Saturday, August 05, 2006

ഉലൂകദൃഷ്ടി

സമത്വദര്‍ശീ തു ദിവാകരോഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

ദിവാകരഃ = സൂര്യന്
‍സമത്വദര്‍ശീ ഹി = എല്ലാറ്റിനേയും ഒരുപോലെ നോക്കിക്കാണുന്നു (ആരോടും ഒരു പ്രത്യേകതയും കാണിക്കാറില്ല)
തു = പക്ഷേ
തഥാ = അപ്രകാരം (സൂര്യന്‍ സമദര്‍ശിയാണെന്ന്)
ന ഭാതി = തോന്നുന്നില്ല, കാണപ്പെടുന്നില്ല
ഇതി = എന്ന്‌
ഉലൂകാഃ = മൂങ്ങകള്‍, വിഡ്ഢികള്
‍വദന്തി= പറയുന്നു.
അതുപോലെയാണ്‌,
ഗുരൂണാം സമാനപാഠേऽപി=ഗുരുക്കന്മാര്‍ ഒരേപോലെ പഠിപ്പിച്ചാലും
മീലിതലോചനാനാം= കണ്ണടച്ചിരിയ്ക്കുന്നവര്‍ക്ക്‌
വിഭേദതാ= ഭേദബുദ്ധി(പക്ഷപാതം)തോന്നുന്നത്‌

പകല്‍ സൂര്യന്‍ പ്രകാശം എല്ലായിടത്തും പരത്തിക്കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ കണ്ണടച്ചിരുന്നുകൊണ്ട്‌ മൂങ്ങകള്‍ സൂര്യനെ നിഷേധിക്കുന്നു. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ ശിഷ്യര്‍ക്കെല്ലാം ഒരേപോലെ വിദ്യ പകര്‍ന്നു നല്‍കുമ്പോള്‍, കണ്ണുതുറക്കാത്ത വിഡ്ഢികള്‍ക്കാണ്‌, ഗുരു ചിലര്‍ക്ക്‌ അധികം പറഞ്ഞുകൊടുത്തു എന്നു തോന്നുന്നത്‌. ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു.

28 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉലൂകദൃഷ്ടി

പകല്‍ സൂര്യന്‍ പ്രകാശം എല്ലായിടത്തും പരത്തിക്കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ കണ്ണടച്ചിരുന്നുകൊണ്ട്‌ മൂങ്ങകള്‍ സൂര്യനെ നിഷേധിക്കുന്നു. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ ശിഷ്യര്‍ക്കെല്ലാം ഒരേപോലെ വിദ്യ പകര്‍ന്നു നല്‍കുമ്പോള്‍, കണ്ണുതുറക്കാത്ത വിഡ്ഢികള്‍ക്കാണ്‌, ഗുരു ചിലര്‍ക്ക്‌ അധികം പറഞ്ഞുകൊടുത്തു എന്നു തോന്നുന്നത്‌. ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു.

viswaprabha വിശ്വപ്രഭ said...

അയ്യോ ജ്യോതീ!

ഇന്നുകാലത്ത് ഉലൂകങ്ങള്‍ കയറി വൃത്തികേടാക്കുന്ന ഒരു ബ്ലോഗില്‍ ഞാന്‍ ഇതേ സുഭാഷിതം എഴുതാന്‍ തുനിഞ്ഞതാണ്. ഇനി എന്റെ തലയിലും കേറി അവ കാഷ്ഠിക്കേണ്ടെന്നു കരുതി മാറ്റിവെച്ചു.

എന്നാല്‍ ഉലൂകങ്ങളെ കുറിച്ച് ഒന്നുകൂടിയാവട്ടെ:
“ദിവാ പശ്യതി ന ഉലൂകഃ കാകോ നക്തം ന പശ്യതി !
അപൂര്‍വഃ കഃ അപി കാമാന്ധഃ ദിവാ നക്തം ന പശ്യതി !!”

Santhosh said...

