Monday, August 21, 2006

അലക്കൊഴിഞ്ഞു-കിടപ്പിലായി

വിദ്യാഭ്യാസം കൊണ്ട്‌ ജീവിയ്ക്കാന്‍ പഠിയ്ക്കും(?) . ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിഞ്ഞ്‌, ധര്‍മ്മത്തിലുറച്ചുനിന്ന്‌, അര്‍ഥം സമ്പാദിക്കാം. ആ അര്‍ഥം ഉപയോഗിച്ച്‌, കാമം(ആഗ്രഹങ്ങള്‍)നിറവേറ്റാം. ഈ സുഖഭോഗങ്ങളിലൊന്നും ഒരു കാര്യവുമില്ല എന്നു തോന്നുമ്പോള്‍ ആത്മാന്വേഷണത്തിനു മുതിരാം. അപ്പോഴേയ്ക്കും വയസ്സായിരിയ്ക്കും. ശരീരവും മനസ്സും ഒക്കെ ക്ഷീണിച്ചാല്‍ ഒന്നും ചെയ്യാനാവില്ല എന്നതു വേറെ കാര്യം.
ഇതു പഞ്ചചാമരത്തില്‍ പറഞ്ഞാല്‍:-)

പണം നിറച്ചുകിട്ടുകില്‍ പരാതിയില്ല, ജീവിതം
സുഖം; നിനച്ചു മണ്ടി ഞാന്‍ ധനാശ തീരുവോളവും
ധനം കനത്തു ഭാരമായ്‌, വരുന്നിതന്ത്യചിന്തയും
തരപ്പെടില്ല പോകുവാനലക്കൊഴിഞ്ഞു കാശിയില്‍!
[വൃത്തം പഞ്ചചാമരം]

15 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

"അലക്കൊഴിഞ്ഞു-കിടപ്പിലായി"
പുതുമയൊന്നും അവകാശപ്പെടുന്നില്ല, ക്ഷമയുള്ളവര്‍ വരൂ, വായിക്കൂ. എല്ലാവര്‍ക്കും മുന്‍കൂര്‍ നന്ദി:-)

Anonymous said...

എന്നു വെച്ചാല്‍...ഒരു കഥ പറയാം...

ഒരു ചൂണ്ടയും ഇട്ട് നിറയെ മീന്‍ പിടിച്ചോണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്ത് ചെന്ന് ഒരു ഹാര്‍വാര്‍ഡ് എം.ബി.എ ക്കാരന്‍ പറഞ്ഞു നിങ്ങളിങ്ങിനെ ടൈം വേസ്റ്റാക്കാരുത്. ഈ മീന്‍ പിടുത്തം നമുക്കൊരു ബിസിനസ്സ് ആക്കണം.
എന്നിട്ട് ലാപ്ടോപ്പ് എടുത്ത് കുറേ കൂട്ടലും കിഴിക്കലും ഗ്രാഫും ഒക്കെ കാണിച്ചിട്ട് പറഞ്ഞ്.
കണ്ടോ ഇത് ഇങ്ങിനെ ചെയ്താല്‍ നിങ്ങള്‍ ഒരു പണക്കാരന്‍ ആവും..യാടാ..യാടാ..യാടാ...

അപ്പൊ മീന്‍ പിടിച്ചോണ്ടിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു..എനിക്കതില്‍ ഒന്നും താല്ല്പര്യമില്ല..

അപ്പൊ എം.ബി.എ ക്കാരന്‍ പിന്നേം ഇങ്ങിനെ കുറേ കണക്കൊക്കെ കാണിച്ച് അയാളെ പ്രലോഭിപ്പിച്ച് കൊണ്ടിരുന്നു..

അപ്പൊ ചെറുപ്പക്കാരന്‍ ചോദിച്ചു..ഒക്കെ ശരി..പക്ഷെ ഇത്രേം പൈസ ഒക്കെ കിട്ടി അതൊക്കെ ഉണ്ടാക്കിയിട്ട് എന്തു കാര്യം?

ഉടനെ തന്നെ എം.ബി.എ ക്കാരന്‍ പറഞ്ഞു..
ദെന്‍ യൂ കാന്‍ റിലാക്സ് ആന്‍ എന്‍ജോയ് ഫിഷിങ്ങ് ഫോര്‍ എവര്‍.

