Friday, January 12, 2007

ഭീഷ്മസ്തുതി

സ്വച്ഛന്ദമൃത്യുവായ (തയ്യാറുള്ളപ്പോള്‍ മാത്രം മരിച്ചാല്‍ മതി എന്ന്‌ വരം നേടിയ) ഭീഷ്മര്‍, ശരശയ്യയില്‍ ഉത്തരായണകാലം കാത്ത്‌ കിടക്കുന്നു. ഉത്തരായണം തുടങ്ങാന്‍ (മകരസംക്രമം) അധികം സമയമില്ലല്ലോ എന്നു കണ്ട്‌ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരേയും (യുധിഷ്ഠിരനേയും) കൂട്ടി ഭീഷ്മരുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവര്‍ ഭീഷ്മരുടെ അടുത്തുചെന്നു നിന്ന് വന്ദിച്ചു.

ധര്‍മ്മത്തെക്കുറിച്ച്‌ യുധിഷ്ഠിരന്‌ ധാരാളം സംശയങ്ങളുണ്ടായിരുന്നു. സംശയങ്ങളെല്ലാം കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ഠിരന്‍, ഭീഷ്മരോടു ചോദിച്ചു. വളരെ വിശദമായി അതെല്ലാം പ്രതിപാദിച്ച ഭീഷ്മര്‍, ഉത്തരായണശുഭകാലം എത്താറായി എന്നു കണ്ട്‌, തന്റെ വൃത്തികളെല്ലാം ഉപസംഹരിച്ചു, മുന്നില്‍ തെളിഞ്ഞുവിളങ്ങുന്ന കൃഷ്ണനെ സ്തുതിയ്ക്കാനാരംഭിച്ചു. പുറത്തും ഉള്ളിലും കൃഷ്ണനെക്കണ്ടുകൊണ്ട്‌, കൃഷ്ണചിന്തയില്‍ ശരീരം വെടിയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം.

ഇനി ഭീഷ്മസ്തുതി, മൂലശ്ലോകവും അതിനു ഞാന്‍ മനസ്സിലാക്കിയ അര്‍ഥവും താഴെക്കൊടുക്കുന്നു.

കൃഷ്ണന്‍ ഭീഷ്മരുടെ അടുത്തുചെന്നു വന്ദിക്കുന്നു. ആനന്ദാശ്രുക്കളോടെ ഭീഷ്മര്‍ സ്തുതിയ്ക്കാനാരംഭിയ്ക്കുന്നു.

ശ്രീ ഭീഷ്മ ഉവാച
ഭീഷ്മര്‍ പറഞ്ഞു-

"ഇതി മതിരുപകല്‍പ്പിതാ വിതൃഷ്ണാ
ഭഗവതി സാത്വതപുംഗവേ വിഭൂംനി
സ്വസുഖമുപഗതേ ക്വചിദ്വിഹര്‍ത്തും
പ്രകൃതിമുപേയുഷി യദ്‌ഭവപ്രവാഹഃ"

മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്‌) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ. [ഏകദേശ അര്‍ഥം].

"ത്രിഭുവനകമനം തമാലവര്‍ണ്ണം
രവികരഗൌരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതിരസ്തു മേऽനവദ്യാ"

അര്‍ജ്ജുനന്റെ സഖാവായ അങ്ങ്‌ ഇതുപോലെ മന്ദസ്മിതം തൂകി, മഞ്ഞപ്പട്ടുചുറ്റി, അളകങ്ങളാല്‍ സുന്ദരമായ മുഖശോഭയോടെ എന്റെ മനതാരില്‍ എന്നും വിളങ്ങണേ. [എന്റെ മനസ്സിന്‌ പാര്‍ഥസാരഥീരൂപം എന്നെന്നും പ്രിയപ്പെട്ടതാവണേ]

"യുധി തുരഗരജോവിധൂമ്രവിഷ്വ-
ക്കചലുളിതശ്രമവാര്യലംകൃതാസ്യേ
മമനിശിതശരൈര്‍വിഭിദ്യമാന-
ത്വചി വിലസത്‌കവചേऽസ്തു കൃഷ്ണ ആത്മാ"

യുദ്ധത്തിനിടയില്‍ രണഭൂമിയില്‍ നിന്നും ഉയര്‍ന്നപൊടികള്‍ പറ്റിയും വിയര്‍പ്പണിഞ്ഞതുമായ ചിരിച്ചുകൊണ്ടുള്ള ഈ മുഖവും, ഞാനെയ്ത അമ്പുകള്‍ തറച്ച മാര്‍ച്ചട്ടയോടെയുള്ള അങ്ങയുടെ ആ നില്‍പ്പും, കൃഷ്ണ, എന്റെ മനസ്സില്‍ നേരിട്ടുകാണുന്നതുപോലെ എന്നും തെളിഞ്ഞുകാണാന്‍ കനിയണേ.

