Thursday, January 25, 2007

അവള്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ്‌...!

രംഗം: 1

വാഗ്‌ജ്യോതിപ്പൂമുഖം

സമയം: സന്ധ്യ കഴിഞ്ഞു. ഒരടുക്കും ചിട്ടയുമില്ലാതെ പോസ്റ്റുകള്‍ പരന്നുകിടക്കുന്നു. സന്ധ്യാനാമം കാസറ്റില്‍ നിന്നും ഒഴുകിവരുന്നു. ഓണക്കാലമല്ലെങ്കിലും ഓണത്തല്ലും പുലിക്കളിയും കഴിഞ്ഞ ലക്ഷണം കാണാം. തല്ലിനൊടുവില്‍, അവള്‍ നക്ഷത്രമെണ്ണിത്തുടങ്ങിയിരുന്നു...



രംഗം 2: -അനന്തമജ്ഞാതമവര്‍ണ്ണനീയം... ISRO ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ തിരുമുറ്റം.

നക്ഷത്രങ്ങളെ എണ്ണാന്‍ ഏറ്റവും നല്ലത്‌, ഈ മുറ്റം തന്നെ. അവള്‍ ആകാശം നോക്കി മലര്‍ന്നുകിടന്നു. നക്ഷത്രങ്ങള്‍ അവളെനോക്കിചിരിക്കുന്നുണ്ടായിരുന്നു. പ്രാങ്ങ്‌ നക്ഷത്രദശ" തരണം ചെയ്ത, ആ താരകളെ അവള്‍ ആദരവോടെ നോക്കി. സന്തോഷം കൊണ്ട്‌ അവള്‍ പാടി, ഒരു ശ്ലോകം...


രംഗം 3: ശ്ലോകസദസ്സ്‌.

"അനന്തമജ്ഞാതമവര്‍ണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തുകണ്ടൂ!

അടുത്ത അക്ഷരം "അ". മൈക്‌ക്‍ അടുത്തയാള്‍ക്കു കൊടുത്തു...


രംഗം 4: ഉദയസൂര്യന്റെ നാട്‌
സമയം: സൂര്യോദയത്തിനു മുന്‍പ്‌


"ഹേയ്‌, നീ മനുഷ്യനാണോ?"

ചോദ്യം കേട്ട്‌ അവള്‍ തിരിഞ്ഞുനോക്കി.ചതുരത്തലയും ഹിമക്കരടികളുടേതുപോലെയുള്ള വെളുത്ത ശരീരവും നീണ്ടു തുമ്പിക്കൈ പോലുള്ള കൈകളുമൊക്കെയായി ഒരു സത്വം!

"ആരാ നിങ്ങള്‍?" അവള്‍ ചോദിച്ചു.

"പേര്‌: ചന്ദ്രകാന്തി
നാള്‌: രോഹിണി
വീട്‌: ചന്ദ്രാലയം, അതെ, ചന്ദ്രനില്‍.
ജോലി : ഗവേഷണം"

"ആട്ടെ, എങിനെ ഇവിടെയെത്തി?" അവള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്ന കണ്ണുകളോടെ, സത്വത്തിനോടു ചോദിച്ചു.

"ഗവേഷണവുമായി ആകാശം നോക്കി നടന്നപ്പോള്‍ ഒരു ഉപഗ്രഹം, സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുപോലെ പരക്കം പായുന്നതു കണ്ടു. ഗവേഷണത്വരാപ്രവേഗം കൊണ്ട്‌ ഓടിച്ചാടിക്കേറി, ദാ ഇപ്പോള്‍ ഇവിടെ എത്തി".


"ആട്ടെ, ഗവേഷണത്തിന്റെ വിഷയം?"

"In pursuit of Human being"

"എന്നുവെച്ചാല്‍?"

