Wednesday, April 30, 2008
വൃദ്ധപുരാണം
വൃദ്ധന്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ ‘വയസ്സന്‍’ എന്ന മങ്ങിയ അര്‍ത്ഥം മാത്രമേ ഈയിടെയായി നാം ആലോചിയ്ക്കുന്നുള്ളൂ. എന്നാല്‍ വൃദ്ധന്‍ എന്നവാക്കിന്നു കുറച്ചുകൂടി വെളിച്ചമുണ്ട്, തെളിച്ചവും.
വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം. ജീവിതയാത്രയില്‍ എല്ലാനിലയിലും വളരുകയും വലുതാവുകയും ചെയ്തവന്‍ എന്നാല്‍ വിജയിച്ചവന്‍ എന്നും സംതൃപ്തന്‍ എന്നും ഒക്കെ ആ വാക്കുകൊണ്ടു കിട്ടാവുന്ന അര്‍ഥങ്ങളാണ് എന്നു തോന്നുന്നു. സംസ്കൃതത്തില്‍ അതൊരു ബഹുമാനസൂചകമായ പദമാണു്. വൃദ്ധന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ ഒരു സദസ്സിന്റെ അലങ്കാരമായിട്ടാണു കരുതുക പതിവ്.
എന്നാല്‍, ‘കാലം ചെല്ലുന്തോറും പലവാക്കുകള്‍ക്കും മൂല്യം ചോര്‍ന്നുപോകുന്നില്ലേ‘ എന്ന സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. വൃദ്ധന്‍ എന്നാല്‍ (വെറും) വയസ്സന്‍ എന്നുമാത്രമാണു മനസ്സില്‍ വരുന്നത്. അത്രയും വയസ്സുകൊണ്ടു ആ വ്യക്തിയ്ക്കുണ്ടായ വളര്‍ച്ചയോ വിജയമോ ഒന്നും മനസ്സിലേയ്ക്കെത്തുന്നില്ല. അതൊക്കെ എവിടെയാണാവോ ചോര്‍ന്നുപോയത്?
കാലംകൊണ്ടു കോലം മാറുന്നതിനെ ചെറുക്കാന്‍ പറ്റുമോ? ഇല്ല.
ഇനി ഒരു പത്തമ്പതുകൊല്ലം കഴിഞ്ഞാല്‍ പൊതുസ്ഥലത്തു വെള്ളം കുടി നിരോധിയ്ക്കാന്‍ നിയമം പാസ്സാക്കുമോ ആവോ!
(ഈ പരമ്പരയില്‍ അടുത്തത് “അഗ്നി” )
Monday, April 07, 2008
അമ്പത്തൊന്നക്ഷരാദിപ്പെരുമ
ഗോഷ്ഠപ്രാങ്കണരിംഖണലോലമനായാസം പരമായാസം
മായാകല്‍പ്പിതനാനാകാരമനാകാരം പരമാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം!
മൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്നു വല്യേട്ടന്, അച്ഛന്‍ എവിടെനിന്നോഎഴുതിയെടുത്തുകൊണ്ടുവന്ന ഈ ശ്ലോകം ചൊല്ലിക്കേള്‍പ്പിയ്ക്കുമ്പോള്‍(പറഞ്ഞുകേള്‍ക്കുന്നതാണേ). കടലാസുപെന്‍സില്‍കൊണ്ടു എഴുതിയെടുത്ത കടലാസ്, പഠിയ്ക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല, ചൊല്ലിക്കേള്‍ക്കുന്നതു പഠിയ്ക്കുക- അതായിരുന്നു രീതി. ഏട്ടന്മാര്‍ ചൊല്ലുന്നതുകേട്ടുകേട്ടാണു ഞാന്‍ പല ശ്ലോകങ്ങളും പഠിച്ചത്. ആയിടെയാണു കോഴിക്കോടു അക്ഷരശ്ലോകകലാസമിതി എന്നൊരു സമിതിയുണ്ടെന്നും ആ സമിതി എല്ലാ കൊല്ലവും കുട്ടികള്‍ക്കുവേണ്ടി അക്ഷരശ്ലോകമത്സരം നടത്താറുണ്ടെന്നും അറിഞ്ഞത്. സമിതിയുടെ നടത്തിപ്പുകാരനായ ശ്രീ. കെ. ശങ്കരനാരായണന്‍ എന്ന ശ്ലോകപ്രതിഭ എല്ലാകൊല്ലവും വീട്ടില്‍വന്ന് വിവരമറിയിയ്ക്കുകയും ഞങ്ങള്‍ കുട്ടികളെല്ലാവരും പതിവായി പങ്കെടുത്തുപോരുകയും ചെയ്തിരുന്നു. അതു കുട്ടികള്‍ക്കെല്ലാം നല്ലൊരു വേദിയൊരുക്കിത്തന്നു. അങ്ങനെയങ്ങനെ ശ്ലോകകൌതുകം ഞങ്ങളോടൊപ്പം ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലുള്ളവര്‍ നല്ല ശ്ലോകങ്ങളും ശ്ലോകങ്ങളല്ലാത്ത കവിതകളും ഒക്കെ എഴുതാന്‍ മിടുക്കുള്ളവരായിവന്നു. മറ്റുതിരക്കുകള്‍ക്കിടയിലും ഇപ്പോഴും ഒരു കൌതുകമായി ഈ കലാവാസന കൊണ്ടുനടക്കുകയും ചെയ്യുന്നു. അക്ഷരശ്ലോകകലയ്ക്കും കലാസമിതിയ്ക്കും ഇതില്‍ വളരെ വലിയ പങ്കുണ്ടു്. കോഴിക്കോട് അക്ഷരശ്ലോകകലാസമിതി ഇപ്പോഴും ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഓജസ്സോടെ, ഉന്മിഷത്തായി നടന്നുവരുന്നുണ്ട്. മാര്‍ച്ച് ഇരുപത്തൊന്നാം തിയ്യതിയിലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം വെയ്ക്കുന്നു.


കൂട്ടത്തില്‍പ്പറയട്ടേ, ഈ കലാസമിതി തന്ന ശ്ലോകാന്തരീക്ഷം ഇപ്പോഴും മറ്റുപലര്‍ക്കുമെന്നപോലെ എനിയ്ക്കു ഉമേഷ് ജി,വിശ്വം ജി, രാജേഷ് ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാഹൂ അക്ഷരശ്ലോകം ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്. ഞാന്‍ ആദ്യമായി ഒരു ശ്ലോകം രചിച്ചുനോക്കിയത്, ഈ വേദിയിലാണു്. പിന്നീടു പലപ്പോഴായി പലശ്ലോകങ്ങളും എഴുതാനും ഈ വേദിയില്‍ ചൊല്ലാനും അവസരം കിട്ടി. അതൊരു ഭാഗ്യമായി കരുതുന്നു. [യാഹൂ അക്ഷരശ്ലോകക്കൂട്ടത്തില്‍ പലരും ശ്ലോകം എഴുതുന്നവരായിട്ടുണ്ടു്. ബ്ലോഗുകളില്‍ നെല്ലിയ്ക്കയിലും ഉറിയിലും നല്ല ശ്ലോകങ്ങള്‍ കിട്ടും].
ശ്ലോകഗ്രൂപ്പില്‍ ഈയിടെ അയ്യായിരം ശ്ലോകം തികയാറായപ്പോള്‍ കൂട്ടത്തലവനായ ഉമേഷ് ജി ഒരു ആശയം മുന്നോട്ടുവെച്ചു. 4990 മുതല്‍ 5000 വരെയുള്ളശ്ലോകങ്ങള്‍ ശ്ലോകികള്‍ സ്വയം ഉണ്ടാക്കിച്ചൊല്ലുന്നവയായിരിയ്ക്കണം. മാത്രമല്ല, ആ ശ്ലോകങ്ങള്‍ നിശ്ചിതവൃത്തങ്ങളിലുള്ളവയുമായിരിയ്ക്കണം, എന്ന്. എല്ലാവരിലും ഉത്സാഹവും ആവേശവും നിറച്ചുകൊണ്ട്, ശ്ലോകപ്പെരുമഴ തകര്‍ത്താര്‍ക്കുകയായിരുന്നു, അയ്യായിരാമത്തേതായി ഒരു ശ്ലോകം രൂപമെടുത്തതു ഞാന്‍ ചൊല്ലിയതു താഴെ.
അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ, കമ്പിതക്കോളിളക്ക-
ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമഞ്ചായിരം സൂര്യദീപം
വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍ജ്ജാലകം തള്ളിനോക്കീ-
ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാശ്ലോകവാരാശി കാണ്‍കേ!
Sunday, March 23, 2008
ഭാഷയിലെ തെറ്റും ശരിയും
ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-
ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.
‘ദിനം‘ എന്നതും ‘പത്രം‘ എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള‘പ്പ’ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ? എന്നു ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന ചോദ്യമായിരുന്നു. നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്.
നിയമം ഇളവുചെയ്താല്‍,
വീരപ്പുരുഷന്‍, ദീര്‍ഘക്കായന്‍, ദീര്‍ഘബ്ബാഹു താരസ്സുന്ദരി, വീരഗ്ഗജം പരമപ്പാവനം ഗഹനക്കാനനം ഉന്നതത്തലം ഗഗനത്തലം ഹരിതപ്പത്രം ജീര്‍ണ്ണപ്പത്രം ബാലക്കൃഷ്ണന്‍, ദ്രുതക്കവിത, സുന്ദരഗ്ഗാനം, ചിത്രക്കല, ലവണജ്ജലം, ജലജ്ജീവി, കാലബ്ബോധം, സാമാന്യബ്ബുദ്ധി, സാധാരണപ്പക്ഷം, പ്രതിപ്പക്ഷം, ന്യൂനപ്പക്ഷം, ഭൂരിപ്പക്ഷം…..…..……ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു.
ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന ‘പരിമിതമായ’ ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.
“ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?” , “ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്….“ഇതൊക്കെ ശരിതന്നെ…
എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു ‘ചെറിയ വട്ടത്തിനുള്ളിലെ ശരി‘ ആണെന്നതുകൊണ്ടാണ്, ‘പൊതുഅംഗീകാരം’ കിട്ടാത്തത്.
ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ ‘ഗൌരവമായി’ സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.
ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട് അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, ‘ശരിയാക്കാം’.അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ ‘അവ്യവസ്ഥ- അരാജകത്വം’ഉണ്ടാക്കാന്‍ കാരണമാവരുത്.
Tuesday, March 11, 2008
“മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍“
ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ലോകോക്തികള്‍ പെറുക്കിയെടുത്ത് ഇവിടെ വെയ്ക്കട്ടേ.
1. മലകളിളകിലും മഹാജനാനാം
മനമിളകാ, ചപലോക്തി കേള്‍ക്കിലും കേള്‍!
2. ശിവ ശിവ! ദുര്‍ജ്ജനഭാരമേവ ഭാരം
3. അസുവിനു സമയായ ധാത്രിതന്റെ
വ്യസനമഹോ ഭഗവാന്‍ സഹിയ്ക്കുമോ താന്‍?
4. അരുതരുതു വധൂവധം മഹാത്മന്‍
ദുരിതമകപ്പെടുമിപ്രകാരമായാല്‍
5. യുവതികളെവധിയ്ക്ക യോഗ്യമോ താ-
നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര?
6.ജനനമരണമെന്നതിജ്ജനാനാ-
മനുഭവമെന്നതിനെന്തെടോ വിവാദം?
മരണദിവസവും ശിരസ്സിലാക്കി-
ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍
7.മരണമൊരുവനും വരാത്തതല്ലെ-
ന്നറിക ഭവാന്‍, അറിവുള്ള ചാരുബുദ്ധേ
8. സുലഭമഹോ ഗുണികള്‍ക്കു വാഞ്ച്ഛിതാര്‍ഥം
9. ജ്ഞാനം മനസ്സില്‍ ജനിയായ്കമൂലം
ഞാനെന്നഹംഭാവമഹോ ജനാനാം
10.കാമാദിഷഡ്കം ബഹുദുഃഖമൂലം
11.പരാക്രമം സ്ത്രീകളിലല്ലവേണ്ടൂ
12. ഒരിയ്ക്കലുണ്ടേവനുമാത്മനാശം
ജരയ്ക്കുമുന്‍പേ മരണം മനോജ്ഞം
13. ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ, മൃത്യു വരും ദശായാം
14. തായാട്ടുകാട്ടുന്ന ശിശുക്കളെത്താന്‍
താഡിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം
15. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ
പാരില്‍ പ്പരക്ലേശവിവേകമുള്ളൂ
16. അതിക്രമം മേ, ലിനി വേലിതന്നെ
വിതച്ച പുഞ്ചയ്ക്കു വിനാശമൂലം
17. കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ
കക്കാന്‍ മടിയ്ക്കുന്നു തരം വരുമ്പോള്‍
18. ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷരുള്ളകാലം
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?
19. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ
പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം
20.ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം
പരത്തുവാനാളുകളുണ്ടസംഖ്യം
21. കഷ്ടിച്ചു കൃത്യം കഴിയുന്നവന്നും
അഷ്ടിയ്ക്കുമുട്ടാതെവസിപ്പവന്നും
കെട്ടിദ്ധനം നേടിയിരിപ്പവന്നും
പെട്ടെന്നുതുല്യം ഖലു വൃത്തിദുഃഖം
22. കര്‍മ്മാനുകൂലം ഫല, മിന്നൊഴിപ്പാന്‍
നമ്മാലസാദ്ധ്യം ധരണീസുരേന്ദ്ര!
Tuesday, March 04, 2008
ഭാഷയും ആഗോളക്കവലയും
പരിണാമം എന്നതു സ്വാഭാവികമാവണം. ചിത്രശലഭത്തിന്റെ മുട്ട, പുഴുവായി-പ്യൂപ്പയായി-ശലഭമായി, താരതമ്യേന കൂടുതല്‍ നിലനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ജീവിയായി (ഉള്ള സങ്കേതങ്ങള്‍ കൊണ്ടു പറ്റാവുന്നത്ര വികസിച്ച ഒരു ജീവിയായി) പരിണമിക്കുന്നു. പ്രകൃതി തീരുമാനിച്ച ‘കാലം’ - ‘ഇടവേള’ - ഈ പരിണാമത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണു്. രണ്ടുദിവസം നേരത്തേ ശലഭം പുറത്തുവരട്ടേ, ഒന്നു സഹായിച്ചുകൊടുത്തേയ്ക്കാം എന്നു കരുതി, ‘പ്യൂപ്പക്കൂടു‘ പൊട്ടിച്ചുകൊടുക്കുന്നത് ബുദ്ധിപരമായ പ്രവൃത്തിയല്ല.
സ്വാഭാവിക പരിണാമം (transformation) അടിച്ചേല്‍പ്പിക്കപ്പെടുന്ന ‘മാറ്റം’ അല്ല. സ്വാഭാവികപരിതസ്ഥിതിയില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്, കൂടുതല്‍ സ്ഥിരതയോടെ നിലനില്‍ക്കാന്‍ സഹായിക്കുന്ന (balanced ആയ) ഒരു അവസ്ഥയിലേയ്ക്കാണ് എത്തുന്നതെങ്കില്‍ ആ മാറ്റം, ആ പരിണാമം പുരോഗതിയിലേയ്ക്കാണു്. കൂടുതല്‍ ശിഥിലമായ അസ്ഥിരമായ ഒരു അവസ്ഥയിലേയ്ക്കാണു മാറ്റങ്ങള്‍ നയിക്കുന്നതെങ്കില്‍, അതിനെ പുരോഗതി എന്നു വിളിയ്ക്കാനാവില്ല. എന്നാലും എല്ലാറ്റിനും ‘ക്ഷയം’, ‘നാശം’ എന്നീ അവസ്ഥകളുമുണ്ടല്ലോ. അതും പ്രകൃതിനിയമമാണ്. ഒന്നും ഒരിയ്ക്കലും നശിയ്ക്കരുത് എന്നു വിചാരിയ്ക്കുന്നതും വിഡ്ഢിത്തമാവും. എന്നാല്‍ ഒരുകാര്യം നമ്മള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. സമൂഹത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന, പോരായ്മകളെ അതിജിവിച്ചു മുന്നേറുന്ന ഒരു സംരംഭം നമ്മളായിട്ടു നാശത്തിലേയ്ക്ക്- ശൈഥില്യത്തിലേയ്ക്ക് തള്ളിവിടരുതു്. നമുക്കു കൂടി ഉത്തരവാദിത്തമുള്ള (പ്രകൃതിയുടെ മാത്രം അധിനതയിലല്ലാത്ത) കാര്യങ്ങളില്‍, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവരുതു്.
ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാവണം. ഭാഷകൊണ്ടു ഏറ്റവും നന്നായി ആശയവിനിമയം നടക്കുന്നത്, വക്താവും ശ്രോതാവും ഒരു പൊതുവായ , അഥവാ സമാനമായ പശ്ചാത്തലം പങ്കിടുമ്പോഴാണു്.
ഉദാഹരണം പറയാം. ഒരുവയസ്സു പ്രായമായ കുട്ടി സ്വന്തം വീട്ടിനുള്ളില്‍ അഥവാ സ്വന്തം അമ്മയോട് (കൂടുതലത്സ്അമയം അടുത്തുണ്ടാവുന്ന വ്യക്തിയോടു്) ആശയവിനിമയം നടത്തുന്നുണ്ടു്. അവിടെ വ്യാകരണംവേണ്ട, വാക്യങ്ങളോ വാക്കുകളോ വേണ്ട, ചുരുക്കം ചില അക്ഷരങ്ങള്‍ - അതുതന്നെ ധാരാളം. ആ ‘ഠ‘ വട്ടത്തിനുള്ളില്‍ ആശയവിനിമയത്തിനു ‘നിയമാവലികള്‍’ ഉള്ള ഭാഷ അത്യാവശ്യമില്ല. എന്നാല്‍ മറ്റൊരു ചുറ്റുപാടില്‍, മറ്റു ശ്രോതാക്കളോട് അതേ അക്ഷരങ്ങളും ആംഗ്യങ്ങളും കൊണ്ട് ആ കുട്ടിയ്ക്കു ആശയം വിനിമയം ചെയ്യാന്‍ സാധ്യമല്ല. തന്നെ മനസ്സിലാക്കുന്നവരുടെ ഇടയില്‍ ആശയവിനിമയം ചെയ്യാന്‍ അധികം ഔപചാരികതകളും നിയന്ത്രണങ്ങളും ആവശ്യമില്ല. തെറ്റിദ്ധരിയ്ക്കപ്പെടാനുള്ള സാഹചര്യം അവിടെ കുറവായതുകൊണ്ടാണതുസാദ്ധ്യമാവുന്നതു്. എന്തുകൊണ്ടാണങ്ങിനെ എന്നുചിന്തിച്ചിട്ടുണ്ടോ? ഒരേ മാനസിക പശ്ചാത്തലം പങ്കിടുന്ന ഘട്ടത്തില്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥം തന്നെ കേള്‍ക്കുന്നവളും(നും) മനസ്സിലാക്കും. ഉദ്ദേശിയ്ക്കുന്ന അര്‍ഥത്തിന്റ്റെ വിപരീതം പറഞ്ഞാല്‍പ്പോലും ഉദ്ദേശിച്ച അര്‍ഥം തന്നെ മനസ്സിലായിക്കോളും. ഈ ‘പൊതുവായ പശ്ചാത്തലം പങ്കിടാത്ത അവസ്ഥയില്‍’ ഭാഷകൊണ്ടു കൂടുതല്‍ കാര്യക്ഷമമായി (എഫിഷ്യന്റ് ആയി), ഫലവത്തായി (ഇഫക്റ്റീവ് ആയി), ആശയവിനിമയം സാദ്ധ്യമാക്കാന്‍വേണ്ടിയാണു് ഭാഷാപ്രയോഗത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ഒക്കെ ഉണ്ടായതു്.
ഭാഷ ഓരോചെറിയ സമൂഹത്തിലും കാലക്രമേണ- വേണ്ടത്ര സമയമെടുത്ത്, (നിയമസഭ നിയമം പാസാക്കാതെതന്നെ) രൂപപ്പെട്ടുവന്നതാണു്. ഈ സാഹചര്യങ്ങളില്‍ നിന്നെല്ലാം അടര്‍ത്തിമാറ്റി, ഭാഷയെ ‘ആഗോളക്കവല‘യില്‍ നിര്‍ത്തി അന്യഭാഷകളുടെ കടന്നുപിടുത്തത്തിനു വിട്ടുകൊടുക്കരുത്. ഒന്നുകില്‍ ചെറിയ ഒരുസമൂഹത്തിന്റെ ഭാഷയെ (പൂന്തേന്മൊഴിയായ മലയാളത്തെ) ആഗോളക്കവലയില്‍ നിര്‍ത്തരുത്. അല്ലെങ്കില്‍ എല്ലാത്തിനും വഴങ്ങിക്കൊടുക്കേണ്ട-നട്ടെല്ലില്ലാത്ത അവസ്ഥ ഭാഷയ്ക്കുണ്ടാവരുത്. സ്വയം ചില ഉറച്ച നിലപാടുകളും വ്യവസ്ഥകളും ഭാഷയില്‍ ഉണ്ടാവണം. ഉണ്ടാവണമെന്നു ഞാന്‍ പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെഉണ്ടാക്കണം എന്ന അര്‍ഥത്തിലല്ല പറയുന്നത്. ഭാഷയ്ക്ക്, ആശയവിനിമയോപാധി എന്ന അവസ്ഥയില്‍, വ്യവസ്ഥകളുണ്ട്, നിയമങ്ങളുണ്ട്. അവ നിലനില്‍ക്കേണ്ടതു അത്യാവശ്യമാണു് എന്ന അര്‍ഥത്തിലാണു്. നിലവിലുള്ള അഥവാ കൂടുതല്‍ കാലം നിലനിന്നുവന്നതായ വ്യവസ്ഥകളെ ‘മാറ്റത്തിനുവേണ്ടി മാറ്റാന്‍ ശ്രമിയ്ക്കരുതു്. ആ നിയമങ്ങളും വ്യവസ്ഥകളും ഉറച്ച നിലപാടുകളും, സ്വന്തം നിലനില്‍പ്പുതന്നെ അപകടത്തിലാവുന്ന അവസ്ഥയില്‍ സ്വരക്ഷയ്ക്കുതകുന്ന രക്ഷാകവചമായി വര്‍ത്തിയ്ക്കും. സംസ്കൃതത്തിനെപ്പോലെ ഉറച്ച നിലപാടുകള്‍ മലയാളത്തിനു വേണ്ടെന്നും ‘പൂന്തേന്‍മൊഴി’ യ്ക്കു ദൃഢതയേക്കാള്‍ ‘ലാസ്യഭാവമാണു’ വേണ്ടതെന്നും ധാരാളം മോഡേണ്‍ ലാംഗ്വേജ് ലവേര്‍സ് പറയുന്നുണ്ടു്. അതുകൊണ്ടു്, ഇന്നത്തെ കണ്ടെസ്റ്റന്‍സിന് മലയാളച്ചാനലില്‍, മലയാളപ്പരിപാടിയില്‍, വിത് കോണ്‍ഫിഡെന്‍സ്, ഫ്രീ ആയി, ഫോര്‍മാലിറ്റീസ് ഒന്നുമില്ലാതെ, മ്യൂസിക് പാടാം. (ആടുകയുമാവാം). നോ പ്രോബ്ലം. ഫന്റാസ്റ്റിക് ആയി, എക്സെലെന്റായി പാടിയാടിത്തിമര്‍ത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനാണെങ്കിലോ ഫ്ലാറ്റ്, എന്നുവെച്ചാല്‍ വെര്‍ട്ടിക്കല്‍ ഹൌസസില്‍ ഒരു ഹൌസ്, എന്താ സംഗതി മോശമാണോ?