"സപദി സഖിവചോ നിശമ്യ മധ്യേ
നിജപരയോര്‍ബലയോ രഥം നിവേശ്യ
സ്ഥിതവതി പരസൈനികായുരക്ഷ്ണാ
ഹൃതവതി പാര്‍ഥസഖേ രതിര്‍മ്മമാസ്തു"

അര്‍ജ്ജുനന്‍ പറഞ്ഞപ്രകാരം, ശത്രുക്കളെയെല്ലാം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഓരോരുത്തരെയായി നോക്കി നോക്കി- ആ നോട്ടത്താല്‍ ത്തന്നെ അവരുടെയെല്ലാം ആയുസ്സു വലിച്ചെടുത്ത ഹേ കൃഷ്ണ, പാര്‍ഥന്റെ കൂട്ടുകാരാ, എനിയ്ക്കു നിന്നില്‍ ഭക്തിയുണ്ടാവണേ.

"വ്യവഹിതപൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ
കുമതിമഹരദാത്മവിദ്യയാ യ-
ശ്ചരണരതിഃ പരമസ്യ തസ്യ മേऽസ്തു"

യുദ്ധത്തിനു ഒരുങ്ങിനില്‍ക്കുകയായിരുന്ന ഞങ്ങളുടെ നേര്‍ക്ക്‌ അമ്പയക്കാന്‍ മടിച്ചുനില്ലുകയായിരുന്ന, കര്‍ത്തവ്യബോധം തന്നെ മറന്ന അര്‍ജ്ജുനന്‌ നീ ഗീതയോതി ആത്മതത്വം ഉപദേശിച്ച്‌ അവനെ ഉദ്ബുദ്ധനാക്കി. ആ അങ്ങയില്‍ എനിയ്ക്കെപ്പോഴും ഭക്തിയുണ്ടാവണേ.

"സ്വനിഗമമപഹായ മത്പ്രതിജ്ഞാ-
മൃതമധികര്‍ത്തുമവപ്ലുതോ രഥസ്ഥഃ
ധൃതരഥചരണോऽഭ്യയാച്ചലദ്ഗുര്‍-
ഹരിരിവ ഹന്തുമിഭം ഗതോത്തരീയഃ

ശിതവിശിഖഹതോ വിശീര്‍ണ്ണദംശഃ
ക്ഷതജപരിപ്ലുത ആതതായിനോ മേ
പ്രസഭമഭിസസാര മദ്വധാര്‍ഥം
സ ഭവതു മേ ഭഗവാന്‍ ഗതിര്‍മ്മുകുന്ദഃ"

ഹേ കൃഷ്ണ, ഞാനെയ്ത അമ്പു തറച്ച്‌ മാര്‍ച്ചട്ടയിലൂടെ രക്തം പൊടിഞ്ഞപ്പോള്‍ അങ്ങ്‌ എന്റെ വാക്കു സത്യമാക്കാനല്ലേ സ്വന്തം പ്രതിജ്ഞപോലും മറന്ന്‌ ആയുധമേന്തി (സുദര്‍ശനം) രഥത്തില്‍ നിന്നും ചാടിയിറങ്ങി എന്റെ നെരെ ആഞ്ഞടുത്തത്‌? എന്റെ നേര്‍ക്കോടിവന ആ നീ തന്നെയാണ്‌ എന്റെ ഗതി, എന്റെ ലക്ഷ്യം!"

