Wednesday, February 21, 2007

പരീക്ഷിത്ത്‌ -- ഒരു ആമുഖം

ആമുഖം

ഭാഗവതപുരാണത്തിലെ പരീക്ഷിത്തിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ആ കഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും പാഠവും അറിയാനും ഉള്ള ഒരു ശ്രമം. പുസ്തകങ്ങള്‍ വായിച്ചും പ്രഭാഷണങ്ങള്‍ കേട്ടും എനിയ്ക്കു പഠിയ്ക്കാന്‍ സാധിച്ചത്‌ സമാനമനസ്കര്‍ക്കായി ഇവിടെ കുറിച്ചിടുന്നു. രണ്ടോ മൂന്നോ നാലോ ഭാഗങ്ങളിലായി ഇതു തുടരാന്‍ സാദ്ധ്യതയുണ്ട്‌. നാമോരോരുത്തരും തന്നെയല്ലേ പരീക്ഷിത്ത്‌ എന്നു ബോധ്യപ്പെടുമോ എന്നും നമുക്കു നോക്കാം, വരട്ടെ... ഇത് ഒരു നീണ്ട പരീക്ഷണമാവും.


പരീക്ഷിത്തിനെ നിങ്ങള്‍ക്കറിയുമായിരിയ്ക്കും. വിഷ്ണുവിനാല്‍ രക്ഷിയ്ക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ അദ്ദേഹത്തിന് വിഷ്ണുരാതന്‍ എന്നും പേരുണ്ട്. ആ കഥ ആദ്യം പറയാം.

മഹാഭാരതയുദ്ധത്തില്‍ മരിച്ച അര്‍ജ്ജുനപുത്രനായ അഭിമന്യുവാണ് പരീക്ഷിത്തിന്റെ അച്ഛന്‍. അഭിമന്യു കൊല്ലപ്പെടുമ്പോള്‍ പരീക്ഷിത്ത്‌, അമ്മയായ ഉത്തരയുടെ ഗര്‍ഭത്തിലായിരുന്നു. അശ്വത്ഥാമാവ്‌ പാണ്ഡവരോടുള്ള പകയാല്‍ കണ്ണുകാണാതായി, ഒരു കടുംകൈ ചെയ്തു- പാണ്ഡവരുടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയെല്ലാം നിഷ്കരുണം കൊന്നു. ആരെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവരെക്കൂടികൊല്ലാന്‍, ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.


സര്‍വസംഹാരശേഷിയുള്ള ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കിക്കുതിച്ചു. കുഞ്ഞിനെ എത്ര സുരക്ഷിതമായി ഗര്‍ഭാശയത്തിനുള്ളിലൊളിപ്പിച്ചു വെച്ചാലും മരണത്തെ മുഖാമുഖം കാണുമ്പോള്‍ തന്റെ കുഞ്ഞ്‌ കണ്മുന്നില്‍ മരിയ്ക്കാനിടവരുന്നുവെന്ന അസഹ്യമായ അവസ്ഥയില്‍ ആ അമ്മ -ഉത്തര, ലൌകികമായ ഒന്നിനും തന്റെ കുഞ്ഞിനെ മരണത്തില്‍നിന്നും രക്ഷിയ്ക്കാന്‍ സാധിയ്ക്കില്ലെന്നു ബോദ്ധ്യമായി ശരണാഗതവത്സലനായ കൃഷ്ണനോട്‌ ഉള്ളുരുകി പ്രാ‍ര്‍ഥിച്ചു*. ഉത്തരയുടെ പ്രാര്‍ഥന കൈക്കൊണ്ട് ഭഗവാന്‍ ഗര്‍ഭസ്ഥശിശുവിനെ രക്ഷിച്ചു. വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ പരീക്ഷിത്തിന് ‌ വിഷ്ണുരാതന്‍ എന്നും പേരുണ്ടായി.

മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ രാജ്യം ഭരിക്കുന്നു. പരീക്ഷിത്തു ജനിയ്ക്കുന്നതിനു മുന്‍‌പുതന്നെ പാണ്ഡവരുടെ മക്കളെല്ലാം മരിച്ചുകഴിഞ്ഞിരുന്നു. വംശത്തിന്റെ നിലനില്‍പ്പുതന്നെ ഈയൊരൊറ്റ സന്തതിയിലാണെന്ന് വേവലാതിയോടെ മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി ചോദിച്ചു-

“ഈ കുഞ്ഞിന്റെ ഭാവി എങ്ങനെയാവും? പ്രജാക്ഷേമതല്പരനായ രാജാവായിരിയ്ക്കുമോ...”

