Monday, August 21, 2006

വിഷാദത്തിനൊരു മരുന്ന്‌

'എന്നോടാരും ഒന്നും മിണ്ടുന്നില്ല, എനിയ്ക്കാരും ഒന്നും തരുന്നില്ല. ആരും എന്നെ സഹായിക്കുന്നില്ല. നശിച്ച ഒരു സമൂഹം! ' എന്ന്‌ ആര്‍ക്കെങ്കിലും തോന്നുന്നുവോ? ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ഇതു സമര്‍പ്പിക്കാം.

എനിയ്ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണം എന്നു കരുതിയിരിയ്ക്കാതെ അണ്ണാറക്കണ്ണനാണെങ്കിലും തന്നാലായതു മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തുതുടങ്ങണം. എത്ര ചെറിയകാര്യമായാലും എന്തെങ്കിലും ചെയ്തു തീര്‍ത്താല്‍ ഉണ്ടാവുന്ന ആത്മസംതൃപ്തി നമ്മെ ഊര്‍ജ്ജസ്വലരാക്കും, അലസവിഷാദഭാവം പമ്പകടക്കും.

'പഠിച്ചപാഠമുരുവിട്ടുറപ്പിയ്ക്കാന്‍' വേണ്ടി ഒരു ശ്രമം-ഇതൊന്നു ഞാന്‍ പഞ്ചചാമരത്തില്‍ പറയട്ടെ-

"മനം മടുത്തു ജീവിതം കളഞ്ഞു നീ തുലയ്ക്കൊലാ
നിരന്തരം തരപ്പെടുന്ന സേവനങ്ങള്‍ ചെയ്തിടൂ
അതാണതാണു മംഗളം തരുന്ന വിദ്യയെന്നു നാ-
മറിഞ്ഞു, സേവകിട്ടുവാന്‍ കൊതിച്ചിരിപ്പു നിര്‍ത്തണം"
[വൃത്തം: പഞ്ചചാമരം]

15 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

"വിഷാദത്തിനൊരു മരുന്ന്‌"
അക്ഷരശ്ലോകസദസ്സില്‍ ദ്രുതകവനമായി എഴുതിയ ശ്ലോകം ഒരു പെട്ടിയിലാക്കി പോസ്റ്റുചെയ്തിട്ടുണ്ട്‌.

Unknown said...

എന്റെ വക ഒരു പരിഭാഷ നടത്തിക്കളയാം എന്നാ കരുതിയത്.സംസ്കൃതം ടീച്ചറാണല്ലേ? അത് വായിച്ചപ്പൊ ഞാന്‍ ഒരു പൊടിയ്ക്ക് അടങ്ങി.

നല്ല ശ്ലോകം ട്ടോ. അത്രേ പറയാന്‍ അറിയൂ. :)

Anonymous said...

ഞാന്‍ ഇംഗ്ലീഷില്‍ ഒരു തര്‍ജ്ജമ ചെയ്യാം

"Ask not what your country can do for you; ask what you can do for your country."

ഇത് ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ തര്‍ജ്ജമയാണ് .ആരെങ്കിലും അല്ലാന്ന് പറയുവാണെങ്കില്‍ വിശ്വസിക്കണ്ടാ :)

ഉമേഷ്::Umesh said...

ഇ-സദസ്സ് എന്ന ഇന്റര്‍നെറ്റ് അക്ഷരശ്ലോകസദസ്സില്‍ ചൊല്ലിയ നാലു പഞ്ചചാമരദ്രുതകവനങ്ങളില്‍ മൂന്നാമത്തേതായിരുന്നു ഇതു്. നാലു ശ്ലോകങ്ങളും കാണണമെങ്കില്‍ ഇവിടെ നോക്കുക.

Anonymous said...

ജ്യോതിചേച്ചി
ഞാന്‍ ഒരു മറുപടി എന്റെ പോസ്റ്റില്‍ വെച്ചിട്ടുണ്ടെ....പ്ലീസ് ഒന്ന് വായിക്കണെ..ചൂടാറും മുന്‍പ് വായിക്കണെ..

ബ്ലോഗര്‍ ബീറ്റാ ടെസ്റ്റിങ്ങ് ആയതുകൊണ്ട് എന്റെ ബ്ലോഗിലെ കമന്‍സൊന്നും പിന്മൊഴിയിലോ ഒന്നും വരില്ല. അതോണ്ടാണെ..

ഐ ആം സോ ഹാപ്പി!

ജ്യോതിര്‍മയി /ज्योतिर्मयी said...

