Thursday, February 22, 2007

പരീക്ഷിത്തിന്റെ ഭൂമിപരിപാലനം

ദ്വാപരയുഗത്തിന്റെ അവസാനഘട്ടമായി. ശ്രീകൃഷ്ണന്‍ സ്വധാമത്തിലേയ്ക്ക്‍ തിരിച്ചുപോയി എന്ന വാര്‍ത്ത അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ അറിയിച്ചു. ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്താല്‍ അന്നുമുതല്‍ കലിയുഗം തുടങ്ങും, അവിടെ കലിയുടെ വിളയാട്ടം തുടങ്ങും, എന്ന്‌ അറിയാമായിരുന്ന യുധിഷ്ഠിരാദികള്‍ തങ്ങള്‍ക്കും മടങ്ങാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞു. എല്ലാം കൊണ്ടും യോഗ്യനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ കൈമാറി, വനത്തിലേയ്ക്കു പുറപ്പെട്ടു.

പരീക്ഷിത്തു രാജഭരണം തുടങ്ങി. കാലമപ്പോഴേയ്ക്കും കലികാലമായിരുന്നു, എന്നോര്‍മ്മിയ്ക്കണം.
“കലി“ എന്നാല്‍ കലഹം, കലാപം, കോലാഹലം എന്നൊക്കെയാണര്‍ഥം. ഒരു രാജാവായാല്‍, പ്രജകള്‍ക്കെല്ലാം ക്ഷേമമാണെന്ന്‌ ഉറപ്പുവരുത്തണം. നാടെങ്ങും സന്തുഷ്ടി കളിയാടണം. അക്രമം , അധര്‍മ്മം ഇതൊന്നും ഉണ്ടാവരുത്‌. രാജധര്‍മ്മമാണത്‌. പരീക്ഷിത്ത്, രാജ്യത്തിലങ്ങോളമിങ്ങോളം സ്വയം സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ടറിയാന്‍ ശ്രമിയ്ക്കാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം, നടക്കുന്നതിനിടയില്‍, പരീക്ഷിത്ത്‌ ഒരു ഞെട്ടിയ്ക്കുന്ന കാഴ്ച കണ്ടു.

ഒരു പശു, വളരെ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഒരു കാള അതിന്റെ അടുത്തേയ്ക്കു നടന്നുവരുന്നു. നടക്കുക എന്നു പറഞ്ഞുകൂട, കാളയുടെ മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയതുപോലുണ്ട്‌. ഒരുകാലില്‍ മുടന്തിമുടന്തി... ഒരുവിധം അതു പശുവിനടുത്തെത്തി. കാളയെ ഈയവസ്ഥയില്‍ കണ്ട പശു, സങ്കടം സഹിയ്ക്കവയ്യാതെ, ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. എന്തിനാ കരയുന്നതെന്ന്‌ കാള പശുവിനോടു ചോദിച്ചു.
അവര്‍ തമ്മില്‍ സംഭാഷണമാരംഭിച്ചു.

പെട്ടെന്നതാ ഒരാള്‍ കയ്യില്‍ ഒരു വാളും പിടിച്ച്‌ അവരുടെ നേരെ ഓടിവരുന്നു. വാളെടുത്ത്‌ പശുവിനേയും കാളയേയും വെട്ടാന്‍ ഓങ്ങിയതും, അല്‍പ്പം അകലെ മാറിനിന്ന്‌ രംഗം വീക്ഷിയ്ക്കുകയായിരുന്ന പരീക്ഷിത്ത്‌ അവിടേയ്ക്ക്‍ ഓടിക്കുതിച്ചെത്തി, അവനെ വെട്ടാനാഞ്ഞു.