"ഭൂമിയില്‍ മനുഷ്യനുണ്ടോ എന്നു കണ്ടെത്തുക"

"ഇതാപ്പൊ വല്യ കാര്യം? ഞാനൊരു മനുഷ്യനാണ്‌".

വിശ്വാസം വരാതെ, ആ സത്വം കയ്യിലുള്ള റെഫറന്‍സ്‌ പുസ്തകത്തിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി. മലര്‍ന്നു കിടക്കുകയായിരുന്ന അവളെ, ആപാദചൂഡം നോക്കിയിട്ട്‌, ഒന്നുകൂടി പുസ്തകം നോക്കി, സത്വം വായിച്ചു- (മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജഗതിയെപ്പോലെ, സശ്രദ്ധം) -

"മനുഷ്യന്‍ - രണ്ടുകാലില്‍ ... നടക്കുന്ന... ഒരു ജീവി.
ശരിയായിരിക്കാം. പക്ഷേ താങ്കള്‍ നടക്കുന്നില്ലല്ലോ?"

"അതാണോ കാര്യം? ഞാന്‍ നടക്കാമല്ലോ, ഇപ്പോള്‍ സമ്മതിച്ചോ? ഞാന്‍ മനുഷ്യനാണ്‌".

"ഇല്ല".
വീണ്ടും പുസ്തകത്തിലേയ്ക്കു നോക്കി, സത്വം, സസൂക്ഷ്മം.

"എന്തു പുസ്തകമാ അത്‌? "

"ഡിക്‍ഷണറി, എന്റെ വല്ല്യമ്മാമന്റെ അമ്മാമന്‍, ലോകപ്രശസ്തനാണ്‌, 'അമ്പിളിയമ്മാമന്‍', എനിയ്ക്കു നേരിട്ടു തന്നതാ. എല്ലാം ഇതിലുണ്ട്‌. ഒന്നു കണ്ടു പിടിക്കുകയേ വേണ്ടൂ." അഭിമാനത്തോടെ, സത്വം വീണ്ടും പുസ്തകം നോക്കി വായിച്ചു-

"മനുഷ്യന്‍ - ഒരു തല, രണ്ടു കണ്ണുകള്‍, ഒരു മൂക്ക്‌, രണ്ടു ചെവികള്‍, രണ്ടുവീതം കൈകാലുകള്‍. വാലില്ല, കൊമ്പില്ല, ഒരു ബുദ്ധിജീവി"(കൌമുദീ വ്യാഖ്യാനം പേജ്‌123 നാലാം ഖണ്ഡിക)ബുദ്ധിജീവിയോ? ഇനിയിപ്പോള്‍ സ്വയം പരീക്ഷണവസ്തുവാകേണ്ട എന്ന കരുതലോടെ, അവള്‍ പറഞ്ഞു-

"ശരി, വരൂ ഞാന്‍ കാണിച്ചുതരാം അത്തരം മനുഷ്യരെ"അവള്‍ സത്വത്തിന്റെ തുമ്പിക്കൈപോലത്തെ കയ്യില്‍ പിടിച്ച്‌ ബഹിരാകാശഗവേഷണകേന്ദ്രത്തിനുള്ളിലേയ്ക്കു കടന്നു.ആരും അവരെ ശ്രദ്ധിയ്ക്കുന്നേ ഉണ്ടായിരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ അവള്‍ക്കു തോന്നി. ഒരു ചന്ദ്രജീവിയെ സഹായിക്കാന്‍ അവസരം കിട്ടിയത്‌ പൂര്‍വജന്മപുണ്യമെന്നവള്‍ കരുതി.

ചന്ദ്രനിലേക്‌ക്‍ പിക്നിക്കിനു പോവാന്‍ തയ്യാറാക്കിയ റോക്കറ്റിനുചുറ്റും പത്തു പതിനഞ്ചു ശാസ്ത്രജ്ഞര്‍ കൂടിനില്‍ക്കുന്നുണ്ട്‌. അവരെ ചൂണ്ടി, അവള്‍ സത്വത്തിനോടു പറഞ്ഞു. "അതാ നീ അന്വേഷിക്കുന്ന മനുഷ്യര്‍".