മലയാളത്തെ പൂന്തേന്മൊഴിയെന്നു വിളിയ്ക്കുന്നവര്‍തന്നെ മലയാളഭാഷയില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം വരുമ്പോഴും, അതിനെ മോശമായി കാണാത്തതെന്താണു്? അതൊക്കെ കാലം വരുത്തുന്ന മാറ്റമാണത്രേ. എന്നാല്‍ "Let us cheththikkaLayuka (or cheththiminukkuka) our feet to wear the ultra modern shoes" എന്നു ഒരു ഇംഗ്ലീഷ് വാചകം പറയാന്‍ മേല്‍പ്പറഞ്ഞ ലാംഗുവേജ് ലവേര്‍സ് സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലെ പുതിയവാക്കുകളായി കരുതാമെന്നാണു് ചിലരുടെ പക്ഷം. അതുമാത്രമല്ല, ഇംഗ്ലീഷുപദങ്ങളേക്കൂടി ഒട്ടും മാറ്റിനിര്‍ത്താതെ സ്വീകരിച്ചാലേ മലയാളഭാഷയ്ക്കു നൂതനതയും പുരോഗമനവും ഉണ്ടാവൂ എന്നുകൂടി ചിലര്‍ ചിന്തിയ്ക്കുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. കയ്യില്‍ക്കിട്ടിയ ഭാഷയെ എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന കീചകന്‍മാരെക്കരുതിയിരിയ്ക്കാന്‍ പാവം മലയാളഭാഷയോട് ഒരു അമ്മൂമ്മയുടെ, ഒരു അമ്മയുടെ, ഒരു ചേച്ചിയുടെ വാത്സല്യം കലര്‍ന്ന ഉപദേശം പോലെ ഞാനൊരിയ്ക്കല്‍ ഒരു മുക്തകം എഴുതിയിരുന്നു. (ഞാനല്ല, അമ്മൂമ്മയും അമ്മയും. വേണമെങ്കില്‍ സംസ്കൃതഭാഷയാണ് ഉപദേശം കൊടുക്കുന്നതെന്നുകരുതിക്കോളൂ:))
“പൂന്തേന്മൊഴീയെന്നു“ വിളിച്ചുചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
തനിയ്ക്കുതാനേ തുണയെന്നുകണ്ടാല്‍
കരുത്തുകാട്ടേണമതാണു ബുദ്ധി“
ഇന്നത്തെക്കാലത്തു്, ഒരു പ്രത്യേകഭാഷ സംസാരിയ്ക്കുന്നവരും ഒരേ പ്രാദേശികഭാഷ (ഡയലക്റ്റ്) സംസാരിയ്ക്കുന്നവരും ലോകത്തിന്റെ പല പല കോണുകളില്‍ താമസിയ്ക്കുന്നുണ്ടു്. അതായത് ഓരോ ഭാഷയും പല പല ഭാഷകളുടേയും പശ്ചാത്തലത്തില്‍- സാന്നിധ്യത്തില്‍ ആണു് ഇന്നു നിലനില്‍ക്കുന്നത്. ഓരോ ഭാഷയും ഇന്നു കൂടുതല്‍ ‘എക്സ്പോസ്ഡ്’ ആണെന്നു പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും മലയാളിയ്ക്ക് :) അതു് ഒരു തരത്തില്‍ നല്ലതാണു്. എന്നാല്‍ സ്വന്തം ഒരുറച്ച വ്യക്തിത്വവും ഉറച്ചനിലപാടുകളും ഉള്ളവര്‍ക്കേ ആഗോളക്കവലയില്‍ നല്ലരീതിയില്‍ നിലനിലക്കാന്‍ സാധിയ്ക്കൂ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുഴലാതെ, ഒരുവിധം കാര്യങ്ങളെല്ലാം സ്വന്തം നിയന്ത്രണത്തോടെ ഉള്‍ക്കൊള്ളാനും തള്ളാനുംകഴിയൂ. നിയമങ്ങളും ചിട്ടകളും തനിയ്ക്കുള്ള നിയന്ത്രണങ്ങളാണെന്നു കരുതി, എളുപ്പത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിയമങ്ങളെ ലഘൂകരിച്ചാല്‍ അവസാനം മറ്റുപലതിന്റേയും കടന്നുകയറ്റത്തില്‍ സ്വന്തം വ്യക്തിത്വം തന്നെ പണയപ്പെടുത്തേണ്ട അവസ്ഥവരും. “ഭാഷയ്ക്കു കാലക്രമേണ മാറ്റങ്ങള്‍ വന്നിട്ടുണ്ടല്ലോ, പിന്നെന്താ എനിയ്ക്കുശേഷം ഒന്നും മാറരുത് എന്നൊരു വാശി?“ എന്നു ചിലര്‍ക്കെങ്കിലും മനസ്സില്‍ തോന്നാം. അവരോടുള്ള മറുപടി ആവര്‍ത്തിയ്ക്കാം- മാറ്റം സ്വാഭാവികമാവണം. പറഞ്ഞാല്‍- കേള്‍ക്കാന്‍- പാകത്തിലുള്ള - താരതമ്യേന വ്യാസം കുറഞ്ഞ വട്ടത്തില്‍ നിന്നും ആഗോളപശ്ചാത്തലത്തില്‍ വേണമല്ലോ ഇപ്പോള്‍ ഭാഷയെ നോക്കിക്കാണാന്‍. ചുരുങ്ങിയത് ഇന്റര്‍നെറ്റ് ഭാഷയെയെങ്കിലും. ഇത്തരുണത്തില്‍ ഭാഷയിലെ നിയമാവലികള്‍ക്കു പ്രസക്തി കൂടുകയാനുചെയ്യുന്നത്, എന്നാണെന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നല്ലതും ശക്തവും സ്ഥിരവും ആയ ഒന്നിനായിരിയ്ക്കും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിയ്ക്കുക. അതുകൊണ്ടുതന്നെ ഉള്ള ശക്തി തിരിച്ചറിഞ്ഞ്, അതിനെ പോഷിപ്പിക്കുകയാണു് വേണ്ടത്. ഫ്ലെക്സിബിലിറ്റിയുടെ പേരില്‍ നട്ടെല്ല് ആവശ്യമില്ലാതെ വളയ്ക്കേണ്ടിവരരുത്. മലയാളഭാഷ്യ്ക്കു, വൈയാകരണരോ പണ്ഡിതരോ കണ്ടെത്തി വ്യവസ്ഥപ്പെടുത്തിയ നിയമാവലികള്‍ വേണ്ടെന്നു പറയുകയും അതെല്ലാം ഭാഷയ്ക്കുള്ള വിലങ്ങുകളാണെന്നു കരുതുകയും ചെയ്യുമ്പോള്‍ ഭാഷ ഇത്രയുംകാലം കൊണ്ടു നേടിയെടുത്ത ശക്തിയേത്തന്നെയാണു വിലകുറച്ചുകാണുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ മലയാളഭാഷയെ ആഗോളക്കവലയില്‍ കൊണ്ടുനിര്‍ത്തിയാല്‍ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിലയില്ലാക്കയത്തിലേക്കാവും ചെന്നുവീഴുന്നത്. അതിനെന്താ, ഉണ്ടായതെല്ലാം ഒരിയ്ക്കല്‍ നശിയ്ക്കും എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഇക്കൂട്ടര്‍ ഭാഷാസ്നേഹികള്‍ എന്ന പേരുമാറ്റണം എന്നുമാത്രം പറഞ്ഞുവെയ്ക്കാം.
*[രാജേഷ് വര്‍മയുടെ “പാഞ്ചാലിയെക്കീചകനെന്നപോലെ...” എന്ന ഒരു ശ്ലോകം ഒന്നുകണ്ണോടിച്ചുവായിച്ച്, രണ്ടാമതൊന്നാലോചിക്കാനോ, എന്തര്‍ഥത്തിലാണു കവി ഇതെഴുതിയതെന്നു ചിന്തിയ്ക്കാനോ മിനക്കെടാതെ (അപ്പോഴേയ്ക്കുംഞാന്‍ നാട്ടിലേയ്ക്കുപോകാന്‍ ഓട്ടോയില്‍ കയറിയിരുന്നു) ഒരു ചുട്ടമറുപടി കൊടുക്കണമല്ലോ എന്നു കരുതി. ഒരു അഞ്ചുമിനുട്ടുകള്‍ക്കകം മനസ്സില്‍വന്നതാണ് ഈ വരികള്‍. ഇതെഴുതിയതു ഒരു നിമിഷകവിതയായിട്ടാണെങ്കിലും അക്ഷരശ്ലോകം ഗ്രൂപ്പില്‍ അവതരിപ്പിച്ചത്, ദിവസങ്ങള്‍ക്കുശേഷമാണു് (നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ടു്). ‘വാഗ്ജ്യോതിയിലും’ ഈ ശ്ലോകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജേഷ് വര്‍മ്മയുടെ ശ്ലോകത്തില്‍ പൂന്തേന്‍മൊഴി ‘കവിത’ ആയിരുന്നു. എന്റെ ശ്ലോകത്തില്‍ ‘പൂന്തേന്‍മൊഴി’ മലയാളഭാഷയാണു്. എന്റെ പ്രസ്തുതശ്ലോകം രാജേഷിന്റെ പ്രസ്തുതശ്ലോകത്തിനോടു ചേര്‍ത്തുവായിക്കുന്നതിനേക്കാള്‍ ഈ മുകളില്‍ പറഞ്ഞ ചുറ്റുപാടില്‍ വായിയ്ക്കുന്നതാണു് എനിയ്ക്കു കൂടുതലിഷ്ടം. അതുകൊണ്ടു് ലിങ്കു കൊടുക്കുന്നില്ല. ഈ ശ്ലോകരചനയ്ക്കു കാരണക്കാരനായ രാജേഷ് വര്‍മ്മയ്ക്കു നന്ദിയും നമസ്കാരവും].
