Sunday, March 11, 2007

പരീക്ഷിത്ത്--മുനികുമാരന്റെ ശാപം

ധര്‍മ്മപരിപാലനത്തില്‍ ദത്തശ്രദ്ധനായ പരീക്ഷിത്ത്‌ ഒരുദിവസം നായാട്ടിന്നായി കാട്ടിലേയ്ക്കുപോയി.
ക്രൂരമൃഗങ്ങളെ ഒട്ടൊന്നു നിയന്ത്രിയ്ക്കുക എന്ന നിലയില്‍ നായാട്ടും രാജധര്‍മ്മമാണ്. എങ്കിലും പലപ്പോഴും ധര്‍മ്മത്തിന്റെ പരിധിവിട്ട്, അവനവന്റെ വിനോദം എന്ന നിലയിലേയ്ക്ക്‌ നായാട്ട് അധഃപതിയ്ക്കാറുമുണ്ട്. അദ്ദേഹം നായാട്ടില്‍ മുഴുകിപ്പോകുകയാല്‍, സമയം പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കാട്ടില്‍ വളരെദൂരം താണ്ടിത്താണ്ടി ഉള്‍വനങ്ങളിലെത്തുകയും ചെയ്തു.
വല്ലാത്ത വിശപ്പുതോന്നിയപ്പോഴാണ്, പരീക്ഷിത്തിന് സ്ഥലകാലബോധം വന്നത്. അത്യധികം ദാഹാര്‍ത്തനുമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍ ഒരു ആശ്രമപരിസരത്ത്, ഒരു ഋഷി ധ്യാനനിമഗ്നനായി ഇരിയ്ക്കുന്നതു കണ്ടു. വെള്ളം കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ, പരീക്ഷിത്ത്, ഋഷിയെ സമീപിച്ചു. ശമീകന്‍ എന്നായിരുന്നു ഋഷിയുടെ പേര്.

പരീക്ഷിത്ത്, ഋഷിയോട്, ദാഹജലം ആവശ്യപ്പെട്ടു. ധ്യാനമഗ്നനായ ഋഷി അതൊന്നും കേട്ടില്ല.
വിശപ്പും ദാഹവും അധികരിക്കുമ്പോള്‍, മനുഷ്യന്റെ വിവേകവും ബോധവും നശിയ്ക്കുമെന്നു പറയുന്നത്, എത്ര ശരിയാണ്!
ഒരു രാജാവായ താന്‍ തൊട്ടു മുന്‍പില്‍ വന്നു നിന്നിട്ടും ദാഹജലം ചോദിച്ചിട്ടും ഒന്നും കേള്‍ക്കാത്തപോലെ ഇരിയ്ക്കുകയാവും ആ ഋഷി എന്ന്‌ പരീക്ഷിത്തു കരുതി. വിശപ്പും ദാഹവും കൊണ്ട്‌ കണ്ണുകാണാതായ പരീക്ഷിത്ത്‌ അവിടെ മണ്ണില്‍ക്കിടന്നിരുന്ന ഒരു പാമ്പിന്റെ ശവം തന്റെ അമ്പുകൊണ്ട്, തോണ്ടിയെടുത്ത്, ഋഷിയുടെ കഴുത്തിലിട്ടു. [അതുകൊണ്ട്‌ ദാഹമോ ദേഷ്യമോ കുറഞ്ഞിരിക്കില്ല, എന്നാലും പരീക്ഷിത്ത്‌ പിന്നെ അവിടെ നില്‍ക്കാതെ തിരിഞ്ഞുനടന്നു.]

ശമീകഋഷി ഇതൊന്നുമറിയാതെ, സച്ചിദാനന്ദത്തില്‍ ലയിച്ചിരിയ്ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ശൃംഗി എന്ന മുനികുമാരന്‍ അവിടെ യെത്തി. തന്റെ അച്ഛന്റെ കഴുത്തില്‍ ചത്തപാമ്പിനെ എടുത്തിട്ടത്‌ മഹാരാജാവായ പരീക്ഷിത്താണെന്ന്‌ തെല്ലൊരമ്പരപ്പോടെ അദ്ദേഹം മനസ്സിലാക്കി.