"തലയുണ്ട്‌, കയ്യുണ്ട്‌, കാലുണ്ട്‌, ....പക്ഷേ ബുദ്ധിയെവിടെ? കാണുന്നില്ലല്ലോ എന്നു പറഞ്ഞുകൊണ്ട്‌ സത്വം ഓടിപ്പോയി, ആ ചന്ദ്രയാനത്തില്‍ ഇരിപ്പുറപ്പിച്ചതും ഒന്നിച്ചായിരുന്നു.

അവള്‍ ഞെട്ടി, കണ്ണു തുറന്നു. ചുറ്റും ആരും ഉണ്ടായിരുന്നില്ല. ആകാശത്തില്‍ കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ചുകൊണ്ട്‌ അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ എണ്ണാന്‍ തുടങ്ങി..."ഒന്ന്‌, രണ്ട്‌, മൂന്ന്‌..."


[ബാംഗ്ലൂരിലെ ISRO കേന്ദ്രത്തിനെ കണ്മുന്നില്‍ കണ്ടുകൊണ്ട്‌, അബ്ദുള്‍കലാമിനെ സ്മരിച്ചുകൊണ്ട്‌, ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു]

15 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

അവള്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ്‌.... പുതിയ പോസ്റ്റ്‌.

ഞാനിവിടെയില്ല, ഓടി രക്ഷപ്പെട്ടു:-)

സുല്‍ |Sul said...

ഇപ്പോള്‍ പകലാണ്.

ബുജിയെക്കാണാന്‍ അവിടെ പോയിട്ടെന്തിനാ? ബൂലോകത്തു വാ എലിബുജി മുതല്‍ പുലിബുജി വരെ കാണാം.

-സുല്‍

കുറുമാന്‍ said...

ചതുരത്തലയും ഹിമക്കരടികളുടേതുപോലെയുള്ള വെളുത്ത ശരീരവും നീണ്ടു തുമ്പിക്കൈ പോലുള്ള കൈകളുമൊക്കെയായി ഒരു സത്വം! - അയ്യോ, ദേ ടീച്ചറ് വക്കാരീനെ (ഉദയസൂര്ര്യന്റെ നാട്ടില്‍) സത്വംന്ന് വിളിച്ചേ......നാട്ടാരേ....ഓടിവായോ.....

ഞാന്‍ അലറികോണ്ടോടി

പൊന്നപ്പന്‍ - the Alien said...

ങ്ങ ങാ.. സങ്ങതി പുടികിട്ടീ.. നക്ഷത്രമെണ്ണീ.. അവളല്ല..ഞാന്‍ ! ഈ പരിപാടിക്ക് ആധുനിക മനശാസ്ത്രത്തില്‍ എന്‍ത് (nth) ഡൈമെന്‍ഷണല്‍ ഇമോഷണല്‍ ഹാക്കിങ്ങ് എന്നു പറയും. തന്ത്രവിദ്യയില്‍ വേറേ എന്തരോ പറയും.. നാട്ടു ഭാഷയില്‍ കടിച്ച പാമ്പിനെ കൊണ്ടു വിഷമിറക്കികുകാന്നും പറയും . അതായത്, കടിച്ചതും കടിക്കാന്‍ ഉദ്ദേശിച്ചവരും, പ്രകൃതത്താല്‍ നാഗ ഭാവം കൈക്കൊണ്ടവരുമായവരുമായ ഒരു നീണ്ട നിര ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തി അന്തം വിട്ടു കുന്തം വിഴുങ്ങിയിരിക്കുന്ന എന്നെ പോലുള്ളവരെ സാരോപദേശത്താല്‍ കൃത്യമായി നക്ഷത്രങ്ങളുടെ എണ്ണം എത്രയെന്നു പ്രബുദ്ധരാക്കുമെന്നു സാരം. അതു വരെ എണ്ണിക്കൊണ്ടേയിരിക്കാം ...