Wednesday, February 06, 2008
വരമൊഴിയ്ക്കെന്തിനാ വ്യാകരണം?
വെള്ളെഴുത്ത് എന്ന, സ്വല്‍പ്പം ചിന്തിച്ചാലെന്തെന്നു ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗര്‍ എഴുതിച്ചോദിച്ചതാണിത്. എന്റെ ചിന്താ ഡൌട്ട് കോമാ പറയുന്ന മറുപടി-
വ്യാകരണമല്ല ഭാഷ. വ്യാകരണത്തിന്റേതുമല്ല ഭാഷ. ഭാഷയുടേതാണു് വ്യാകരണം. ഭാഷയെ വിശകലനം ചെയ്യാനും അപഗ്രഥിച്ചുപഠിയ്ക്കാനുമുള്ള പഠനശാഖയാണു് വ്യാകരണം. നിലവിലുള്ള ഒരു ഭാഷയെ കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാന്‍ അപഗ്രഥിച്ചുപഠിയ്ക്കാന്‍ അതിന്റെവ്യാകരണം പഠിച്ചാല്‍ എളുപ്പമാവും. വിശാലമായ ഒന്നിനെ മനസ്സില്‍വെച്ചുകൊണ്ട് അതിലെ ഘടകങ്ങളെ നിരീക്ഷിക്കുക എന്നതാണ് അറിവിനെ ഉള്‍ക്കൊള്ളാനുള്ള - മനസ്സിലാക്കാനുള്ള നല്ലരീതി എന്നാണെന്റെ പക്ഷം. സമഷ്ടിയുടെ ഭാഗമായി വ്യഷ്ടിയെ കണ്ടു് ആകപ്പാടെ ഒരാശയം തെളിഞ്ഞതിനുശേഷം, വ്യഷ്ടിയുടെ വിശകലനത്തിലെയ്ക്കും സൂക്ഷ്മമായ കാര്യങ്ങലിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്ന രീതി.
ഉദാഹരണം പറയാം-
നാം ഒരു സിനിമ കാണുകയാണെന്നു കരുതുക. ഒന്നാമത്തെ സീനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സീനാണെന്നിരിയ്ക്കട്ടെ രണ്ടാം സീന്‍. സിനിമ കണ്ടുപരിചയമില്ലാത്തവരാണെങ്കില്‍ അപ്പോഴേ അടുത്തിരിയ്ക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങും. എന്നാല്‍ സിനിമകണ്ടു പരിചയമുള്ളവരാണെങ്കില്‍, മൊത്തമായ ഒരു ‘ഒന്നിന്റെ’ ഭാഗമായി സീനുകളെകാണുകയും, ഓരോ ഭാഗത്തേയും വെവ്വേറെകാണാതിരിയ്ക്കുകയും ചെയ്യും. അപ്പോള്‍ ഒന്നാം സീനിന്റെ തുടര്‍ച്ച നാലാം സീനിലാണെങ്കില്‍പ്പോലും അര്‍ഥം മനസ്സിലാക്കുകതന്നെചെയ്യും. മൊത്തമായ ഒരൊന്നിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് അര്‍ഥം കൂടുതല്‍ വ്യക്തമായി മനസ്സിലാവുക. ഓരോ സീനിനേയും പ്രത്യേകം പ്രത്യേകം ഒറ്റയൊറ്റയായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ കഥയെ മുഴുവനായി മനസ്സിലാവാന്‍ കൂടുതല്‍ പ്രയാസം നേരിടും. മൊത്തമായ ഒരു കാഴ്ചയ്ക്കും മനസ്സിലാക്കലിനും ശേഷം ഓരോ ഘടകത്തേയും കീറിമുറിച്ച് വിശകലനം ചെയ്യാം. അപ്പോള്‍ ഓരോ ഘടകത്തിന്റേയും പ്രാധാന്യവും പ്രത്യേകതയും കൂടുതല്‍ മനസ്സിലാക്കാനും സാധിയ്ക്കും.
ഇനി പ്രകൃതത്തിലേയ്ക്കുവരാം- ഭാഷയെ സമഗ്രമായിനിരീക്ഷിച്ച്, ആ വിശാലമായ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് പാണിനിയെപ്പോലുള്ള മഹാവൈയാകരണന്മാര്‍ ഘടകങ്ങളെ അപഗ്രഥിച്ചതും വിശകലനം ചെയ്തതും. പിന്നീടുവരുന്നവര്‍ക്കായി ആ കണ്ടെത്തലുകളെല്ലാം ക്രോഡീകരിച്ചതും ഓര്‍മ്മിയ്ക്കാന്‍ പാകത്തില്‍ സൂത്രങ്ങളാക്കിയതും ഭാഷാപഠനത്തെ സഹായിക്കാനാണു്. ഭാഷാപ്രയോഗത്തില്‍ അസ്വതന്ത്രത വരുത്താനല്ല. എഴുത്ത് എന്നാല്‍ ലിപികളാല്‍ ഭാഷയെ രേഖപ്പെടുത്തുന്ന രീതി. ലിപിയ്ക്കല്ല വ്യാകരണം. ഭാഷണഭാഷയ്ക്കുതന്നെയാണ്, എന്നാണു് എന്റെ മനസ്സിലാക്കല്‍.
അതോ “പാരമ്പര്യവ്യാകരണം എഴുത്തിലേയ്ക്കും വാക്കുകളിലേയ്ക്കും തിരിഞ്ഞതെങ്ങനെ?“ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് വാമൊഴിവഴക്കമില്ലാത്ത വരമൊഴിഭാഷയ്ക്കെന്തിനാ ഇത്രയും നിബന്ധനകള്‍ എന്നാണോ? അതിനും അഭിപ്രായം പറയാന്‍ ശ്രമിയ്ക്കട്ടേ-
വാമൊഴി എന്നാല്‍ പറയുന്നഭാഷ (പറയപ്പെടുന്ന ഭാഷ). നമ്മള്‍ സാധാരണയായി എന്തെങ്കിലും പറയുന്നതു് എപ്പോഴാണു്? ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍. അതായത് വക്താവും ശ്രോതാവും പറഞ്ഞാല്‍കേള്‍ക്കാന്‍ പാകത്തില്‍ അടുത്തുനില്‍ക്കുമ്പോള്‍. ശരിയല്ലേ? ആ അവസ്ഥയില്‍ വക്താവും ശ്രോതാവും പൊതുവില്‍ ഒരേ സമയം- ഒരേ സ്ഥലം, ഒരേ പരിതസ്ഥിതി എന്നീ കണ്ടീഷനുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. മിക്കവാറും ഭാഷണത്തിന്റെ പശ്ചാത്തലം ഒന്നുതന്നെയാവാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പറയുന്നവള്‍ ഉദ്ദേശിയ്ക്കുന്ന അര്‍ഥം തന്നെ കേള്‍ക്കുന്നവനിലേയ്ക്കു വിനിമയം ചെയ്യപ്പെടും. അതായത് വാമൊഴിയ്ക്ക് ഒരു ഏകീകരണത്തിന്റേയോ(സ്റ്റാന്‍ഡേഡൈസേഷന്റേയോ) വ്യവസ്ഥയുടേയോ അധികം ആവശ്യം നേരിടുന്നില്ല.
എന്നാല്‍ വരമൊഴിയുടെ സ്ഥിതിയോ?
എഴുത്തുകാരി എഴുതുന്നത്, പുസ്തകത്തിലോ ബ്ലോഗിലോ ആവട്ടേ, അവള്‍ എന്തെല്ലാം ആശയങ്ങളുടെ പശ്ചാത്തലത്തിലാണു് പറയുന്നതെന്നോ ആധികാരികമായി പറയാന്‍ കഴിയുന്നവളാണെന്നോ, വിദ്യാര്‍ഥിനിയാണെന്നോ, അല്പജ്ഞാനം കൊട്ടിഗ്ഘോഷിയ്ക്കുന്നവളാണെന്നോ ഒന്നും അറിയാത്ത ഒരു വായനക്കാരനിലേയ്ക്ക് (ആ വ്യക്തിയുടെ അറിവിന്റെ പശ്ചാത്തലം എഴുതുന്നവ്യക്തിയ്ക്കും ഉണ്ടാവില്ല) വിനിമയം ചെയ്യാന്‍ ഒട്ടൊക്കെ ഏകീകൃതമായ (സ്റ്റാന്‍ഡേര്‍ഡ് ആയ ജനറലൈസ്ഡ് ആയ), വ്യവസ്ഥാപിതമായ നിയന്ത്രിതമായ ഭാഷ അത്യന്താപേക്ഷിതമാണു്. ഇവിടെയാണു് വ്യാകരണത്തിന്റെ പ്രസക്തി.