“ഗ്രഹനിലകള്‍ നല്‍കുന്ന സൂചന ഇതാണ്“ - ജ്യൌതിഷികള്‍ പറഞ്ഞുതുടങ്ങി-

“പ്രജാവത്സലനായിരിയ്ക്കും, മനുവിനെപ്പോലെ. പ്രതിജ്ഞപാലിക്കുന്നതില്‍ ശ്രീരാമനെപ്പോലെയാവും.
ശരണാര്‍ഥികളെ രക്ഷിക്കുന്ന കാര്യത്തില്‍ തന്റെ പ്രാണന്‍ പോലും ത്യജിക്കാന്‍ തയ്യാറായ ശിബിമഹാരാജാവിനെപ്പോലെയാവും. ശൌര്യവീര്യപരാക്രമത്തില്‍ ദുഷ്യന്തപുത്രനായ ഭരതനുസമനാവും. ഭൂമിയെപ്പോലെ ക്ഷമാശീലനായിരിക്കും. ഭഗവാന്‍ ശിവനെപ്പോലെ പ്രസന്നന്നായിരിയ്ക്കും. ഈശ്വരഭക്തിയില്‍ പ്രഹ്ലാദനെപ്പോലെയിരിയ്ക്കും. ഔദാര്യത്തിന്റെ കാര്യത്തില്‍ മഹാനായ രന്തിദേവനെപ്പോലെയാവും, ഋഷികളെ സംരക്ഷിയ്ക്കും, ദുഷ്ടന്മാരെ നിഗ്രഹിയ്ക്കും, കലിയെ നിലയ്ക്കുനിര്‍ത്തും...”

യുധിഷ്ഠിരന്‍ ഇടയ്ക്കുകയറിച്ചോദിച്ചു-

“ശുഭകാര്യങ്ങള്‍ മാത്രമേ അങ്ങു പറയുന്നുള്ളുവല്ലോ? അശുഭം വല്ലതുമുണ്ടോ? ഭയപ്പെടേണ്ടതായ എന്തെങ്കിലും ?”

“ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, ‘തക്ഷകന്‍ കടിച്ച്‌ മരിയ്ക്കാനിടവരട്ടെ’ എന്ന്‌ ഒരു ബ്രാഹ്മണശാപം ലഭിയ്ക്കാനിടയുണ്ട്‌. എന്നാലും അതും അദ്ദേഹത്തിന്റെ ആത്യന്തികശ്രേയസ്സിനു നിമിത്തമായിത്തീരും. ഒന്നുകൊണ്ടും അങ്ങു ഭയപ്പെടേണ്ടതില്ല.” അവര്‍ പറഞ്ഞു.
യുധിഷ്ഠിരനു സമാധാനമായി. പരീക്ഷിത്തുകുമാരന്‍ വളര്‍ന്നുവരുന്നതിനനുസരിച്ച്‌ യുധിഷ്ഠിരന്റെ സന്തോഷവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

[തുടരും...]* കൃഷ്ണനോട്‌ ഉത്തരയുടെ പ്രാര്‍ഥന :

“പാഹി പാഹി മഹായോഗിന്‍ ദേവ ദേവ ജഗത്പതേ
നാന്യം ത്വദഭയം പശ്യേ യത്ര മൃത്യുഃ പരസ്പരം (1-8-9)

അഭിദ്രവതി മാമീശ! ശരസ്തപ്തായസോ വിഭോ!
കാമം ദഹതു മാം നാഥ! മാമേ ഗര്‍ഭോ നിപാത്യതാം“(1-8-10)

16 comments:

പൊതുവാള് said...

ജ്യോതിടീച്ചറേ,
പരീക്ഷിത്തിന്റെ കഥയൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്,പക്ഷെ ഇപ്പോള്‍ മറവിയുടെ മാറാലയ്ക്കടിയിലാണ് പലതും. വാഗ്‌ജ്യോതിയിലൂടെ അവയൊക്കെ വൃത്തിയാക്കി തിരിച്ചു തരുന്നതിന് നന്ദി.

മരണമെന്ന സമസ്യയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടിവരുമ്പോഴൊക്കെ പരീക്ഷിത്തിന്റെ കഥ പറയേണ്ടി വരാറുമുണ്ട്.

വേണു venu said...

നല്ല ഉദ്യമം റ്റീച്ചറെ, വായിച്ചു തീര്‍ന്നതറിഞ്ഞില്ല. ലളിതമായി എഴുതിയിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സു | Su said...

തക്ഷകന്‍ പുഴുവായി വന്ന കഥ എനിക്കറിയാം.

തുടര്‍ന്ന് എഴുതൂ :)

ബിന്ദു said...

