Sunday, July 02, 2006

ആത്മമിത്രം

ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമി തന്‍മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം തോഴ!
നിന്‍പേരെനിയ്ക്കറിയില്ല കഷ്ടം!
ഞാനുണരുമ്പോള്‍ കണികാണുവാനായി
പുഞ്ചിരി തൂകി നീ നിന്നിരുന്നൂ,
നമ്മളെ നോക്കിച്ചിരിയ്ക്കുന്ന പൂക്കളെ,
കൂടെക്കളിയ്ക്കാന്‍ വിളിയ്ക്കുന്ന പൂച്ചയെ,
കൊണ്ടു നടന്നെന്നെ നന്‍മകള്‍ കാണിച്ച-
തെന്നുമേ നീയായിരുന്നുവല്ലോ
പിച്ചയും വെച്ചു നടക്കാന്‍ പഠിയ്ക്കവേ
വീണില്ലൊരിക്കലും നിന്റെ താങ്ങാല്‍
‍പേരു ഞാന്‍ ചൊല്ലി വിളിച്ചില്ലയെങ്കിലും
നീയുമെന്നൊപ്പമുണ്ടായിരുന്നൂ
ആടിയും പാടിയുമാര്‍ത്തുല്ലസിച്ചുമാ-
ക്കാലം പറന്നുപോയെന്നില്‍ നിന്നും
പുസ്തകസ്സഞ്ചിയും തോളിലേറ്റീ, പിന്നെ
ജീവിതം മത്സരം മാത്രമായീ..

ജീവിതത്തിന്റെ നൂല്‍ക്കോണി കയറവേ
മറ്റൊന്നുമോര്‍ത്തില്ല വീഴാതിരിയ്ക്കുവാന്‍
‍മാനവും മുട്ടിവളര്‍ന്നോരഹന്തയില്‍
‍മേലുകീഴും ഞാന്‍ മറന്നിരുന്നൂ
ഉത്തരത്തില്‍ തല മുട്ടിയോ? കാല്‍ കരി-
ങ്കല്ലിലുടക്കിയോ? വീണു ഞാന്‍ മണ്ണിതില്‍
‍താഴെയീ ഭൂമിയില്‍ വാനിനെ നോക്കി ഹാ
‍കൈകാലുളുക്കി മലര്‍ന്നു കിടക്കവേ
ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമിതന്‍ മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം
തോഴനിന്‍പേരെനിയ്ക്കറിയില്ല! കഷ്ടം!

7 comments:

myexperimentsandme said...

കവിതകള്‍ മനസ്സിലാക്കി ആസ്വദിക്കുന്നതില്‍ ലേശം പിന്നിലാണെങ്കിലും ഇതെനിക്കിഷ്ടപ്പെട്ടു. വലിയ കോം‌പ്ലിക്കേഷനൊന്നും തോന്നിയില്ല. ആ ടീമാരാണെന്നു മാത്രം മനസ്സിലായില്ല എന്ന വാസ്തവം അവശേഷിക്കുന്നു- ഇങ്ങിനത്തെ കാര്യങ്ങള്‍ ആസ്വാദകനു വിട്ടുകൊടുക്കുന്നതാണോ കവിതയുടെ രീതി?

എനിക്കിഷ്ടപ്പെട്ട ഒരു കവിത

സിദ്ധാര്‍ത്ഥന്‍ said...

ജ്യോതിക്കു്‌ വന്ദനം.
വൈകിയ ഒരു സ്വാഗതം.


ബ്ലോഗിലെത്തിപെട്ടൂലോ.... (ചില വൈദ്യന്മാരു പറയുമ്പോലെ) ഇനി ഒന്നും പേടിക്കേണ്ട. കഥയോ കവിതയോ ശ്ലോകമോ എന്താച്ചാ അങ്ങ്ട്ട്‌ കാച്ചെന്നെ.
സന്തോഷായി ട്ടോ...

വര്‍ണ്ണമേഘങ്ങള്‍ said...

നന്നായി.
ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.
ബാംഗ്ലൂര്‍ ആണല്ലേ..?

ഡാലി said...

ജ്യോതി ...ഒരു നല്ല സിമ്പിള്‍ കവിത... അപ്പൊ ആധുനികതയും ഉത്തരാധുനികതയും തീണ്ടാത്ത കവി(കവയത്രി)കളുമുണ്ടല്ലെ? ......

SEEYES said...

ആ‍ദ്യത്തെ നാലു വരി ഒഴിവാക്കി, ‘നീയുമുണ്ടായിരുന്നെന്നൊടൊപ്പം തോഴ!‘
എന്നു തുടങ്ങിയിയാല്‍ കൂടുതല്‍ നന്നാവുമോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

വക്കാരിമഷ്ടാ, നന്ദി. കുറച്ചു ശ്ലോകങ്ങള്‍ ശ്ലോകക്കൂട്ടായ്മയില്‍ ചേര്‍ന്നതിനു ശേഷം എഴുതിയിട്ടുണ്ടെന്നല്ലാതെ, എഴുത്തില്‍ മുന്‍പരിചയം കുറവാണ്‌.
ആത്മമിത്രം ആരാണെന്നു ഇന്നും ഞാന്‍ അടുത്തറിയാന്‍ ശ്രമിയ്ക്കുന്നു, അദ്ദേഹം മിത്രം മാത്രമല്ല, കൂടപ്പിറപ്പല്ലേ എന്നും തോന്നുന്നു.

സിദ്ധാര്‍ഥന്‍, വര്‍ണ്ണമേഘങ്ങള്‍, ഡാലി, എല്ലാവര്‍ക്കും നന്ദി

സീയെസ്‌, ശരിയാണ്‌, കുറച്ചു കൂടി സമയമെടുത്തു മിനുക്കണമെന്നു തോന്നുന്നു. നിര്‍ദ്ദേശത്തിനു നന്ദി.

Unknown said...

മനോഹരം - അഭിനന്ദനങ്ങൾ