{brought from inchee's naalukett~}
ജ്യോതിര്‍മയി said...
ഇഞ്ചീ,
നന്നായി പറഞ്ഞുഫലിപ്പിച്ചു. പിന്നെ അച്ഛനമ്മമാരില്‍ നിന്നും സ്നേഹവും ലാളനയുമൊന്നും കിട്ടാതെ (സുഖസൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതാണു കടമ എന്നുകരുതുന്ന മാതാപിതാക്കളുണ്ടാവുമല്ലേ) അവരോടും, പൊതുവേ മറ്റുള്ളവരോടും തന്നോടു തന്നേയും ദേഷ്യം കൊണ്ടുനടക്കുന്ന കുട്ടിയാണു വിനു എന്നു തോന്നി. സ്വന്തം നിലനില്‍പ്പുപോലും വെറുത്തുതുടങ്ങിയ കുട്ടി മരണത്തെ അഥവാ ശവത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണോ?
വിനുവിനോടു ഞാന്‍ ചോദിച്ചിട്ടൊന്നും പറയുന്നില്ല, കണ്ണുരുട്ടിയേയുള്ളൂ:-))

1:16 PM, August 23, 2006


Inji Pennu said...
എന്റെ ജ്യോതിചേച്ചി
എനിക്കിത്രേം സന്തോഷം തന്ന വേറെ ഒരു കമന്റില്ല! എന്റെ ജീവിതത്തില്‍ ഇതുപോലെ ഒരു കമന്റ് എനിക്ക് കിട്ടിയിട്ടില്ല.... ഞാന്‍ എഴുതുമ്പോള്‍ എന്റെ ഉള്ളില്‍ കയറി ഇരുന്ന് ഞാന്‍ വിചാരിച്ച അതേ അര്‍ത്ഥത്തില്‍ തന്നെ 100% പെര്‍ഫക്റ്റ് ആയിട്ട് കഥയിലെ ഓരോ വരികള്‍ എല്ലാം മനസ്സിലാക്കിയത് എങ്ങിനെ? ഹൊ! അതേ വിനുവിന് കാറ്റിന്റെ സ്പര്‍ശം പോലും അതുകൊണ്ട് അരോചകം...ഭയാനകം...

നമ്മള്‍ സേം പിച്ച് ആണ് കേട്ടൊ....! എനിക്കിത് എഴുതിയതില്‍ കൂടുതല്‍ സന്തോഷം ചേച്ചീന്റെ കമന്റ് വായിച്ചപ്പോള്‍... ശ്ശൊ! എപ്പളും വരണേ ഇതു വഴിയൊക്കെ. പ്ലീസ്.. ഇഷ്ടമായില്ലെങ്കില്‍ അതും തുറന്ന് പറയണെ. പ്ലീസ്...
1:44 PM, August 23, 2006

നന്ദി, ഇഞ്ചീ നന്ദി. എന്നാലും ഇപ്പൊത്തന്നെ വേണായിരുന്നോ ഈ ബീറ്റാ ടെസ്റ്റ്‌?
ഒരു പുതിയപോസ്റ്റിട്ടു തിരിഞ്ഞപ്പോഴാ ഇഞ്ചി വന്നു വിളിച്ചത്‌. ചൂടാറിയില്ലല്ലോ. എനിയ്ക്കും സന്തോഷായി.
(naalikettilninnum koNTuvannathaaNE) :-)
sasnEham
jyOthi

ജ്യോതിര്‍മയി /ज्योतिर्मयी said...

ദില്‍ബാസുരാ:-) ഞാന്‍ ടീച്ചറാണെന്നാളുകള്‍ പറയുന്നുണ്ടെങ്കിലും ആ ഒരു ഭാവമൊന്നും ഇല്ല കേട്ടോ:-)
പിന്നെ ഉമേഷ്ജീടെയൊക്കെ കണ്‍വെട്ടത്തെത്തിയതിനുശേഷമാണ്‌ ഞാന്‍ ശ്ലോകത്തിലും കവിതയിലുമൊക്കെ കൈവെച്ചുതുടങ്ങിയത്‌. പണ്ടെപ്പോഴോ സംസ്കൃതത്തില്‍ കഥയെഴുതി സമ്മാനമൊക്കെകിട്ടിയിട്ടുണ്ടായിരുന്നു. ഒന്നും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടില്ല, എന്നതു നിങ്ങളുടെ ഭാഗ്യം:-)

അപ്പോള്‍ ശ്രമിച്ചോളൂ, എല്ലാ ഭാവുകങ്ങളും നേരുന്നൂ ഒരു വലിയ എഴുത്തുകാരനാവാന്‍

ഉമേഷ്‌:-) നന്ദി.