അപ്പൊ ചെറുപ്പക്കാരന്‍ ചിരിച്ചോണ്ട് പറഞ്ഞു..
ദാറ്റ്സ് എക്സാക്റ്റലി വാട്ട് ഐ ആം ഡൂയിങ്ങ് നൌ..

:-)

myexperimentsandme said...

"ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിഞ്ഞ്‌, ധര്‍മ്മത്തിലുറച്ചുനിന്ന്‌, അര്‍ഥം സമ്പാദിക്കാം"

പക്ഷേ ഇന്നത്തെ കാലത്ത് എങ്ങിനെ എന്നൊരു പ്രശ്‌നമുണ്ട്. പറ്റും. ചെയ്യുന്നവരുണ്ട്. പക്ഷേ അപാരമായ മനക്കട്ടി വേണം. നാലു ചുറ്റും പ്രലോഭനങ്ങളായിരിക്കും. പിന്നെ, ഉറച്ച മനസ്സും ഉറച്ച തീരുമാനവും ഉള്ളവര്‍ക്ക് പ്രലോഭനങ്ങളൊന്നും പ്രശ്നവുമല്ല.

വയസ്സായി കഴിയുമ്പോള്‍ മാത്രം എന്താണ് സുഖഭോഗങ്ങളിലൊന്നും കാര്യമില്ല എന്ന തോന്നല്‍ വരുന്നത്? ചില യാഥാര്‍ത്ഥ്യങ്ങളൊക്കെ ചെറുപ്പത്തിലെ മനസ്സിലാക്കിയാല്‍ എത്ര നന്നായിരുന്നു.

ഇതും കൊള്ളാം. ഇങ്ങിനത്തെ സാരോപദേശങ്ങള്‍ ഇനിയും പോരട്ടെ.

ദേവന്‍ said...

വിഷമിക്കേണ്ട വക്കാരീ, അതിനല്ലേ ആയുര്‍വേദം!
ധര്‍മ്മവും അര്‍ത്ഥവും സുഖവും (ഒരുമിച്ച്‌) ആഗ്രഹിക്കുന്നവന്‍ ആയുവേദത്തെ പിടിച്ചോളാനല്ലെ അഷ്ടാംഗ ഹൃദയം (ഒന്നേല്‍ രണ്ട്‌) പറയുന്നത്‌.

Unknown said...

അനിയത്തി: ഏട്ടാ,എന്താണ് ഈ ധര്‍മ്മം എന്ന് പറഞ്ഞാല്‍ ?
ഏട്ടന്‍: ധര്‍മ്മം എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാണ് മോളേ
അനിയത്തി: ജാലിയന്‍ വാലാബാഗ് പോലെയുള്ള സംഭവമോ?
ഏട്ടന്‍: ഛായ്.. ആ ടൈപ്പ് സംഭവമൊന്നുമല്ല ബുദ്ദൂസേ
അനിയത്തി: പിന്നെ എന്താ..? (മുഷിയുന്നു)
ഏട്ടന്‍:ഉം.... നീ പിച്ച ചോദിച്ച് വരുന്ന അണ്ണാച്ചിമാരെ കണ്ടിട്ടില്ലേ? അവര്‍ക്ക് പൈസ കൊടുക്കുന്നതാണ് ധര്‍മ്മം.
അനിയത്തി: അപ്പൊ ഈ ധര്‍മ്മ പുത്രര്‍ എന്ന ആള്‍ പിച്ചക്കരന്റെ മകനാണോ ഏട്ടാ?
ഏട്ടന്‍: ഹൂശ്... (ബോധം കെടുന്നു)
(കര്‍ട്ടന്‍)

സു | Su said...

ജീവിതം തീരുന്നതിനു മുമ്പ് അതിന്റെ അര്‍ത്ഥം മനസ്സിലാക്കി, വേണ്ട വിധത്തില്‍ ജീവിച്ച് കടന്നുപോകുവാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.
അതുകൊണ്ട് ആത്മാന്വേഷണത്തിന്റെ വഴിയിലേക്ക് ഞാന്‍ പോയാലോന്നൊരു ചിന്ത. അല്ലെങ്കില്‍പ്പിന്നെ അലക്കൊഴിയട്ടെ അല്ലേ?