Monday, February 04, 2008
സംസ്കൃതവ്യാകരണചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം
വേദങ്ങളാണ് മനുഷ്യസമൂഹത്തിന്റെ ആദ്യത്തെ സാഹിത്യം എന്നാണു കരുതപ്പെടുന്നത്. വേദങ്ങള്‍ പരമ്പരയാ അതീവശ്രദ്ധയോടെ ഗുരുമുഖത്തുനിന്നും കേട്ടുകേട്ടു പഠിച്ച് മനനം ചെയ്ത്, ബോധ്യപ്പെട്ട്, ‘വിവരം‘ എന്നത് ‘അറിവ് ‘എന്ന അവസ്ഥയിലേയ്ക്കെത്തണം... അതായിരുന്നു വിദ്യാഭ്യാസരീതി. വേദങ്ങള്‍ “ശ്രുതികള്‍” എന്നും അറിയപ്പെടുന്നു (കേട്ടുകേട്ട് കിട്ടുന്നത്! എന്നു പറയാം അല്ലേ?)വേദകാലത്തുതന്നെ ഋഷിമാരും മറ്റും ഭാഷയുടെ കാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ഋക് പ്രാതിശാഖ്യം, വാജസനേയപ്രാതിശാഖ്യം തുടങ്ങിയവ ‘ശിക്ഷ’ എന്ന ഉച്ചാരണശാസ്ത്രത്തിന് അടിത്തറപാകി. നിരുക്തകാരനായ യാസ്കാചാര്യര്‍ പദങ്ങളെ വേര്‍തിരിച്ച്, അടുക്കി ‘നിഘണ്ടു” തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍ വ്യാകരണക്കാര്‍ മാത്രമായിരുന്നില്ല ഭാഷയെക്കുറിച്ചു പഠിച്ചത്. മീമാംസകരും നൈയായികരും ഒക്കെ ഭാഷയുടെ പ്രത്യേകതകളെ കൂലംകഷമായി അപഗ്രഥിച്ചിരുന്നു. സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പല സിദ്ധാന്തങ്ങളും കണ്ടെത്തി ആവിഷ്കരിച്ചിട്ടുണ്ട്.
ആശയവിനിമയത്തിനുള്ള ഒരു ഉപാധി(ടൂള്‍) മാത്രമല്ല ഭാഷ. ആശയവിനിമയം ഭാഷയുടെ ഒരു ഭാവം മാത്രമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. ഭാഷണഭാഷയെ നിരീക്ഷിച്ചതില്‍നിന്നും വാക്യമാണ് ഭാഷയുടെ അടിസ്ഥാന ഘടകം എന്നു മനസ്സിലാക്കി. വാക്യത്തെ അപഗ്രഥിച്ച് “നാമങ്ങള്‍, ക്രിയകള്‍ എന്നു പദങ്ങളെ വേര്‍തിരിക്കാമെന്നു കണ്ടെത്തി. ഒരു വാക്യത്തില്‍ ക്രിയയാണേറ്റവും പ്രധാനമെന്നും (വാക്യത്തെ പൂര്‍ണ്ണമാക്കാന്‍ ക്രിയ കൂടിയേ തീരൂ എന്ന അര്‍ഥത്തില്‍) ക്രിയയോടു പൊരുത്തപ്പെടുന്ന തരത്തില്‍ നാമപദങ്ങള്‍ക്കു മാറ്റം വരുന്നുണ്ടെന്നും നിരീക്ഷിച്ചു. കാരകങ്ങളെയും അവയ്ക്കനുസൃതമായി വിഭക്തികളേയും കണ്ടെത്തി, പദത്തെ ധാതുവും പ്രത്യയവും എന്നു രണ്ടാക്കിപ്പിരിക്കാമെന്നു കണ്ടു. ക്രിയാധാതുവിനോടു ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ക്ക് ‘കാലം,ഭാവം...തുടങ്ങിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കപ്പെട്ടു, അങ്ങനെ അങ്ങനെ... ഈ അസംഖ്യം കാര്യങ്ങള്‍ മനസ്സില്‍ ഓര്‍മ്മിക്കാന്‍ പാകത്തില്‍ അടുക്കിയടുക്കി സൂത്രങ്ങളാക്കിവെച്ചു, വൈയാകരണന്മാര്‍. പാണിനിയ്ക്കുമുന്‍പ്, ശാകടായനവ്യാകരണം, സാരസ്വതവ്യാകരണം തുടങ്ങി എട്ടോ ഒമ്പതോ വ്യാകരണപദ്ധതികള്‍ ഉണ്ടായിരുന്നു. സ്ഫോടായനന്‍, ആപിശലി, ശാകല്യന്‍, ഗാലവന്‍, ഗാര്‍ഗ്യന്‍ തുടങ്ങി പത്തോളം വ്യാകരണാചാര്യന്മാര്‍ പാണിനിയ്ക്കുമുന്‍പേ ഉണ്ടായിരുന്ന വൈയാകരണന്മാരാണ്.
പാണിനി, എട്ടദ്ധ്യായങ്ങളിലായി നാലായിരത്തോളം സൂത്രങ്ങള്‍ കൊണ്ട് ഭാഷയിലെ അന്തര്‍ലീനങ്ങളായ സവിശേഷതകളെ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചു. അഷ്ടാധ്യായിയുടെ - പാണിനീയത്തിന്റെ- സൂക്ഷ്മതയും സമഗ്രതയും സൂത്രശൈലിയും അത്യന്തം ശ്ലാഘനീയമായതിനാല്‍ പാണിനീയവ്യാകരണപദ്ധതിയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഭാഷാപഗ്രഥനത്തില്‍ കാണിച്ച സമഗ്രതയും സൂക്ഷ്മതയും, പാണിനീയവ്യാകരണമാണ് സംസ്കൃതവ്യാകരണം എന്നു ഭാഷാകുതുകികള്‍ തീരുമാനിയ്ക്കാന്‍ സാഹചര്യമൊരുക്കി.
വ്യാഡിയുടെ ‘സംഗ്രഹം’ അഷ്ടാധ്യായിയ്ക്കുള്ള വിശദമായ ഒരു വ്യാഖ്യാനമായിരുന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളടങ്ങുന്ന ‘സംഗ്രഹ‘ത്തില്‍ ഭാഷയുടെ തത്വശാസ്ത്രങ്ങളെപ്പറ്റിയും വിസ്തരിച്ചു പ്രതിപാദിയ്ക്കുന്നുണ്ടത്രേ. എന്നാല്‍ ഈ കൃതി ഇപ്പോള്‍ ലഭ്യമല്ല. പാണിനിയ്ക്കുശേഷം കാത്യായനന്‍(വരരുചി എന്നു പേരു പറയാറുണ്ട്) വാര്‍ത്തികമെഴുതി. പാണിനി പറഞ്ഞ ചില കാര്യങ്ങളില്‍ പൂര്‍ണ്ണതപോരാ എന്നു തോന്നിയ ഇടങ്ങളില്‍ പൂര്‍ണ്ണതവരുത്താനുള്ള ശ്രമമായിരുന്നു, കാത്യായനന്റേത്. പാണിനിയ്ക്കു ശേഷം ഭാഷാപ്രയോഗത്തില്‍ വന്ന മാറ്റങ്ങളും കാത്യായനന്‍ കണക്കിലെടുത്ത് ഉള്‍ക്കൊള്ളിച്ചതാവാനും സാധ്യതയുണ്ട്. പതഞ്ജലിയാണ് ഈ നിരയിലെ അടുത്ത മഹാശയന്‍. മഹാഭാഷ്യം എന്ന കൃതിയിലൂടെ പാണിനിയുടെ സൂത്രങ്ങളേയും ഭാഷയുടെ പ്രത്യേകതകളേയും ഒരുചര്‍ച്ചയുടെ രൂപത്തില്‍ ലളിതമായ ഭാഷയിലൂടെ ഊട്ടിയുറപ്പിക്കുകയാണ് പതഞ്ജലി ചെയ്തത്.
