Thursday, September 11, 2008

വരാന്‍ പോണതോണമാണത്രേ !

“ഓണം എന്നാലെന്താണമ്മേ?”
ഓണ്‍ ചാനല്‍ ഓണപ്പെരുമകണ്ട നഴ്‌സറിക്കുട്ടന്‍ ചോദിച്ചതു തൃക്കേട്ടയും കഴിഞ്ഞു മൂലത്തിന്റെ അന്നാണു്.

രാന്‍ പോണതോണമാണുണ്ണീ”
മൂലം മക്കള്‍ക്കോണം എന്നുപറഞ്ഞു അമ്മൂമ്മ, പൂരാടത്തിന്റേയും തലേന്ന് ഉണ്ടാക്കിത്തരാറുള്ള ഇടിച്ചുപിഴിഞ്ഞപായസം അയവിറക്കിക്കൊണ്ടാണു് അമ്മ ഉത്തരം പറഞ്ഞതു്.

“വരണമെങ്കില്‍ വന്നാല്‍പ്പോരേ? അതിനെന്തിനാ പോണതു്? ഓലക്കുടയും പൊക്കിപ്പോകുന്ന ഇന്നസെന്റാണോ അമ്മേ ഓണം? ഓണം വരാന്‍ പോണത് ഉണ്ണാനാണോ?

അമ്മയാണിപ്പോള്‍ ചിന്താവിഷ്ടയായതു്-
ഓണം വരുന്നുണ്ടോ?
ഓണം പോണുണ്ടോ?
പോണതു വരാനാണോ?
വരുന്നതോ ഓണം, വന്നതോ ഓണം, പോണതോ ഓണം?
ഓണമുണ്ടോ?

കൈരളിയും അമൃതയും ഏഷ്യാനെറ്റും കിരണും സൂര്യയും ഇന്‍ഡ്യാവിഷനും ദര്‍ശനം നല്‍കാനായി കണ്ണിനും കാതിനും ചുറ്റും വട്ടമിട്ടുകളിക്കുന്നതു കണ്ടില്ലെന്നുനടിക്കാനാവാതെ ആ അമ്മ (ദൂര?)ദര്‍ശനം ഓണാക്കി, ദാ വരുണൂ ഓണം... കിഴിവുകളിലൂടെ- പാക്കറ്റുകളിലേയ്ക്കു , കിഴിഞ്ഞു കിഴി ഞ്ഞ്‍...

“ഓണം വന്നോണം വന്നോണം വന്നേ! ... ഓണം വന്നോണം വന്നോണം വന്നോ??
‌‌‌‌‌‌‌‌------------------------------------------------------------------------------------------------
ഓണപ്പുട്ട് :- (പൂട്ടെന്നും പറയാമത്രേ)

ഓണപ്പരീക്ഷ എഴുതിയില്ല എന്നു സങ്കടപ്പെടുന്നവരുണ്ടെങ്കില്‍ ദാ നല്ല ഒരു അവസരം -

“വരാന്‍ പോണതു് ഓണമാണത്രേ” - ഈ വാക്യത്തിന് ഏതെല്ലാം തരത്തില്‍ അര്‍ത്ഥം പറയാം?
താത്പര്യമുള്ളവര്‍ ഉത്തരം ഏറ്റവും ചുരുക്കി എഴുതി ഇങ്ങോട്ടയയ്ക്കുക. നല്ല ഉത്തരത്തിനു സമ്മാനമുണ്ടാവും.

(ഇതൊക്കെ ആലോചിച്ചു തലപുകച്ചാല്‍ സദ്യ കരിയും എന്നു തോന്നുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. താഴെപ്പറയും‌പോലെ ചെയ്താല്‍ മതി.)

ഈ പോസ്റ്റില്‍ ചിതറിക്കിടക്കുന്ന ചോദ്യങ്ങളിലേതിനെങ്കിലും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഉത്തരം കണ്ടുപിടിയ്ക്കുക
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

കാലം കഴിയുന്തോറും.... ഓണത്തിന്റെ മധുരം കുറയുമോ? ഇന്നത്തെ ഓണത്തിനു ഞാനെന്തായാലും മധുരമിട്ടില്ല.

14 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഓണമുണ്ടോ?
.........
............
...........
..........
.........

...........

ഓണപ്പുട്ടുണ്ടു്.

ശ്രീ said...

ഇതെന്താ ഓണപ്രശ്നമോ...

ഓണാശംസകള്‍ ഇരിയ്ക്കട്ടേ...

കുഞ്ഞന്‍ said...

വന്നോ എന്ന ചോദ്യത്തിന് ഉത്തരം...ഞാന്‍ വന്നു എന്റെ ആശംസയും കൊണ്ട്.

പോണത് എന്താണെന്നുചോദിച്ചതിന്.. ഒരു നെടുവീര്‍പ്പ്..!

Unknown said...

I Onam have no! (ഞാന്‍ ഓണം ഉണ്ടില്ല!):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വരണമെങ്കില്‍ വന്നാല്‍പ്പോരേ? അതിനെന്തിനാ പോണതു്?

