദമേ പറ്റുള്ളൂ എന്നുള്ള കഠിന ശാഠ്യം കോട്ടക്കലിന്റെ സ്വന്തം പി.കെ വാറ്യര്‍ അദ്ദേഹത്തിനു പോലും കാണില്ല. അദ്ദേഹം ചെവിയില്‍ ഹിയറിങ്ങ് എയിഡാണ് വെച്ചിരിക്കുന്നത് കേള്‍വിക്കുറവിനു, അല്ലാതെ കുഴമ്പ് ചെവിയില്‍ ഊത്തി ചെവി കേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. :)
പ്രാക്റ്റിക്കാലിറ്റി ഈസ് ഓള്‍സോ ഇമ്പോര്‍ട്ടന്റ്...

മന്‍ജിത്‌ | Manjith said...

നെടുമ്പാശേരി വിമാ‍നത്താവളത്തിന് ആദിശങ്കരന്റെ പേരിടാത്തതിനാല്‍ കേരളീയരെല്ലാം വഴിപിഴച്ചവരാണെന്ന പരമേശ്വര്‍ജീടെ സിദ്ധാന്തം പോലെയുണ്ടല്ലോ ഇതും.

ഒന്നോര്‍ത്താല്‍ അങ്ങോരുടെയും ജ്യോതിയുടെയുമൊക്കെ അജണ്ടകള്‍ ഒന്നാണല്ലോ ;)

"ഭാരതത്തില്‍ അതുണ്ട്‌, ഇതുണ്ട്‌, എന്നു പറയുന്നത്‌, രാഷ്ട്രത്തോടുള്ള ബഹുമാനം കൂട്ടാനുള്ള ഒരു വഴിയാണെന്നു കണ്ടുകൂടെ?"

ഇല്ലാത്തതിരുന്നതിനെ ഉണ്ടെന്നും ഉണ്ടായിരുന്നതിനെ പര്‍വ്വതീകരിച്ചും പറഞ്ഞുകൊടുക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു രൂപമാണ്. ഹിറ്റ്ലറും മുസോളിനും ചെയ്തിരുന്നത് ഇതൊക്കെ തന്നെ!

സംസ്കാരത്തെയും രാജ്യാധികാരങ്ങളെയും ഭൂപടങ്ങളെയുമൊക്കെ രാജവിനോടുപമിക്കയായിരുന്നു പണ്ടത്തെ തന്ത്രം. പ്രജകള്‍ ഭയന്നൊന്നും പറയില്ലല്ലോ. രാജാക്കന്മാരുടെ ഗ്ലാ‍മര്‍ പോയപ്പോള്‍ അമ്മയെന്ന ലോലവികാരമായി. ഇതിനും അധികം ആയുസുണ്ടെന്നു തോന്നുന്നില്ല.

അല്പം സംസ്കൃതം പഠിച്ചാല്‍ ഒരു ബോര്‍ഡും തൂക്കി ഭാവിഭൂത പ്രവചനങ്ങളിലേക്കു തിരിയണം. അല്ലെങ്കില്‍ ഇതൊക്കെ പണ്ടേ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന വീമ്പിളക്കലിനു സൈദ്ധാന്തിക മുഖം നല്‍കണം. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്.

ഇതൊന്നും ചെയ്യാതെ മാറി നടക്കുന്ന ഉമേഷ് വിമര്‍ശിക്കപ്പെടുന്നതില്‍ അല്‍‌ഭുതമൊന്നുമില്ല.

വക്കാരിമഷ്‌ടാ said...

ഒരു പ്രാവശ്യം ഇരുട്ടത്തൂടെ നടക്കുമ്പൊ പാമ്പ് കടിച്ച് ചാ‍വാറായാല്‍, പിന്നെ ഒന്നില്ലെങ്കില്‍ ആളുകള്‍ ഇരുട്ടത്തൂടെ നടക്കില്ല

ഭാരതീയ പൈതൃകം പറയുമ്പോള്‍ അത്രയ്ക്കൊക്കെ വലിയ ഉദാഹരണം വേണോ എന്നൊരു സംശയം. ഭാരതീയ പൈതൃകത്തെപ്പറ്റി അറിഞ്ഞവരെ/അറിയാന്‍ ശ്രമിക്കുന്നവരെ/അറിയിക്കാന്‍ ശ്രമിക്കുന്നവരെ പാമ്പ് കടിച്ചവരുമായൊക്കെ താരതമ്യപ്പെടുത്തുന്നത് നല്ല ഉത്തേകജനകം. ഭാരതീയ പൈതൃകത്തിന് അത്രയ്ക്ക് വിഷമൊന്നുമില്ല എന്ന് തോന്നുന്നു- അതിനെപ്പറ്റി പറയുന്നവരില്‍ ചിലര്‍ക്ക് അതിനെ എതിര്‍ക്കുന്ന ചിലരെപ്പോലെതന്നെ വിഷമുണ്ടെങ്കിലും. അവിടെയും എന്ത് എന്ന് മാത്രം നോക്കിയാല്‍ പ്രശ്‌നം കുറെയൊക്കെ തീരുമോ എന്നൊരു സംശയം പിന്നെയും.

ഭാരതീയ പൈതൃകം ഈ പറയുന്ന അത്രേം ഒന്നുമില്ലാന്ന് നല്ലവണ്ണം പഠിച്ച് പറയുന്നുവരേയും അടച്ചാക്ഷേപിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ.

പഠിച്ചിട്ട് പറയുന്നവരോട് എന്നും ബഹുമാനം. പഠിക്കുകയേ വേണ്ട എന്ന് പറയുന്നവരോട് ഒട്ടുമേ യോജിപ്പില്ല. പഠിക്കാനും അറിയുന്നത് പറഞ്ഞ് തരാനും ശ്രമിക്കുന്നവരെ അടച്ചാക്ഷേപിക്കുന്നതിനോടും നിരുത്സാഹപ്പെടുത്തുന്നവരോടും അതുപോലെതന്നെ യോജിപ്പില്ല. അവര്‍ പറയുന്നത് കേള്‍ക്കാനും എന്താണ് പറഞ്ഞതെന്ന് നോക്കാനും (പകരം ആരാണ് പറഞ്ഞതെന്ന് വളരെ താത്പര്യപൂര്‍വ്വം ശ്രദ്ധിക്കുകയും ചെയ്യുന്നു) ശ്രമിക്കാതെ അത്തരക്കാരെ അടച്ചാക്ഷേപിക്കുന്നവരോട് ചിലപ്പോഴൊക്കെ തോന്നുന്ന വികാരം സഹതാപം.

എങ്ങോ നിന്ന് ആരോ എന്തോ എപ്പോഴോ പറഞ്ഞു എന്നുള്ളതാവരുത് ഇതിനെപ്പറ്റി മനസ്സിലാക്കാതിരിക്കാനും പഠിക്കാതിരിക്കാനുമുള്ള മാനദണ്ഡമെന്ന് അഭിപ്രായം.

