Friday, March 09, 2007

ഒരു ചിരിനേരം

എവിടേയ്ക്കെന്നറിയാത്ത യാത്ര. ഒരിയ്ക്കലും തിരിച്ചുവരേണ്ടാത്ത യാത്ര. തനിയെ... അതെ തനിയെ ഒരു യാത്ര. കാല്‍നടയാത്ര. എന്നോ ഞാന്‍ തുടങ്ങിവെച്ച ഈ യാത്രയില്‍ ചിലപ്പോഴൊക്കെ വാഹനങ്ങള്‍ കിട്ടി. വാഹനം കടന്നുചെല്ലാത്ത കയറ്റിറക്കങ്ങളില്‍ ഒറ്റയ്ക്കു നടക്കുമ്പോഴും എന്തോ പേടി തോന്നിയില്ല! എവിടേയോ ആരോ കാത്തിരിയ്ക്കുന്നുണ്ടെന്ന തോന്നല്‍. ആ തോന്നലാണ് ഈ യാത്രയിലെ വഴികാട്ടി.

നാലും കൂടുന്ന പരിഷ്കാരവഴികളില്‍ പലരേയും കണ്ടു. ഒരു ചിരിനേരം സൌഹൃദം പങ്കിട്ടു. ഒന്നും ബാക്കിവെയ്ക്കാതെ ആ വഴികളും പിന്നിട്ടു. കണ്ടവഴിയേ ഒന്നും ഇനി ഒരു തിരിച്ചുപോക്കുവേണ്ട. കണ്ട വഴികളേക്കാള്‍ കാണാനുള്ളവഴികളുണ്ടത്രേ...

തിരക്കുകുറഞ്ഞ നാട്ടുപാതകളില്‍ പാതയോരത്തെപ്പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കിളയ്ക്കാതെ, വിതയ്ക്കാതെ, നനയ്ക്കാതെ, ഒരു മഹാപ്രതിഭാസം പോലെ ഓരോമഴയത്തും മണ്ണില്‍ക്കിളിര്‍ത്ത്, പടര്‍ന്ന്‌, പൂത്താര്‍ത്തുചിരിച്ച്‌ മണ്ണിലേയ്ക്കുതന്നെ മടങ്ങുന്നപോലെ. വീണ്ടും അടുത്തമഴയില്‍ തുടുത്തുയരാനാണോ? അറിയില്ല. വരുന്നവരോടെല്ലാം അവര്‍ പൂത്തുചിരിച്ചുനിന്നു. നിന്നനില്‍പ്പില്‍ നാളെ മണ്ണിലടിയേണ്ടിവരും എന്നറിഞ്ഞിട്ടും. ഈ പാതയോരത്തെ പൂക്കളെക്കൂടി, എനിയ്ക്കെന്റെ യാത്രയില്‍ കൂട്ടുകൂട്ടണമെന്നുണ്ട്. പക്ഷേ അവര്‍ക്ക്‌ കാല്‍ച്ചുവട്ടിലെ മണ്ണുവിട്ടുവരാനാവില്ല.
പൂക്കളേ....ഞാനും ചിരിയ്ക്കാം. ഒരുചിരിനേരം ഇവിടെ നില്‍ക്കാം.
അതുകഴിഞ്ഞാല്‍, എന്റെ യാത്ര തുടരും... യാത്രാമൊഴി പറയാതെ യാത്ര ഞാന്‍ തുടരും. എന്നു തീരുമെന്നറിയാത്ത യാത്ര.

4 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

“ഒരു ചിരിനേരം”
യാത്രപറയും മുന്‍പ്...

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ,

രണ്ടു സംശയങ്ങള്‍. ആര്‍ക്കെങ്കിലും സമയമുണ്ടെങ്കില്‍ പോംവഴി പറഞ്ഞുതരുമോ?

1. തയാറാക്കിവെച്ച draft post, publish ചെയ്യുന്ന ദിവസത്തെ വിഭവമാക്കാന്‍ എന്തുചെയ്യണം?

2. വാഗ്‌ജ്യോതിയിലെ വാതില്‍ക്കലൊട്ടിച്ചിരുന്ന ‘വിഷയവിവരം’, ബ്ലോഗറെപ്പറ്റിയുള്ള വിവരം തുടങ്ങിയവ ഇപ്പോള്‍ പേജിന്റെ വളരെത്താഴെ കിടക്കുന്നു. എങ്ങിനെ അതിനെ പൂര്‍വസ്ഥാനത്ത്‌ (മുകളിലേയ്ക്ക്‌) കൊണ്ടുവരും?

നന്ദി

ദേവന്‍ said...

ടീച്ചറേ,
1. പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്യാന്നേരം "മോര്‍ ഓപ്ഷന്‍സ്‌" എന്നോ മറ്റോ ഒരു സംഭവം റ്റൈപ്പ്‌ ചെയ്യുന്ന ബ്ലോക്സിനു താഴെയുണ്ട്‌ അതില്‍ നമുക്ക്‌ ഇഷ്ടമുള്ള ഡേറ്റ്‌ ഇടാം. പോസ്റ്റ്‌ ഡേറ്റഡ്‌ ചെക്ക്‌ പോലെ വരാനിരിക്കുന്ന ദിവസവും ഇടാം.

2. ബ്ലോഗ്‌ ഫോര്‍ ഗ്ലോബ്‌ എന്ന പോസ്റ്റിലെ നീളത്തില്‍ ഒരു ലിങ്ക്‌ ഉണ്ട്‌ (ചെണ്ടക്കാരന്‍ ബ്ലോഗിലേക്കുള്ളത്‌) ആ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത്‌ ഈ ലിങ്കിനെ ഒടിച്ചു ചെറുതാക്കിയാല്‍ ടെമ്പ്ലേറ്റിലെ പ്രശ്നം തീരും. വേലി ചാടി ആ ലിങ്ക്‌ സൈഡ്‌ ബാര്‍ ഇരിക്കേണ്ട സ്ഥലം കൈയ്യടക്കിയതിനാല്‍ പ്രൊഫൈലും ആര്‍ക്കൈവുകളും മൂട്ടിലേക്ക്‌ വീണുപോയതാണ്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗം ജി,

വളരെ നന്ദി. ഇനി ഞാനേറ്റു. പിന്നെയെപ്പോഴെങ്കിലും ശരിയാക്കാം:-)

jyothi.