വല്യമ്മായി said...

ഇത് വായിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ എന്‍റെ ബ്ലോഗില്‍ കമന്‍റ് കാത്തിരിക്കാതെ എല്ലാ പുതിയ ബ്ലോഗിലും കയറി സഹായിക്കാന്‍ തുടങ്ങി.

റ്റീച്ചറേ,ഈ ശിഷ്യയെ കൂടി സ്വീകരിക്കില്ലേ

qw_er_ty

raghumadambath@gmail.com said...

അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന് കൂടി സുഖത്തിനായി വരേണം

അങ്ങിനെ തന്നെയല്ലേ ടീച്ചറേ നാരയണ ഗുരുവിന്റെ വക
ഇല്ലെങ്കില്‍ തെറ്റു തിരുത്തി തരൂ
100 പ്രാവശ്യം ഇമ്പൊസിഷനെഴുതാം

വല്യമ്മായി said...

സമ്പത്തില്‍ നിനക്ക് കീഴെ ഉള്ളവരേയും വിദ്യയില്‍ നിനക്ക് മേലെ ഉള്ളവരേയും നോക്കൂ എന്നല്ലേ നബിതിരുമേനി പറഞ്ഞിട്ടുള്ളത്

ജ്യോതിര്‍മയി /ज्योतिर्मयी said...

വല്ല്യമ്മായീ:-)

ഈ ലോകത്തെ കാഴ്ച്ചകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയേ ഉള്ളൂ, എവിടേയ്ക്കു തിരിയണം എങ്ങോട്ടു കേറണം ഒന്നും അറിയുന്നില്ല. അപ്പോള്‍ പരിചയമുള്ളവരുടെ വീട്ടില്‍ മാത്രേ പോകുന്നുള്ളൂ. ഇനി തീര്‍ച്ചയായും വരാം:-)

തന്നെക്കാള്‍ കുറഞ്ഞ സമ്പത്തുള്ളവരെ കണ്ടാല്‍ ആശ്വാസമാണോ ഉണ്ടാവുക? എന്നാദ്യം ശങ്കിച്ചു. തനിയ്ക്കു സമ്പത്തുണ്ടാവുമ്പോള്‍ തന്നേക്കാള്‍ കുറവുള്ളവരെ ഓര്‍ക്കൂ, ആവശ്യമറിഞ്ഞു സഹായിക്കൂ, ഇനീം ഇനീം കൂട്ടിവെയ്ക്കണമെന്നാഗ്രഹിയ്ക്കാതിരിയ്ക്കൂ, എന്നൊക്കെയാവും നബിതിരുമേനി പറഞ്ഞതിന്റെ അര്‍ഥം. അതുപോലെ വിദ്യ ഉണ്ടാവുമ്പോള്‍ "ഓ എനിയ്ക്കെല്ലാമറിയാം എന്നു കരുതാതെ തന്നേക്കാള്‍ അറിവുള്ളവരെ നോക്കി വീണ്ടും വീണ്ടും അറിവു വര്‍ദ്ധിപ്പിയ്ക്കാന്‍ നോക്കണം എന്നും ആണോ വല്ല്യമ്മായീ. ഏതായാലും നന്നായി, സൌകര്യം പോലെ ഇടയ്ക്കുവരൂ ട്ടോ.

kuliyander,
ഇപ്പൊ ശിഷ്യന്‍, ഇമ്പൊസിഷ്യന്‍ പിന്നെ:-)

"അവനവനാത്മസുഖത്തിനാചരിയ്ക്കു-
ന്നവയപരന്നു സുഖത്തിനായ്‌വരേണം"

അതുതന്നെയാണ്‌ നമ്മടെ നാരായണഗുരു പറഞ്ഞത്‌.
nandi

myexperimentsandme said...