പാണിനി (സൂത്രകാരന്‍); കാത്യായനന്‍(വാര്‍ത്തികകാരന്‍); പതഞ്ജലി(ഭാഷ്യകാരന്‍) ഇവര്‍ വ്യാകരണശാസ്ത്രത്തില്‍ “മുനിത്രയം” എന്നറിയപ്പെടുന്നു.
മഹാഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി, ഭര്‍തൃഹരി, കൈയടന്‍ , നാഗേശഭട്ടന്‍ തുടങ്ങിയവര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചു. ചില ഭാഷാസങ്കേതങ്ങളെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ വ്യാഖ്യാനങ്ങള്‍ വഴിതുറന്നു.
അഷ്ടാധ്യായിയെ വ്യാഖ്യാനിച്ചവരില്‍ ഇനിയുള്ള പ്രമുഖര്‍ ജയാദിത്യ വാമനന്മാരാണ്. “കാശികാ” എന്നാണ് അവര്‍ രണ്ടുപേരും ചേര്‍ന്നെഴുതിയ കൃതി. ഈ കാശികയെ ഒന്നുകൂടി പ്രകാശിപ്പിച്ചുകൊണ്ട്, രാമചന്ദ്രാചാര്യര്‍ ‘പ്രക്രിയാകൌമുദി’ രചിച്ചു. കാശികയിലെ അപാകതകള്‍ തീര്‍ത്ത് പരിഷ്കരിക്കാനായി ഭട്ടോജി ദീക്ഷിതര്‍ “വൈയാകരണസിദ്ധാന്തകൌമുദി” രചിച്ചു. ഇതാണ് ഇപ്പോള്‍ വ്യാകരണം പഠിക്കുന്നവര്‍ പ്രാഥമികമായി പഠിക്കുന്നത്. വൈയാകരണസിദ്ധാന്തകൌമുദിയുടെ വ്യാഖ്യാനമാണ് , വാസുദേവദീക്ഷിതരുടെ “ബാലമനോരമാ”.
[ഇതൊരു ഉപരിപ്ലവമായ എത്തിനോട്ടമേ ആകുന്നുള്ളൂ.]
**************************************************
ഞാന്‍ പ്രതീക്ഷിയ്ക്കുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും-
1. വ്യാകരണം ആണോ ആദ്യം ഉണ്ടായത്? വ്യാകരണത്തില്‍നിന്നല്ലേ ഭാഷയുണ്ടായത്?
അല്ല. നിലവിലുള്ള ഭാഷയെ നിരന്തരം നിരീക്ഷിച്ച് ഭാഷാപ്രയോഗങ്ങള്‍ക്കു പിന്നിലെ നിയമങ്ങള്‍ കണ്ടെത്തിയ ഭാഷാകുതുകികള്‍, ഇനിവരുന്നവര്‍ക്കു ഭാഷാപഠനം എളുപ്പമാക്കാനും ഭാഷയ്ക്ക് കാലംചെല്ലുന്തോറും അപചയം നേരിടാതിരിക്കാനും വേണ്ടി ചിട്ടപ്പെടുത്തിക്രമീകരിയ്ക്കുന്നതാണ് വ്യാകരണം.
2. പാണിനിയുടെ കണിശമായ നിലപാടുകള്‍ കാരണം ഭാഷയുടെ പിന്നീടുള്ള വളര്‍ച്ച മുരടിച്ചുവോ?
പാണിനി അന്നു നിലവിലുള്ള ഭാഷയെ സമഗ്രമായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മാറ്റങ്ങളെയും പ്രാദേശികഭേദങ്ങളേയും ഒക്കെ കുറേയൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനുവേണ്ടി, ഓപ്ഷണല്‍ നിയമങ്ങള്‍ അവിടവിടെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പ്ണ്ഡിതരായ ആചാര്യന്മാര്‍ (അറിവിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍) പ്രയോഗിക്കുന്നവാക്കുകള്‍ സാധുവായിത്തന്നെ കണക്കാക്കണം, എഴുതിവെച്ച വ്യാകരണനിയമത്തെ അതിവര്‍ത്തിക്കുന്നുവെങ്കില്‍പ്പോലും, എന്നായിരുന്നു അന്നത്തെ നിലപാട്. പിന്നീടുള്ള കാലഘട്ടത്തില്‍ സംസ്കൃതജ്ഞര്‍ക്കു വളരെ നിര്‍ബന്ധമുണ്ടായിരുന്നു, പാണിനീയവ്യാകരണാനുസാരം തന്നെ വേണം ഭാഷാപ്രയോഗം എന്നത്. അതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിയ്ക്കാം. മറ്റുഭാഷകളുടെ കുത്തൊഴുക്കിലും, സംസ്കൃതത്തിന്റെ തനതുരൂപം നശിക്കാതിരുന്നതിന് ആ നിര്‍ബന്ധബുദ്ധി സഹായിച്ചു എന്നുവേണം കരുതാന്‍.3. പാണിനീയവ്യാകരണത്തെ അവലംബിച്ചു പില്‍ക്കാലവാര്‍ത്തികങ്ങളും ഭാഷ്യവുമല്ലാതെ പുതിയ ഒരു വ്യാകരണപദ്ധതി ഉണ്ടായിട്ടുണ്ടോ?ചന്ദ്രഗൌമിന്‍ എന്ന പണ്ഡിതന്‍ പാണിനീയത്തില്‍, താഴെപ്പറയുന്ന പരിഷ്കാരങ്ങള്‍ വരുത്തി, പുതിയ കെട്ടും മട്ടും കൊടുക്കാന്‍-൧. വൈദികസംസ്കൃതവുമായി ബന്ധപ്പെട്ട മുന്നൂറോളം സൂത്രങ്ങള്‍ എടുത്തുമാറ്റി.൨. കാത്യായനനും പതഞ്ജലിയും വ്യാഖ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ച ചില കാര്യങ്ങള്‍ കൂടി സൂത്രങ്ങളാക്കി കൂട്ടിച്ചേര്‍ത്തു.(ഇതു പക്ഷേ പാണിനീയത്തിന്റെ (അഷ്ടാധ്യായിയുടെ മാറ്റുകുറച്ചില്ല)
4. പാണിനിയില്‍നിന്നും സംസ്കൃതം പുരോഗമിയ്ക്കാത്തതെന്തുകൊണ്ട്?
പുരോഗമനം എന്നാല്‍ അഭിവൃദ്ധി എന്നാണു പൊതുവേ അര്‍ഥം ധരിക്കുക പതിവ്. ആദ്യം ഉണ്ടായതു പ്രിമിറ്റീവ് ആണെങ്കില്‍ കാലം കഴിയുന്തോറും അതു കൂടുതല്‍ വികസിക്കുകയോ അല്ലെങ്കില്‍ സാഹചര്യങ്ങളെ അതിവര്‍ത്തിക്കാനാവാതെ നശിക്കുകയോ ചെയ്യും. എന്നാല്‍ പാണിനിയുടെ വ്യാകരണപദ്ധതി സമഗ്രവും സൂക്ഷ്മവും സുഘടിതവുമാണ്. പൂര്‍ണ്ണമായതിനെ മനസ്സില്‍ കണ്ടുകൊണ്ടാണ് പാണിനി ഘടകങ്ങളെ നിരീക്ഷിക്കുന്നത് എന്നു വേണം പറയാന്‍.(ഒരു കവിതയോ കഥയോ എഴുതുമ്പോള്‍ എന്തോ ഒരാശയം മനസ്സിലുള്ളത്, പലപലവാക്കുകളിലൂടെ ഉരുത്തിരിഞ്ഞ് ഒരു കൃതിയായി രൂപപ്പെടുന്നില്ലേ? അതുപോലെ പൂര്‍ണ്ണതയുടെ പശ്ചാത്തലത്തിലാണ് ഘടകങ്ങള്‍ പ്രകാശിച്ചത്. അല്ലാതെ, ഒരാശയവുമില്ലാതെ, വെറുതേ കുറേ പദങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ കവിതയോ കഥയോ അത്രത്തോളം നന്നാവാനിടയില്ല. പറഞ്ഞുവന്നത്, പാണിനിയുടെ വ്യാകരണം വാക്കുകളെ ഒറ്റയ്ക്കൊറ്റയ്ക്കല്ല വിശകലനം ചെയ്യുന്നത്, പൂര്‍ണ്ണമായ ഒന്നിന്റെ ഘടകം എന്ന നിലയ്ക്കാണ്. ആ ഹോളിസ്റ്റിക് അപ്പ്രോച് ആയിരിക്കാം അതിന്റെ മേന്മയ്ക്കു നിദാനം. (എന്റെ അഭിപ്രായമാണ്)
Wednesday, January 30, 2008
ഭാഷാ - വാക്കും വെളിച്ചവും.