Mubarak Merchant said...

ഞങ്ങടെ നാട്ടുഭാഷയില്‍ ധര്‍മ്മം എന്നു പറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തത് എന്നര്‍ത്ഥം. ഫോര്‍ ഉദാ:-ധര്‍മ്മസിമന്റ്=വിലകുറഞ്ഞസിമന്റ്
ധര്‍മ്മബ്ലോഗ്= http://ikkaas.blogspot.com

രാജാവു് said...

ജ്യോതിജി ക്ഷമിക്കുക,
"സ്തുതി നിറച്ചു കിട്ടുകില്‍ പരാതിയില്ല,ബ്ലോഗിതം സുഖം.
നിനച്ചു മണ്ടി ഞാന്‍ സ്തുതിത്വ ആശ തീരുവോളവും,
സ്തുതി കനത്തു ഭാരമായ്‌ വരുന്നിതന്ത്യ ചിന്തയും,
തരപ്പെടില്ല പോകുവാനീ ബ്ലോഗൊഴിഞ്ഞു കാശിയില്‍.”
ഇതു് കുട്ടന്‍ നായരങ്ങൊട്ടിച്ചേരു്.
രാജാവു്.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇഞ്ചീ,
ആ എംബീയേക്കാരന്‍ എന്നിട്ട്‌, പോകുമ്പോള്‍ ഗേറ്റടച്ചില്ലേ, ഇല്ലെങ്കില്‍ വെറുതേ ഒരു ബില്ല് കൊടുക്കാമായിരുന്നൂ:-))
നന്ദി

വക്കാരിജീ, നന്ദി.
പ്രലോഭനങ്ങളെയും ചുറ്റുപാടിനേയുമൊക്കെ കൂട്ടുപിടിയ്ക്കുന്നത്‌, ശരിയ്ക്കൊന്നാലോചിച്ചാല്‍, ഒരു excuseനു വേണ്ടിയല്ലേ?
സാരോപദേശം ഇനി കുറച്ചുകഴിഞ്ഞിട്ടാവാം, അല്ലെങ്കില്‍ എന്നെ ഉപദേശീന്നുവിളിച്ചു കളിയാക്കില്ലെ?
ഇതൊന്നും ഉപദേശമല്ല, ഞാന്‍ പഠിയ്ക്കുന്നപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കാന്‍ ചെയ്യുന്നതാണ്‌, നന്ദി.

ദേവരാഗംജീ:-) ധന്യയായീ ഞാന്‍.
വിദ്യയും (കീര്‍ത്തിയളവ്‌) ആയുരാരോഗ്യവും നോക്കി ഞാന്‍ ചിലകാര്യങ്ങളൊക്കെ പഠിയ്ക്കുന്നുണ്ട്‌. എന്നുവെച്ചാല്‍ ഏകലവ്യന്യായേന ഞാനും ഒരു ശിഷ്യയാണ്‌:-), ഗുരുദക്ഷിണ തരില്ലട്ടോ.

ദില്‍ബാസുരാ, :-) ദാ മുഖത്തു വെള്ളം തളിച്ചു, എണീക്കൂ.

സൂ, ബുദ്ധിയും യുക്തിയും ഉപയോഗിക്കാമെങ്കില്‍, വയസ്സാവുന്നതിനുമുന്‍പുതന്നെ നാം നമ്മുടെ ഓരോ അനുഭവവും വിലയിരുത്തിനോക്കാന്‍ തുടങ്ങും. പലപ്പോഴും നമുക്കു തെറ്റുന്നത്‌, മനസ്സിനെ മനസ്സാക്ഷിയായി തെറ്റിദ്ധരിയ്ക്കുന്നതുകൊണ്ടാവും. മനസ്സിനെ മെരുക്കാനാ പാട്‌, അടിച്ചമര്‍ത്തിയാല്‍ അധികം കുഴപ്പമാണ്‌. അതേയ്‌ ഇതൊക്കെ പറയാനെളുപ്പമാണ്‌, :-)
'ഞാനൊരു ഉപദേശിയല്ല'....(ചിത്രം/ശ്രീനിവാസന്‍)