ബാക്കി കഥ എനിക്കുമറിയാം എന്നാലും ഇതു വായിക്കാന്‍ നല്ല രസമുണ്ട്. അതുകൊണ്ട് പെട്ടെന്നെഴുതു. :)(പുതിയതിലേക്കു മാറ്റിക്കാന്‍ ഉള്ള ശ്രമം നടക്കുവാണോ ഇവിടേയും? )

പടിപ്പുര said...

പൊതുവാള്‌ പറഞ്ഞതുപോലെ പലതും മറവിയുടെ മാറാലയ്ക്കടിയിലാണ്‌.

വായിക്കുമ്പോള്‍ കുട്ടിക്കാലത്ത്‌ കഥ കേള്‍ക്കുന്നതിന്റെ ഓര്‍മകള്‍.

ജ്യോതിര്‍മയി said...

“പരീക്ഷിത്ത്‌ -- ഒരു ആമുഖം“

ഭാഗവതപുരാണത്തിലെ പരീക്ഷിത്തിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ആ കഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും പാഠവും അറിയാനും ഉള്ള ഒരു ശ്രമം. പുസ്തകങ്ങള്‍ വായിച്ചും പ്രഭാഷണങ്ങള്‍ കേട്ടും എനിയ്ക്കു പഠിയ്ക്കാന്‍ സാധിച്ചത്‌ സമാനമനസ്കര്‍ക്കായി ഇവിടെ കുറിച്ചിടുന്നു. രണ്ടോ മൂന്നോ നാലോ ഭാഗങ്ങളിലായി ഇതു തുടരാന്‍ സാദ്ധ്യതയുണ്ട്‌. നാമോരോരുത്തരും തന്നെയല്ലേ പരീക്ഷിത്ത്‌ എന്നു ബോധ്യപ്പെടുമോ എന്നും നമുക്കു നോക്കാം, വരട്ടെ...

ജ്യോതിര്‍മയി said...

മുകളിലത്തെ കമന്റ് 20 മണിക്കൂര്‍ മുന്‍പ് ഇട്ടതായിരുന്നു. ഇപ്പോഴെങ്കിലും വന്നല്ലോ.
qw_er_ty

ജ്യോതിര്‍മയി said...

പൊതുവാള്‍ ജി :-) വൃത്തിയാക്കാന്‍ ശ്രമിയ്ക്കാം:-)

വേണു ജീ :-) ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. (ഇതെന്റേതല്ല, എന്നാലും.)

സൂ, എന്നാലും ഈ തുടരന്‍ മുഴുവന്‍ വായിയ്ക്കണമെന്ന്‌ ഞാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു:-)

ബിന്ദു ജി :-)

സൂവിനോടുള്ള അപേക്ഷ ബിന്ദു വിനോടും ആവര്‍ത്തിയ്ക്കുന്നു.

ബീറ്റയോടു യുദ്ധം ചെയ്താണ് ഇന്നലെ എങ്ങിനെയോ ഈ പോസ്റ്റൊന്ന്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞത്‌. എന്തിനു പറയുന്നു, പതിനെട്ടടവും പയറ്റീട്ടും എനിയ്ക്കു കമന്റില്‍ കയറാന്‍ കഴിയുന്നുണ്ടായിരുന്നില്ല:-(

നോക്കട്ടെ, ഇനിയും എത്ര നാള്‍ കൂടി ബീറ്റയുടെ ഒരു ക്ലിക്കകലത്തിലുള്ള കത്തിയില്‍ നിന്നും രക്ഷപ്പെട്ടു നടക്കാന്‍ കഴിയുമെന്ന്‌. (ഇഞ്ചീ, ചിരിച്ചോളൂ, ചിരി നല്ലതാണല്ലോ:-))

പടിപ്പുര,

ഇനിയും വരുമോ, ബാക്കികൂടി വായിയ്ക്കാന്‍? :-)

ശാലിനി said...

അറിയാവുന്നതാണെങ്കിലും, മറന്നുകിടക്കുകയായിരുന്നു. മക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു കഥകൂടിയായി.

പെരിങ്ങോടന്‍ said...

തക്ഷകന്‍ എന്നാല്‍ ആശാരിയാണെന്നു പറയുന്ന ഒരു ലേഖനം യതിയുടേതായി വായിച്ചിരുന്നു, പുരാണത്തിനു ഒരു മിത്തിന്റെ പരിവേഷം വരുന്നുണ്ടു്, ആ ലേഖനത്തില്‍.

പെരിങ്ങോടന്‍ said...