വിജയരഥകുടുംബ ആത്തതോത്രേ
ധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേ
ഭഗവതി രതിരസ്തു മേ മുമൂര്‍ഷോഃ
യമിഹ നിരീക്ഷ്യ ഹതാ ഗതാസ്സരൂപം"

അര്‍ജ്ജുനന്റെ രഥത്തില്‍ കുതിരകളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി, രഥത്തെനിയന്ത്രിച്ചുകൊണ്ട്‌ വിജയത്തിലേയ്ക്കു നയിച്ച, നിന്റെ ആ തേരാളീരൂപം കണ്ടുകൊണ്ട്‌ പ്രാണന്‍ വെടിഞ്ഞവരും തീര്‍ച്ചയായും പരമപദം തന്നെ പ്രാപിച്ചിരിയ്ക്കണം![അര്‍ജ്ജുനന്റെ തേര്‍ത്തട്ടുപോലെ എന്റെ ഹൃദയത്തെ കൃഷ്ണ നീ കരുതണേ. (ശരീരം തേരാണെന്നു കരുതിയാല്‍, ഇന്ദ്രിയങ്ങള്‍- തേരിലെ കുതിരകള്‍; മനസ്സ്‌- കടിഞ്ഞാണ്‍; ജീവന്‍(ശ്വാസമല്ല) തേരിലെ യാത്രക്കാരന്‍; തേരാളിയായി കൃഷ്ണന്‍(പരമാത്മാവ്‌) ഉണ്ടെങ്കില്‍ പിന്നെന്തിനു പേടി?) എന്റെ ഹൃദയത്തില്‍ നീയെന്നും വസിയ്ക്കണം. എന്നുള്ളിലെ തേരാളിയാണ്‌ എന്നെ എത്തേണ്ടിടത്ത്‌ എത്തിയ്ക്കേണ്ടത്‌].

"ലളിതഗതിവിലാസവല്‍ഗുഹാസ-
പ്രണയനിരീക്ഷണകല്‍പ്പിതോരുമാനാഃ
കൃതമനുകൃതവത്യ ഉന്മദാന്ധാഃ
പ്രകൃതിമഗന്‍ കില യസ്യ ഗോപവധ്വഃ"

നിഷ്കളങ്കകളായ ഗോപസ്ത്രീകള്‍ പോലും നിന്റെ സുന്ദരമായ പുഞ്ചിരിയും മുഖവും മധുരമായ വാക്കുകളും നിന്റെ മറ്റു ഭാവങ്ങളും ഓര്‍ത്തോര്‍ത്ത്‌ മറ്റെല്ലാം മറന്ന്‌ നിന്നില്‍ത്തന്നെ ലയിച്ചുവല്ലോ!

"മുനിഗണനൃപവര്യസംകുലേऽന്ത-
സ്സദസി യുധിഷ്ഠിരരാജസൂയ ഏഷാം
അര്‍ഹണമുപപേദ ഈക്ഷണീയോ
മമദൃശി ഗോചര ഏഷ ആവിരാത്മാ"

ധര്‍മ്മപുത്രന്റെ രാജസൂയയാഗത്തില്‍ അഗ്രാസനത്തിലിരുത്തി പൂജചെയ്തത്‌ പാര്‍ഥസാരഥേ, കൃഷ്ണ, അങ്ങയെയാണല്ലോ. ജഗത്തിന്റെയെല്ലാം അന്തരാത്മാവായ ആ അങ്ങ്‌ ഇപ്പോഴിതാ എന്റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈശ്വരാധീനം എന്നല്ലാതെ എന്തുപറയാന്‍?

"തമിമമഹമജം ശരീരഭാജാം
ഹൃദി ഹൃദി ധിഷ്ഠിതമാത്മകല്‍പ്പിതാനാം
പ്രതിദൃശമിവ നൈകധാര്‍ക്കമേകം
സമധിഗതോസ്മി വിധൂതഭേദമോഹഃ"