പക്ഷെ എന്തു കൊണ്ടോ നമ്മുടെ പൈതൃകത്തിന്റെ ആവശ്യമില്ലാത്തതിലൊക്കെ കോണ്‍സ്റ്റ്രേറ്റ് ചെയ്ത്, ആവശ്യമില്ലാത്തെ ഈഗോസ് ഉണ്ടാക്കി അതിനു യാതൊരു ഇമ്പോര്‍ട്ടന്‍സും കൊടുത്തില്ല

ഏതാണ് ആവശ്യം, ഏതാണ് ആവശ്യമില്ലാത്തത് എന്നത് ആപേക്ഷികം. ചിലര്‍ക്ക് എല്ലാം ആവശ്യം. ചിലര്‍ക്ക് ആയുര്‍വ്വേദം മാത്രം ആവശ്യം. ചിലര്‍ക്ക് പുരാണങ്ങളും അതിലെ സാരോപദേശങ്ങളും ആവശ്യം. ചിലര്‍ക്ക് ഭാരതീയ ഗണിതം ആവശ്യം.

ഈഗോസ് എല്ലാവര്‍ക്കും-വേണമെന്നു പറയുന്നവരെയും വേണ്ട എന്ന് പറയുന്നവരെയും ഒരുപോലെ നയിക്കുന്നു ഈഗോ. പല ചര്‍ച്ചകളിലും ആ ഈഗോ നമുക്ക് തന്നെ കാണാമല്ലോ.

ഈ നാഴിക്ക് നാല്‍പ്പത് വട്ടം ഭാരതീയ സംസകൃതിയെപറ്റി പറയുന്നവരും ഇന്നേ വരെ ഒരു ആയുര്‍വേദ വൈദ്യനെ കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് അനുഭവം.

എന്ത് പറയുന്നു എന്ന് നോക്കിയാല്‍ ഇവിടെയും കുറച്ചൊക്കെ സമാധാനം കിട്ടുമായിരിക്കാം.

ആയുര്‍വ്വേദം മാത്രമല്ല ഭാരതീയ പൈതൃകം എന്നാണ് എന്റെ അറിവ്. അറിവുള്ളവര്‍ പറഞ്ഞ് തരുമെന്ന് പ്രതീക്ഷിക്കാം.

ഭാരതീയ പൈതൃകത്തെക്കുറിച്ചെങ്ങാനും പറഞ്ഞാലോ പഠിച്ചാലോ ഹിന്ദുമതവിശ്വാസിയായിപ്പോകുമോ എന്നുള്ള പേടിയുള്ളവരെയും കണ്ടിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

പോസ്റ്റില്‍ നിന്ന്:
‘സ്വന്തം അമ്മയെ നല്ലവണ്ണം സ്നേഹിയ്ക്കുന്ന ആള്‍ക്‌ക്‍ അമ്മയോട്‌ തികഞ്ഞസ്വാതന്ത്ര്യത്തോടെ അവരുടെ പരിമിതികളെക്കുറിച്ചും സംസാരിക്കാം, അവര്‍ തെറ്റിദ്ധരിയ്ക്കപ്പെടുകയില്ല. എന്നാല്‍ ഈ പറയുന്നത്‌ അമ്മയോടുമാത്രമായിരിക്കണം. അങ്ങാടിയില്‍ ആളുകളെ വിളിച്ചുചേര്‍ത്ത്‌ പരസ്യപ്രസ്താവന നടത്തിയിട്ടാവരുത്‌.’


ഈ ഒരാശയം വെച്ച് എതിര്‍ക്കുന്നത് വിശ്വാസത്തേയും, ഭാരതീയതയേയും പറ്റിയുള്ള
ഉമേഷേട്ടന്റെ പോസ്റ്റുകളെയോ പരാമര്‍ശങ്ങളെയോ ആണ്.
അമ്മ എന്നത് ഒരു മൂര്‍ത്തമായ സത്യമാണ്.അമ്മയോട് നമുക്ക രഹസ്യമായി
അമ്മയെ വിമര്‍ശിക്കുകയും ചെയ്യാം.എന്നാല്‍ വിശ്വാസത്തേയും ഭാരതീയതയേയും രഹസ്യമായി
ഉമേഷേട്ടന്‍ വിളിച്ചുകൊണ്ടു പോയി അവരുടെ കുഴപ്പങ്ങള്‍ പറഞ്ഞു കൊടിത്തില്ല എന്നല്ലേ ജ്യോതിജീ ഉദ്ദേശിച്ചത്...?

Siji said...

കൈപ്പള്ളി മാഷ്‌ എഴുതിയ കമന്റിലെ കഥകേട്ട്‌ ആദ്യമൊന്നു ചിരിച്ചു പിന്നെയൊന്ന് ഞെട്ടി പിന്നെയിരുന്ന് കരഞ്ഞു
കാരണം ഞാനൊരു ഭാര്യയായിരുന്നു കുറച്ചുനാളൊയിട്ടുള്ളു അമ്മയായിട്ട്‌ ഇപ്പോഴാണെങ്കില്‍ മുടികള്‍ കുറേശ്ശെ നരയ്ക്കാനും തുടങ്ങിയിരിക്കുന്നു.

രാഷ്ടീയക്കാരും ,എഴുത്തുകാരും,സിനിമക്കാരും എഴുതിയും പറഞ്ഞും 'അമ്മ' യെന്ന വിഷയം ഒരു ചവറായി. നമുക്ക്‌ ഈ വാക്കിനോട്‌ ഇത്രയധികം വൈകാരികതയുള്ളതിനാലാണോ നമ്മുടെ നാട്ടില്‍ ഇത്രയധികം വൃദ്ധസദനങ്ങള്‍ മുളയ്ക്കുന്നത്‌?

ഇടങ്ങള്‍|idangal said...

എനിക്ക്‌ ഉമ്മയോടുള്ള സ്നേഹം പോലെ തന്നെയാണ്‌,ഉമ്മക്ക്‌ എന്നോടുള്ള സ്നേഹം (തീവ്രതയുടെ കാര്യത്തില്‍) പക്ഷെ എന്റെയുമ്മയോട്‌ എനിക്കുള്ള സ്നേഹത്തില്‍ കാണാത്ത ഒരു സ്വര്‍ഥത എന്നോട്‌ തിരിച്ചുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ ഉമ്മക്കുണ്ട്‌. ഞാന്‍ അല്ലെങ്കില്‍ എന്റെ കുടുംബം, പിന്നെ സമൂഹം, ഇതിനിടക്ക്‌ ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ആ സ്വാര്‍ഥത എന്നിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നു, സ്നേഹത്തിന്റെ വിലയില്‍, ഒരു തരം പിടിവാശിയോടെ. ആ പിടിവാശിയില്‍ നിന്ന് എനിക്ക്‌ രക്ഷപ്പെടാന്‍ കഴിയാത്തത്‌, ഞാനാ സ്നേഹത്തെ വികാരപരമായി കാണുമ്പോഴാണ്‌. അങ്ങിനെയാണ്‌ എന്റെ രാഷ്ട്രീയം എന്റെ ഉമ്മയുടേതാകുന്നതും ഞാന്‍ കെട്ടിയ പെണ്ണ്‍ (കെട്ടിയിട്ടില്ലാട്ടോ) ഞാന്‍ പ്രേമിച്ച പെണ്ണല്ലാതാവുന്നതും.

ഇത്‌ തന്നെയാണ്‌ പൈതൃകത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌. എനിക്കതിനോടുള്ള സ്നേഹം വികാരപരമാവുമ്പോ എന്റെ തിരിച്ചറിവുകളോട്‌ എനിക്ക്‌ സന്ധി ചെയ്യേണ്ടിവരുന്നു. മറിച്ച്‌, എന്റെ സ്നേഹം ആത്മാര്‍ഥതയാവുമ്പോള്‍ (വികാരപരമല്ലാത്ത ഒന്ന്, ശരിയായ വക്ക്‌ കിട്ടുന്നില്ല) എനിക്കെന്റെ തിരിച്ചറിവുകളോട്‌ കൂറ്‌ കാണിക്കാനാവുന്നു.

