Saturday, April 04, 2009

കൊന്നപ്പൂമൊഴി!

മുറ്റത്തൊരുമരമുണ്ടു്
പഴമില്ല, കായില്ല, പൂവില്ല
ഒരിലപോലുമില്ല
അസ്ഥികൂടം പോലൊരു മരം
ഒരു ഉണക്കക്കൊന്നമരം!

ശിശിരം വേദനയത്രേ, ശരീരത്തിനും
ഇലയെല്ലാം കൊഴിഞ്ഞേപോയ്
ആരും തന്നെക്കാണരുതേ എന്ന്
കൊന്ന തന്റെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചിരുന്നു
ആരും തന്നെ കാണേണ്ട
തനിയ്ക്കുമാരേം കാണേണ്ട
ഉള്ളിലേയ്ക്കൊതുങ്ങിയൊതുങ്ങി
നീലാകാശത്തെമനസ്സില്‍‌വിരിച്ച്
സുഷുപ്തിയിലാണ്ടൂ കൊന്ന.
..................................

ഇലയില്ല, കലപിലയില്ല
പുറത്തെചൂടില്ല, തണുപ്പില്ല
ഹായ്! കാറ്റുവിളിച്ചു ചിറകിലിരുത്തി
വാനോളം പൊങ്ങിയുയര്‍ന്നു
നീലാകാശപ്പരപ്പില്‍
ശരീരഭാരമില്ല്ലാതെ ഒഴുകിപ്പരന്നു
ആകാശഗംഗയായി, അമൃതായി
അലിഞ്ഞലിഞ്ഞുനിറഞ്ഞു!

......................................................

ചിത്രപ്പാവാടനീര്‍ത്തിപ്പറന്ന പാപ്പാത്തി
ഒരുവേളവിശ്രമിക്കാനായി ഇറങ്ങിവന്നിരുന്നു
കൊന്നമരക്കൊമ്പില്‍.
ശിശിരം കഴിഞ്ഞത്രേ
ആദ്യം പറഞ്ഞതു പാപ്പാത്തി
വസന്തം വന്നെന്നു പൂങ്കുയിലുകള്‍.

ഉണക്കക്കൊന്നയ്കു ചിരിയ്ക്കണം
ആര്‍ത്തുല്ലസിയ്ക്കണം
താനൊരു ഉണക്കക്കൊന്നയല്ലത്രേ!
ഉള്ളിലൊളിച്ചിരുന്ന കൊന്ന
ചിരിച്ചൊലിച്ചിറങ്ങാനൊരുങ്ങി
ഓരോ ചര്‍മ്മകൂപത്തിലൂടേയും.
ഓരോ സൂര്യകിരണത്തിലും
കൊന്നകണ്ടതു വര്‍ണ്ണപ്രപഞ്ചം
മഴവില്‍ക്കാവടിയാട്ടം
കൊന്ന കോരിത്തരിച്ചു
കൊഞ്ചിച്ചിരിച്ചു
പൊന്നിന്‍പൂപ്പുഞ്ചിരിയായി
മഞ്ഞപ്പൂങ്കുലകള്‍ ഒഴുകിപ്പരന്നു!
കിങ്ങിണിമണിനാദം പോലെ
കൊന്നപ്പൂമൊഴി ഞാന്‍ കേട്ടൂ...
ഇലക്കനംപോണം, തലക്കനം പോയാല്‍
മറന്നിടാം സ്വയം, സുഷുപ്തി സുന്ദരം!
ഉണര്‍വുമൂര്‍ജ്ജവും നിറച്ചുകൊണ്ടപ്പോള്‍
ചിരിച്ചുപൂങ്കുലവിരിച്ചുനിന്നിടാം,
ഉണങ്ങരുതാരും” ചിരിച്ചുണരുവാന്‍
കണിക്കൊന്നയെന്നെ വിളിച്ചുണര്‍ത്തിയോ
വിഷുവന്നെത്തിപോല്‍ കണിക്കൊന്ന ചൊല്‍‌വൂ
ഉറങ്ങിയോരെല്ലാം ചിരിച്ചുണരട്ടേ!

8 comments:

സമാന്തരന്‍ said...