എന്റെ ഒരു സുഹൃത്തും മകനും കൂടി ഒരു കടയില്‍ ചെന്നു. കടയില്‍ തൊപ്പി കണ്ട്‌ മകന്‍ അതില്‍ കൈവച്ചു.

കടക്കാരന്‌ കച്ചവടമല്ലേ നോട്ടം അദ്ദേഹം ചോദിച്ചു "മോന്‌ എത്ര തൊപ്പി വേണം?"

മകന്റെ മറു ചോദ്യം "എനിക്കെന്തിനാ ഒരുപാട്‌ തൊപ്പി ഒരു തലയല്ലേ ഉള്ളു" എന്ന്‌
ഇപ്പോഴത്തെപിള്ളേരോട്‌ വര്‍ത്തമാനം പറയുമ്പോള്‍ സൊക്ഷിക്കണം

നിരക്ഷരൻ said...

ഇതെന്ത് ഓണം. ഇതിലും വലിയ ഓണം ഉണ്ടവനാ ഞാന്‍ എന്നൊരര്‍ത്ഥം ഉണ്ട്. പിന്നെന്തെങ്കിലും ഉണ്ടോ ? ആലോചിച്ച് പറയാം....:)

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

ഓണാശംസകള്‍..:)

വികടശിരോമണി said...

ഓണമൊക്കെ കഴിഞ്ഞാണുത്തരം..
ഇവിടെയൊന്നു വന്നിട്ടു പറയൂ ടീച്ചർ,
http://vikatasiromani.blogspot.com/2008_09_07_archive.html

ജ്യോതിര്‍മയി /ज्योतिर्मयी said...

[വികടശിരോമണിയുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരമാണിത്:) എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വന്നവര്‍ക്കൊക്കെ പോസ്റ്റിലെ അവസാനത്തെവരിയിലെ അവസാനത്തെ ലിങ്കില്‍ എന്റെ വക സ്നേഹസമ്മാനം കരുതിയിട്ടുണ്ട്. ഇത്തിരിവൈകീച്ചാലും അതേപ്പൊ കയ്യിലുള്ളൂ :)]
................................

'കാണം വിറ്റും ഓണമുണ്ണുക’ എന്നതു് അപപാഠമാണു്, വിഡ്ഡിത്തമാണു്.

“ഉള്ളതുകൊണ്ടോണം“, അതാണു ഞങ്ങള്‍ക്കു കിട്ടിയ പാഠം.

ഉള്ളതിന്റെ അഞ്ചിലൊന്ന്, മറ്റുള്ളവര്‍ക്കുകൊടുക്കണം എന്നതും അവര്‍ പഠിപ്പിച്ച ഒരു പ്രധാനപാഠമായിരുന്നു...

പാഠം പഠിപ്പിച്ചത്, ദിവസേന മൂന്നും നാലുംനേരം ഉണ്ടുനടന്നവരോ നാലഞ്ചുമണിക്കൂര്‍ ബ്ലോഗിനടന്നവരോ ഒന്നുമല്ല,

കാലത്ത് കുളീം ജപോം കഴിഞ്ഞ്, ഒരിത്തിരി നേദ്യച്ചോറുണ്ട്, (ഒരു തോര്‍ത്തുടുത്ത്) സ്കൂളില്‍ പോയി വൈകിട്ടു തിരിച്ചുവന്ന് നീന്തിക്കളിച്ച് (നീന്തല്‍- വിനോദത്തിനും വിശപ്പുമാറ്റാനും ആയിരുന്നു) വീണ്ടും ജപവും കഴിഞ്ഞ്, ഒരുപിടി നേദ്യച്ചോറ് കഴിച്ച്... അങ്ങനെ കുട്ടിക്കാലത്തേ തന്നെ ശീലിച്ച പാരമ്പര്യമുള്ളവരാണ്.

മഴക്കാലത്ത്, ചിലപ്പോള്‍ കൊടുങ്കാറ്റില്‍ വീണ പനയുടെ ഉള്ളിലെ ‘പനഞ്ചോറ്’ -അതെടുത്തു വെച്ചുകഴിച്ച ദിവസങ്ങളും ഉണ്ടായിട്ടുണ്ടത്രേ. (അതിന്റെ റെസിപ്പി ചോദിക്കാന്‍മാത്രം ഞാന്‍ വളര്‍ന്നിരുന്നില്ല അന്ന്). അപ്പോഴും പിതാമഹന്മാര്‍ കൊടിപിടിക്കാനോ ഗവണ്മെന്റു സഹായിക്കണം എന്നു പറയാനോ പോയില്ല.
(നൂറ്റാണ്ടൂമുന്‍‌പത്തെകഥയൊന്നുമല്ല, ഒരു പത്തറുപതുകൊല്ലങ്ങള്‍ക്കുമുന്‍പത്തെ അവരുടെ ജീവിതം, എനിയ്ക്കു കഥ)


അതൊന്നും ഒരു പരാതിയായിരുന്നുമില്ല, അവര്‍ക്ക്. സങ്കടപ്പെട്ടുമില്ല. ധാരാളം ശുദ്ധജലം കുടിക്കാനുണ്ടായിരുന്നു. വിശപ്പൊക്കെ സഹിയ്ക്കാന്‍ വളരെക്കുട്ടിക്കാലത്തേ ശീലമായിരുന്നു.

