Monday, August 28, 2006

വിപ്ലവമുട്ടകള്‍!

കാലം അത്യന്താധുനികം-

കാട്ടുകോഴി മുട്ടയിട്ടു. എട്ടുമുട്ട.
മുട്ടയിട്ടത്‌ പിടക്കോഴിതന്നെ.
പൂവന്‍കോഴിയും പിടക്കോഴിയും മാറി മാറി അടയിരിയ്ക്കാന്‍ തുടങ്ങി, സഹകരണാടിസ്ഥാനത്തില്‍. അപ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ട്‌ പടിഞ്ഞാട്ടുനീങ്ങി. തള്ളക്കോഴി ചിറകുവിടര്‍ത്തി അതിനെ നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിച്ചു.

"ഛേ, എന്തായിത്‌? എനിയ്ക്കു പോണം, നിങ്ങള്‍ എന്തിനാണെന്നെ പിടിച്ചുവെയ്ക്കുന്നത്‌?" ഒന്നാം മുട്ട പുച്ഛത്തോടെ ചോദിച്ചു.

"കുഞ്ഞിമുട്ടേ, പൊന്നുമുട്ടേ, നിനക്കെന്റെ പൊന്നോമനക്കുഞ്ഞിക്കോഴിയാവേണ്ടേ? നീ വാ, നിന്നെ ഞാന്‍ നല്ലൊരു കുഞ്ഞിക്കോഴിയാക്കാം" തള്ളക്കോഴി വാത്സല്യത്തോടെ പറഞ്ഞു.

"അയ്യേ, എന്താ പറഞ്ഞത്‌, കുഞ്ഞിക്കോഴിയോ? ഞാനേ ഒന്നാംതരം ഒരു മുട്ടയാണ്‌. മിനുത്ത വെളുത്ത സുന്ദരിമുട്ട."
പറഞ്ഞുതീരുമ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ടുനീങ്ങിത്തുടങ്ങിയിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ഉരുളങ്കല്ലില്‍ തട്ടി അതു പൊട്ടിപ്പോവുകയും ചെയ്തു.സങ്കടത്തോടെ തള്ളക്കോഴി മറ്റുമുട്ടകളെ നെഞ്ചോടണച്ചു.അപ്പോഴേയ്ക്കും രണ്ടാം മുട്ട ഉരുളാന്‍ തുടങ്ങി.
"രണ്ടാം മുട്ടേ രണ്ടാം മുട്ടേ, നീ പോണ്ട കുട്ടാ, ഒന്നാം മുട്ടേടെ ഗതി നിനക്കും വന്നാലോ" പൂവന്‍കോഴിപറഞ്ഞു.

"അതിനേയ്‌, ഇത്തിരി ബുദ്ധി വേണം. എനിയ്ക്കതുണ്ട്‌. കല്ലില്‍ തട്ടിയാല്‍ പൊട്ടും എന്നറിയാത്ത മരമണ്ടൂസ്‌" രണ്ടാം മുട്ട പുല്ലില്‍ക്കൂടി ഉരുണ്ടുരുണ്ടുപോയി. പോയിപ്പോയി, പുല്ലില്‍ ഇളവെയില്‍ കാഞ്ഞുകൊണ്ടിരുന്ന പാമ്പിന്റെ വായിലകപ്പെട്ടു.
അപ്പോഴേയ്ക്കും മൂന്നാം മുട്ട മറ്റുമുട്ടകളെ നോക്കി പറഞ്ഞു-
"നമ്മള്‍ മുട്ടകളാണ്‌. മുട്ടകളുടെ ശക്തി നാം അറിയുന്നില്ല. നമ്മില്‍ പ്രോട്ടീനുണ്ട്‌, കാല്‍സ്യമുണ്ട്‌, വിറ്റാമിനുണ്ട്‌, ഇരുമ്പുണ്ട്‌, ചെമ്പുണ്ട്‌, സ്വര്‍ണ്ണവും .. ഉണ്ടായിരിക്കണം. അതെ, നമ്മള്‍ മുട്ടകള്‍. ശക്തരായ മുട്ടകള്‍. പഴഞ്ചന്‍ രീതികളെ തട്ടിമാറ്റുവിന്‍. മുട്ടകളേ സംഘടിയ്ക്കുവിന്‍."

"ശരി തന്നെ. നമ്മെ കാക്കുക എന്ന മട്ടില്‍ ഈ പൂവാലന്മാര്‍ ശരിയ്ക്കും ശ്വാസം മുട്ടിയ്ക്കുകയല്ലേ, ഇനി മുതല്‍ നടപ്പില്ലിത്‌" മറ്റുമുട്ടകള്‍ മൂന്നാം മുട്ടയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.
മൂന്നാം മുട്ട കോഴികളോടായി തുടര്‍ന്നു.

