ചിരകിയ നാളികേരം സമം ചേര്‍ത്ത് അമര്‍ത്തിത്തിരുമ്മിവെച്ച അവിലുണ്ട്, കോഴിയമ്മപ്പാത്രത്തില്‍. സീരിയല്‍ തീര്‍ന്നപ്പോഴാണ് പ്രഭയ്ക്കതോര്‍മ്മവന്നത്. പാത്രം തുറന്നു നോക്കി. അവില്‍ നല്ല മൃദുവായിരിയ്ക്കുന്നു.
ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും താളിച്ച് നല്ല അവിലുപ്പുമാവുണ്ടാക്കണോ? അതോ, ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ശര്‍ക്കര ഉരുക്കിയിളക്കി അവിലുകുഴച്ചതുണ്ടാക്കണോ? ആലോചിയ്ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു!
രണ്ടിനും ഒരേ സമയമേ വേണ്ടൂ. അവള്‍ വീണ്ടും ആലോചിച്ചു, "ഉപ്പുവേണോ? മധുരം വേണോ?" പ്രഷറുണ്ട്, ഷുഗറുണ്ട്. ഉപ്പും വയ്യ, മധുരോം വയ്യ. റാഗിക്കുറുക്കു തന്നെ ശരണം. ഒക്കെ വിധി!
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
"പാകമായ അവില്‍ കയ്യില്‍ക്കിട്ടിയിട്ടും മധുരമോ ഉപ്പോ വേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള അവസരം ഉപയോഗിക്കാത്ത ഉത്തരവാദിത്തബോധമില്ലാത്ത മരമണ്ടി" വിധി സ്വകാര്യം പറഞ്ഞത് എന്റെ കാതുകളിലാണല്ലോ എന്ന് അന്തം വിട്ടിരിയ്ക്കുകയാണ് ഞാന്‍!
21 comments:
ഉപ്പും മധുരവുമില്ലാത്ത റാഗിക്കുറുക്‌ക്‍.
തട്ടിക്കൂട്ടിയ ഒരു പോസ്റ്റ്.
"വിധി" അല്ലാതെന്താ പറയാ?
ടീച്ചറേ, ഇത് സത്യത്തിലുണ്ടായതോ, അതോ വെറും ഭാവനയോ?
ഉപ്പും, മധുരവും കഴിക്കാന്‍ പാടില്ല്യാണ്ടായാ കഷ്ടം തന്നെ അല്ലെ? അല്ലാ, ഉപ്പിനേം, മധുരത്തിനേം, പറഞ്ഞിട്ട് കാര്യല്ല, ആവുന്ന കാലത്ത് നോക്കാണ്ട് വാരി വലിച്ച് കഴിച്ചിട്ടല്ലേ :)
കുറുമാന്‍ജീ,
ഇപ്പോ അസുഖമൊന്നുമില്ല, എന്നാലും എപ്പൊ വേണെങ്കിലും വരാലോ അത്. കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് പരിഭവിയ്ക്കാതെ, ഇപ്പോഴത്തെ കാര്യം ഇച്ഛാശക്തിയോടെ ചെയ്താല്‍ ഭാവിയിലെ ചിലകാര്യങ്ങളെങ്കിലും നമുക്കു തീരുമാനിയ്ക്കാനാവില്ലേ. ഒക്കെ വിധി എന്നു പറഞ്ഞ് നമ്മള്‍ തടിതപ്പുന്നു, നമ്മില്‍ നിന്നും.
നന്ദി കേട്ടോ, വായിച്ചതിന്. ഇനിയീ പോസ്റ്റ്, ഡിലീറ്റ് ചെയ്യണ്ട അല്ലേ:-)
തീര്‍ച്ചയായും, കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് പരിഭവിയ്ക്കാതെ, ഇപ്പോഴത്തെ കാര്യം ഇച്ഛാശക്തിയോടെ ചെയ്താല്‍ ഭാവിയിലെ ചിലകാര്യങ്ങളെങ്കിലും നമുക്കു തീരുമാനിയ്ക്കാനാവില്ലേ, എന്നല്ല, ഒട്ടു മിക്ക കാര്യങ്ങളും നമുക്ക് തീരുമാനിക്കാനുവും.