ഇക്കാസ്ജീ:-)
സ്വാഗതം. എന്റെ അമ്മയൊക്കെ, ആരെങ്കിലും ധര്‍മ്മത്തിനുവന്നാല്‍ അവരെ വിളിച്ചിരുത്തി, നാക്കിലയിട്ട്‌, അവര്‍ക്കു മതിയാവോളം വിളമ്പിക്കൊടുക്കാറുണ്ടായിരുന്നു. ഇന്നും അമ്മേടെ അടുത്ത്‌ ആഴ്ചയിലൊരുദിവസം വരുന്ന ഒരു ഭിക്ഷക്കാരിയുണ്ട്‌, (രണ്ടാഴ്ച മുന്‍പു പോയപ്പോള്‍ ഞാനാണു വിളമ്പിക്കൊടുത്തത്‌.)
ഇവിടെ ബാംഗ്ലൂരില്‍ ലോറിയില്‍ കൂട്ടം കൂട്ടമായി യാചകരെ ഓരോ സ്ഥലത്തും പോസ്റ്റുചെയ്യുന്ന യാചകമുതലാളിമാരൊക്കെയുണ്ട്‌. ഇന്നത്തെ യാചകരെ ധര്‍മ്മക്കാര്‍ എന്നു വിളിക്കാന്‍ തോന്നുന്നില്ല. പിന്നെ ഇക്കാസ്ജീടെ ബ്ലോഗില്‍ നാളെ വരാം:-)

താരേ:-) നന്ദി, നന്ദി. അമ്മു മിടുക്കിയായി കളിയ്ക്കുന്നില്ലേ:-)

സു | Su said...

ജ്യോതീ,

ഹി ഹി ഹി ഇല്ലാത്തതൊന്നും എടുത്തുപയോഗിക്കാന്‍ പറയല്ലേ.

പിന്നെ മനസ്സ്. അതൊക്കെ എവിടെയോ പോയി ;)

“കളഭം തരാം
ഭഗവാനെന്‍ മനസ്സും തരാം”

എന്ന് പാടിപ്പോയില്ലേ ;)


wv (didunhdm)

ജ്യോതിര്‍മയി /ज्योतिर्मयी said...

രാജാവേ,
വന്നാലും, സ്വാഗതം:-)

അതുകൊള്ളാമല്ലോ, ഒരു കാഴ്ചക്കുല നന്ദി സമര്‍പ്പിക്കട്ടെ:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,
അതുനന്നായി. ഇനി പേടിയ്ക്കാനില്ല. പിന്നെ ഈ word-very എഴുതുന്നതിന്റെ ഗുട്ടന്‍സെന്താ?
നന്ദീടെ പൂച്ചണ്ട്‌:-)

സു | Su said...

അതു വെറുതെ വെയ്ക്കുന്നതാ. രസകരമായ വടവരി.(കട: വക്കാരി)

നന്ദിയുടെ പൂച്ച വേണ്ട. ;)

രാജാവു് said...

രാജാവു് ബുദ്ധി പൂര്‍വം എല്ലാം ചെയ്തു.ആശ്വാസം.ആദ്യം ക്ഷമിക്കണമെന്നന്ങു പറന്ഞു.പിന്നെ പറന്ഞതു മുഴുവന്‍ നേരം വെളുത്താല്‍ വൈകുന്നവരെ നൂരടിച്ചൊ.ആയിരം അടിച്ചോ? എന്നും പറന്ഞുള്ള ബഹളന്ങള്‍ കേട്ടാ കവിതയൊന്നു ഊതി പ്പൂശിയതാണു്.
ഞാന്‍ ഒന്നും അറിന്ഞില്ലാ.
എല്ലാം കുട്ടന്‍ നായരു വാന്ങട്ടെ.കുല എങ്കില്‍ കുല.
രാജാവു്.‍

viswaprabha വിശ്വപ്രഭ said...

സൂ,

കളഭം കൊടുത്താലും കിളിയേ, ആശ കൊടുക്കാമോ? എന്നൊരു പാട്ടു കേട്ടത് ഓര്‍മ്മ വന്നു ഇപ്പോള്‍!