ഒരു വ്രത ശുദ്ധി പോലെ ഇലപൊഴിയും കാലം.. ഹരിതാഭവും ചേതോഹരവും സ്വപ്നസുരഭിലവുമായ ഒരു കാലത്തിനായുള്ള പ്രതീക്ഷകള്‍ നിറഞ്ഞ ശിശിരം...
ചിരിച്ചൊലിച്ചിറങ്ങാനൊരുങ്ങുന്ന കൊന്നയിലൂടെ പറയാതെ പറഞ്ഞതെത്ര സുന്ദരം

Umesh::ഉമേഷ് said...

ജ്യോതി വരെ ഗദ്യകവിത എഴുതാൻ തുടങ്ങി. കലികാലം!

നല്ല കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

തലക്കനമില്ലാത്ത കൊന്ന
കണികൊന്നയില്ലാത്ത വിഷു...

ശിശു said...

ഉമേഷ്ജി പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. ടീച്ചറും ഗദ്യത്തിലെക്ക് പോയാല്‍ എന്താകും കവിതയുടെ ഗതി? പക്ഷെ ആദ്യത്തെ ഗദ്യവരികള്‍ക്കുള്ള പ്രായശ്ചിത്തമെന്നോണം മനോഹരമായി അവസാനത്തെ വരികള്‍..
“ ഇലക്കനംപോണം, തലക്കനം പോയാല്‍
മറന്നിടാം സ്വയം, സുഷുപ്തി സുന്ദരം!

മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍ എന്ന വരികള്‍ ഓര്‍ത്തുപോയി.
നന്നായി.

Umesh::ഉമേഷ് said...

ശിശൂ,

“മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ” വംശസ്ഥമാണു്. ജ ത ജ ര. “ഇലക്കനം പോണം...” വംശസ്ഥമല്ല, ഭാഷാവൃത്തമായ അന്നനടയാണു്. മിക്കവാറും വംശസ്ഥവും അന്നനട പോലെ ചൊല്ലാം. എന്നാൽ അന്നനട വംശസ്ഥം പോലെ ചൊല്ലാൻ സാദ്ധ്യത വളരെക്കുറവാണു്. കൂടുതൽ വിവരങ്ങൾ പണ്ടു രാം മോഹൻ പാലിയത്തിന്റെ ബ്ലോഗിൽ ഇട്ടഈ കമന്റിൽ ഉണ്ടു്.

ശിശു said...

ഉമേഷ് ജി, നന്ദി തിരുത്തിനും അറിവ് പങ്കുവയ്ക്കലിനും.
വൃത്തജ്ഞാനത്തില്‍ ഞാനൊരു ശിശു.

ജ്യോതിര്‍മയി /ज्योतिर्मयी said...

വളരെക്കാലത്തിനുശേഷം ഉണ്ടായ കൊന്നപ്പൂമൊഴി വായിച്ചവര്‍ക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി.

സമാന്തരാ, കമന്റു സന്തോഷിപ്പിക്കുന്നു. നന്ദി.
ഉമേഷ് ജി, ജ്യോതി ‘വരെ’ എന്നു പറഞ്ഞതെന്തേ? ഈ കമന്റും എനിയ്ക്കു സര്‍ട്ടിഫിക്കറ്റ് ആയാണു തോന്നിയത്, കവിത എന്നു ഞാന്‍ ലേബലൊട്ടിക്കാതെ തന്നെ, കവിതയാണെന്നു നിങ്ങളെപ്പോലുള്ളവര്‍ക്കു തോന്നിയല്ലോ എന്നതുതന്നെ വലിയകാര്യമല്ലേ. നന്ദി.
ബിലാത്തിപ്പട്ടണത്തിലാണോ കൊന്നയില്ലാത്ത വിഷു? വായിച്ചതില്‍ സന്തോഷം.
ശിശു ജി, കവിതയെ രക്ഷിക്കേണ്ട ഭാരമൊന്നും ഞാനേല്‍ക്കുന്നില്ല. അഭിപ്രായത്തെ മാനിക്കുന്നു. താളവും വൃത്തവുമുണ്ടായിരുന്നെങ്കില്‍ ഈ കവിത ഒന്നുകൂടി പ്രസന്നമാകുമായിരുന്നു എന്നെനിയ്ക്കും അഭിപ്രായമുണ്ട്.


[ആത്മഗതം: ബാണകവിയൊക്കെ എങ്ങനെകവിയായി ആവോ? :))]

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by the author.