തക്ഷകന്‍ എന്നാല്‍ ആശാരിയാണെന്നു പറയുന്ന ഒരു ലേഖനം യതിയുടേതായി വായിച്ചിരുന്നു, പുരാണത്തിനു ഒരു മിത്തിന്റെ പരിവേഷം വരുന്നുണ്ടു്, ആ ലേഖനത്തില്‍.

പെരിങ്ങോടന്‍ said...

തക്ഷകന്‍ എന്നാല്‍ ആശാരിയാണെന്നു പറയുന്ന ഒരു ലേഖനം യതിയുടേതായി വായിച്ചിരുന്നു, പുരാണത്തിനു ഒരു മിത്തിന്റെ പരിവേഷം വരുന്നുണ്ടു്, ആ ലേഖനത്തില്‍.

ജ്യോതിര്‍മയി said...

പെരിങ്ങോടരേ,
ആ ലേഖനം ഞാന്‍ വായിച്ചിട്ടില്ല.

‘തക്ഷതി’ എന്നാല്‍ , ‘ചെത്തുക’, ‘മുറിയ്ക്കുക‘, (ഉളികൊണ്ടും മറ്റും)കൊത്തുക എന്നൊക്കെ അര്‍ഥം.

‘തക്ഷകന്‍’ എന്നാല്‍ ‘ആശാരി’, ‘ശില്‍പ്പി‘ എന്നൊക്കെ അര്‍ഥം.

ഇതില്‍ നിന്നാവാം ‘തച്ചന്‍’ എന്ന പദം ഉണ്ടായത്.

‘തക്ഷകന്‍’ എന്നായിരുന്നു, ‘കശ്യപന്റെ’ പുത്രനായ ഒരു നാഗത്തിന്റെ(അഷ്ടനാഗങ്ങളിലൊന്ന്) പേര്.

(ഓ.ടോ: ബ്ലോഗു പുതുക്കി. ഗതികെട്ടാല്‍ എലിയും പൂച്ചയും പുല്ല് തിന്നുമായിരിയ്ക്കും):-)

ബയാന്‍ said...

അശ്വത്ഥാമവിനെന്തിനാ പാണ്ഡവരോടു ഇത്ര പക ; അശ്വത്ഥമാവും നല്ല മനുഷ്യനായിരുന്നല്ലോ - അശ്വത്ഥാമാവിനെ കുറിച്ചും ഇതു കഴിഞ്ഞു എഴുതിയാല്‍ നന്നായിരുന്നു - മുന്‍പു ഭീഷ്മരുടെ കഥ പറഞ്ഞപ്പോള്‍ എനിക്കു മതത്തെ കുറിച്ചു കൂടുതല്‍ പറഞ്ഞു തരും എന്നു പറഞ്ഞിരുന്നു-ഇതുവരെ കണ്ടില്ല.

താരാപഥം said...

ടീച്ചറെ,
പുരാണങ്ങളുടെ ആശയവും സാരാംശവും ഇങ്ങനെ പരിചയപ്പെടുത്തുന്നത്‌ പുതിയ തലമുറയ്ക്‌ ഗുണം ചെയ്യും. കുട്ടികള്‍ക്ക്‌ ആഗ്രഹമുണ്ട്‌, അത്‌ ശരിയായ വിധത്തില്‍ കൊടുക്കാന്‍ ഇതില്‍ പരിജ്ഞാനമില്ലാത്തതുകൊണ്ട്‌ പലര്‍ക്കും കഴിയുന്നില്ല. പുരാണകഥകള്‍ ചരിത്രവും ശാസ്ത്രവും ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചാരണമുണ്ട്‌. കാത്തിരിക്കുന്നു.

താരാപഥം said...

(ക്ഷമിക്കണം ടീച്ചറെ) ബയാന്‍,
മഹാഭാരതം തീരെ അറിയാത്തപോലെ ചോദിക്കുന്നല്ലൊ. യുദ്ധത്തിലായാലും അല്ലെങ്കിലും ഒരാള്‍ സ്വന്തം അച്ഛനെ കൊന്നാല്‍ കര്‍മ്മകാണ്ഡത്തില്‍ പുതിയൊരദ്ധ്യായം പിതൃസ്നേഹമുള്ളവര്‍ എഴുതിച്ചേര്‍ക്കും. പകരം ചോദിക്കുക. അശ്വത്ഥാമാവ്‌ അധമ ബ്രാഹ്മണനായതുകൊണ്ട്‌ അവന്റെ കര്‍മ്മത്തില്‍ അതും ചേര്‍ത്തു. പ്രതികാരദാഹം പാണ്ഡവരിലും, കാരണക്കാരനായ ശ്രീകൃഷ്ണനിലും ചെന്നെത്തുന്നു. ഇത്രയും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.