സൂര്യന്റെ പ്രതിബിംബം, വെള്ളം നിറച്ചുവെച്ചപാത്രങ്ങളില്‍ വെവ്വേറെ (ഓരോ പാത്രത്തിലും ഓരോ സൂര്യപ്രതിബിംബം- പക്ഷേ യഥാര്‍ഥത്തില്‍ ഒരേയൊരു സൂര്യനേയുള്ളൂ) കാണപ്പെടുന്നതുപോലെ പരമാത്മാവായ അങ്ങയുടെ പ്രതിബിംബങ്ങളാണല്ലോ ഓരോരോ ദേഹത്തിലും കുടികൊള്ളുന്നത്‌! അപ്പോള്‍ എന്നുള്ളിലുള്ളത്‌ കൃഷ്ണാ നിന്റെ പ്രതിബിംബം. ആ പ്രതിബിംബത്തിന്റെ യഥാര്‍ഥരൂപം- എന്റെ യഥാര്‍ഥസത്ത- മഹാപ്രഭോ! അങ്ങുതന്നെയല്ലേ! എനിയ്ക്കിപ്പോള്‍ ഞാന്‍ ഈ വെറും ശരീരമാണെന്നു തോന്നുന്നില്ലാ. അല്ലയോ സച്ചിദാനന്ദരൂപാ, എല്ലാദുഃഖങ്ങളുമകന്ന്‌ തെളിഞ്ഞബോധത്തോടെ ഞാനുമീ പരമാനന്ദത്തില്‍ ലയിയ്ക്കട്ടേ!

ഭാഗവതം ഒന്നാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ ഈ ശ്ലോകങ്ങള്‍ കാണാം. നിത്യേന ഇതു ചൊല്ലാറുള്ള ഒരാള്‍ക്ക്‌ അവരാവശ്യപ്പെട്ടതിനാല്‍ അതിന്റെ ഒരു ഭാവാര്‍ഥം (വിമര്‍ശനമോ പദാനുപദവ്യാഖ്യാനമോ അല്ല) എഴുതിക്കൊടുത്തു. അതാണ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്‌.

17 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഭീഷ്മസ്തുതി - മകരസംക്രമത്തിനൊരു വരവേല്‍പ്പ്‌.

സു | Su said...

ജ്യോതീ :)

അതുല്യ said...

ജ്യോതിറ്റീച്ചറേ ഇഷ്ടായി.

എന്റെയൊക്കെ വീട്ടില്‍, ഇതൊക്കെ എന്നും ഒരു ശ്ലോകം എന്ന രീതിയിലു (ദയവായി എന്റേ ബ്ലോഗ്ഗ്‌ ഭാഷയേ പരിഹസിയ്കരുത്‌, ഒളിച്ചും പതുങ്ങിയുമാണു മലയാളം പറയുന്നതും എഴുതുന്നതും കാണുന്നതും :(. പണ്ട്‌ പറഞ്ഞാല്‍ കേള്‍ക്കാതെ ഇരിയ്കുമ്പോ, മുത്തവര്‍ പറയും, എന്നാ 9ആം അദ്ദ്യായത്തിന്റെ അദ്ധ്യായ ശ്ലോകം ചൊല്ലീയൂട്ട്‌ പോ ന്ന്, അത്‌ പോലെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു, ഈ അദ്ധ്യായത്തിന്റെ ശ്ലോകം. പറഞ്ഞാല്‍ തെറ്റുമോ?

യുധിരിഷ്ടരായ ഭീഷ്മേണാ സര്‍വ്വ ധര്‍മ്മ നിരൂപേണ
വിഷ്ണു സ്തുതി നിത്യേയ്‌വം മുക്തിശ്ച പരികര്‍മ്മ്യതേ...

(തെറ്റീന്ന് തോന്നുന്നു...) എന്നാലും അതൊക്കെ തെറ്റിയെങ്കിലും ഓര്‍ക്കാന്‍ പ്രേരിപ്പിച്ച ജ്യോതിയ്ക്‌ നന്ദി. )

ഏതാണ്ട്‌ ഈ സമയത്ത്‌, മുറത്തില്‍ അരിയും കായയും വെറ്റിലയുമൊക്കെ വക്കെ ഒരു ദാനം നടന്നിരുന്നു എന്റെ വീട്ടില്‍. ഇപ്പോ ഓര്‍മ്മയില്ലാ ഏത്‌ തിഥിയ്കാണെന്ന്.

കുറുമാന്‍ said...

ടീച്ചറേ, വളരെ നല്ല കാര്യം.

മനസ്സിലാവാത്ത, അല്ലെങ്കില്‍ അര്‍ത്ഥങ്ങളറിയാത്ത എത്രയോ,ശ്ലോകങ്ങള്‍.

ഇനിയും ഇതുപോലെ (സമയം കിട്ടുമ്പോള്‍) വിവര്‍ത്തനം ചെയ്യൂ ദയവായി

ബിന്ദു said...