പിന്നെ വിളിച്ചു പറയുന്നത്‌, അതും ആത്മാര്‍ഥതയുമായി ബന്ധപ്പെട്ടതാണ്‌. എന്റെ ഉമ്മയെപോലെ എല്ലാ ഉമ്മമാരും ആകുമ്പോള്‍ അതെന്റേയും ഉമ്മയുടേയും കാര്യം മാത്രമല്ലാതാകുകയും അത്‌ പരസ്യമായി (പൊതുവായി) പറയേണ്ടതായും വരുന്നു. അത്‌ സ്നേഹമില്ലാഞ്ഞല്ല, ആ സ്നേഹത്തിന്‌ എന്റെ ഉമ്മ സ്നേഹത്തിന്‌ കൊടുത്ത അര്‍ഥമല്ല എനിക്കുള്ളത്‌ എന്നത്കൊണ്ടാണ്‌.

ചന്ത്രക്കാറന്‍ said...

ജ്യോതിര്‍മ്മയിയുടെ വിദ്യ കൊള്ളാം. അമ്മ=ഭാരതം=സംസ്കാരം=പൈതൃകം=...=... എന്നങ്ങു സ്ഥാപിക്ക്ക്കുക(?!), എന്നിട്ട്‌ ബാക്കിയെന്തിനെ വിമര്‍ശിച്ചാലും അത്‌ അമ്മയെ വിമര്‍ശിക്കലാണെന്നു വരുത്തിത്തീര്‍ക്കുക.


"ചെകുത്താന്‍ പല രൂപത്തിലും വരും, അവന്‍ ചിലപ്പോള്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും" എന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍.

വേണു venu said...

ഞാന്‍ പറയുന്ന അമ്മയും ലേഖനത്തിലെ അമ്മയും ഒന്നാവണമെന്നില്ല. അമ്മ സത്യമാണു്. അമ്മ സങ്കല്പങ്ങളില്‍ നിന്നും മാറി മനുഷ്യ സ്ത്രീയുമാണു്. അതുകൊണ്ടു തന്നെ ആണ്‍ മക്കളെക്കാള്‍ പെണ്മക്കളില്‍ സ്നേഹത്തിന്‍റെ ഇറ്റുവീഴുന്ന തുള്ളി പകര്‍ന്നു കൊടുത്തുള്ള നെടുവീര്‍പ്പുകള്‍ വ്യക്തമായി കാണാറുള്ളപ്പോള്‍ തോന്നാറുമുണ്ടു്. അമ്മ ദേവതയൊന്നുമല്ല. അമ്മ അമ്മ മാത്രമാണു്.

കരീം മാഷ്‌ said...

പോസ്റ്റു വായിച്ചപ്പോള്‍ അമ്മയെക്കുറിച്ചാണെന്നു തോന്നി, എന്നാല്‍ കമന്റുകള്‍ വാ‍യിച്ചപ്പോള്‍ മറ്റൊന്നും.
അമ്മക്കു പരിമിധികള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ പരിവേദനത്തിനു ചിന്തിക്കെണ്ടതില്ലല്ലോ!

സ്നേഹിതന്‍ said...

മമ്പ് ആരുടേയോ ബ്ലോഗില്‍ ഞാനിട്ട എന്റെ കമന്റ് ഇവിടെ ആവര്‍ത്തിയ്ക്കുന്നതില്‍ ക്ഷമിയ്ക്കുമല്ലൊ.

എന്നമ്മതന്‍ സ്നേഹ
മെനിയ്ക്കെഴുതാനറിയില്ല,
വരയില്‍ തെളിയില്ല,
ചൊല്ലലിലൊതുങ്ങില്ല.

സ്വന്തം അമ്മയേയും ഭാരതാംബയേയും തുലനം ചെയ്യുന്നതിലെ അനൗചിത്യം എന്റെ മാത്രം തോന്നലാകാം.

അറിഞ്ഞോ അറിയാതെയോ, സ്വന്തം മക്കളേക്കാള്‍ മറ്റുള്ളവരുടെ മക്കളെ സ്നേഹിച്ച അമ്മമാരും, സ്വന്തം അമ്മയേക്കാള്‍ മറ്റൊരു അമ്മയെ സ്നേഹിച്ച മക്കളും അമ്മയെന്ന സത്യത്തിന് കൂടുതല്‍ വ്യാപ്തി നല്‍കുന്നില്ലെ.

nalan::നളന്‍ said...

സതി, ശൈശവ വിവാഹം, untouchability, ചാതുര്‍ വര്‍ണ്ണ്യം, അടിമത്വം, വിധേയത്വം (ജ്യോതിഷം, വിധി) തുടങ്ങിയവയിലൊന്നും മഹത്തായ സംസ്കാരം കാണുന്നില്ല, മറിച്ച് സംസ്ജാരമില്ലായ്മ (മഹത്തായ) മാത്രമേ കാണുന്നുള്ളൂ.

പിന്നെ അമ്മയെ സ്നേഹിക്കുന്നത് ഉപാധികള്‍ വച്ചിട്ടൊന്നുമല്ല.
രാഷ്ട്രത്തെ സ്നേഹിക്കുന്നതിനും ഉപാധികളൊന്നും ആവശ്യമില്ല (രാഷ്ട്രബോധമില്ലാത്തവര്‍ക്കു അതാവശ്യമായിരിക്കാം)


“ചിന്താഗതിയിലുള്ള വൈവിദ്ധ്യത്തെപ്പറ്റി മനസ്സിലാക്കാനെങ്കിലും.“
ഉമേഷ് അണ്ണാ “വൈവിധ്യ” മല്ലേ ശരി :)
ഹാവൂ ഒരു ചിരകാലാഭിലാഷമായിരുന്നു ! :)

ഉമേഷ്::Umesh said...

നളാ,

ചിരകാലാഭിലാഷം പൂവണിയാഞ്ഞതില്‍ ഖേദിക്കുന്നു. വൈവിധ്യം, അധ്യാപകന്‍, വിദ്യാര്‍ഥി എന്നിവയെപ്പോലെ തന്നെ ശരിയാണു് വൈവിദ്ധ്യം, അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നിവയും.

ഇതു കൂടി വായിക്കൂ. (മൂന്നാമത്തെ കമന്റ്.)

പിന്നെ തിരിച്ചൊന്നു തരാം. “അടിമത്വം” തെറ്റു്‌. “അടിമത്തം” ശരി. സംസ്കൃതവാക്കുകളുടെ കൂടെ “ത്വം”, തനിമലയാളവാക്കുകളുടെ കൂടെ “ത്തം”.

കണ്ണൂസ്‌ said...

റ്റീച്ചറേ, ദേശഭക്തി വേണ്ടെന്നോ, നമുക്ക്‌ സമൂഹത്തോട്‌ ഉത്തരവാദിത്തം ഇല്ലാതിരിക്കണം എന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത്‌. സമൂഹത്തിലോ, സംസ്കാരത്തിലോ, ഭാഷയിലോ, രാഷ്ട്രവ്യവഹാരങ്ങളിലോ നമുക്ക്‌ തിരുത്തപ്പെടേണ്ടത്‌ എന്ന് തോന്നുന്ന കാര്യങ്ങള്‍ പരസ്യമായി പറയുന്നതും, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും അമ്മക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്‌ തുലനപ്പെടുത്തിയതാണ്‌ എനിക്ക്‌ ദഹിക്കാതെ പോയത്‌.