Unknown said...

ഒരു കുറുനരിയുട്ടെ അലര്‍ച്ച കേട്ടാണ് ഇങ്ങോട്ടോടിവന്നത്.

ഇവിടെത്തിയപ്പോഴോ ജ്യോതി ടീച്ചറുടെ ജ്യോതിശ്ശാസ്‌ത്രഗവേഷണ പ്രബന്ധം.

കുറുനരി എങ്ങോട്ടോ ഓടിപ്പോവ്വേം ചെയ്തു.

നന്നായിരിക്കുന്നു ടീച്ചറേ:)

എന്നാലുമെന്റെ വക്കാരീ!!!:)

ഇപ്പോളെല്ലാര്‍ക്കും വക്കാരിയുടെ പേരും മേല്‍‌വിലാസവുമൊക്കെ കിട്ടിയല്ലോ, നന്ദി ജ്യോതി ടീച്ചറേ...(ഇതു സ്വപ്നങ്ങളുടെ പെയ്ത്തുകാലം??)

സു | Su said...

ഞാനും എണ്ണാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. തലയ്ക്കുള്ളില്‍ നിന്ന് എന്തോ ഇടയ്ക്കിടയ്ക്ക് അടിച്ച് എന്നെ നക്ഷത്രമെണ്ണിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. എവിടെച്ചെന്ന് നില്‍ക്കുമോ എന്തോ.

ജ്യോതിട്ടീച്ചറേ, ഇവിടെ എഴുതിയതൊന്നും മനസ്സിലാക്കാനുള്ള പ്രായവും, വിവരവും, ആരോഗ്യവും തല്‍ക്കാലം എനിക്കില്ല. പിന്നെ വന്ന് മനസ്സിലാക്കിക്കൊള്ളാം. അധികം, തല പുകയ്ക്കാന്‍ നിന്നാല്‍, അവള്‍ എണ്ണുന്ന നക്ഷത്രത്തില്‍ ഒന്ന് ഞാനും ആയിപ്പോവും.

Rasheed Chalil said...

ടീച്ചറേ ആക്ച്ച്വലീ എന്താ പ്രശ്നം...

ഞാനും ഓടി രക്ഷപെട്ടിരിക്കുന്നു

സു | Su said...

ഇപ്പോ കുറേശ്ശെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. കഴിഞ്ഞ പോസ്റ്റിന്റെ കമന്റുകള്‍ കണ്ട്, ടീച്ചര്‍ നക്ഷത്രമെണ്ണി എന്നാണ് ഈ പോസ്റ്റിന്റെ ആകപ്പാടെയുള്ള അര്‍ത്ഥം. ബാക്കിയൊക്കെ, പതുക്കെപ്പതുക്കെ കണ്ടെത്താം.

-B- said...

ഇതെന്താ ടീച്ചറേ? ഞാനിപ്പോ ചന്ദ്രനിലോ ആന്‍ഡ്രോമെഡാ ഗാലക്സിയിലോ മറ്റോ ആണോ? പിന്നെ ആ ഇടയില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഒന്നും വര്‍ക്ക് ചെയ്യുന്നില്ലല്ലോ? അതൊക്കെ വെറുതെ ലിങ്കാക്കിയതാണോ? :)

Peelikkutty!!!!! said...

എന്തായാലും വായിക്കാന്‍ നല്ല രസോണ്ടായിരുന്നു..വിഷ്വലൈസ് ചെയ്യാന്‍ അതിലും രസം!..പക്ഷെ വല്ലൊം മനസ്സിലായോന്നു ചോയിച്ചാല്‍.. :-)



)

ജ്യോതിര്‍മയി /ज्योतिर्मयी said...