നല്ല കാര്യം ജ്യോതി ടീച്ചറേ... :)

myexperimentsandme said...

വളരെ നന്ദി ജ്യോതിടീച്ചറേ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജ്യോതി ടീച്ചറേ നന്നായിട്ടുണ്ട്‌, ഇനിയും ഇതുപോലെയുള്ള ശ്രമങ്ങള്‍ പ്രതീക്ഷിക്കുന്നു

വേണു venu said...

ടീച്ചറെ, മകരസംക്രമത്തിനൊരു വരവേല്‍പ്പ്‌, വളരെ ഇഷ്ടപ്പെട്ടു. നന്ദിയും ആശംസകളും.

Siji vyloppilly said...

ടീച്ചറെ,
ഇവിടെ വരുമ്പോള്‍ എപ്പോഴും എന്തെങ്കിലും പുതിയ അറിവുകള്‍ സ്വന്തമാക്കിയാണ്‌ ഞാന്‍ തിരിച്ചുപോകാറ്‌. മലയാളം പഠിക്കുന്ന കാലത്ത്‌ ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും മനസ്സിരുത്തി ഒന്നും പഠിച്ചിട്ടില്ല. നന്ദി.ടീച്ചര്‍ എന്തു വിഷയമാണ്‌ പഠിപ്പിക്കുന്നത്‌?

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ, വായിച്ചോ, ഇത്രവേഗം?

അതുല്യച്ചേച്ചീ, സന്തോഷമായി എന്നറിഞ്ഞതില്‍ സന്തോഷം.

കുറുമാന്‍ജീ :-) നന്ദി. ഞാനിനിയും ശ്രമിയ്ക്കാം. പ്രോത്സാഹനത്തിനു നന്ദി.

ബിന്ദൂ :-) നന്ദി

വക്കാരിമഷ്ടാജീ:-)) വായിച്ചു അല്ലേ. നന്നായി.

ഇന്ത്യാഹെറിറ്റേജ്‌ജീ, പ്രോത്സാഹനത്തിനു നന്ദി.

വേണു ജീ, സന്തോഷമായി. നമസ്കാരam.

സിജി, കേള്‍ക്കാന്‍ നല്ല സന്തോഷമുണ്ട്‌. അത്രയ്ക്കൊക്കെയുണ്ടോ? അങ്ങനെയായിത്തീരാന്‍ ശ്രമിയ്ക്കാം.
ഞാനിതൊന്നും സ്കൂളിലോ കോളേജിലോ പഠിച്ചിട്ടില്ല. അല്ല, ഇതൊക്കെ പഠിയ്ക്കാനുണ്ടായിരുന്നുവോ?
ഞാന്‍ സംസ്കൃതമാണ്‌ പഠിപ്പിക്കുന്നത്‌. (പഠിയ്ക്കുന്നത്‌ എന്നും പറയാം)

സു | Su said...

ഞാന്‍ വേഗം വായിക്കും ജ്യോതീ :)

qw_er_ty

Visala Manaskan said...

ജ്യോതി ടീച്ചറേ..വളരെ നല്ല കാര്യം.

സംസ്കൃതം എന്നാല്‍ എല്ലാ വാക്കിന്റെ കൂടെയും ‘ഹ‘ എന്ന് ചേറ്ത്താല്‍ മതി എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും.

അറിവില്ലായ്മയുടെ ഇരുട്ടത്ത്‍‍ മടിയുടെ ബ്ലാങ്കറ്റിട്ട് മൂടി ഉറക്കത്തിനും ഉണരലിനും ഇടയിലെ ആ ഒരു അവസ്ഥയില്‍ കിടക്കുന്നവന്‍. (സംഗതി നല്ല രസമുള്ള കിടപ്പ് തന്നെയാണ് അത്, കാണുന്നവര്‍ക്ക് വല്യ അഭിപ്രായം ഉണ്ടാവില്ലെങ്കിലും!)

ഇനിയെങ്കിലും പഠിക്കട്ടെ ഞങ്ങള്‍. ഭീഷ്മസ്തുതി പോലെ കൂടുതല്‍ ഇവിടെ പകര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.

Anonymous said...