കുടുംബത്തിനും ബന്ധങ്ങള്‍ക്കും മേലേയുള്ള ചിലരുടെ ദേശഭക്തിയും അതി ദേശീയതയും ഒക്കെ ഒരു പുറംപൂച്ച്‌ ആണെന്നതും ഒരു കാര്യമാണ്‌. അടച്ച്‌ പറയുകയല്ല. അങ്ങിനെയുള്ളവരും കണ്ടേക്കാം. ഭൂരിപക്ഷത്തിന്റെ കാര്യം പറഞ്ഞുവെന്ന് മാത്രം. ഉദാഹരണത്തിന്‌ നമ്മുടെ അമ്മയേയോ എന്തിന്‌ സഹോദരനേയോ പത്തുപേര്‍ ചേര്‍ന്ന് വഴിയിലിട്ട്‌ തല്ലുന്നത്‌ എത്ര പേര്‍ക്ക്‌ കണ്ടു നില്‍ക്കാന്‍ പറ്റും? പക്ഷേ, അതേ സമയത്ത്‌ അതേ പത്തു പേര്‍ ദേശീയപതാക കത്തിക്കുകയാണെങ്കില്‍ എത്ര പേര്‍ സ്വന്തം തടി മറന്ന് പ്രതികരിക്കും?

സ്വാര്‍ത്ഥന്‍ said...

എന്റെ അമ്മയേക്കുറിച്ചും എന്റെ മക്കളുടെ അമ്മയേക്കുറിച്ചും എനിക്ക് നല്ല മതിപ്പാണ്.
എന്റെ അമ്മയുടെ മരുമകളേക്കുറിച്ചും അവളുടെ അമ്മായിയമ്മയേക്കുറിച്ചും ഓര്‍ക്കുമ്പോള്‍.... ഹാ കഷ്ടം! സ്ത്രീ ജന്മം പുണ്യജന്മം :)

ഇഞ്ചീ... അച്ചന്മാരുടേ വിലയേക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട് ;)

Anonymous said...

പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ചവറ്റുകുട്ടയിലിടുന്നതും അമ്മതന്നെയാണ്‍.സ്ത്രീധനം ചോദിച്ച് മരുമക്കളെ പീഡിപ്പിക്കുന്ന അമ്മമാരില്ലേ.അല്ലാതെ തന്നെ പലതരത്തിലും ഉപദ്രവിക്കുന്നവരില്ലേ കൈപ്പള്ളീ? അവരെയങ്ങ് മറന്നോ?സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകുന്നവരുണ്ട്. കുഞ്ഞിനു ഉറക്കഗുളിക കൊടുത്ത് രാത്രിമുഴുവന്‍ ഭര്ത്താവിന്‍റെ ബന്ധുവിനൊത്ത് ചിലവഴിക്കുന്ന ഒരമ്മയെ പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്.അമ്മയായതുകൊണ്ടായില്ല അമ്മയുടെ മനസ്സിന്‍റെ ശുദ്ധിയും നന്മയുമാണ്‍ പ്രധാനം.

ബെന്നി::benny said...

ഭാരതീയം, സംസ്കൃതം എന്നൊക്കെപ്പറയുന്നത് എല്ലാ ഇന്ത്യക്കാരുടെയും പൈതൃകമാണെന്ന വാദം തെറ്റാണ്. ഇന്ത്യന്‍ ദേശീയതയെ സംസ്കൃത പൈതൃകമെന്ന നുകത്തില്‍ കെട്ടി കാളപ്പൂട്ടു നടത്താന്‍ കാലാകാലങ്ങളായി ശ്രമമുണ്ട്. ഞാനൊരു ഇന്ത്യക്കാരനാണ്. എന്നാല്‍ സംസ്കൃതത്തില്‍ ഊന്നിയതല്ല എന്റെ പൈതൃകം എന്ന് പറയാനും തെളിയിക്കാനും ഇന്ത്യന്‍ പൌരര്‍ക്ക് അവകാശമില്ലേ?

“കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍”, “തമിഴനെന്ന് ചൊല്ലടാ, തല നിമര്‍ന്തു നില്ലെടാ” എന്നൊക്കെ പാടിയ കവികള്‍ നമുക്കുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാഗമാവുമ്പോഴും, നമ്മുടെ സ്വത്വത്തോട് കുറച്ചുകൂടി അടുത്തുനില്‍ക്കുന്ന ഒന്നാണ് മാതൃഭാഷയും മാതൃസംസ്കാരവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്റെ നെഞ്ചത്തോട്ട് ഭാരതീയ-സംസ്കൃതങ്ങള്‍ കെട്ടിയെടുക്കുമ്പോഴാണ് ഞരമ്പുകളില്‍ ചോര തിളയ്ക്കുന്നവര്‍ക്ക് ചൊറിയുന്നത്.

ഹിന്ദി സംസാരിക്കുന്നവര്‍ കെട്ടുകെട്ടിക്കോണം എന്ന് സിക്കിമില്‍ മണ്ണിന്റെ മക്കള്‍ പറയുന്നത് ചിലരൊക്കെ മാധ്യമങ്ങളില്‍ കണ്ടുകാണും. എന്തുകൊണ്ട് അങ്ങനെയവര്‍ പറയുന്നു എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഉത്തരേന്ത്യന്‍ ഗോസായിമാര്‍ക്ക് (ഭാരതീയത്തിന്റെ ഉപജ്ഞാതാക്കള്‍!!) സംസ്ഥാനങ്ങളെ അടിയറവ് വെപ്പിക്കുന്ന ഭരണവ്യവസ്ഥയാണ് ഇപ്പോഴത്തെ. കേന്ദ്രേട്ടോ, സംസ്ഥാനങ്ങള്‍ക്ക് അല്‍‌പ്പം സ്വാതന്ത്ര്യം കൊടുക്കുന്ന രീതിയില്‍ നമ്മടെ ഭരണഘടന ഒന്ന് പരിഷ്കരിക്കാന്‍ സമയമായില്ലേയെന്ന് വെറുതെയല്ല, തമിഴ്‌നാട് ഗവര്‍ണര്‍, സുര്‍ജിത് സിംഗ് ബര്‍ണാല ചോദിച്ചത്

അപ്പോള്‍ പറഞ്ഞുവന്നത്, അമ്മയെന്നാല്‍ കേരളമെന്നും കേരളീയ പൈതൃകമെന്നും ചിന്തിക്കുന്ന ചില്ലറ പേരെങ്കിലും അവിടെയിവിടെയൊക്കെയുണ്ട് എന്നാണ്.

ജ്യോതിര്‍മയി said...

Friends,

After typing in varamozhi, I am converting it into html. Then while doing 'copy-paste' I am getting only boxes in the comment-box.

Can saomebody help me?

ജ്യോതിര്‍മയി said...