എന്ത്? പോസ്റ്റ് ഡിലീറ്റ് ചെയ്യേ? വേണ്ടാ- വേണ്ടാത്തതൊന്നും ചിന്തിക്കാന്‍ കൂടി പാടില്ല. ബ്ലോഗിന്‍ കാവിലമ്മേടെ ശാപം കിട്ടും. ഒന്നുമില്ലെങ്കിലും, വൈകുന്നേരം ചായയുടെ കഴിക്കാനുള്ള അവിലിന്റെ നല്ല രണ്ട് റസീപ്പിയുള്ളതല്ലെ ഈ പോസ്റ്റില്‍ :)
എന്തിനാ ടീച്ചറേ ഡെലീറ്റുന്നത്...
എന്റെ വീട്ടില്‍ ഉപ്പയ്ക്കും ഉമ്മയ്ക്കും മധുരം കഴിക്കാന്‍ പാടില്ല... എന്തുചെയ്യാം... ചിലപ്പോള്‍ (മിക്കവാറും) നാളെ എനിക്കും.
കുറുജീ ആവുന്ന കാലത്ത് നോക്കാണ്ട് കഴിച്ചിട്ട് മാത്രമാണോ ?
വിശക്കുമ്പോള്‍ റാഗിക്കുറുക്ക് മതി. വിധി എന്ന് പറഞ്ഞ് കൈയ്യൊഴിയരുത് ഒന്നിനേം എന്ന് ഞാന്‍ പഠിച്ചുവരുന്നു. എന്തായാലും അതിനെ സന്തോഷത്തോടെ അംഗീകരിക്കുക. റാഗിക്കുറുക്ക് കഴിക്കുമ്പോള്‍, വെള്ളം പോലും കിട്ടാത്തവരെ ഓര്‍ക്കുക.
;) ഉപദേശിക്കാന്‍ എന്തെളുപ്പം.
ടീച്ചറേ,
അതുല്യ ഒരിക്കല്‍ ഗോതമ്പു ഇടിയപ്പം ഉണ്ടാക്കി തന്നു ഇപ്പോ ദെ ടീച്ചറിന്റെ റാഗിക്കുറുക്കും!. എന്നെപ്പോലെ പഞ്ചാരകണ്ടാല്‍ അലറ്ജി ഉണ്ടാകുന്നവറ്ക്ക് ഇതൊക്കെ തന്നെ ശരണം..
ടീച്ചറേ ,
എന്‍റെ ഒരു സരസനായ ഒരു സുഹൃത്തിനു്,
മധുരം നിഷേധിക്കപ്പെട്ടതിനു ശേഷം ഒരു ദിവസം ഫോണില്‍ വിളിച്ചെന്നോടു പറഞ്ഞു.
വേണൂ ഇന്നു രാവിലെ ഞാന്‍ ചായ കുടിച്ചു കൊ ണ്ടിരുന്നപ്പോള്‍ ഞാനൊരു പഴയ മലയാളം പാട്ടോര്‍മിച്ചു.
പറഞ്ഞോളു.ഞാന്‍ പറഞ്ഞു.
“മധുരിക്കും ഓര്‍മ്മകളേ...
ആരാ നെല്‍ക്കതിര്‍ കൊന്റു വന്നത്?
കോഴിയമ്മ.
ആരാ നെല്ലു വറുത്തു അവിലിടിച്ചത്?
കോഴിയമ്മ.
ആരാ അവലുകുഴച്ചു നാളികേരം സമം ചേര്‍ത്തത്?
കോഴിയമ്മ
ആരാ ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ശര്‍ക്കര ഉരുക്കി അവിലുകുഴച്ചെടുത്തത്?
കോഴിയമ്മ.
എന്നാലെ മക്കളു ചെന്നു സീരിയലു കാണ്!
എല്ലു മുറിയെ പണിചെയ്താല്‍ പല്ലുമുറിയെ തിന്നാം.
തന്നാസ്വദിക്കാം.പണമുണ്ടെന്നു കരുതി പലതും വാങ്ങാല്‍ പറ്റില്ല.
നല്ല ഒരു ചിന്തക്കു വഴി നല്‍കി.
നന്ദി.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട .അത്ര തന്നെ.