തന്റെ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ട രാജാവ്‌ സ്വയം ഒരാളെ ദ്രോഹിക്കുകയോ? അതും സദാ ശാന്തരായി കഴിയുന്ന, ഒരിയ്ക്കലും ആയുധമേന്താത്ത ഒരു ഋഷിയെ എന്തുചെയ്തും സംരക്ഷിയ്കേണ്ടതിനു പകരം....ഈ കടുംകൈ ചെയ്യാനദ്ദേഹത്തിനെങ്ങിനെ തോന്നി? തക്കതായ ശിക്ഷ പരീക്ഷിത്തിനു ലഭിച്ചേ മതിയാവൂ...

“ഇന്നേയ്ക്ക്‍ ഏഴാം ദിവസം തക്ഷകന്‍ എന്ന ഘോരസര്‍പ്പത്താല്‍ പരീക്ഷിത്തു മരിയ്ക്കാനിടവരട്ടെ”
മുനികുമാരന്‍ പരീക്ഷിത്തിനെ മനസ്സുനൊന്തു ശപിച്ചു. അച്ഛനെ നോക്കി കരയാന്‍ തുടങ്ങി.
അപ്പോഴേയ്ക്കും ശമീകഋഷി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു. മകനോട് കാര്യമന്വേഷിച്ചു. സംഭവിച്ചതെല്ലാം മുനികുമാരന്‍ വിസ്തരിച്ചു. അപ്പോഴാണ് തന്റെ കഴുത്തില്‍ കിടന്ന ചത്തപാമ്പിനെ അദ്ദേഹം ശ്രദ്ധിച്ചത്‌. അതിനെ ദൂരേയ്കെറിഞ്ഞശേഷം അദ്ദേഹം കുമാരനോടു പറഞ്ഞു-

“മകനേ! നീ വലിയൊരു തെറ്റാണ് ചെയ്തത്. പരീക്ഷിത്ത്‌ വളരെ ധര്‍മ്മാത്മാവായ മഹാരാജാവാണ്‌. അദ്ദേഹത്തിന്റെ പ്രഭാവമൊന്നുകൊണ്ടുമാത്രമാണ് കലി എന്ന അധാര്‍മ്മികന്‍ ഇത്രയെങ്കിലും അടങ്ങിയിരിക്കുന്നത്. ധര്‍മ്മത്തിലൂടെ അര്‍ഥം സമ്പാദിച്ച്‌ കാമം വേണ്ടവര്‍ അതു നേടുകയും കാമാസക്തരല്ലാത്തവര്‍, നേടിയ അര്‍ഥം ധര്‍മ്മകാര്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാമത്തിനു മുന്‍‌തൂക്കം കൊടുക്കുന്നവര്‍ കാമം ഭുജിക്കുന്നതിനുവേണ്ടി, അധര്‍മ്മത്തിലൂടെയും അര്‍ഥമുണ്ടാക്കുന്നു. വെറും ഭോഗാസക്തരായി, അധാര്‍മ്മികരായി സമൂഹം മൊത്തത്തില്‍ അസന്തുലിതമാവുകയും ചെയ്തേക്കാം. എന്നാല്‍ രാജാവിന്റെ ധാര്‍മ്മികഭരണത്തിന്‍‌കീഴില്‍ അധര്‍മ്മം നിയന്ത്രിക്കപ്പെടുന്നു. ഒരു നിമിഷനേരത്തെയ്ക്ക്‌ അദ്ദേഹത്തിന് വിവേകം നഷ്ടപ്പെട്ടു. അതിന് നീ ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ടതില്ലായിരുന്നു. ധര്‍മ്മിഷ്ഠരായ രാജാക്കന്മാര്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. നമ്മുടെ തപശ്ശക്തി നാമും ഇങ്ങനെ വികാരാധീനരായി നിഷ്ഫലമാക്കരുതല്ലോ. ഏതായാലും, ഈ ശാപവൃത്താന്തം നീ ഇപ്പോള്‍ തന്നെ രാജാവിനെ അറിയിക്കൂ. ഉള്ള സമയം കൊണ്ട്, ജീവിതസാക്ഷാത്കാരത്തിന് അദ്ദേഹം വേണ്ടതുചെയ്യട്ടെ. [കാണൂ ഋഷിയുടെ മനസ്സ്‌].