എനിയ്ക്കു പറ്റിയ അബദ്ധം-

"ഇത്‌ വ്യക്തിപരമായ വിമര്‍ശനമല്ലാ... " എന്ന വരികള്‍ ആദ്യത്തെ കമന്റിനായി(പരസ്യക്കമന്റിനായി) കരുതിയതായിരുന്നു. പോസ്റ്റില്‍ നിന്നും ആ കമന്റ്‌ മുറിച്ചുമാറ്റാന്‍ മറന്നുപോയി. ആ പാര അവിടെയില്ലായിരുന്നെങ്കില്‍ ഇത്രയും ആശയക്കുഴപ്പം ഉണ്ടാവില്ലായിരുന്നു.
അബദ്ധം ഞാന്‍ മനസ്സിലാക്കിയപ്പോഴേയ്ക്കും കമന്റുകള്‍ വന്നു തുടങ്ങിയിരുന്നു. അതുകൊണ്ട്‌ എഡിറ്റ്‌ ചെയ്തില്ല. ആ വരികള്‍ പറഞ്ഞതില്‍ ഖേദിക്കുന്നില്ല, പക്ഷേ അവ പോസ്റ്റില്‍തന്നെ പെട്ടു പോയതിന്‌ ഖേദമുണ്ട്‌. വേണുജീ, കരീം മാഷേ :-(
(ചിലപ്പോള്‍ വൈകാതെ എഡിറ്റ്‌ ചെയ്യും).

ഉമേഷ്ജിയെപ്പറ്റിയുള്ള പരാമര്‍ശത്തിന്‌ ഉമേഷ്ജിയും, പൊതുവെയുള്ള പോസ്റ്റിന്‌ അതു വായിയ്ക്കുന്നവരില്‍ ചിലരും കമന്റ്‌ എഴുതാന്‍ സാധ്യതയുണ്ട്‌ എന്നേ ഞാന്‍ കരുതിയുള്ളൂ.
ഉമേഷ്ജി ഇത്‌ എന്റെ ഭാഗത്തുനിന്നും വന്ന ഒരു ആക്രമണമായി കരുതുമെന്ന്‌ സ്വപ്നേപി വിചാരിച്ചില്ല. ( ചോദ്യങ്ങള്‍ ഞാന്‍ കണ്ടു, മറുപടി ഇവിടെ മുഴുവനായില്ല, പറയാം)

'പോസ്റ്റിനെപ്പറ്റി' കമന്റ്‌ പറഞ്ഞ, സുവിനും കുറുമാന്‍ജിയ്ക്കും, ശാലിനിയ്ക്കും, പൊതുവാളന്‍ജിക്കും, ദില്‍ബുവിനും ഇടങ്ങള്‍ക്കും സിജിയ്ക്കും സ്നേഹിതനും കൈപ്പള്ളിയ്ക്കും വളരെ നന്ദി. ശാലിനിയുടെ വാക്കുകള്‍ എനിയ്ക്കു സമാധാനമേകുന്നു.

ചര്‍ച്ചയുടെ ഗതിയെ ഓര്‍മ്മിപ്പിച്ചതിന്‌ സാന്‍ഡൊസിനും നന്ദി.

[കൂട്ടുകാരേ,
ഇപ്പോള്‍ ശരിയായി. യൂണികോഡ്‌]

ജ്യോതിര്‍മയി said...

ഉമേഷ്ജി, എന്ന വ്യക്തിയെ ഞാന്‍ വിമര്‍ശിച്ചില്ല. അദ്ദേഹം ഭാരതീയതയേയും വിശ്വാസത്തേയും പറ്റി പറയുന്നതിനിടയ്ക്‌ക്‍ വരുന്ന ചില പ്രസ്താവനകള്‍ - ആ പറയുന്ന രീതികാരണം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്താനിടയില്ലേ എന്നതായിരുന്നു എന്റെ ആശങ്ക. ഉദ്ധരിക്കാത്തത്‌, ഇടയില്‍നിന്നും ഒരു വാചകത്തേയോ വാക്കിനേയോ അടര്‍ത്തിമാറ്റി,(അതു ഞാന്‍ പിന്നീട്‌, ഒരു കമന്റില്‍ വിസ്തരിച്ചെഴുതാം. കഴിയുമെങ്കില്‍ വാക്കുകളെ ഉദ്ധരിച്ചുതന്നെ ചെയ്യാം) അതില്‍ തൂങ്ങി വിവാദം ഉണ്ടാക്കണ്ട എന്നു കരുതിയാണ്‌. ഇവിടെ അച്ഛനെപ്പറ്റി പറഞ്ഞ ഉമേഷിന്റെ വാക്‌ക്‍ ( വളരെ വിഷമിപ്പിച്ചു അത്‌ എന്നു പറയാതെവയ്യ.വേണമെങ്കില്‍ അതില്‍ത്തൂങ്ങി തര്‍ക്കിക്കാം. എങ്കിലും ഞാനതിനൊരുങ്ങുന്നില്ല. ഇങ്ങനെയും തമാശയുണ്ടാവുമായിരിക്കും അല്ലേ:-(
.....................


അമ്മ സ്ത്രീയാണ്‌, കാമുകി(മാര്‍) സ്ത്രീയാണ്‌, സ്ത്രീ ... ആണ്‌, ഇനിമുതല്‍ സ്ത്രീകളെ ഭോഗക്കണ്ണുകൊണ്ടുമാത്രം കാണുന്നവരോട്‌ (ആഭാസന്മാരോട്‌), ഹേ നിങ്ങള്‍ക്‌ക്‍ അമ്മയും പെങ്ങന്മാരുമൊന്നും ഇല്ലേ? എന്ന ചോദ്യം ചോദിക്കാന്‍ പാടില്ല?

Benny,
അല്ലാ, സംസ്കൃതത്തെ ഈപോസ്റ്റിലേയ്ക്കാരുകൊണ്ടുവന്നു? സംസ്കൃതത്തേയും ഭാരതത്തേയും (RSSനെയും, ഒക്കെ കൊണ്ടുവരൂ, കിട്ടിയ ചാന്‍സ്‌, കളയണ്ട. പിന്നെ എന്തൊക്കെയാ? എന്തിനാ അവിടെ നിര്‍ത്തിക്കളഞ്ഞത്‌?

qw_er_ty

Inji Pennu said...

ജ്യോതിചേച്ചി, ആയ്യേ!ഷേം ഷേം ഉണ്ടെ.. അത് ഉമേഷേട്ടന്‍ എന്നെ ചൊറിയാന്‍ എഴുതിയതാ...അത് കണ്ടാല്‍ അറിയില്ലേ? ആ ഭാഗം സീരിയസ്സായി എടുക്കല്ലെ പ്ലീസ്...

പക്ഷേങ്കി ബാക്കിയൊക്കെ എടുത്ത് ഉമേഷേട്ടനെ നല്ലോണം തല്ലിക്കോട്ടൊ.അങ്ങിനെ എനിക്ക് ബ്ലോഗ് വായിക്കാന്‍ പറ്റാത്ത ടൈമുകളില്‍ മാത്രം ഇവിടെ അടികള്‍ നടക്കണ്ട :) :)

ബെന്നി::benny said...

അപ്പോ അതുശരി.. നിഷ്കളങ്കയായ അമ്മയെപ്പറ്റിയാണല്ലേ ജ്യോതി എഴുതിയത്... കഷ്ടം! ഞാന്‍ മഞ്ഞക്കണ്ണട ഉപയോഗിച്ചു! എന്റെ പിഴ എന്റെ പിഴ, എന്റെ വലിയ പിഴ!