അന്നും ഉള്ളതുകൊണ്ട് ഓണം ആഘോഷിച്ചിരുന്നു. [വഞ്ചന സ്മരിക്കാനല്ല, വാമനാവതാരവും ദാനത്തിന്റെ മഹത്വവും മഹാബലിയ്ക്കുകിട്ടിയ അനുഗ്രഹവും സ്മരിക്കാനായിരുന്നു. മഹാബലിയും വാമനനും ശത്രുക്കളായത്, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ നാലാംക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു!]



ഇനി മറ്റൊരു കാര്യം- സമ്പന്നതയല്ല സന്തോഷം, സമ്പന്നതയല്ല ആഘോഷം, സമ്പന്നതയല്ല ഉത്സവം.

വികടശിരോമണി said...

ചേച്ചീ,
ഉത്തരങ്ങളിലെ ആത്മാർത്ഥതക്കു മുന്നിൽ പ്രണാമം.ഇതേ അനുഭവലോകത്തു നിന്നു വളർന്നതാണു ഞാനും..അക്ഷരശ്ലോകവും,നാമജപവും,സംഗീതപഠനവും,കഥകളിയും,കൂടിയാട്ടവുമൊക്കെയാണ് എന്നെയും ഞാനാക്കിയത്.പക്ഷേ,ശർക്കര പൊതിഞ്ഞ കടലാസിൽ നിന്ന് മലയാളത്തിന്റെ മാധുര്യമറിഞ്ഞ വി.ടി എന്ന ഒരു മനുഷ്യനും,വിധവയെ വിവാഹം കഴിക്കുക എന്ന ‘സാഹസം’ചെയ്ത എം.ആർ.ബിയും,ആര്യാപള്ളവും,ദേവകി നിലയങ്കോടുമെല്ലാം വളർന്നതും തിക്താനുഭവങ്ങളേറ്റതും ഇവിടെത്തന്നെയെന്നു മറക്കാൻ എനിക്കാവില്ല.കൊടിപിടിക്കാൻ നമ്മുടെയൊക്കെ ചില പിതാമഹന്മാരെങ്കിലും പോയതിന്റെ സദ്ഫലമാണ് നാമിന്നനുഭവിക്കുന്ന പലതും.സമ്പന്നതയല്ല ആഘോഷം,ശരിതന്നെ.അമ്പലത്തിലെ ഒരു പിടി നേദ്യച്ചോറിനും അവകാശമില്ലാതിരുന്ന അവർണ്ണന്റെ പ്രശ്നം പക്ഷേ,നമ്പൂതിരിയുടെ സമ്പന്നതയായിരുന്നില്ല,അവന്റെ പെൺകുട്ടിയുടെ മാനമായിരുന്നു,അവൻ വിയർപ്പൊഴുക്കിയ പാടത്തെ ഒരു പിടി നെൽകതിരായിരുന്നു.ആ സമയത്ത് സഹനൌ ഭുനക്തു എന്ന ദർശനം അവന്റെ സഹായത്തിനെത്തില്ല.ആ നശിച്ചകാ‍ലത്തെ പൊക്കിക്കാണിക്കുന്നതിനെയാണ് ഞാനെതിർത്തത്.
വീക്ഷണങ്ങളിലെ വൈരുദ്ധ്യങ്ങൾക്കപ്പുറത്ത്,
ആർജ്ജവമുള്ള ചേച്ചിയുടെ കാഴ്ച്ചപ്പാടുകൾക്കു നമസ്കാരം.
ഇന്നും,കഥകളിക്കും,കൂടിയാട്ടത്തിനും,കർണ്ണാടകസംഗീതത്തിനും,വാദ്യകലകൾക്കും പുറകേ അലയുന്ന ഒരനിയൻ.

വികടശിരോമണി said...

എന്റെ പോസ്റ്റിലെ കമന്റു താളിൽ,ചേച്ചി കുറിച്ച അക്കിത്തത്തിന്റെ നാലു വരികളുടെ ബാക്കി,“ഒരു കണ്ണീർക്കണം”...അതുകൂടി ഓർക്കണേ എന്ന അപേക്ഷ മാത്രം...

Anonymous said...

അപ്പൊ, വാരസ്യാരുട്ട്യാണല്ലേ, നിയ്ക്കു തോന്നി :)

വികടശിരോമണി said...

അതെങ്ങനെ തോന്നി?മനസ്സിലായില്ല.ഇതിനെയാണ് ‘അനോനിവങ്കത്തം’എന്നു പറയുന്നത്.