പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.
പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി
ഗോപികാജീവനം
കൃഷ്ണമയം തന്നെയായിരുന്നു ഗോപികകമാരുടെ ഓരോദിവസവും.
ഗോപികാജീവനം ഇവിടെ കേള്‍ക്കാം
അമ്മമാര്‍ കുഞ്ഞുകുട്ടികളെ ഊട്ടാനും ഉറക്കാനും ഒക്കെ ഇതു ചൊല്ലാറുണ്ടായിരുന്നു.
പ്രത്യുഷസ്സിലുത്ഥിതരായ് കൈകഴുകി ഭദ്രദീപം
കത്തിച്ചുടന്‍ കട്ടത്തയിര് കടഞ്ഞിടുമ്പോള്‍
ആമോദമോടമ്പാടിയില്‍ പെണ്കിടാങ്ങള് പാടീടുന്നു
രാമകൃഷ്ണദാമോദര...എന്നിപ്രകാരം.
ബാലസൂര്യരശ്മിജാലമൊത്തപൊന്നിന്‍ ചൂലുകൊണ്ടു
കാലത്തണിമുറ്റമെല്ലാമടിച്ചീടുമ്പോള്‍
സാമഗാനം ഗോപാലകബാലികമാര്‍ പാടീടുന്നു
രാമകൃഷ്ണാദാമോദര എന്നിപ്രകാരം
ആരാമത്തില്‍ നിന്നറുത്തുകൊണ്ടുവന്ന പുഷ്പങ്ങള്‍ കൊ-
ണ്ടാരമ്യമാം വണ്ണമുണ്ടമാലകെട്ടുമ്പോള്‍
തൂമിഴിനീര്‍ തൂകിക്കൊണ്ടു ഗോപികമാര്‍ പാടീടുന്നു
രാമകൃഷ്ണദാമോദര എന്നിപ്രകാരം
നെല്ലുകുത്തിയരിയാക്കിക്കല്ലുരലിലിട്ടമച്ചു
നല്ലവണ്ണം പുത്തന്മുറം കൊണ്ടു ചേറുമ്പോള്‍
പ്രേമപൂര്‍വ്വം ഗദ്ഗദത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
അമ്മുണ്ണിത്തം കൊണ്ടുണ്ണുവാന്‍ കൂട്ടാക്കാത്ത സോദരിതന്‍-
പൊന്നുണ്ണിയെ പുന്നാരങ്ങള്‍ ചൊല്ലിയൂട്ടുമ്പോള്‍
മെയ്മറന്നുകൊണ്ടിടയപ്പെണ്‍കുട്ടികള്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം
ഉത്സാഹത്തോടിടനേരം ജോലികഴിഞ്ഞുണ്ണികളെ
ഉത്സംഗത്തില്‍കേറ്റിവെച്ചു താലോലിക്കുമ്പോള്‍
സോമമുഖിമാരാം വ്രജകന്യകമാര്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം
വാശിമൂലം കേണീടുന്നപൈതലിനെതോഷിപ്പിക്കാന്‍
പേശലമതിന്‍തുടമേല്‍ മെല്ലെക്കൊട്ടുമ്പോള്‍
ഓമനിച്ചും കൊണ്ടു ഗോപസുന്ദരിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം
വീട്ടിലേക്കു പൈക്കൂട്ടത്തെയോരോന്നായി കാട്ടില്‍നിന്നും
ആട്ടിത്തെളിച്ചന്തിനേരം കൊണ്ടുപോരുമ്പോള്
സീമയറ്റ ഭംഗിയോടെ വല്ലവിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം
ശ്രദ്ധയോടേ സന്ധ്യകളില്‍ സന്ധ്യപോലെ നിത്യ പരി-
ശുദ്ധകളാം ധേനുക്കളെ കറന്നീടുമ്പോള്‍
രോമോത്സവം പൂണ്ടു ഗോപകന്യകമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
വൈകുന്നേരം കേളികഴിഞ്ഞെത്തിടുന്നബാലന്മാരെ
മെയ്കഴുകിച്ചാഭരണം ചാര്‍ത്തിച്ചീടുമ്പോള്‍
കോള്‍മയിര്‍ക്കൊണ്ടത്യുച്ചത്തില്‍ വല്ലവികള്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം
പൊന്‍കുടത്തില്‍ വെള്ളം മുക്കിക്കാളിന്ദിയില്‍ നിന്നും കേറ്റി
പൂങ്കാവിലെപ്പൂച്ചെടിക്കു നനച്ചിടുമ്പോള്‍
പ്രേമസ്മിതം തൂകിക്കൊണ്ടു ചന്ദ്രാവലി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
അമ്മയുടെ കല്പ്പനയാല് സന്ധ്യക്കങ്ങുകുറിയിട്ടു
നന്മയേറുന്നൊരു മഹാമന്ത്രം ചൊല്ലുമ്പോള്‍
വ്യാമോഹത്താല്‍ ശ്രീരാധിക മന്ത്രം മാറി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
തൊട്ടികളില്‍ മെത്തവിരിച്ചന്തിനേരം കിടത്തിയ
കുട്ടികളെ മന്ദമാട്ടിയുറക്കീടുമ്പോള്‍
കോമളമാം ശാരീരത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
പുണ്യവൃന്ദാവനത്തിങ്കല്‍ പൂര്‍ണ്ണചന്ദ്രവെണ്ണിലാവില്‍
പൊന്നുഴിഞ്ഞാല്‍പ്പൂമ്പടിമേല്‍ കേറിയാടുമ്പോള്‍
ശ്യാമളനെച്ചിന്തിച്ചായര്‍പ്പെണ്മണികള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
പൂമെത്തയില്‍ കിടന്നിട്ടും തെക്കന്‍ കുളിര്‍കാറ്റേറ്റിട്ടും
കാമം മൂലം നിദ്രവരാന്‍ താമസിക്കുമ്പോള്‍
യാമിനിയില്‍ ദീര്‍ഘകാലം ഗോപികമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
********************************************
3 comments:
:)
വിനയ് ജി :-)
വായിച്ചോ അതോ കേട്ടോ?
നന്ദി
(ജ്യോതിര്‍മയി)
കേട്ടു കൊണ്ടിരിക്കുന്നു
രണ്ടാമത്തെ ശ്ലോകം അങ്ങു വിഴുങ്ങി അല്ലേ :) :)
Post a Comment