എന്തായാലും “ഭാരതീയതയേയും വിശ്വാസത്തേയും പറ്റി ഉമേഷ് പറയുന്നതിനിടയ്ക്ക് വരുന്ന ചില പ്രസ്താവനകള്‍ - ആ പറയുന്ന രീതികാരണം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്താനിടയില്ലേ എന്നതായിരുന്നു എന്റെ ആശങ്ക” എന്ന ആ പ്രയോഗം ഞാന്‍ കണ്ണുമടച്ചങ്ങ് കുടിക്കുന്നു....

ഭാരതീയം പറഞ്ഞാല്‍ കേരളീയം പറയാനും ആളുകാണും എന്നാ ജ്യോതി ഞാന്‍ ഉദ്ദേശിച്ചേ.. ക്ഷമിക്കണേ, താങ്കളുടെ അമ്മയെ പൊലിപ്പിക്കാനുള്ള നിഷ്കാമകര്‍മ്മം നമ്മ തെറ്റിദ്ധരിച്ചുപോയതാണേ!

പിന്നെ, "സംസ്കൃതത്തേയും ഭാരതത്തേയും RSS നെയും, ഒക്കെ കൊണ്ടുവരൂ" എന്നെഴുതിയത് എനിക്ക് ക്ഷ പിടിച്ചു.. എന്താ സീക്വന്‍സ്!!!! വെള്ളം ചോരില്ല!

ജ്യോതിര്‍മയി said...

ഞാനിവിടെ ഈ പോസ്റ്റില്‍ പറഞ്ഞ ആശയം ഇതാണ്‌-

അമ്മയെക്കുറിച്ച്‌ നല്ല ഭാവന- നല്ല ബോധം കുഞ്ഞുങ്ങളിലുണ്ടാക്കിയെടുക്കണം. അത്‌ പാട്ടിലൂടെയും കഥകളിലൂടെയും ഒക്കെ ആവാം. (സാരോപദേശകഥകളും, മൃഗങ്ങളുടേയും പക്ഷികളുടേയും കഥകളിലൂടെ പലഗുണപാഠങ്ങളും നാം പഠിപ്പിയ്ക്കാനുദ്ദേശിക്കുന്നു. അപ്പോള്‍, എന്തൊരു വട്ടാണിത്‌? തവള സംസാരിക്കുമോ? ഇതൊക്കെ കളവാണ്‌' എന്ന യുക്തികൊണ്ട്‌ഉവന്നാല്‍ അതെല്ലാം പഠിപ്പിക്കാന്‍ പറ്റുമോ? ആ ഉദ്ദേശ്യം നടക്കില്ല. കുട്ടി വലുതാവുന്നതിനനുസരിച്ച്‌, ഈ കളവൊക്കെ എന്നെ പഠിപ്പിച്ചുവല്ലോ, L.K.G& U.K.G പഠിത്തം വെറുതെയായി എന്നൊക്കെയാവുമോ ചിന്തിക്കുക? അല്ല. ആ കഥകള്‍ക്കും ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്നു മനസ്സിലാക്കും).

പിന്നെ, മൂല്യബോധം ഉറയ്ക്കുന്നതിനനുസരിച്ച്‌ അമ്മയോടുള്ള സ്നേഹം നിരുപാധികമാവും. എന്തും തമ്മില്‍ പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവും. ആരും ആരേയും തെറ്റിദ്ധരിയ്ക്കുന്ന പ്രശ്നമില്ല അവിടെ. മക്കളുടെ അഭിപ്രായത്തെ മാനിയ്ക്കാന്‍ അമ്മയ്ക്കും സാധിക്കും. അമ്മയോട്‌ സ്നേഹവും ബഹുമാനവുമില്ലാത്ത ആളുകള്‍ക്‌ക്‍ അമ്മയെ ശരിയ്ക്കുമനസ്സിലാവില്ല. മക്കള്‍ പറയുന്നത്‌ അമ്മയ്ക്കും മനസ്സിലാവില്ല, തെറ്റിദ്ധാരണ സ്വാഭാവികമായും ഉണ്ടാവും. പിന്നെ,അങ്ങോട്ടും ഇങ്ങോട്ടും പരിഹാസത്തോടെ, അധിക്ഷേപിക്കുവാനും തെറ്റിപ്പിരിയാനും കാരണമാവും.

ഉമേഷ്‌ജി, (സാമൂഹികം) മനുസ്മൃതിയും.... എന്ന ലേഖനത്തില്‍ "...ജായതേ വര്‍ണ്ണസങ്കരഃ" എന്നശ്ലോകം ഉദ്ധരിച്ചതിനുശേഷം പറഞ്ഞവാചകങ്ങള്‍, ഗീത എന്താണെന്നറിയാതെ അതു പഠിയ്ക്കണം എന്നു കരുതിയിരുന്നവര്‍ പോലും, ഇനി ഈ വിഡ്ഢിത്തം പഠിയ്ക്കാന്‍ മിനക്കെടേണ്ട, എന്നു കരുതാനിടയില്ലേ? ഇതു പോലുള്ള വേറേ ചില പരാമര്‍ശങ്ങളും കണ്ടപ്പോള്‍ താങ്കളുടെ വാക്കുകള്‍, ഈ കാര്യങ്ങള്‍ പഠിക്കണമെന്നുദ്ദേശിക്കുന്ന പലരേയും നിരുത്സാഹപ്പെടുത്തുമോ എന്നതായിരുന്നു എന്റെ ആശങ്ക.

താങ്കളുടെ ബ്ലോഗിനെ അത്ഭുതത്തോടേയും കൌതുകത്തോടേയും നോക്കിക്കാണുന്ന ഞാന്‍ നല്ലകാര്യങ്ങളും പറയാറുണ്ട്‌. എനിയ്ക്കു ബോധ്യമാവാത്തവ, ഇഷ്ടമല്ലാത്തവ എന്നിവ ചിലപ്പോള്‍ തുറന്നുപറയാറുമുണ്ട്‌. എന്റെ ഇഷ്ടത്തിനനുസരിച്ച്‌ താങ്കള്‍ എഴുതുന്നത്‌ മാറ്റണമെന്നോ, താങ്കളെ തിരുത്തണമെന്നോ കരുതിയിട്ടല്ല. വ്യക്തിയെ വിമര്‍ശിച്ചിട്ടില്ല, എന്നു തന്നെയാണ്‌ ഇപ്പോഴും ഞാന്‍ കരുതുന്നത്‌. വ്യക്തിക്കുനേരെയുള്ള ആരോപണമായി താങ്കള്‍ക്കു തോന്നിയെങ്കില്‍, ക്ഷമിയ്ക്കൂ.

Ralminov said...

കുഞ്ഞുനാളില്‍ മുതിര്‍ന്നവര്‍ പകര്‍ന്നു് തരുന്ന "കളവു"കളൊക്കെ മുതിര്‍ന്നശേഷം "യുക്തി" ഉപയോഗിച്ചു് വിശകലനം ചെയ്യേണ്ടതല്ലേ ? അതോ അമ്മ പറഞ്ഞുതന്ന കഥയാണു്. അതു് സത്യമായിരിക്കും . ചന്ദ്രന്‍ ഒരു ദേവനാണു്. "അതില്‍" മനുഷ്യന്‍ കാലു് കുത്തി എന്നു് പറയുന്നതു് കളവാണു് എന്നു് കരുതണോ ?

ഉമേഷ്::Umesh said...