"ഹേ പിന്തിരിപ്പന്മാരേ, ഞങ്ങള്‍ രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്‌. മുട്ടകളെ മുട്ടകളായി മനസ്സിലാക്കൂ, മുട്ടകളായി തുടരാനനുവദിയ്ക്കൂ. വിഡ്ഢിത്തങ്ങള്‍ ഇനിമേലില്‍ വിളിച്ചുകൂവാതിരിയ്ക്കൂ. വിശ്വാസങ്ങള്‍ ചുട്ടുകരിയ്ക്കൂ." അവര്‍ അണിയണിയായി ഉരുണ്ടുതുടങ്ങി-

"മുട്ടകള്‍ മുട്ടകള്‍ സിന്ദാബാദ്‌,
വെളുത്തമുട്ടകള്‍ സിന്ദാബാദ്‌,
മിനുത്തമുട്ടകള്‍ സിന്ദാബാദ്‌,
മുട്ടയാണുശക്തി, ശക്തിയാണു മുട്ട" അവര്‍ ഉരുണ്ടുരുണ്ട്‌ നീങ്ങി പടിഞ്ഞാറോട്ട്‌.
ഒന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി തള്ളക്കോഴി മൌനം ദീക്ഷിച്ചു.ഒബറോയ്‌ ഹോട്ടലിലെ ഓംലെറ്റ്‌ മേയ്ക്കറിലോ പപ്പൂന്റെ തട്ടുകടയിലോ ആയിരിയ്ക്കല്ലേ 'രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനം' എന്നുമാത്രം അവര്‍ പ്രാര്‍ഥിച്ചു. പക്ഷേ ഒന്നോര്‍ത്താല്‍ അതാണു നല്ലത്‌.അല്ലെങ്കില്‍ സമ്മേളനത്തില്‍ നിര്‍ത്താതെ പ്രസംഗിയ്ക്കുന്നവന്റെ മുഖത്തേയ്ക്ക്‌ ആളുകള്‍ ഇവരെ എടുത്തെറിയും. അതിലും ഭേദം.....!

12 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

മുട്ട വേണോ മുട്ട, ദാ 'വിപ്ലവമുട്ടകള്‍'
കഥയാവാം കാര്യമാവാം. ഓണത്തിനിടയ്ക്കാണോ മുട്ടക്കച്ചോടം എന്നല്ലേ. ഒന്നു ക്ഷമിയ്ക്കൂ, മുട്ട കഴിഞ്ഞാല്‍ വരും പഞ്ചാരപ്പായസം.

Unknown said...

ഒരു മുട്ട പാവം ദാ ഇവിടെ കുമാരച്ചേകവരുടെ ബ്ലോഗില്‍ അങ്കത്തട്ട് പൊളിഞ്ഞ് വീണിട്ടാണെന്ന് തോന്നുന്നു ‘പ്ലീക്കോ’ എന്നായിരിക്കുന്നു.

നല്ല എഴുത്ത്. ദക്ഷിണാധുനികത,പെണ്ണെഴുത്ത്,സിംബോളിക്,മിസ്റ്റിക്, അതി തീവ്ര വലത് പക്ഷ ഹൈന്ദവ എഴുത്ത് ഇതിലേതാണ് എന്നൊന്നും എനിക്കറിയില്ല. കഥ നന്ന് എന്ന് മാത്രം അറിയാം. ഇത് ഒരു രോഗമാണോ ഡോക്ടര്‍?

Anonymous said...

ഹൌ..ഈ ദില്‍ബൂട്ടീന്റെ ഒരു കാര്യം..ഇത എന്തെഴുതാണെന്നറിയില്ലെ? ഇതാണ് മുട്ടെഴുത്ത്..

നന്നായിട്ടുണ്ട്...ഇങ്ങിനത്തെ നല്ല ഇമാജിനേഷന്‍ കിട്ടാന്‍ എന്ത് ചെയ്യണം? എന്നും മുട്ട കഴിച്ചാല്‍ മതിയോ?

അരവിന്ദ് :: aravind said...

കൊള്ളാം..
ഉന്നം വച്ചത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും, മുട്ടക്കഥ എനിക്കിഷ്ടായി .:-)

സു | Su said...

ജ്യോതിട്ടീച്ചര്‍ ജോലിയൊക്കെ ഉപേക്ഷിച്ച് നാഷനല്‍ എഗ്ഗ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ അംഗമായോ?