സുല്ലിന്റെ, തേങ്ങ വരവുവെച്ചു.
ബിക്കു, സ്വാഗതം:-) ബി.കുട്ടി പറഞ്ഞപ്പോഴാണ്‌ ലിങ്കു ലിങ്കുന്നില്ല എന്നു മനസ്സിലായത്‌. എല്ലാ ലിങ്കും ശരിക്കു കിട്ടുന്നുണ്ടായിരുന്നു. ഇനിയിപ്പൊ എന്താ ചെയ്യാ? നല്ല തിരക്കിലുമാണ്‌. ശ്ശെടാ:-( ലിങ്കില്ലാതെ വായിച്ചാല്‍ എല്ലാര്‍ക്കും വട്ടുപിടിക്കും, എന്നെപ്പോലെ- [മുന്നറിയിപ്പ്‌]

Areekkodan | അരീക്കോടന്‍ said...

ലിങ്കുകളും നക്ഷത്രമെണ്ണുന്നു !!! ഞാനും ഓടട്ടെ....

അനംഗാരി said...

ജ്യോതിര്‍മയി:)).
എന്തിനാ ഓടുന്നത്..തലയുയര്‍ത്തിപിടിച്ച് ഇവിടെ തന്നെ നില്‍ക്കൂ.

qw_er_ty

sandoz said...

ടീച്ചറേ,
നക്ഷത്രമെണ്ണുന്നത്‌ അവള്‍ മാത്രമോ..പിന്നെ ഞാന്‍ എന്താ ചെയ്യണത്‌.

ആദ്യം എന്താ സംഭവം എന്നറിയാന്‍ ചുമ്മാ വന്ന് നോക്കിയതാ...വന്നത്‌ വെറുതെ ആയില്ല,നന്നായിട്ട്‌ നക്ഷത്രം എണ്ണി.

രണ്ടും കല്‍പ്പിച്ച്‌ രണ്ടാമതും വന്നു.....നക്ഷത്രം പിന്നേം എണ്ണി.

ഇനീം വരും ..ഇനീം എണ്ണും.


[എന്താ സംഭവം എന്ന് ആരോടെങ്കിലും ചോദിച്ച്‌ മനസിലാക്കണമല്ലോ....ആ ഇക്കാസ്‌ എവിടെ-അവന്‍ ഇനി ആരോടെങ്കിലും ചോദിക്കാന്‍ പോയോ]

ജ്യോതിര്‍മയി /ज्योतिर्मयी said...

വക്കാരിയേ മാപ്പ്‌.

കഥാപാത്രത്തിന്‌ വക്കാരിയുമായുള്ള സാദൃശ്യം തികച്ചും യാദൃച്ഛികം മാത്രമാകുന്നു.
ചന്ദ്രയാനം പ്രോജെക്റ്റിന്റെ മുന്നോടിയായി വീണ്ടെടുക്കാവുന്ന ഉപഗ്രഹം- പരീക്ഷണം വിജയകരമായി നമ്മള്‍ നടത്തിയില്ലേ. ജനുവരി 22ന്‌, ലക്ഷ്യം കണ്ട പരീക്ഷണം. ആ പശ്ചാത്തലത്തില്‍ ഒന്നു സ്വപ്നം കണ്ടുപോയതാണ്‌, ചന്ദ്രനും ഭൂമിയ്ക്കുമിടയ്ക്‌ക്‍ ഗതാഗതം സാധ്യമാകുന്ന കാലം... കലാമമ്മാമന്‍ പറഞ്ഞിട്ടുണ്ടല്ലോ, സ്വപ്നം കാണാന്‍ പിശുക്കുവേണ്ടാന്ന്‌...

ഷിജു, ഡാലി, വക്കാരി, തുടങ്ങിയവര്‍ സ്വപ്നത്തിനു കൂട്ടുവരും എന്നുകരുതി. അവരും ഉണ്ടായിരുന്നല്ലോ...
:-))