അപ്പോഴേക്കും പരീക്ഷിത്തിന്റെ സ്ഥിതി എന്തായിരുന്നു? അദ്ദേഹം പശ്ചാത്താപവിവശനായി. ‘പരിസരവും എന്തിന്‌, സ്വന്തം ശരീരവും മനസ്സും പോലും മറന്ന് അവനവന്റെ ഉള്ളില്‍ വിളങ്ങുന്ന ശുദ്ധചൈതന്യരൂപത്തില്‍ നിമഗ്നനായിരുന്ന ഒരു മഹാതേജസ്വിയെ, എനിയ്ക്കു ദാഹജലം കിട്ടാത്തതിന്റെ പേരില്‍ ഞാന്‍ അപമാനിച്ചല്ലോ, കഷ്ടം! എന്റെ തെറ്റിനു തക്കതായ ഒരു ശിക്ഷ എനിയ്ക്കു കിട്ടണേ. മേലാലൊരു തെറ്റു ചെയ്യാന്‍ തോന്നാത്തവിധം ഇപ്പൊഴേ എനിയ്ക്കു ശിക്ഷ കിട്ടണേ‘
എന്ന്‌ ഉള്ളുരുകി അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോഴാണ് മുനികുമാരന്റെ ശാപത്തെപ്പറ്റി അദ്ദേഹം അറിയാനിടയായത്‌. ‘ഏഴാം ദിവസം താന്‍ പാമ്പു കടിച്ചുമരിക്കും’ എന്നു കേട്ടപ്പോള്‍, വളരെ നന്നായി എന്ന്‌ അദ്ദേഹത്തിനു തോന്നി.
തന്നെ ശുദ്ധീകരിക്കാന്‍ ഈശ്വരന്‍ വളരെപ്പെട്ടെന്നുതന്നെ പരിപാടി ആസൂത്രണം ചെയ്തുവല്ലോ. എന്നാണദ്ദേഹത്തിനു തോന്നിയത്‌. ഈ ശാപത്തില്‍ നിന്നും എങ്ങനെ ഒളിച്ചോടാം എന്നല്ല. ഇനി ഏഴേ ഏഴുദിവസം. അതിനുള്ളില്‍ ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട്, ആത്മസാക്ഷാത്കാരം സാധിക്കണം. അതിനുപറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ജന്മമെടുത്ത്, എല്ലാ തരത്തിലുമുള്ള യാതനകളിലൂടേയും കറങ്ങിത്തിരിഞ്ഞുകൊണ്ടേ യിരിയ്ക്കേണ്ടിവരും. പരീക്ഷിത്ത്‌ എല്ലാ രാജ്യഭാരവും ഉത്തരവാദിത്തങ്ങളും പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു. ഒന്നിനോടും ഒരു ഒട്ടലുമില്ലാതെ, ഗംഗാതീരത്തുചെന്ന്‌ പ്രായോപവിഷ്ടനായി സമാധാനചിത്തനായി ഇരുന്നു.