ഭീഷ്മസ്തുതി (ഭാഗവതം)- ശ്ലോകത്തിന്റെ ഭാഷ്യം - സശ്രദ്ധം- വായിച്ചു -ഹൈന്ദവ വിശ്വാസങ്ങളെ കുറിച്ചു കൂടുതല്‍ പരിചയപ്പെടാന്‍ താല്‍പര്യമുണ്ടു - ലളിതമായി ദൈവചിന്തകള്‍ പറഞ്ഞു തന്നാല്‍ നന്നായിരിക്കും. ഇതിഹാസങ്ങല്‍ ഒരുപാടു വായിച്ചു, പക്ഷെ എന്തിലാണു, എങ്ങിനെയാണു വിശ്വാസം എന്നു ഒരു സംക്ഷിപ്തരൂപം പറഞ്ഞു തരുമോ, തെറ്റിദ്ധരിക്കരുതു, സോദ്ദേശം മാത്രമേ ഉള്ളൂ.

പത്താം തരത്തിലെ english റ്റെക്സ്റ്റ്‌ ബുക്കില്‍ നിങ്ങള്‍ പോസ്റ്റിയ, ഈ ഭാഗം പഠിക്കാനുണ്ടായിരുന്നു. അന്നു പരീക്ഷയ്കായി ചോദ്യോത്തരമായിരുന്നു പ്രധാനം, ഒഴുക്കന്‍ മട്ടില്‍, ഈ പാഠഭാഗം വായിച്ചു പോയി.

ഇപ്പോള്‍ നിങ്ങളുടെ വിശദീകരണം നന്നായി, എങ്കിലും ഈ ഭാഗങ്ങള്‍ കുറച്ചു വിശദമായി പറഞ്ഞു തരിക,

"മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്‌) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ."

Anonymous said...

ജ്യോതിര്‍മയി, മുകളിലത്തെ കമന്റ്‌ എന്റേതാണു, കമെന്റും പോസ്റ്റും ഒരു സ്ക്രീനില്‍ കാണുന്ന ബ്ലോഗ്‌ റ്റെമ്പ്ലേറ്റ്‌ ആയിരുന്നു നല്ലതു - അനോണി ആയതില്‍ ക്ഷമ ചോദിക്കുന്നു- ബയാന്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

വിശാലജീ :-)

ഇവിടെ വന്നിരുന്നല്ലേ? അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി. ശ്രമിയ്ക്കാം :-))

ബയാന്‍ജീ, സ്വാഗതം. താങ്കള്‍ക്കുള്ള മറുപടി ഒരു പോസ്റ്റാക്കാമോ എന്നു നോക്കട്ടെ. എളുപ്പമല്ല, എങ്കിലും എനിയ്ക്കുമിഷ്ടമുള്ള വിഷയമാണേ, നന്ദി കേട്ടോ, കമന്റിന്‌.
താങ്കള്‍ക്കൊരു ബ്ലോഗുണ്ടെങ്കില്‍ ഒന്നു കാണിച്ചുതരുമോ?

ബയാന്‍ said...

ബ്ലോഗുണ്ടാക്കാനിറങ്ങി, റ്റെമ്പ്ലേറ്റില്‍ research നടത്തിക്കൊണ്ടിരിക്കുകയാ html എന്താണെന്നുവരെ അറിയാത്ത ഞാന്‍. പിന്നെ "ബയാന്‍'ജി'" വേണ്ട, നിത്യജീവിതത്തില്‍ ഒരു തരത്തിലുള്ള formalities ഉം കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ബ്ലോഗില്‍ ജി, ജ, മാഷു, തെങ്ങാക്കുല... വിളി, നമുക്കിടയില്‍ ഒരകലം സൃഷ്ടിക്കുന്നു, നമ്മളൊക്കെ പച്ചയായ മനുഷ്യരല്ലെ, സഹജീവികള്‍ക്കു നല്ലതു മാത്രം ചെയ്തു തനിയെ നടക്കുക, നമ്മളുടെ കൂടെ നമ്മളും, എന്റെ കൂടെ ഞാനും മാത്രമേ ഉണ്ടാവൂ.
jw_er_ty

ഉമേഷ്::Umesh said...

ഇപ്പോഴാണു വായിക്കാന്‍ പറ്റിയതു്. നന്നായിട്ടുണ്ടു്.

നന്ദി.