പരിഭാഷ കൂടി കൊടുക്കുന്നത് വലിയ ഉപകാരമാണ്.
ജ്യോതി റ്റീച്ചറാണന്നല്ലേ പറഞ്ഞത്? :)

:: niKk | നിക്ക് :: said...

ടീച്ചറാണോ? എന്താണ് ടീച്ചുന്നത്?

ഉമേഷ്::Umesh said...

സംസ്കൃതമാണു നിക്കേ. കോളേജില്‍.

എന്താ, പേടിച്ചുപോയോ? :-)

Satheesh said...

സംസ്കൃതം എന്ന് കേട്ടപ്പോള്‍ പേടിച്ചു പോയോ എന്ന ഉമേഷേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ പണ്ടത്തെ ഒരു സംഭവം ഓര്‍മ്മ വന്നു..
എന്റെ അച്ഛനും അമ്മയും സ്കൂള്‍ ടീച്ചര്‍മാരായിരുന്നു. ഹെഡ്മാഷായിരുന്ന അച്ഛന്‍ പഠിപ്പിക്കാത്ത വിഷയം സ്കൂളില്‍ ഇല്ലാന്നു തന്നെ പറയാം..(പ്രൈമറി സ്കൂളിലാവുമ്പം ആരും ചോദിക്കില്ലാന്നുള്ള ധൈര്യമാണോ എന്തോ.. പക്ഷെ ഈ സംസ്കൃതത്തില്‍ അങ്ങോര്‍ക്ക് മോശമല്ലാത്ത വിവരമുണ്ട്!). അങ്ങനെയിരിക്കെ സംസ്കൃതം ടിച്ചര്‍ ലീവിനു പോയ സമയത്താണ് അരക്കൊല്ലപ്പരീക്ഷ തുടങ്ങിയത്! അങ്ങനെ സംസ്കൃതം പരീക്ഷയുടെ പേപ്പറുകളുമെടുത്ത് അച്ഛന്‍ വീട്ടിലെത്തുന്നു. രണ്ടു ദിവസത്തിനുശേഷം ഒരു പട്ടാപ്പകല്‍ അച്ഛന്റെ ഒഅരു അലറിച്ചിരി കേട്ട് ആ നാട് ഞെട്ടി! കാരണം ഒരു ഉത്തരക്കടലാസ്!
ഒരു പേപ്പറില്‍ നിറയെ ഒരു വിദ്വാന്‍ എഴുതി വച്ചിരിക്കുന്നു...‘വണ്ട് തൂറി പാറിപ്പോയി’. എന്നിട്ട് ഓരൊ അക്ഷരത്തിന്റെയും മുകളില്‍ ഓരോ വരയും ( എഴുതിയതിനെ സംസ്കൃതം ആക്കാന്‍ ആ പാവം വേറെ വഴിയൊന്നും കണ്ടില്ല!).
സംസ്കൃതം ടീച്ചറുടെ പോസ്റ്റ് നിലനിര്‍ത്താന്‍ കണ്ടവരെയൊക്കെ പിടിച്ച് അതിനു ചേര്‍ത്തതിനെ ഓര്‍ത്ത് അച്ഛന്‍ തലയില്‍ കൈവെച്ചു!!
ജ്യോതി, നല്ല പോസ്റ്റ്! ഒരു ചെറിയ സജഷന്‍-‘ ഈ എഴുതുന്ന ശ്ലോകങ്ങളെ ബേസ് ചെയ്ത് കുറച്ചുകൂടി കൂടുതല്‍ എഴുതിക്കൂടെ!! ഒരു പോസ്റ്റ് ഇത്ര വേഗം വായിച്ചു തീര്‍ന്നല്ലോന്നുള്ള വിഷമം തീരും!!

ജ്യോതിര്‍മയി /ज्योतिर्मयी said...