ഇത്രയും ഇന്നത്തെ കഥ. ഇനി ഈ കഥാഭാഗത്തുനിന്നും പഠിയ്ക്കാവുന്ന പാഠങ്ങളെന്തൊക്കെയേന്നു നോക്കാം-

*പരീക്ഷിത്ത്‌ വളരെ ധര്‍മ്മിഷ്ഠനും പ്രജാക്ഷേമതല്പരനുമായ ഒരു രാജാവായിരുന്നു, എന്ന്‌ നമുക്കറിയാം. ധര്‍മ്മാത്മാവായ അദ്ദേഹം പോലും വിവേകം നഷ്ടപ്പെട്ട ഒരു നിമിഷത്തില്‍ അപരാധം ചെയ്തു. അപ്പോള്‍ അത്രയൊന്നും ഗുണസമ്പന്നരല്ലാത്ത സാധാരണക്കാള്‍ എത്രയധികം ജാഗരൂകരായി ഇരിയ്ക്കണം, വിവേകം നഷ്ടപ്പെടാതിരിക്കാന്‍! [‘പരീക്ഷിത്തുപോലും അവിവേകം പ്രവര്‍ത്തിച്ചു, പിന്നെ എന്നെപ്പോലുള്ളവര്‍ക്ക്‌ അതും അതിലപ്പുറവും ചെയ്യാം‘ എന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ ആ പാഠം കൊണ്ട്, ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല]

* തെറ്റുചെയ്താല്‍ ശിക്ഷയെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ശിക്ഷ എന്നാല്‍ ‘പാഠം’ (വേദനിപ്പിക്കല്‍ എന്നല്ല) എന്നാണര്‍ഥം. ഇനിയും തെറ്റു ചെയ്യാതിരിയ്ക്കാനുള്ള ഒരു പാഠം നാം എത്രയും പെട്ടെന്ന് ഉള്‍ക്കൊള്ളുമോ അത്രയും നല്ലത്‌. എന്നെ ശുദ്ധീകരിക്കാന്‍, ഈശ്വരന്‍ ഇത്രയും പെട്ടെന്നൊരു പരിപാടിയിട്ടല്ലോ, നന്നായി, എന്നു കരുതാം. അതല്ലയെങ്കില്‍, തെറ്റു ചെയ്യുന്നതില്‍ സങ്കോചമില്ലാതാവുകയും ശിക്ഷവരുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടലുമായിത്തീരും ജീവിതം.

*അന്യരുടെ ഗുണങ്ങളെ എപ്പോഴും വലുതായിക്കാണുക. ഒരു ദോഷം കൊണ്ട്‌ അന്യന്റെ നൂറു ഗുണങ്ങളെ മൂടാതിരിക്കുക. (ഞാനും അന്യനും എന്ന ഭേദഭാവനയുള്ളിടത്തോളം കാലം).

*സര്‍പ്പം, കാ‍ലത്തിന്റ്റെ പ്രതീകമാണ്. പരീക്ഷിത്ത്, നമ്മിലോരോരുത്തരുടേയും പ്രതിനിധി. എന്തെന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്താലും ഈ കാലസര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നും രക്ഷകിട്ടില്ല. ശരീരം ഒരിയ്ക്കല്‍ നശിക്കുക തന്നെ ചെയ്യും. ശരീരത്തിനുള്ളിലിരുന്നുകൊണ്ട്‌ ഓരോ ജീവനും നേടേണ്ടതായ അറിവുണ്ട്. ആത്മസാക്ഷാത്കാരം. ഈ ശരീരം എന്നത് വെറും ഒരു ഉടുപ്പാണ്, ശരിയ്ക്കുമുള്ള താന്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം തന്നെയാണ് എന്ന ബോധം (പഠിച്ചാലും പോരാ) അനുഭവിയ്ക്കണം. ആ അനുഭവം സാധ്യമായാല്‍ പിന്നെ എന്തു മരണഭയം? അവിടെ അയാള്‍ അമരനായിത്തീരുന്നു, സന്തോഷത്തോടെ, ആത്മാനന്ദത്തോടെ, ശരീരമുപേക്ഷിക്കുന്നു. ആ അറിവ്‌ അനുഭവിക്കാറായാലേ മരണഭയം നീങ്ങുകയുള്ളൂ, നിറഞ്ഞ ആനന്ദം, ഒരിക്കലും അവസാനിക്കാത്ത ആനന്ദം അനുഭവിക്കാറാവൂ. ആ അറിവിനു കാതോര്‍ത്തിരിക്കുകയാണ് ഇവിടെ പരീക്ഷിത്ത്‌. അദ്ദേഹത്തിന്റെ ശ്രദ്ധയും പാകതയും അത്യന്തം ഗാഢമായിരുന്നു. അതുകൊണ്ടുതന്നെ ശ്രേഷ്ഠരായ ഗുരുക്കന്മാര്‍, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക്‍ , ആ ഗംഗാതീരത്തേയ്ക്ക്‍ സ്വമേധയാ എത്തിച്ചേരുകതന്നെ ചെയ്തു.

