Friday, January 22, 2010

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ

പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.

പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ
സൌന്ദര്യത്തിന്റെ സത്തായ കൃഷ്ണാ
ഇന്ദുചൂഡനും ബ്രഹ്മനുമെല്ലാം
വന്ദിച്ചീടുന്ന ലോകൈകനാഥാ
ആടിപ്പാടിവരുന്നൊരു നിന്റെ
മോടിയേറിന കോമളരൂപം
തേടിത്തേടി വലഞ്ഞുഞാന്‍ കണ്ണാ
ഓടി വന്നീടുകെന്മുന്നില്‍ വേഗം
പീലി തന്നീടാം മൌലിയില്‍ ചാര്‍ത്താന്‍
കോലുതന്നീടാം പൈക്കളെ മേയ്ക്കാന്‍
കാലിലിട്ടുകിലുകിലെ യോടാന്‍
ചേലേറീടും ചിലമ്പുകളേകാം
മാലോകരുടെ മാലകറ്റീടാന്‍
ബാലകൃഷ്ണാ വരികെന്നരികില്‍
നന്മയേറിയ നാമവെണ്ണയും
മേന്മയേറിയ പ്രേമപ്പൈമ്പാലും
എന്മനസ്സായ കൊച്ചു കിണ്ണത്തില്‍
നിന്‍‌മുന്‍പിലിതാ വെച്ചു കാക്കുന്നൂ
മിന്നും നിന്നുടെ പൊന്നുകരത്താല്‍
വന്നെടുത്തമൃതേത്തു കഴിപ്പാന്‍
പൊന്നോമനേ നീ തെല്ലും മടിയാ-
തൊന്നുവേഗം വരികെന്നരികില്‍
എന്നുമീമട്ടില്‍ വെണ്ണപാലെല്ലാം
തന്നീടാമെന്റെ കാര്‍മുകില്‍ വര്‍ണ്ണാ
എന്നുമെന്നുടെ ഹൃത്താരില്‍ വാഴൂ
പൊന്നുമാരുതമന്ദിരവാസാ
ഉല്ലാസത്തോടെ നിന്‍പാദപദ്മം
നല്ലോണം ഹൃദി ലാളന ചെയ്‌വാന്‍
എല്ലായ്പ്പോഴും തിരുനാമമോതാന്‍
കല്യാണാലയ കാരുണ്യമേകൂ..

ഈ സ്തുതി ഇവിടെ


കേള്‍ക്കാം

7 comments:

അനില്‍ said...

എവിടെ കേള്‍ക്കാം?

Jyothirmayi said...

കേള്‍ക്കുന്നില്ലേ? അതു മറന്നുപോയി.

രണ്ടുദിവസത്തിനുള്ളില്‍ ഓഡിയോ ചേര്‍ത്തു വീണ്ടും പോസ്റ്റുന്നതായിരിക്കും. നന്ദി

(ജ്യോതിര്‍മയി)

സു | Su said...

ഞാൻ തന്നെ പാടി ഞാൻ തന്നെ കേൾക്കേണ്ടിവരുമോ?

പോസ്റ്റിനു നന്ദി. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

സ്പീക്കറിന്റെ വോള്യം കുറച്ചുവെച്ചു കേള്‍ക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്...

സൂ..ജി, സ്വന്തം ചൊല്ലിനോക്കിയല്ലോ അല്ലേ.

നന്ദിക്കു നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...

സ്തുതി ഓഡിയോ കേള്‍ക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്....

പാട്ടെവിടെ എന്നുചോദിച്ചു, ഞാന്‍ പാടി... ഇനി നിര്‍ത്തണമെങ്കില്‍ എനിക്കറിയില്ല എന്തു വേണമെന്ന്!. ഫയല്‍ നിറുത്താതെ പാടുന്നു.
ഇതു താനേ നില്‍ക്കില്ല... :-)
മതിയാവുമ്പോള്‍ ഓഫ് ചെയ്തു രക്ഷപ്പെടുക.

എല്ലാവര്‍ക്കും നന്ദി

Anonymous said...
This comment has been removed by a blog administrator.
Makayiram Thirunal Marthanda Varma said...

നാലഞ്ചു വയസ്സ് മുതൽ പത്തു പന്ത്രണ്ടു വയസ്സുവരെ (ഏകദേശം ഒരു 40 വര്ഷം മുന്നേ എന്ന് പറയട്ടെ) എന്നും സന്ധ്യക്ക്‌ ക്ഷേത്രത്തിൽ ഭജന പാടാൻ പോയിരുന്നു അന്ന് ഞങ്ങളൊരു കൂട്ടം ബാലവാനരന്മാർ. എന്നും പാടിയിരുന്നൊരു ഗാനമായിരുന്നു. പടവുകൾ ചാടിച്ചാടി കാലം തീർത്തു. ആ പടവുകളിലെവിടെയോ ഈ ഗാനവും നഷ്ടപ്പെട്ടു. - തിരയുകയായിരുന്നു ഞാൻ ഇത് വരെ. നന്ദി - ഹൃദയംഗമമായി നന്ദി പറയട്ടെ !