"അയ്യോ ജ്യോതീ!
ഇന്നുകാലത്ത് ഉലൂകങ്ങള്‍ കയറി വൃത്തികേടാക്കുന്ന ഒരു ബ്ലോഗില്‍ ഞാന്‍ ഇതേ സുഭാഷിതം എഴുതാന്‍ തുനിഞ്ഞതാണ്".({Visvam}

ഇതേ സുഭാഷിതമോ? വിശ്വംജി സര്‍ട്ടിഫികറ്റിനു നന്ദി :-)

സന്തോഷ്ജി,
മനസ്സിലായി അല്ലേ ഞാന്‍ മുന്‍കൂര്‍ജാമ്യമെടുത്തതാണെന്ന്‌:-)

നിക്കേ, ഉമേഷ്ജി പറഞ്ഞതുപോലെ തന്നെ. ഒരിടയ്ക്കു ഭൌതികശാസ്ത്രവും പഠിപ്പിച്ചിരുന്നു:-) പിന്നെ ഭൌതികമായാലും വേദാന്തമായാലും വ്യാകരണമായാലും എന്റെ കയ്യില്‍ ചൂരലൊന്നുമില്ല കേട്ടോ. കുട്ട്യോള്‍ക്കൊന്നും എന്നെ ഒരു പേടീല്ല്യ. അവരെ എല്ലാരേം കൂടി കണ്ടാല്‍ ഞാനല്ലേ നടുങ്ങുന്നത്‌.
ഉമേഷ്‌ :-)
സതീഷ്‌, ഇന്നാണു താങ്കളുടെ പോസ്റ്റുകള്‍ വായിച്ചത്‌. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. അഭിപ്രായത്തിനും നന്ദി.

viswaprabha വിശ്വപ്രഭ said...

‘ഇതേ’ എന്നതിനര്‍ത്ഥം ഇതേ ആശയം എന്നേ ഉള്ളൂ കേട്ടോ?

തെറ്റിദ്ധരിച്ചില്ലെന്നു കരുതുന്നു...
സുഭാഷിതം ആണെന്നതിനൊരു സംശയവും വേണ്ട.

അരവിന്ദ് :: aravind said...

നല്ല സുഭാഷിതം.
നന്ദി ജ്യോതി ടീച്ചറേ.

മുസാഫിര്‍ said...

ജ്യോതി റ്റീച്ചറെ,

എട്ടാം ക്ലാസ്സു വരെ സംസ്കൃതം പഠിച്ച് പിന്നെ ഒരു നിസ്സാര കാര്യതിന്റെ പേരില്‍ റ്റീച്ച്രറുമായി വഴക്കിട്ട് മലയാളത്തിലേക്കു മാറി ഈയുള്ളവന്‍.ഇപ്പോള്‍ ഇതു കാണുമ്പോള്‍ കുറച്ച് കുടി പഠിക്കാമായിരുന്നു എന്നു തോന്നുന്നു.
ബുദ്ധിമുട്ടാവുകയില്ലെങ്കില്‍‍ , തുടക്കം മുതല്‍ പഠിക്കാവുന്ന രീതിയില്‍ വല്ലപ്പോഴും പൊസ്റ്റ് ഇടുക.

ഉമേഷ്::Umesh said...

ജ്യോതീ,

ഇതും രാജേഷ് വര്‍മ്മയുടെ പരിഭാഷയും കൂടി ഞാന്‍ “സുഭാഷിത”ത്തില്‍ ഇട്ടോട്ടേ?

രാജേഷ് ആർ. വർമ്മ said...

തര്‍ജ്ജമ കാണുക.

ജ്യോതിര്‍മയി /ज्योतिर्मयी said...

"ജ്യോതീ,
ഇതും രാജേഷ് വര്‍മ്മയുടെ പരിഭാഷയും കൂടി ഞാന്‍ “സുഭാഷിത”ത്തില്‍ ഇട്ടോട്ടേ?"

