Tuesday, May 05, 2009

വാക്കിന്റെ ജനിതകം, കവിതയുടേയും

വക്കില്ലാത്തൊരു വാക്കേ നിന്നുടെ
പൊരുളെന്തെന്നു നിനയ്ക്കേ
വക്കിലുടക്കാറില്ലെന്നിപ്പോ-
ഴകത്തുതേനുണ്ണാമെന്നോ?

കത്തും വേനലില്‍ മാനസമാകെ
പൊടിപൂരത്തിന്‍‌കൂടാരം
പൊടിയും മഴയില്‍നനയാറുണ്ടേ
മാനസഹംസച്ചിറകപ്പോള്‍
മനം കലക്കും മട്ടില്‍‌പെയ്താല്‍
ചെളിക്കുഴമ്പായതുപിന്നെ
നിറമോലും നല്‍ത്താമരകാണാ-
തതിന്നുമടിയില്‍ ചെളിതോണ്ടും
‘പങ്കജ*’മേ നിന്‍‌ ജനിതകമെന്തേ
ചെളിക്കുഴമ്പില്പുതയുന്നൂ?
കളിയാക്കാന്‍ ഹായ് ബഹുരസമയ്യേ
ചെളിയില്‍പ്പൂണ്ടൊരു ചെന്താരേ!
അഹന്തവേണ്ടിനിമേലില്‍ നീയും
പുളയും പുഴുവും സമശീര്‍ഷര്‍!
സുവര്‍ണ്ണസൂര്യനെ നോക്കാനെങ്ങനെ
മാനം നിന്നില്‍ ശേഷിപ്പൂ?
മുദ്രാവാക്യക്കൈപ്പൊക്കല്‍‌പോല്‍
ചെളിയില്‍ കീടം തലപൊക്കീ
മദിച്ചുമരുവും കൃമികീടങ്ങള്‍
ഉറഞ്ഞുതുള്ളീ മുറപോലേ...
വര്‍ഷമിറങ്ങീ ചെളിയുമടങ്ങീ
താമര നില്‍പ്പതുഹര്‍ഷിതയായ് !
താമരയുണ്മതു ചെളിയല്ലെന്നും
ആരുണ്ടറിവൂ മൂലകനിരയെ?
മൂല്യമതുറ്റൊരു ധാതുവിധാതാ-
വെന്നോ തന്നകുറിപ്പടിപോലെ
വലിച്ചുകുടിച്ചിട്ടാരസമൂറ്റി
ദഹിപ്പിച്ചമ്പൊടു സത്തകടഞ്ഞി-
ട്ടാവാഹിച്ചു മനസ്സിലിരുത്തി
ത്തന്മയമാക്കും കൌശലമല്ലേ
താമരയുണ്മതു തന്നനുഭൂതി!

ചെളിയില്‍ മദിയ്ക്കാതുറയാതങ്ങനെ
നിസ്സംഗത്തിന്‍ പാഠവുമുള്‍ക്കൊ-
ണ്ടെന്നും സത്താമാത്രയിലാ‍ണെന്‍
ചേതന, ചൊല്ലീ കവിതയുമതുപോല്‍!


പങ്കജം = പങ്കത്തില്‍ (ചെളിയില്‍) ഉണ്ടായത്.

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

വാക്കിന്റെ ജനിതകം, കവിതയുടേയും ജനിതകമിതല്ലേ?

Calvin H said...

ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം

Anonymous said...

കാൽ വിൻ,
മായ?or
കൈ win?
അല്ല, actually, പദ്മിനി means താമരപ്പൊയ്ക അല്ലേ, താമര അല്ലല്ലോ? ഉമേഷ്ഗുരോ, സന്ദേഹം തീർഥാലും.

ജ്യോതിര്‍മയി /ज्योतिर्मयी said...

കാല്‍‌വിന്‍,
അതൊക്കെ അന്തകാലത്തെ കഥയല്ലേ, അളി താമരയോടു സ്വകാര്യം പറയാന്‍ തുടങ്ങിയകാലത്തെ കഥ, എന്റെയൊക്കെ കവിതയ്ക്കു മുന്‍പുള്ള കഥ. അതിന്നുശേഷം അളി എത്രനേരം ചാറ്റുചെയ്തെന്നോ താമരയുമായി? സംസര്‍ഗ്ഗഗുണം കൊണ്ടു അളിയ്ക്കും താമരയെപ്പോലെത്തന്നെ രാവുപോകണമെന്നോ പകലുവരണമെന്നോ എന്തിനു പറയുന്നു, രാവും പകലും എന്ന ഭേദത്തില്‍ ദുഃഖമൊക്കെ ഇല്ലാണ്ടായിരിക്കുന്നൂ, ഒന്നുമറിഞ്ഞില്ല്യാന്നുണ്ടോ?

അതവിടെയിരിയ്ക്കട്ടേ

പുഴുവിന്നും താനുണ്ണുന്നതു ചെളിയല്ല എന്നു ബോധ്യമായാല്‍ ബോധോദയമുണ്ടാവും എന്നുതന്നെ ഒരു ദന്തീന്ദ്രന്‍ പണ്ടൂ പറഞ്ഞുതന്നിട്ടുണ്ട്, അതും കേട്ടിരിയ്ക്കും ഇല്ലേ?

ജ്യോതിര്‍മയി /ज्योतिर्मयी said...

കാല്‍‌വിന്‍,

ദാ ചങ്ങലപൊട്ടിച്ചൊരാന (ചങ്ങലപൊട്ടിച്ച കവിതയോ?)

Muralee Mukundan , ബിലാത്തിപട്ടണം said...

അർഥഗംഭീരമുപമാതിഷ്ട്ടിതം !

ഹന്‍ല്ലലത്ത് Hanllalath said...

ഈണത്തില്‍ ഒന്ന് ചൊല്ലി നോക്കി...കൊള്ളാം... :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

The dantheendrans now-a-days are simply obeying orders - don't have a brain of their own, know.

ജ്യോതിര്‍മയി /ज्योतिर्मयी said...

ബിലാത്തി, ലാത്തിയാണോ? ഇത്രയ്ക്കും വേണ്ടായിരുന്നു :), വായിച്ചതില്‍ സന്തോഷം.

hAn...(എങ്ങനെ വായിയ്ക്കണം?) നന്ദി.

പണിക്കര്‍ ജി, വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അങ്ങനേയും ഒരു അര്‍ഥമാവാമല്ലേ അടുത്തകവിതയിലെ ദന്തീന്ദ്രന്? ഞാനുദ്ദേശിച്ചത് കുഴിയാനകളായിത്തീര്‍ന്ന നമുക്കോരോരുത്തര്‍ക്കും നമുക്കോരോരുത്തര്‍ക്കും ഗജേന്ദ്രമോക്ഷം സംഭവിയ്ക്കാം എന്നായിരുന്നു. നന്ദി.