സമയക്കുറവു കാരണം ജ്യോതിയുടെ ചോദ്യങ്ങള്‍ക്കു് ഇതുവരെ മറുപടിയെഴുതാന്‍ കഴിഞ്ഞില്ല. അതു് ഇവിടെ:

ഒന്നാമതായി അച്ഛനും ബീജബാങ്കും എന്ന പ്രയോഗത്തെപ്പറ്റി. ഇതു ജ്യോതിയെ വിഷമിപ്പിച്ചതില്‍ ദുഃഖമുണ്ടു്. പക്ഷേ ഇതു് ജ്യോതിയുടെ അച്ഛനെയോ എന്റെ അച്ഛനെയോ ഇവിടെയുള്ള ആര്‍ക്കെങ്കിലും അറിയാവുന്ന അച്ഛന്മാരെപ്പറ്റിയോ ഉള്ള പരാമര്‍ശമല്ല. മരുമക്കത്തായസമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്തെ അച്ഛന്റെ കാര്യമാണു്. അന്നത്തെ കാലത്തു് അച്ഛന്‍ ഒരു കിണ്ടിയിലും മെതിയടിയിലും ഒതുങ്ങിനിന്നിരുന്ന സങ്കല്പം മാത്രമായിരുന്നു എന്നതു് ഒരു സത്യമാണു്-ചില സമുദായങ്ങള്‍ക്കെങ്കിലും.

“നമ്മള്‍ ഇപ്പോഴും ജീവിക്കുന്നതു് മരുമക്കത്തായസമ്പ്രദായത്തിലാണല്ലോ...” എന്നു ഞാനെഴുതിയതു് സാമൂഹികമായി നാം മരുമക്കത്തായം അനുവര്‍ത്തിക്കുന്നു എന്നു് ഉദ്ദേശിച്ചല്ല. അതു മാറി മക്കത്തായമായിട്ടു കാലം കുറേ ആയി. ഇന്നു് അച്ഛനെക്കാള്‍ കൂടുതല്‍ പ്രാധാന്യം അമ്മാവനുണ്ടെന്നു തോന്നുന്നില്ല. ഇഞ്ചിപ്പെണ്ണിന്റെ കമന്റിനു മറുപടിയായി തമാശയായി പറഞ്ഞ ആ വാക്യത്തിനു ഞാന്‍ ഉദ്ദേശിച്ച ‍അര്‍ത്ഥം ജന്മഭൂമിയെ അമ്മയായും പാശ്ചാത്യവും പൌരസ്ത്യവുമായ അനേകം വിജ്ഞാനങ്ങളെയും സംസ്കാരങ്ങളെയും അച്ഛനായും (ഒരാള്‍ക്കു ഒന്നിലധികം അച്ഛനുണ്ടെന്നു വിവക്ഷയില്ല കേട്ടോ. പക്ഷേ പഴയ മരുമക്കത്തായത്തിലെപ്പോലെ ഒരമ്മയുടെ പല മക്കള്‍ക്കു പല അച്ഛന്മാരുണ്ടാകുന്നതില്‍ അസാംഗത്യമില്ല താനും.) കരുതുന്ന ഒരു മരുമക്കത്തായസമ്പ്രദായം ആണു ജ്യോതി പറഞ്ഞ വാദം എന്നായിരുന്നു. സര്‍ക്കാസത്തിനു ക്ഷമിക്കുക.

ഒന്നുകൂടി വ്യക്തമാക്കാം. “ഭാരതാംബ” എന്ന സങ്കല്പത്തെ പിന്താങ്ങുന്നവര്‍ മറ്റു തത്ത്വശാസ്ത്രങ്ങളില്‍ നിര്‍ബന്ധം കാണിക്കാറില്ല. “ആളുകള്‍ കോണ്‍ഗ്രസ്സോ കമ്യൂണിസ്റ്റോ ആകാം, നാട്ടിലോ ഗള്‍ഫിലോ അമേരിക്കയിലോ ജീവിച്ചു് അവിടത്തെ നാടിനു ഗുണമുണ്ടാക്കി അവിടുത്തെ ശമ്പളം പറ്റാം, ഉപരിപഠനത്തിനും വൈദ്യചികിത്സയ്ക്കും വിദേശത്തു പോകാം, പക്ഷിശാസ്ത്രം മുതല്‍ റോക്കറ്റ് സയന്‍സു വരെ പഠിക്കാം, ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ മറ്റെന്തെങ്കിലുമോ ആവാം (ഇതിനു മാത്രം അല്പം ഭേദമുണ്ടു്-ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണു് അല്ലെങ്കില്‍ ആയിരുന്നു എന്നൊരു വാദം ഇതോടൊപ്പം കേള്‍ക്കാറുണ്ടു്.); പക്ഷേ എല്ലാവരും ഭാരതാംബയെ അംഗീകരിക്കണം, ബഹുമാനിക്കണം, അതിന്റെ കുറ്റം പറയരുതു് ” എന്ന വാദം. ഇതു് അമ്മയുടെ കാര്യത്തില്‍ മാത്രം അഭിമാനം കൊള്ളുകയും അച്ഛന്റെ കാര്യത്തില്‍ വൈവിദ്ധ്യം അനുവദിക്കുകയും ചെയ്യുന്ന പഴയ മരുമക്കത്തായം പോലെയാണു് എന്നതായിരുന്നു ഉദ്ദേശ്യം.

അര്‍ത്ഥശങ്ക ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു. പക്ഷേ ഇതു ജ്യോതി വ്യക്തിപരമായി എടുത്തതു് എന്തിനാണെന്നു മനസ്സിലാകുന്നില്ല.

ഇനി, ജ്യോതിയുടെ “ഉമേഷ്‌ജി, (സാമൂഹികം) മനുസ്മൃതിയും.... എന്ന ലേഖനത്തില്‍ "...ജായതേ വര്‍ണ്ണസങ്കരഃ" എന്നശ്ലോകം ഉദ്ധരിച്ചതിനുശേഷം പറഞ്ഞവാചകങ്ങള്‍, ഗീത എന്താണെന്നറിയാതെ അതു പഠിയ്ക്കണം എന്നു കരുതിയിരുന്നവര്‍ പോലും, ഇനി ഈ വിഡ്ഢിത്തം പഠിയ്ക്കാന്‍ മിനക്കെടേണ്ട, എന്നു കരുതാനിടയില്ലേ?...” എന്നതു മറുപടി:

ഇതു ഞാന്‍ പറഞ്ഞതു് ഇവിടെ ആണു്. ഗീതയെപ്പറ്റി മാത്രമല്ല, ശങ്കരാചാര്യരുടെ “വിവേകചൂഡാമണി”യെപ്പറ്റിയും കാളിദാസന്റെയും വി. കെ. എന്‍.-ന്റെയും കൃതികളെപ്പറ്റിയും പറയുന്നുണ്ടു്. മനുസ്മൃതിയിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അതു കത്തിക്കണം എന്നു പറയുന്ന വാദത്തെ അതിനെക്കാളും മഹത്തായ (“മഹത്തെന്നു ഞാന്‍ കരുതുന്ന” എന്നു തിരുത്തട്ടേ, ഇനിയൊരു വാദം ഒഴിവാക്കാന്‍!) പല കൃതികളിലും അതിനേക്കാള്‍ മോശമായ പരാമര്‍ശങ്ങളുണ്ടു് എന്നു പറഞ്ഞിടത്താണു് ഞാന്‍ ഭഗവദ്‌ഗീതയെപ്പറ്റി പറഞ്ഞതു്. ഇതെങ്ങനെ ഗീതയുടെ ഉപാലംഭമാകും? പരീക്ഷയ്ക്കു തോറ്റിട്ടു വന്ന ബോബനോടും മോളിയോടും അതു ചോദിച്ചപ്പോള്‍ “അതിനെന്താ, ഇന്ദിരാഗാന്ധി തോറ്റില്ലേ?” എന്നു ചോദിച്ചതിനു് ഇന്ദിരാഗാന്ധി എപ്പോഴും തോല്‍ക്കുന്ന ആളായിരുന്നു എന്നാണോ അര്‍ത്ഥം? മാഹാത്മ്യം ഉള്ളതിനു മാത്രമേ ഉപമാനമാകാന്‍ അര്‍ഹതയുള്ളൂ എന്നു ഞാന്‍ ജ്യോതിക്കു പറഞ്ഞുതരണോ?