16 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടരേ,

പരീക്ഷിത്തിന്റെ കഥ (ഭാഗം 3)(മിക്കവാറും അവസാനത്തേതാവും). പുതിയ പോസ്റ്റ്.
താല്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്-

വേണു venu said...

പരീക്ഷിത്തിന്‍റെ കഥ നന്നാകുന്നു.ഗംഗാ നദീ തീരത്തു് സ്വയം എത്തപ്പെട്ട ഗുരുക്കന്മാരേയും തക്ഷകന്റ്റെയും പരീക്ഷിത്തിന്‍റെയും ബാക്കി കഥകള്‍ക്കു് കാത്തിരിക്കുന്നു. ബാക്കിയും തുടര്‍ന്നെഴുതണമെന്നു് താല്‍‍പര്യപ്പെടുന്നു.

ജ്യോതിര്‍മയി /ज्योतिर्मयी said...

വേണു ജി
വായിക്കാനാളുണ്ടെങ്കില്‍ തുടരാന്‍ സന്തോഷം. ഞാനായിട്ടു പറഞ്ഞു കഥയുടെ വില കളയരുതല്ലോ.
തുടരാന്‍ ശ്രമിക്കാം. (പിന്നെ നിര്‍ത്താറായാല്‍ പറയേണ്ടിവരും:-)

Unknown said...

ജ്യോതി ടീച്ചറേ,:)
കഥ തുടരുക
വായിക്കാനാളു വന്നോളും.
ഇന്നു വായിക്കുന്നവരേയും കമന്റിടുന്നവരേയും മാത്രം ഗണിക്കേണ്ട.

അറിയാവുന്നത് ലളിതമായി പറഞ്ഞു വെക്കേണ്ടത് താങ്കളുടെ കടമയാണ് , പിറകെ ഒരു തലമുറ ഇതൊക്കെ തേടി യാത്ര പുറപ്പെട്ടിട്ടുണ്ട് അല്പം വൈകിയാലും അവരീവഴിയൊക്കെത്തന്നെയാവും വന്നെത്തുക.

ഇപ്പോഴത്തെ രീതിയനുസരിച്ച് ഓടോയടിക്കാനുള്ള വകുപ്പൊന്നുമില്ലാത്തതിനാല്‍ വായിച്ചവര്‍ തന്നെ എല്ലായ്പ്പോഴും കമന്റുമെന്നു പ്രതീക്ഷിക്കരുത്.

അപ്പു ആദ്യാക്ഷരി said...

കഥ നിര്‍ത്തല്ലേ. “കമന്റില്ല” എന്നതിന്‍് ആരും വായിച്ചില്ല എന്നര്‍ഥമില്ല ചേച്ചീ. ഇനിയും തുടരുക. നല്ല ഗുണപാറങ്ങളുള്ള കഥ. ഇഷ്ടമായി.

മിടുക്കന്‍ said...

ടീച്ചറേ..,
ഇതു കഴിഞ്ഞിട്ട് ധ്രുവന്റെ കഥ പറയണം..
:-)

കുട്ടിക്കാലത്ത് ഇങ്ങനെ മുത്തശ്ശി കഥ പറയാറുണ്ടായിരുന്നു.. നല്ല രസം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജ്യോതി റ്റീചറേ

നല്ല എഴുത്തുകള്‍ വായിക്കുവാനും നിശ്ശബ്ദമായി ആസ്വദിക്കുവാനും കഴിവുള്ള ധാരാളം പേര്‍ ഉണ്ട്‌ അവരൊന്നും കമന്റിടുന്നില്ല എന്നതു കൊണ്ട്‌ വായിക്കുന്നില്ല എന്നര്‍ത്ഥമില്ല.