“ എന്നെ ശിക്ഷിയ്ക്കരുതേ, ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു.” സൂത്രശാലിയായ അവന്‍ പെട്ടെന്ന്‌ രാജാവിനോട് കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു.പരീക്ഷിത്തു പറഞ്ഞു--

“ഞാനാണിവിടത്തെ രാജാവ്‌.
സ്വയം ധര്‍മ്മം പാലിയ്ക്കുക, മറ്റുള്ളവരെ ധര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുക,
ദുഃഖിതരുടെ ദുഃഖനിവാരണത്തിനായി പ്രവര്‍ത്തിയ്ക്കുക, ദുഷ്ടന്മാരെ നിലയ്ക്കുനിര്‍ത്തുക എന്നതെല്ലാം രാജാവിന്റെ മുഖ്യധര്‍മ്മമാണ്.
ആരാണു നീ? എന്തിനീ കടുംകൈ ചെയ്യുന്നു? “


“ മഹാരാജാവേ, ഞാന്‍ കലിയാണ്. എന്നെക്കൊല്ലരുത്‌. ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു. എന്നെ കൊല്ലരുത്‌‘

“ശരണാര്‍ഥികളെ കൊല്ലരുത്‌- അതും നമ്മുടെ നിയമമാണ്. അതുകൊണ്ടു കൊല്ലുന്നില്ല. പക്ഷേ,
നീ ആളുകളെ കലാപത്തിലേയ്ക്കു നയിക്കുന്നുവല്ലോ. അധര്‍മ്മിയായ നിന്നെ ഈ രാജ്യത്തു വെച്ചുപൊറുപ്പിക്കുകയില്ല. “ പരീക്ഷിത്തു പറഞ്ഞു.

“മഹാരാജാവേ! ഈ ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയാണല്ലോ അങ്ങ്. അതുകൊണ്ട്, അങ്ങയുടേതല്ലാത്ത രാജ്യം ഇല്ല, എനിയ്ക്കു താമസിക്കാന്‍. ദയവുചെയ്ത്‌ എനിയ്ക്കിരിയ്ക്കാനുള്ള സ്ഥലം അങ്ങു നിശ്ചയിച്ചുതരൂ. തീര്‍ച്ചയായും ഞാനവിടം വിട്ടു മറ്റൊരിടത്തുവരില്ല.” കലി, പരീക്ഷിത്തിനു വാക്കു കൊടുത്തു.

“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്‍ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്‍പ്പിച്ചു.

കലി നിര്‍വീര്യനായി തോന്നിച്ചെങ്കിലും, സ്വയം കാലുഷ്യം കൂട്ടി, ആളുകളെ ആക്രമിച്ചു തന്റെ വരുതിയില്‍ക്കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കാന്‍ തുടങ്ങി.

പരീക്ഷിത്ത്, പശുവിനേയും കാളയേയും ശുശ്രൂഷിച്ചു. കാളയുടെ കാലുകളെ പരിചരിച്ച്‌, നേരാംവണ്ണമാക്കി. അതുകൊണ്ടുതന്നെ പശുവും സന്തോഷിച്ചു. ഇത്രയും ഇന്നത്തെ കഥ.


ഈ കാളയും പശുവും ഒക്കെ പ്രതീകങ്ങളാണ്.

പശു, ഭൂമിയുടെ പ്രതീകം, കാള, ധര്‍മ്മത്തിന്റെ പ്രതീകം.
അക്രമവും അധര്‍മ്മവും പെരുകുമ്പോള്‍, അതായത്‌ ധര്‍മ്മത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമ്പോള്‍, ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്നു. ഭൂമി കരയുന്നതപ്പോഴാണ്. ധര്‍മ്മത്തെ താങ്ങിനിര്‍ത്തുന്നതിനും നടത്തുന്നതിനും ആരോഗ്യമുള്ള നാലു കാലുകള്‍ വേണം. ഏതൊക്കെയാണാ നാലു കാലുകള്‍?

തപസ്സ്‌, ശൌചം, ദയ, സത്യം. ഇവ നാലും സമൂഹത്തില്‍ പുഷ്ടിപ്പെട്ടാലേ ധര്‍മ്മവും പുഷ്ടിപ്പെടൂ.
തപസ്സ്‌, എന്നാല്‍ ഒറ്റക്കാലില്‍നില്‍ക്കുക എന്നതല്ല അര്‍ഥം. തപസ്സെന്നാല്‍ ഏകാഗ്രത- അതായത്‌ ‘ഇന്ദ്രിയസംയമനം’. [അഞ്ചു വ്യത്യസ്തദിശകളിലേയ്ക്ക്‍ വലിച്ചുകൊണ്ടിരിയ്ക്കുന്ന കുതിരകളെ നിലയ്ക്കുനിര്‍ത്തി, യാത്രികന്റെ ലക്ഷ്യത്തിലേയ്ക്കു അവയെ നയിക്കാനുള്ള നിയന്ത്രണശക്തി നേടുക]