ഉമേഷ്‌,
എനിയ്ക്കു സന്തോഷമേയുള്ളൂ. subhaashithaththil iTTOLoo:-)

രാജേഷ്‌,
എന്റെ ശ്ലോകത്തിന്റെ പേരിലും എന്റെ സ്വന്തം പേരിലും നന്ദി:-)

വിശ്വംജി, അരവിന്ദ്‌, നന്ദി

മുസാഫിര്‍,
ഇന്നു സംസ്കൃതദിനമാണ്‌(ശ്രാവണപൌര്‍ണ്ണമി)സംസ്കൃതപ്രേമികള്‍ക്ക്‌.ഇന്നു തന്നെ മുസാഫിറിന്റെ ചോദ്യം കണ്ടപ്പോള്‍ സന്തോഷമായി. വിശദമായ ഒരു മറുപടി തരണമെന്നുണ്ട്‌. ഇപ്പോള്‍ നീട്ടിവെയ്ക്കാന്‍ പറ്റാത്ത ചില തിരക്കുകളിലാണു ഞാന്‍. ക്ഷമിയ്ക്കൂ. (വിസ്തരിച്ച മറുപടി പിന്നീട്‌).

പയ്യന്‍സ് said...

ഗുരുക്കളേകുന്നു വിദ്യകള്‍ സമരൂപത്തിലേവര്‍ക്കും പ്രകാശമെവിടെയും സൂര്യന്‍ ഒരു പോലെയേകും വിധം
കാര്യം ഗ്രഹിക്കാത്ത മൂഡന്‍മാര്‍ പഴിക്കും പക്ഷ പാതിത്വം
പകല്‍ കാണാത്ത മൂങ്ങകള്‍ സൂര്യനെയെന്ന പോലവേ

ജ്യോതി ടീച്ചറേ ക്ഷമിക്കണം. സംസ്ക്രിതം(അക്ഷരങ്ങള്‍ കിട്ടുന്നില്ല ഒരു കന്നിക്കാരണേ..) പണ്ടേ പേടിയാരുന്നൂ. അതു കാരണം ഒരു ട്രാന്‍സ്ക്രീയേഷന്‍ കീച്ചിയതാണു. മാപ്പാക്കണം

ഉമേഷ്::Umesh said...

പയ്യന്‍സിന്റെ പരിഭാഷ കൊള്ളാം. അതിനെ അനുഷ്ടുപ്പ് വൃത്തത്തിലൊതുക്കിയതു താഴെ:

സമരൂപത്തിലേവര്‍ക്കും
ഏകുന്നൂ ഗുരു വിദ്യകള്‍
പ്രകാശമെങ്ങുമേ സൂര്യന്‍
ഒരു പോലെയേകിടും വിധം

കാര്യം ഗ്രഹിക്കാത്ത മൂഢര്‍
പഴിക്കും പക്ഷപാതിത
പകല്‍ കാണാത്ത കൂമന്മാര്‍
സൂര്യനേയെന്ന പോലവേ

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ദിവാകരോऽഹി എന്നു വേണോ ജ്യോതീ? ദിവാകരോ ഹി എന്നു പോരേ?

അല്ലെങ്കില്‍ ദിവാകരനെ അഹി (പാമ്പു്) ആക്കേണ്ടിവരും :-)

പയ്യന്‍സ് said...

ഉമേഷേട്ടാ, തര്‍ജുവിനെ അനുഷ്ടുപ്പില്‍ കെട്ടിയത് നന്നായി.ഒന്നാം പാദം നാലാം വരി
"ഒരു പോലേകിടും വിധം" എന്നു പോരേ? ദിവാകരോഹി ആകാനേ തരമുള്ളൂ.

ബാബു said...

കേകയില്‍(പാദാദിപ്പൊരുത്തമില്ലാതെ)


വിണ്ണില്‍നിന്നെല്ലാടവും വെണ്മതൂകിടുംസൂര്യന്‍
കണ്ണടച്ചുറങ്ങുന്ന കൂമനെങ്ങനെകാണും
വിദ്യതന്‍മുന്‍പില്‍ മിഴിപൂട്ടിടും ശിഷ്യരയ്യോ
ഗുരുവിലൂന്നും പക്ഷഭേദമെന്നാരോപണം.

ഉമേഷ്::Umesh said...

“ഒരുപോലേകിടും വിധം” എന്നു തന്നെ പയ്യന്‍സേ. എഴുതിയപ്പോള്‍ തെറ്റിപ്പോയതാ.

പയ്യന്‍സിനു നല്ല വൃത്തബോധമുണ്ടല്ലോ. കവിത എഴുതാറുണ്ടോ?