ഈ അറിവിന്റെപ്രവാഹം ഒരിക്കലും നിലക്കരുതേ എന്നു പ്രാര്‍ത്ഥനയോടെ

Khadar Cpy said...

പരീക്ഷിത്ത് സര്‍പ്പദംശന്ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൊട്ടാരം കെട്ടി അതിനകത്തിരുന്നു, എന്നും പിന്നെ തക്ഷകന്‍ പുഴുവായി പഴത്തിനകത്ത് കയ്റിയിരുന്ന് കൊട്ടാരത്തിനകത്തെത്തിയെന്നും, തന്നെ ഒന്നും ചെയ്യാന്‍ തക്ഷകനാവില്ല എന്ന അഹങ്കാരം കൊണ്ട് പുഴുവിനെ രാജാവിന് പഴത്തിനകത്ത് നിന്ന് കിട്ടിയെങ്കിലും അതിനെ ഏടുത്ത് തോളത്ത് വച്ചെന്നും പുഴു തക്ഷകനായി മാറിയെന്നും അസ്തമയ്ത്തിന് തൊട്ടുമുന്‍പ് പരീക്ഷിത്തിനെ ആലിംഗനം ചെയ്യുകയല്ലെ ഉണ്ടായത്...
അതോ.. എനിക്ക് തെറ്റു പറ്റിയതാണോ????

Rasheed Chalil said...

:)

ജ്യോതിര്‍മയി /ज्योतिर्मयी said...

പ്രിന്‍സി:-)

ഈ കഥ അങ്ങനേയും കേട്ടിട്ടുണ്ടല്ലെ? ഞാന്‍ ഭാഗവതം അടിസ്ഥാനമാകിയാണ് ഇതു പഠിച്ചെഴുതുന്നത്. ഒന്നാം സ്കന്ധം 18-19 അദ്ധ്യായങ്ങളില്‍ പറഞ്ഞതുപോലെ തന്നെയാണ് ഇവിടെ എഴുതിയത്. സംസ്കൃതം ശ്ലോകങ്ങള്‍ ഉദ്ധരിച്ചാല്‍ വായനയ്ക്കു ക്ലിഷ്ടത കൂടിപ്പോയാലോ എന്നു കരുതി, എഴുതുന്നില്ല എന്നേ ഉള്ളൂ.

ഭാഗവതം, ഭാരതം തുടങ്ങിയവയിലെ കഥകളെ ഉപജീവിച്ചും കഥാപാത്രങ്ങളെ ഉപജീവിച്ചും ‘എത്രത്രത്രത്ര്യോ’ പുസ്തകങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തന്നെ രണ്ടാമൂഴം, ദ്രൌപദി(പ്രതിഭാ റായ്), ഇനി ഞാനുറങ്ങട്ടെ... തുടങ്ങിയ നോവലുകളില്‍ കൂടിയാണ് പലരും മഹാഭാരതത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുന്നത്. നല്ലതു പറയാനാണെങ്കിലും ചീത്തതുപറയാനാണെങ്കിലും ഈ കഥകളെ ആര്‍ക്കും സമീപിക്കാം. എല്ലാവരുടേതുമാണല്ലോ ഇവ. കഥകളില്‍ മുങ്ങി നിവര്‍ന്നുകഴിഞ്ഞാല്‍ നല്ലതോ ചീത്തതോ എന്തുവേണമെങ്കിലും പറയുകയുമാവാം. വക്രദൃഷ്ടിയില്‍കൂടി കണ്ടതായാലും പുതുമയുണ്ടെങ്കില്‍ അവാര്‍ഡും തരപ്പെടും...