ശൌചം എന്നാല്‍ ‘ശുദ്ധി’. മനസ്സിന്റേയും ശരീരത്തിന്റേയും തെളിമയും ശുദ്ധിയും. ശരീരത്തെ മോടിപിടിപ്പിയ്ക്കാന്‍ പല വസ്തുക്കളുമുണ്ട്, നമ്മുടെ സഹായത്തിന്‌. എന്നാല്‍ മനസ്സിലെ പക, അസൂയ, വെറുപ്പ്, പുച്ഛം തുടങ്ങിയവയൊക്കെ തൂത്തുവൃത്തിയാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ദയ, എന്നാല്‍ സഹതാപമല്ല. ഓരോ ജീവിയുടെ നേരേയും ഉള്ള ശുഭചിന്ത എന്ന് ദയയെ വിശേഷിപ്പിയ്ക്കാം.

നാലാമത്തേത്‌, ‘സത്യം’. അത്‌, ഒരിയ്ക്കലും നശിക്കുകയില്ല, നാം അറിഞ്ഞാലും ഇല്ലെങ്കിലും. അതാണ്, കലികാലമായപ്പോള്‍, ധര്‍മ്മത്തിനു കോട്ടം തട്ടി എന്നു ചിത്രീകരിയ്ക്കാന്‍, മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയ, മുടന്തിനടക്കുന്ന ഒരു കാളയെ പരാമര്‍ശിച്ചത്‌.

അധര്‍മ്മത്തെ നിലയ്ക്കുനിര്‍ത്തി, ധര്‍മ്മത്തെ വേണ്ടവിധത്തില്‍ പോഷിപ്പിച്ചു, പരീക്ഷിത്തുമഹാരാജാവ്‌. ഭൂമിയിലെങ്ങും സന്തോഷം അലതല്ലി.

(തുടരും...)

6 comments:

ജ്യോതിര്‍മയി said...

താല്പര്യമുള്ള കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്.

“പരീക്ഷിത്ത്- രണ്ടാം ഭാഗം‘ പുതിയ പോസ്റ്റ്, ഇട്ടിട്ടുണ്ട്.

കൃഷ്‌ | krish said...

പരീക്ഷിത്തിന്‍റെ കഥ ഭാഗവത സപ്താഹത്തില്‍ പണ്ട് കേട്ടിരുന്നു. കുറെയൊക്കെ മറന്നു. കഥകളിലൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. വിശദീകരണം നന്നായിട്ടുണ്ട്.
ബാക്കി കൂടെ പോരട്ടെ.

സു | Su said...

വായിച്ചു.

qw_er_ty

വേണു venu said...

പരീക്ഷിത്തിന്‍റെ കഥ വായിച്ചിട്ടുണ്ടു്.
ടീച്ചറുടെ കാഴച്ചപ്പാടിലൂടെ വീണ്ടും വായിക്കാനാഗ്രഹിക്കുന്നു.
“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്‍ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്‍പ്പിച്ചു.
ഈ പറഞ്ഞ സ്ഥലങ്ങള്‍ മതിയല്ലോ കലിയ്ക്കു്.
ടീച്ചറേ തുടര്‍ന്നും എഴുതുക. ദര്‍ശനങ്ങളിലൂടെ വായനാ സുഖം നല്‍കുന്ന എഴുത്തു്.. ആശംസകള്‍.-:)

ജ്യോതിര്‍മയി said...

കൃഷ്ജി: നന്ദി
സു :-)
വേണുജി: ഞാന്‍ കേട്ടും വായിച്ചും അറിഞ്ഞത് ഇവിദെ എഴുതുന്നു. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. പ്രോത്സാഹനത്തിന് നന്ദി.

ജ്യോതി.

indiaheritage said...

Good Pl cntinue