കൈയും നാവും പല്ലും മൂക്കും മാത്രമല്ല കണ്ണും വേണം വലിച്ചു വാരിതിന്നുന്നത് എന്തൊക്കെയാണെന്ന് തിരിച്ചറിയാന്‍. ഇല്ലെങ്കില്‍ അജീര്‍ണ്ണം ഫലം. ദുശ്ശാഢ്യം, ദുര്‍ഗന്ധം, ദുരവസ്ഥ ഫലം. ഉയിരും ഉടലും ഊട്ടുപുരയും മാത്രമല്ല ഊരും ‘വിധി’ അനുഭവിക്കേണ്ടി വരും.
പോരാത്തതിന് വേണ്ടകാലത്തുതന്നെ ഉറ്റോര്‍ക്കും മറ്റോര്‍ക്കും ഉപ്പും മധുരവും തള്ളാനും കൊള്ളാനും പറ്റാതെയും വരും.
എന്തായാലും നന്നായി കുതിര്‍ന്നുവരുന്നുണ്ടല്ലോ അവില്‍. സ്വയം കഴിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല, വേറെ ഒരുത്തനേയും അതു തീറ്റരുത്. ഒരു നിമിഷം ബത കളയാതെ, കുപ്പയിലെറിയൂ വേഗം!
(എന്തായാലും എനിക്കു വേണ്ടയിപ്പോള്‍; കുറച്ചുദിവസമായി നിരാഹാരത്തിലാണ്. അങ്ങനെയെങ്കിലും ദുര്‍മേദസ്സ് പോട്ടെ.)
:-)
എന്തായാലും മരിക്കണം, എന്നാല്‍ പിന്നെ നന്നായി, വായ്ക്ക് രുചിയായി വല്ലതും കഴിച്ചിട്ട് മരിക്കാം, എന്നു പറഞ്ഞ് ഇപ്പോഴും നന്നായി ഭക്ഷണം കഴിക്കുന്ന ഒരു ഷുഗര്‍ ഫാക്ടറിയെ എനിക്കറിയാം.
ഞാനും ഡയറ്റിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഭാവിയിലെ പ്രഷറിനേയും ഷുഗറിനേയും ഓര്‍ത്ത്. ഇനി ഇതൊന്നും വന്നില്ലെങ്കില്‍ ! വെറുതേ കുറേ ഡയറ്റ് നോക്കി ആയ കാലത്ത് നല്ലതൊന്നും കഴിക്കാത്തതിനെ ഓര്‍ത്ത് വിലപിക്കാം.
ഈ പോസ്റ്റ് നന്നായിട്ടുണ്ട്. ജീവിതത്തില്‍ പലപ്പോഴും പാകമായതു പലതും കിട്ടുമ്പോള്‍ എന്തു ചെയ്യണം എന്നു തീരുമാനമെടുക്കാന്‍ വയ്യാതെ വിടുമ്പോള്‍ എന്റെ കാതിലും ഈ സ്വകാര്യം കേള്‍ക്കാറുണ്ട്.
റേഷനരി വാങ്ങണോ പാദസ്വരം വാങ്ങണോ എന്ന് ചിന്തിച്ചിരുന്ന കാലുമുണ്ടായിരുന്നു. ഇന്ന് പാദസ്വരം ഷെല്‍ഫിലിരുന്ന് ചിരിയ്കുന്നു, കാരണം ആശകള്‍ ജീവിതത്തില്‍ പല സമയത്ത് പലതായിരിയ്കും.
അതുല്യാജീ,
പാദസ്വരം അല്ല പാദസരം ആണു ശരിയായ വാക്ക് (Tinkling Anklet)
നമ്മുടെ ഓരോരുത്തരുടേയും കയ്യിലുള്ള മൂലധനത്തെയാണ്(പൈസയല്ല) ഞാന്‍ "കുതിര്‍ന്ന അവിലു"കൊണ്ടുദ്ദേശിച്ചത്. രോഗങ്ങളും നമ്മുടെ സമ്പാദ്യമായുണ്ട്. ഉള്ള മൂലധനം എങ്ങനെ പ്രയോഗിയ്ക്കണം, എന്തുചെയ്യണം എന്നു ഇന്നു തീരുമാനിക്കുന്നതിനനുസരിച്ചാണ് നാളത്തെ നമ്മുടെ അനുഭവം വരാന്‍ പോകുന്നത്. ഇനിയുള്ള ഓരോ നിമിഷവും ജാഗ്രതയോടെ, ബുദ്ധിപൂര്‍വ്വം(വികാരജീവിയാവാതെ) ഉപയോഗിച്ചാല്‍ ഭാവി നമ്മളാഗ്രഹിക്കും വിധമാവില്ലേ. എപ്പോഴും ദൈവത്തെ- വിധിയെ-പ്പഴിയ്ക്കുന്നതു ശരിയല്ല, എന്നു പറഞ്ഞുവരികയായിരുന്നു. alreadyനേടിക്കഴിഞ്ഞിട്ടുള്ളതിനെ(കയ്യിലിരുപ്പിനെ) പ്പറ്റിയും ആവലാതിവേണ്ട. അതും നമ്മള്‍ അര്‍ഹിയ്ക്കുന്നതുതന്നെയാവണം. ഏതായാലും വരുന്നത് അതേപടി സ്വീകരിയ്ക്കാനും ഇനി വരാനുള്ളതിന്റെ കടിഞ്ഞാണ്‍ കയ്യിലൊതുക്കാനും കഴിയുകയാണെങ്കില്‍ എത്രനന്നായിരുന്നു. എന്തൊക്കെയായാലും ചിലതൊക്കെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തും ഉണ്ടെന്നും തോന്നുന്നു.