ചുരുക്കം ഇത്രയേ ഉള്ളൂ... പല പാഠഭേദങ്ങളുമുണ്ടാവാം ഈ കഥകള്‍ക്ക്. പക്ഷേ ഭാഗവതത്തില്‍ പറഞ്ഞത്‌ കഴിയുന്നതും വ്യക്തതയോടെ മനസ്സിലാക്കി, ഈ കഥകള്‍ പഠിച്ചാല്‍ കിട്ടാവുന്ന പാഠങ്ങള്‍ കൂടി ഒന്നു ഉരുവിട്ടുറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് ഞാനിങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്.
പ്രിന്‍സി സന്തോഷമായി.

അപ്പു :-) ആവാം

മിടുക്കാ,
അതും ശ്രമിയ്ക്കാം, തരം പോലെ.

പൊതുവാള്‍ ജി, ഹെറിറ്റേജ് ജി

പലതും ഇനിയും ചെയ്യാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലിനും പ്രോത്സാഹനത്തിനും നന്ദി.

sandoz said...

ടീച്ചറേ...തുടരുക....


''*അന്യരുടെ ഗുണങ്ങളെ എപ്പോഴും വലുതായിക്കാണുക. ഒരു ദോഷം കൊണ്ട്‌ അന്യന്റെ നൂറു ഗുണങ്ങളെ മൂടാതിരിക്കുക.''

ഈ വാക്കുകള്‍ അടുത്തകാലത്ത്‌ ഞാന്‍ ഒന്നു മറന്നു പോയോ എന്നു എനിക്കൊരു സംശയം.....

Siji vyloppilly said...

തുടരുക ടീച്ചറേ..ഞങ്ങള്‍ വായിക്കുന്നുണ്ട്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

സാന്‍ഡോസ് മാഷേ,

എന്തെങ്കിലുമൊക്കെ ഇവിടെനിന്നും തരാവുന്നുണ്ട്, അല്ലേ. പറഞ്ഞപ്പോള്‍ എനിയ്ക്കും സന്തോഷമായി.
താ‍ങ്കളുടെ പ്രൊഫൈല്‍ തന്നെ പലതും പഠിക്കാന്‍ വകതരുന്നുണ്ട്. പലപ്രാവശ്യം ഞാനതുവായിച്ചിട്ടുണ്ട്. (interests അല്ല, കൊറിയയുമല്ല:-) പിന്നെ ടോട്ടോച്ചാന്‍ എന്റ്റേയും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്, ഉണ്ണിക്കുട്ടന്റെ ലോകം പോലെ.
നന്ദി, നമസ്കാരം!

സിജീ...
ഇടയ്ക്കൊക്കെ നമുക്കു കാണാം. ആരൊക്കെയാ വരുന്നത്? രാമകൃഷ്ണജി?

ഇത്തിരിവെട്ടമേ :-)
ചിരിക്കാന്‍ മറന്നുപോയി :-)

അയ്യോ ഇവിടെ നാളെയായി, എന്റെ പണി കഴിഞ്ഞില്ലല്ലോ:-(

മനോജ് കുമാർ വട്ടക്കാട്ട് said...

പഴയ കഥകള്‍ പിന്നെയും കേള്‍ക്കാന്‍ സുഖം.
ടീച്ചര്‍ തുടരുക.

Siju | സിജു said...

വൈകിയാണ് കണ്ടത്
നന്നായിരിക്കുന്നു

പറയാന്‍ വന്നത് പ്രിന്‍സി പറഞ്ഞു

qw_er_ty

ആവനാഴി said...

ജ്യോതിര്‍മയീ,

നല്ല സംരഭമാണു. ആഖ്യാനവും വ്യാഖ്യാനവും വളരെ നന്നായിരിക്കുന്നു.

എല്ലാവരും വായിച്ചിരിക്കേണ്ടതാണു പുരാണങ്ങളും ഐതിഹ്യങ്ങളുമെല്ലാം.

ജ്യൊതിര്‍മയീ, വീണ്ടുമെഴുതൂ.

സസ്നേഹം

ആവനാഴി.