വളരെ അര്‍ത്ഥവത്തായ ശ്ലോകം. പലര്‍ക്കും പറ്റുന്ന ഒരു കുഴപ്പം എപ്പോഴും മുകളിലേക്ക് മാത്രമുള്ള നോട്ടമാണെന്ന് തോന്നുന്നു. നമ്മളെക്കാളും താഴെയുള്ളവരെ നോക്കിയാല്‍ അപ്പോള്‍ തന്നെ പകുതി മനഃസമാധാനക്കേടും മാറിക്കിട്ടും. പിന്നെ നമ്മളൊക്കെ ഈ നിലയിലായതിന് നമ്മളെക്കാളുപരി വേറേ പല കാരണങ്ങളുണ്ടെന്നുള്ള തിരിച്ചറിവും. അത് ശരിയാവുന്നില്ല, ഇത് ശരിയാവുന്നില്ല എന്നൊക്കെ തോന്നുമ്പോള്‍ പണ്ട് സ്കൂളിലൊക്കെ ഒന്നിച്ച് പഠിച്ചവരില്‍ എത്രപേര്‍ നമ്മുടെ ഈ നിലയിലൊക്കെ ആയി എന്ന് വെറുതെ ഒന്നോര്‍ത്താല്‍ മനസ്സിലാകും നമ്മുടെ ചില മനഃസമാധാനക്കേടെങ്കിലും ആവശ്യമില്ലാത്തതാണെന്ന്. അതുപോലെ തോളില്‍ കയറാവുന്ന മാറാപ്പിനെപ്പറ്റി വല്ലപ്പോഴൊക്കെ ഓര്‍ത്താല്‍ നമ്മള്‍ ആ പൊങ്ങിയ ലെവലില്‍ നിന്ന് തറലെവലിലേക്ക് (എന്നു പറഞ്ഞാല്‍ ഭൂമിയിലേക്ക്) വരുമെന്നാണ് തോന്നുന്നത്.

ഒരു സിമ്പിള്‍ ആപ്തവാക്യം: ചെയ്യാനുള്ളതൊക്കെ ചെയ്യുക, കിട്ടാനുള്ളതൊക്കെ കിട്ടിക്കൊള്ളും-ഇന്നല്ലെങ്കില്‍ നാളെ.

പിന്നെ, ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്.

നന്ദി ജ്യോതിടീച്ചറേ.

ജ്യോതിര്‍മയി /ज्योतिर्मयी said...

വക്കാരിജീയേ
ഇല്ലാത്തതിനെക്കുറിച്ചു ആവലാതിപ്പെടാതെ ഉള്ളതിനെക്കുറിച്ചു സന്തോഷിയ്ക്കാന്‍ പലപ്പോഴും കഴിയാറുണ്ട്‌. എങ്കിലും ഇല്ലാത്തവരെ നോക്കി, എനിയ്ക്കിതൊക്കെ ഉണ്ടല്ലോ എന്നു കരുതി സന്തോഷിക്കാറില്ല. അതു കൂടുതല്‍ ദുഃഖമാണുണ്ടാക്കാറ്‌. പിന്നെ സന്തോഷത്തിനു കാരണം നിലയും വിലയും ഒന്നും ആണെന്നെനിയ്ക്കഭിപ്രായമില്ല.

ഇവിടെ വന്നതിനും രണ്ടുവാക്കുപറഞ്ഞതിനും നന്ദി. പോവാന്‍ ധൃതിയില്ലെങ്കില്‍, പുതിയ പോസ്റ്റൊന്നു കാണൂ:-)

myexperimentsandme said...

പല രീതിയില്‍ സന്തോഷിക്കാം:

ഇല്ലാത്തവരെ നോക്കി, എനിയ്ക്കിതൊക്കെ ഉണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിക്കാം...

ഇല്ലാത്തവരെ നോക്കി എനിക്കിത്രയെങ്കിലുമുണ്ടല്ലോ എന്നോര്‍ത്തും സന്തോഷിക്കാം.

എന്തു സന്തോഷമാണെങ്കിലും സന്തോഷം അഹങ്കാരമാവാതിരിക്കുകയാണെങ്കില്‍, അത് മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാതിരുക്കുമെങ്കില്‍, അത് നിര്‍ദ്ദോഷമാണെങ്കില്‍ കുഴപ്പമില്ല എന്നുള്ളത് എന്റെ തികച്ചും വ്യക്തിപരമായ ഒരു ഫിലോസഫി.

നിലയും വിലയുമൊക്കെ സന്തോഷത്തിന് കാരണങ്ങളല്ലേ, പ്രത്യേകിച്ചും മറ്റീരിയല്‍ വേള്‍ഡില്‍ ജീവിക്കുന്ന നമുക്കൊക്കെ.

myexperimentsandme said...

മുകളില്‍ പറഞ്ഞതൊക്കെ വ്യക്തിപരമായി നമുക്ക് മനഃസമാധാനം കിട്ടാനുള്ള വഴികള്‍ മാത്രം. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല മനുഷ്യനാകാന്‍ ചിലപ്പോള്‍ ഇതൊന്നുമല്ലായിരിക്കും വേണ്ടത്. ചിലപ്പോള്‍ ഇതൊക്കെ നമ്മളെ അഹങ്കാരികളാക്കാനും മതി.