മുട്ടകള്‍ക്കും വിധിയുണ്ട്. മുട്ടയാവുമ്പോള്‍ത്തന്നെ പോയിച്ചേരേണ്ട സ്ഥാനം നിര്‍ണയിക്കുന്നു. ഞാന്‍ പാമ്പിന്റെ വായിലേക്കില്ല, ഞാന്‍ കല്ലില്‍ തടയില്ല എന്നൊക്കെ വിചാരിച്ചിട്ട് കാര്യമില്ല. മുട്ടയ്ക്ക് ഊണുമേശയില്‍, ഭക്ഷണാര്‍ത്ഥികളുടെ മുഖം വിടര്‍ത്തുന്ന, പൂപ്പാത്രത്തില്‍ അലങ്കരിച്ചിരിക്കാന്‍ കഴിയുന്ന മുട്ടയാവാന്‍ വിധിയുണ്ടെങ്കില്‍‍ ‍ അതിന്റെ ഭാഗ്യം, അല്ലെങ്കില്‍ സമ്മേളനനഗരിയില്‍ മനുഷ്യരുടെ മുഖം ചുളിപ്പിക്കുന്ന ചീഞ്ഞ മുട്ടയാവുന്നത് അതിന്റെ നിര്‍ഭാഗ്യം.

വിധിയെ തടഞ്ഞവര്‍ മുന്നോട്ട് പോകുമോ എന്നും കൂട്ടിവായിക്കുക.

(തീര്‍ന്നിട്ടൊന്നുമില്ല, പ്രസംഗം. തടഞ്ഞില്ലെങ്കില്‍ ഇനീം വരും. ചീഞ്ഞാലും മുട്ട, മുട്ട തന്നെയല്ലേ, ബുദ്ധിമുട്ടാവില്ലല്ലോ.)

Promod P P said...
This comment has been removed by a blog administrator.
Promod P P said...

ജ്യോതിര്‍മയി..

പണ്ട്‌ കടമ്മനിട്ട ശാന്തയില്‍ പറഞ്ഞത്‌ ഓര്‍ത്തുപോയി

വേണ്ട നമുക്കിനി മുട്ടയടവെച്ച്‌ വിരിയിക്കേണ്ട
ഞാനിനി മുട്ടയിടുകയുമില്ല..

താങ്കളുടെ ആര്‍ജ്ജവം നിറഞ്ഞ ലിഖിതങ്ങള്‍ അതീവ ഹൃദ്യം..

ആശംസകള്‍

ദേവന്‍ said...

റ്റീച്ചറേ, ഈ മുട്ടമാഹാസമ്മേളനം ടിയാനന്‍ മെന്‍സ്ക്വയറിലോ മറ്റോ ആയിരുന്നോ

പണ്ടുപണ്ട്‌ ഒരു ട്രേ മുട്ടകളില്‍ ഒരെണ്ണം ആനമുട്ട ആണെന്ന് ബാക്കി മുട്ടകളെ അത്‌ വിശ്വസിപ്പിച്ചിരുന്നു. അതെടുത്തെറിഞ്ഞാല്‍ ന്യൂക്ലീയര്‍ മഷ്‌റൂം ഉയരുമെന്നും അത്‌ സ്വയം വിശ്വസിച്ചിരുന്നു. ലോകത്തെക്കാള്‍ വലിയ ആ മുട്ട ലോകത്തെ കാക്കുമെന്ന് കാത്തു കാത്ത്‌ ഒടുവില്‍ ഒക്കെ വിരിഞ്ഞു. ഒരുപാടു വര്‍ഷം കഴിഞ്ഞ്‌ അന്നു വിരിഞ്ഞതിലെ ഒരു കാടക്കോഴി ദേശാടനം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ആനമുട്ട വിരിഞ്ഞ പൂവനെ കണ്ടു.

"എന്ത്വായിപ്പോ ചെയ്യണേ പൂവാ?"
"ഹ്ം.. ഘ്ം.. പിന്നെ കുറച്ച്‌ കൃഷിയൊക്കെ കല്‍പ്പറ്റേലും മറ്റും.."
"ഇത്തിരി കൃഷി ചെയ്യാന്‍ കൊല്ലത്തുന്നു നീ കല്‍പ്പറ്റ വരെ പോയോ??"

"അല്ല, ഭാര്യേടെ സ്ഥലം അവിടാ"
"ഓ. ഇപ്പോ മനസ്സിലായി. ഇത്തിരി കാപ്പിയും ഏലവും മറ്റുമല്ലേ കൃഷി?"

"ഉം."
" നിന്നെ ഇപ്പോ കാണാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ശരി, പോട്ടെ."

ബിന്ദു said...