ഈ ചിന്തയിലേയ്ക്കു ഘടിപ്പിയ്ക്കാന്‍ എന്റെ പോസ്റ്റിനു കഴിഞ്ഞുവോ? കൂടുതല്‍ ചിന്തിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന കമന്റുകള്‍ തന്ന എല്ലാവര്‍ക്കും നന്ദി.
കൂട്ടുകാരേ,
വിശദീകരണം ഇങ്ങനെയായാലോ?
കുതിര്‍ന്ന അവില്‍ = ഇപ്പോള്‍ കയ്യിലുള്ളത്
ഉപ്പ്, മധുരം = എന്റെ നിയന്ത്രണത്തിലുള്ളത്, പാകം പോലെ ചേര്‍ക്കാവുന്നവ
പ്രഷറും ഷുഗറും = കയ്യിലിരുപ്പ് (എനിയ്ക്കു നിയന്ത്രണമില്ലാത്ത ഭൂതകാലസമ്പാദ്യം)
റാഗിക്കുറുക്‌ക്‍ = ഇനിയുള്ള വിരസമായ ജീവിതം
എത്രയും നേരത്തേ വിധിയുടെ സ്വകാര്യം കേള്‍ക്കാന്‍ കഴിഞ്ഞവര്‍ ബുദ്ധിമാന്മാര്‍.
ഈശ്വരാ..ഈ റാഗിക്ക് ഇത്രയും അര്‍ത്ഥം ഉണ്ടായിരുന്നോ, ഞാന്‍ സഹതാപത്തോടെ വായിച്ച് തീര്‍ത്ത് കുറുമാന്‍ പറഞ്ഞ രീതിയില്‍ റെസിപ്പിയും എടുത്ത് വച്ചിരിക്കുകയായിരുന്നു.
-പാര്‍വതി.
ഐസ്ക്രീം - ഇപ്പോള്‍ കൈയിലുള്ള ജീവിതം. എപ്പോ വേണമെങ്കിലും അലിഞ്ഞുപോകാം. എന്നാലും മധുരമായിരുന്നു എന്ന് സമ്മതിക്കും.
ഉപ്പ്, മധുരം, എരിവ്, പുളി എന്നിവ നിറഞ്ഞ വാക്കുകളുടെ മസാലപ്പെട്ടി - വേണ്ടത് വേണ്ടപ്പോള്‍ ചേര്‍ക്കാന്‍.
സന്തോഷം, നൊമ്പരം, വിരഹം എന്നിവയെല്ലാം ചേര്‍ന്നൊരു അവിയല്‍ - ഭൂതകാലം.
സദ്യ - എല്ലാ സ്വാദും നിറഞ്ഞൊരു ഭാവികാലം.
(സ്വപ്നത്തിന് നികുതി ഇല്ലാത്തിടത്തോളം കാലം എന്തും കാണാം.)
കുറുമാന്‍ജീ, പ്രോത്സാഹനത്തിനു നന്ദി. (എന്നുവെച്ച് നല്ലതല്ലാത്തത് നല്ലതല്ല എന്നും ധൈര്യമായി പറയണ്ടേ :-))
ഇത്തിരിവെട്ടം, വന്നു വായിച്ചതിന്‍ നന്ദി.