ഉമേഷ്::Umesh said...

പാദാദിപ്പൊരുത്തം മാത്രമല്ല ബാബൂ ഇല്ലാത്തതു്. “ഗുരുവൊന്നെങ്കിലും വേണം” എന്ന നിയമം അവസാനത്തെ വരിയിലെ ആദ്യത്ര്യക്ഷരഗണത്തില്‍ പാലിച്ചിട്ടില്ലല്ലോ.

തര്‍ജ്ജമ കൊള്ളാം.

ഉമേഷ്::Umesh said...

“വിദ്യ തന്‍” എന്നതു “അറിവിന്‍” എന്നു മാറ്റിയാല്‍ പാദാദിപ്പൊരുത്തവുമാകും, ദ്വിതീയാക്ഷരപ്രാസവുമാകും. എപ്പടി?

ഉമേഷ്::Umesh said...

അറിവിന്‍ മുന്‍പില്‍ മിഴിപൂട്ടിടും ശിഷ്യരയ്യോ
ഗുരുവില്‍ പക്ഷഭേദമാരോപിക്കുന്നു നിത്യം...

ബാബു said...

കറക്‍ഷന്‍ റമ്പ ജോര്‍ ഉമേഷ്‌

അവസാനത്തെ വരിയിലെ ആദ്യത്ര്യക്ഷരഗണം മുഴുവനും നിറഞ്ഞുനില്‍കുന്നതു 'ഗുരു'വല്ലേ ഉമേഷെ? അതുകൊണ്ടതിനെ വെറുതെവിട്ടു! :)

ബാബു said...

ഉമേഷ്‌ കണ്ടോ എന്നറിയില്ല; സുമാത്രാ(സുനാമി ചിന്തകള്‍) എഴുതിയ 'പുട്ടുപോയി ലോട്ടറി വന്നു' എന്ന കവിത വൃത്തത്തിലാക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. വഞ്ചിപ്പാട്ട്‌ എന്നറിയപ്പെടുന്ന വൃത്തത്തിന്റെ ഈണം മനസ്സിലോര്‍ത്തുകൊണ്ട്‌. പക്ഷെ ലക്ഷണം ഓര്‍മ്മയില്ല. പോസ്റ്റുചെയ്യാമോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉമേഷ്‌,
"ദിവാകരോऽപി എന്നായിരുന്നു എഴുതിയിരുന്നത്‌. പിന്നെ 'അപി'യെ "ഹി" ആക്കാമെന്നുവെച്ചു. അതു തിരിഞ്ഞുകൊത്തിയല്ലേ:-))
(ഇതു മനസ്സിലായില്ലാന്നു പറയരുത്‌, പ്ലീസ്‌, ഞാന്‍ ഭയങ്കര ബിസിയാ:-))

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞാന്‍ തിരുത്തിയിട്ടുണ്ട്‌.

പയ്യന്‍സേ, ബാബൂ സന്തോഷായീ ട്ടോ :-))

Anonymous said...

“ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു.“

അതിനി എന്നാണാവൊ ന്റെ കാര്യത്തില്‍? :(

ശ്രേഷ്ഠന്മാര്‍ എന്ന് എന്തിനാ ശ്രേഷ്ഠര്‍ എന്ന് പോരെ,നമ്മള് തന്നെ ഇങ്ങിനെ ചെയ്താല്‍? :-)

പാപ്പാന്‍‌/mahout said...

ശ്രേഷ്ഠരായ ഗുരുക്കന്‍‌മാരുടെ ചായക്കടയില്‍‌പ്പോയാല്‍ എല്ലാവര്‍‌ക്കും ഒരേപോലത്തെ ചായ. പഞ്ചസാര കുറവുമതി, പാലിത്തിരി കൂടുതലുവേണം എന്നൊക്കെയുള്ളവര്‍ സ്വന്തം വീട്ടില്‍പ്പോയി ചായകളിട്ടു കുടിക്കിനെടേ.
ഇതാണിഞ്ചീ “ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു“ എന്നതിന്റെ അര്‍‌ത്ഥം :)