ഇതു കൊള്ളാം. മുട്ടന്‍ ആശയം തന്നെ. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ദില്‍ബൂ(ഞാനും അങ്ങനെവിളിയ്ക്കാം:-); കുമാരച്ചേകവര്‍ കാണിച്ചുതന്നത്‌ ഒരു മഞ്ഞമുട്ടയാണോ? ഈ കഥ വെളുത്തമുട്ടകളുടേതാണുകേട്ടോ.
അതേയ്‌ നിരീക്ഷണം അപാരം. ഞാനിതൊരു അഞ്ചാറുവര്‍ഷം മുന്‍പ്‌ കുത്തിക്കുറിച്ചതായിരുന്നു. വേറെയെന്തോ തിരയുന്നതിനിടയില്‍ കണ്ടുകിട്ടി. അതിവിടെ പോസ്റ്റാം ന്നു കരുതി. ദക്ഷിണാധുനികം, ഫാസിസ്റ്റ്‌, പെണ്ണെഴുത്ത്‌... ഏതെങ്കിലും ഒരു ലേബല്‍ ദില്‍ബു തന്നെ ഒട്ടിയ്ക്കൂ:-)
ഞാനൊന്നു ചിന്തിച്ചുനോക്കി. കോഴി-അമ്മ, മുട്ട-കുട്ടി; അല്ലെങ്കില്‍ കോഴി-സമൂഹം, മുട്ട-പെണ്‍ വര്‍ഗ്ഗം; അതുമല്ലെങ്കില്‍ കോഴി-the fully evOlved, the true self, മുട്ട-Egoistic self; അതുമല്ലെങ്കില്‍ ദമനകന്‍ജി പറഞ്ഞപോലെ കോഴി- ഞാനെന്ന ടീച്ചര്‍, മുട്ട- 106 കുട്ടികള്‍ :-)


ഇഞ്ചീ, എന്നും മുട്ടകഴിച്ചാല്‍ മതിയായിരിയ്ക്കും, ഞാനിതുവരെ കഴിച്ചുനോക്കിയിട്ടില്ല:-)

അരവിന്ദ്ജീ:-) ഇത്രടം വരാന്‍ സമയണ്ടായീലോ, നന്ദി. മുട്ടക്കഥ ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം. പെണ്ണെഴുത്ത്‌, കണ്ണെഴുത്ത്‌...പിന്നെന്തൊക്കെയോ എഴുത്ത്‌.. എന്നൊക്കെ പറഞ്ഞ്‌ ദില്‍ബു പറ്റിച്ചതാവും:-)

സൂ, വരൂ വരൂ, ഇനീം വരൂ. മുട്ട ചീഞ്ഞാലും ബുദ്ധിമുട്ടാവില്ല, മുട്ടായി തന്നാമതി:-)

തഥാഗതാ, വളരെ സന്തോഷം. കടമ്മനിട്ടയുടെ 'ശാന്ത' ഞാന്‍ വായിച്ചിട്ടില്ല. നോക്കട്ടെ.

ദേവരാഗമേ, ആര്‌? ടിയാന്‍? ഹൂ ഈസ്‌ ദിസ്‌ മാന്‍? എനിയ്ക്കറിയില്ല:-)
ആനമുട്ടക്കഥയും ചേര്‍ത്തുവായിക്കാം.

അപ്പോള്‍ ദമനകാ, സ്വാഗതം. അങ്ങനേം ഒരര്‍ഥമാവാലോ, അതും കൊള്ളാം. കൂവുന്ന പിടക്കോഴികളേയാണെനിയ്ക്കു പഠിപ്പിയ്ക്കനുള്ളത്‌:-) :-) എന്നേക്കാള്‍ വലിപ്പമുള്ള 106 കുട്ട്യോള്‍, ഇക്കൊല്ലം:-)
എല്ലാവര്‍ക്കും നന്ദി!

Promod P P said...

പുഴുങ്ങിയ മുട്ടകള്‍ എന്ന ഒരു കവിത കടമനിട്ട എഴുതിയിട്ടുണ്ട്‌. പക്ഷെ ഈ വരികള്‍ ശാന്തയിലേതാണെന്നാണ്‌ എന്റെ ഓര്‍മ്മ.. ഒരിക്കല്‍ കൂടെ നോക്കി പിന്നീട്‌ പറയാം

Aravishiva said...

മുട്ടക്കഥയിലെ പരിഹാസം(പുതിയ തലമുറയെപ്പറ്റിയാണെന്നാണു എനിക്കു തോന്നിയത്) ക്ഷ പിടിച്ചു....പോയാലും എവിടെവരെപ്പോകാനാ അല്ലേ?.