നമുക്കു വരുന്നതെല്ലാം നമ്മുടെ കയ്യിലിരുപ്പുകൊണ്ടാണെന്നാ എന്റെ തോന്നല്‍. (അവനവനോടു മാത്രമേ ഇങ്ങനെ പറയാവൂ, ദുരിതമനുഭവിയ്ക്കുന്ന ഒരാളോട്, ഇതൊക്കെ താനനുഭവിയ്ക്കേണ്ടതുതന്നെ, എന്ന് പറയുന്നത് മഹാ അപരാധമാണ്. അങ്ങനെയൊന്നും ആരും ചെയ്യില്ലായിരിയ്ക്കാം. എന്നാലും പറഞ്ഞെന്നേയുള്ളൂ.
സൂ,
കുറുക്കെങ്കില്‍ കുറുക്ക്. അതു സന്തോഷത്തോടെയാണെങ്കില്‍ നല്ലതുതന്നെ. പക്ഷേ, നാലുദിവസം കഴിഞ്ഞു പറയരുത്, ഇതെന്തൊരു കുറുക്കപ്പാ? ഉപ്പൂല്ല, എരിവൂല്ല, എന്റെയൊരു യോഗം, എന്ന്.
നന്ദുജീ,
ഉപകാരമായെങ്കില്‍ സന്തോഷം. സ്വാഗതവും നന്ദിയും:-)
കരീം മാഷേ,
വളരെ സന്തോഷമായി കമന്റു കണ്ടിട്ട്. ഏട്ടന്മാര്‍ പഠിക്കുമ്പോള്‍ മുതല്‍ പാഠപുസ്തകത്തിലെ ചിത്രം നോക്കിയിരുന്ന്, ആ കോഴിയമ്മപ്പാത്രം എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. ആ കഥയും ഓര്‍ത്തെടുത്ത് നല്ലൊരു പാഠം പറഞ്ഞുതന്നതിനു നന്ദി. ഈ പോസ്റ്റിട്ടതില്‍ ഇത്തിരി ചാരിതാര്‍ഥ്യം തോന്നുന്നു, മാഷുടെ കമന്റു വായിച്ചപ്പോള്‍.
വേണുജീ, നന്ദി:-)
അനംഗാരിജീ, :-) അതു തന്നെ. അതാണ്, ഞാന്‍ കവിതയയയ്ക്കാത്തത്:)
ശാലിനീ,
ഇഷ്ടമായതില്‍ സന്തോഷം.
ശാലിനി എന്നപേരിനും എന്റെ പേരിനും ഒരേ അര്‍ഥമാണെന്ന് ഞാനീയിടെ മനസ്സിലാക്കി:-)
അതുല്യാജീ,
നന്ദി.
വിശ്വം ജീ,
മുഴുവന്‍ മനസ്സിലായില്ല. ഞാന്‍ വീണ്ടും വീണ്ടും വായിച്ചുനോക്കട്ടെ. താങ്കള്‍ ഇനിയും ഈ പോസ്റ്റില്‍ വരുന്നുണ്ടെങ്കില്‍, എന്റെ വിശദീകരണവും കൂടി മനസ്സില്‍ വെച്ച് ഒരു കമന്റിടാമോ? എന്റെ വിവരത്തെ പരിഷ്ക്കരിക്കാന്‍.
പാര്‍വതീ,
എന്റെ എഴുത്ത് നന്നാക്കാന്‍ സഹായകരമായ നിര്‍ദ്ദേശങ്ങളും കൂടി പ്രതീക്ഷിയ്ക്കുന്നുണ്ട്, ഓരോന്നും ഇവിടെ പോസ്റ്റുമ്പോള്‍. പിന്നെ, എഴുതിത്തഴക്കം വന്ന ഒരാളല്ല ഞാന്‍. അതുകൊണ്ട് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്കും സ്വാഗതം.
സൂ, എന്നാലും എന്റെ ഈ കുഞ്ഞുപോസ്റ്റുവായിച്ച്, സൂ ഉറങ്ങിപ്പോയി അല്ലേ, സ്വപ്നത്തിനു നികുതി ഇവിടെ കെട്ടണം ട്ടോ:))
എനിക്കിപ്പൊള്‍ ടീച്ചറുടെ പോസ്റ്റാണോ , ശ്രി വിശ്വപ്രഭയുടെ കമന്‍റാണോ കൂടുതല്‍ മനസ്സിലായതു്.?
Post a Comment