ഇനി ജ്യോതിയോടു രണ്ടു ചോദ്യങ്ങള്‍:
1) “ഗീത എന്താണെന്നറിയാതെ അതു പഠിയ്ക്കണം എന്നു കരുതിയിരുന്നവര്‍...” എന്നു പറയുന്നതു് ആരെപ്പറ്റിയാണു്? ഈ പറയുന്നവരില്‍ ആരാണു് എന്റെ വാക്കുകള്‍ കൊണ്ടു് “ശ്ശെടാ, ഇനി ഗീത വായിക്കേണ്ടാ...” എന്നു തീരുമാനിക്കുക?. (“ഇങ്ങേരു പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ? നോക്കട്ടേ...” എന്നു വിചാരിച്ചു് അതുവരെ വായിക്കാത്ത ആരെങ്കിലും വായിച്ചെങ്കില്‍ അദ്‌ഭുതപ്പെടാനില്ല.) ഒരാളുടെ ഇങ്ങനെയുള്ള ഒരു പരാമര്‍ശം കൊണ്ടു ഗീത വായിക്കണ്ടാ എന്നു തീരുമാനിക്കുന്നവരെ ഗീത വായിപ്പിക്കണം എന്നു് എന്താണു നിര്‍ബന്ധം?

2) ഇവിടെ നാം എന്താണു ചെയ്യേണ്ടതു്? “ന ബ്രൂയാത് സത്യമപ്രിയം” എന്ന പ്രമാണമനുസരിച്ചു് അതു പറയാതിരിക്കുകയോ പ്രിയമാകത്തക്ക വിധത്തില്‍ പറയുകയോ ചെയ്യണമെന്നോ? അതോ ഇങ്ങനെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി മാത്രമേ ഗീതയെ ഉദ്ധരിക്കുകയും പഠിപ്പിക്കുകയും ചെയ്യാവൂ എന്നോ?

വിശിഷ്ടങ്ങളായ തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍ എന്നതിനൊപ്പം തന്നെ ഭഗവദ്‌ഗീതയും മറ്റും അന്നത്തെ സാമൂഹികവ്യവസ്ഥയുടെ കണ്ണാടികളുമാണു്. അവയുടെ ഈ വശം കണ്ടില്ലെന്നു നടിക്കുന്നതു പഠനം പൂര്‍ണ്ണമാക്കുന്നില്ല. പൂജാമുറിയില്‍ വെച്ചു പൂജിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യേണ്ട ഒരു പുസ്തകമാണു ഗീത എന്നു ഞാന്‍ കരുതുന്നില്ല. യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോയി വഴിയിലും വഴിവക്കിലും മറ്റും ഇരുന്നു വായിക്കുകയും കാണുന്ന അക്ഷരത്തെറ്റുകളെ (ഗീതയിലെ തെറ്റല്ല-അതു് അച്ചടിച്ച പ്രസാധകന്റെ തെറ്റു്) തന്റെ പേന കൊണ്ടു തിരുത്തുകയും ചെയ്യുന്നതാണു് അതിനോടു ചെയ്യാവുന്ന ഏറ്റവും വലിയ ആദരവെന്നാണു് എന്റെ അഭിപ്രായം. അല്ലാതെ അതിലെ ഒരക്ഷരം പോലും വായിക്കാതെ അതിനെപ്പറ്റി ആരെങ്കിലും പറയുന്നതു കേട്ടു സായുജ്യമടയുകയും പൂജാമുറിയിലെ ചില്ലിട്ട പെട്ടിയില്‍ വെച്ചു പൂജിക്കുകയും ചെയ്യുകയോ അര്‍ത്ഥം മനസ്സിലാക്കാതെ മോക്ഷപ്രാപ്തിയ്ക്കായി അതു് ഉരുവിടുകയോ ചെയ്യുന്നതിലല്ല. (“... എന്നാണു് എന്റെ അഭിപ്രായം” എന്നു ഡിസ്‌ക്ലൈമര്‍.)

പിന്നെ, എന്റെ ഇനിയുമുള്ള ലേഖനങ്ങളില്‍ ഞാന്‍ ഖുറാനെപ്പറ്റിയും ബൈബിളിനെപ്പറ്റിയും വേദിക് മാത്തമാറ്റിക്സിനെപ്പറ്റിയും ഇതുപോലെയുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയേക്കാം. ദയവുചെയ്തൂ് ജ്യോതി ഇപ്പോള്‍ത്തന്നെ ആ പുസ്തകങ്ങള്‍ വായിക്കുക. ഇനി ഞാന്‍ പറയുന്നതു കേട്ടിട്ടു് അവ വായിക്കേണ്ടാ എന്നു തോന്നിയാലോ? :)

ജ്യോതി പറഞ്ഞതില്‍ വ്യക്തിപരമായ വിമര്‍ശനം ഒന്നുമില്ല. എന്നെ ഒരു തരത്തിലും ആക്ഷേപിച്ചിട്ടുമില്ല. ഇതിനെ emotional blackmailing എന്നാണു പറയുന്നതു്. ഭാരതീയപൈതൃകത്തെപ്പറ്റി പ്രചരിക്കുന്ന കഥകളെ വിമര്‍ശനബുദ്ധിയോടെ നോക്കുന്നവരെ ഭാരതം=അമ്മ എന്ന ഇക്വേഷന്‍ ഉപയോഗിച്ചു് (ഇതിന്റെ പൊള്ളത്തരത്തെപ്പറ്റി പലരും ഇവിടെ ഉദാഹരണസഹിതം പറഞ്ഞിട്ടുണ്ടു്) അമ്മയെ വെറുക്കുന്നവരായി ചിത്രീകരിച്ചു പിന്തിരിപ്പിക്കുന്ന വിദ്യ. ഇതു തന്നെ ഹിന്ദി പറയാത്തതിനു ഹിന്ദിക്കാരില്‍ നിന്നും (“രാഷ്ട്ര”ഭാഷ) ക്രിക്കറ്റ് കാണാത്തതിനു ക്രിക്കറ്റ് പ്രേമികളില്‍ നിന്നും (“ഇന്ത്യയുടെ സ്വന്തം കളി”) മാതൃഭൂമിയ്ക്കു പകരം ദീപിക വായിക്കുന്നതിനു ചില ബുദ്ധിജീവികളില്‍ നിന്നും (“കാമ്പുള്ളതൊന്നും വേണ്ട, പൈങ്കിളി മാത്രം മതി!”) ഞാന്‍ കേട്ടിട്ടുണ്ടു്.

Anonymous said...

When I was a boy of 14, my father was so ignorant, I could hardly stand to have the old man around. But when I got to be 21, I was astonished at how much the old man had learned in 7 years!
- Mark Twain