ഭഗവാന്‍ എന്നവാക്കിന്, ‘ധനമുള്ളവന്‍ ധനവാന്‍ എന്നമട്ടില്‍ ‘ഭഗമുള്ളവന്‍ ഭഗവാന്‍‘ എന്നുപറയാം. ഇത്തിരിവെട്ടത്തില്‍ അത്രയേ നാം മനസ്സിലാക്കൂ. എന്നാല്‍ കൂടുതല്‍ അറിയണം എന്ന ആഗ്രഹത്തോടെ നന്നായി കണ്ണുതുറന്നു നോക്കിയാലോ, അപ്പോള്‍ കാണാം ആ വാക്കിന്റെ വ്യാപ്തി-
ഭഗഃ എന്നാല്‍ ഷഡ്ഗുണങ്ങള്‍, സൌഭാഗ്യം, സുഭഗത്വം തുടങ്ങിയ അര്‍ഥങ്ങളുമുണ്ട്. ഷഡ്ഗുണപരിപൂര്‍ണ്ണനെയാണ് ഭഗവാന്‍ എന്നു പറയുന്നത്. ഷഡ്ഗുണങ്ങള്‍ എന്നാല്‍ എന്താണ്?
- ഐശ്വര്യം, ( അഷ്ടൈശ്വര്യങ്ങളും പെടും)
- വീര്യം,
- യശസ്സ്,
- ശ്രീ,
- ജ്ഞാനം,
- വൈരാഗ്യം
ഈ ആറുഗുണങ്ങളും തികഞ്ഞവന്‍ ഭഗവാന്‍.
ഇപ്പറഞ്ഞ ആറും വിസ്തരിച്ചു മനസ്സിലാക്കേണ്ടവയാണ്. ഒറ്റൊറ്റ വാക്കുകൊണ്ട് അര്‍ഥമളക്കാന്‍ പറ്റില്ല.പറഞ്ഞുവന്നതിതാണ്-
സ്വയം കണ്ണടച്ചിരുട്ടാക്കിയാലും കണ്ണിന്നു തിമിരം ബാധിച്ചാലും നഷ്ടം വെളിച്ചത്തിനല്ല, വിളക്കിനുമല്ല, നമുക്കുതന്നെയാണ്. വാക്കുകളുടെ കൂട്ടാളിയെന്നു കരുതപ്പെടുന്ന നിഘണ്ടുക്കള്‍ പലപ്പോഴും അവയിലെ സ്നേഹമൂറ്റി, വെളിച്ചം കെടുത്തി നിരത്തിക്കിടത്തി പ്രദര്‍ശിപ്പിക്കുകയാണു ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചിറകുവിരുത്തി മാനംമുട്ടെപ്പറക്കാന്‍ കെല്‍പ്പുള്ള പക്ഷികളെ ചിറകുവെട്ടിയൊതുക്കി കൂട്ടിലടച്ചു പ്രദര്‍ശിപ്പിക്കുന്നതുകാണുമ്പോഴുള്ള ഒരു വീര്‍പ്പുമുട്ടല്‍ വാക്കുകള്‍ക്ക് നിഘണ്ടുക്കളില്‍ അനുഭവപ്പെടുന്നില്ലേ എന്നത് എന്റെ വേവലാതി. ചില വാക്കുകളെപ്പറ്റിയുള്ള ചിന്തകള്‍ ഇനിമുതല്‍ ഈ താളില്‍ പങ്കുവെയ്ക്കണം എന്നത് എന്റെ ഒരു മോഹം.
ആദ്യമായി ഭാഷാ എന്ന വാക്കുതന്നെയാവട്ടേ - ‘ഭാസിയ്ക്കുന്നതാണ്’ ഭാഷാ.
പ്രകാശിയ്ക്കുന്നതാണ് ഭാഷ. അതായത്, ഭാഷ ചുറ്റുമുള്ള പലതിനേയുംകാണിച്ചുതരുന്നു. ആശയവിനിമയത്തിനുമാത്രമല്ല, അറിവിനെ അറിവായി അറിയാനുംഭാഷ വേണം. അറിവിനെ മറ്റൊരാളുമായി പങ്കുവെയ്ക്കാനുംഭാഷവേണം. ആശയവിനിമയം എന്നത് ഭാഷയുടെ ഒരു പ്രയോജനം മാത്രമാണ്. പറയാനും/കേള്‍ക്കാനും എഴുതാനും/വായിക്കാനും ഉപകാരപ്പെടുന്നത്, ഭാഷയുടെ ഒരു ഭാവം മാത്രമാണ്. ചിന്തയ്ക്കും ആശയരൂപീകരണത്തിനും അനുഭവമുദ്രണത്തിനും ഭാഷാസങ്കേതത്തിന്റെ മറ്റൊരു തലം ഉള്ളില്‍ പ്രകാശിയ്ക്കുന്നുണ്ടെന്നുവേണംകരുതാന്‍.
ഒരു മനുഷ്യശിശു തന്റെ സ്വന്തം ചുറ്റുപാടുകളില്‍ നിന്നും നിരീക്ഷണങ്ങളിലൂടെ ഈ ജന്മസിദ്ധസങ്കേതത്തെ പുനരാവിഷ്കരിയ്ക്കുകയാണുചെയ്യുന്നത്. തികച്ചും സ്വാഭാവികമായ ചുറ്റുപാടില്‍, വളരേസാധാരണമായി നടക്കുന്നതാണല്ലോ ഈപ്രക്രിയ. ധനിയെന്നോ ദരിദ്രനെന്നോ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നോ കമ്മ്യൂണിസ്റ്റെന്നോ *ഊണിഷ്ടനെന്നോ ഒരുഭേദത്തിനും പ്രസക്തിയില്ലാതെ ഏതൊരുസാധാരണശിശുവും ആദ്യത്തെ രണ്ടുമൂന്നുകൊല്ലം കൊണ്ട് ഭാഷയുടെ പ്രാഥമികപാഠങ്ങള്‍ സ്വായത്തമാക്കുന്നുണ്ടല്ലോ. ഈ പറയുന്നതിനു തെളിവുവേണമെങ്കില്‍ എന്റെപക്കലില്ല. ഞാനുംചിന്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആരും വിശ്വസിയ്ക്കണമെന്നു നിര്‍ബന്ധമില്ല. എന്നാലും എല്ലാവരും ഒന്നു ചിന്തിച്ചുനോക്കൂ, ആദ്യമേയുള്ള ഒരു അറിവിന്റെ ഭാഗമായല്ലേ നമുക്ക് പുതിയ അറിവുകള്‍ നേടാന്‍ കഴിയൂ? ഉള്ള ഒരറിവിലേയ്ക്ക് വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുംകുറയ്ക്കാനും അഴിച്ചുപണിയാനും ഒക്കെയല്ലേ പറ്റൂ? അല്ലാതെ ഒരടിസ്ഥാനവുമില്ലാതെ പുതിയൊരറിവ് നമ്മള്‍ സ്വായത്തമാക്കുന്നുണ്ടോ?
[ചിന്തിയ്ക്കുന്നവര്‍ ചിന്ത പങ്കുവെയ്ക്കണേ]
ആത്മചൈതന്യത്തിന്റെ പ്രതിഭാസമായി ‘ഭാഷാ’ എന്ന ഒരു അമൂര്‍ത്തസങ്കേതം എല്ലാവരിലും ഉണ്ട്. ആത്മാവിന്റെ ഭാഗമായതുകൊണ്ട് ഇതു ജന്മസിദ്ധമാണ്. ടോര്‍ച്ചിലെ ബള്‍ബിന്, പുറമേയുള്ള ഏതൊരുവസ്തുവിനേയും കാണിച്ചുതരാന്‍കഴിയുമെങ്കിലും, ആടോര്‍ച്ചിലെ ബാറ്ററിയെ കാണിച്ചുതരാങ്കഴിയാത്തതുപോലെ, ഭാഷയ്ക്ക് ഈ ലോകത്തെ കാണിച്ചുതരാന്‍ പറ്റും, ആത്മാവിനെഅറിയാന്‍ ഭാഷകൊണ്ടും സാധ്യമല്ല, ഭാഷാതീതമായ അവസ്ഥയിലേ ആത്മാനുഭൂതിയുണ്ടാവു (യതോ വാചോ നിവര്‍ത്തന്തേ....). മനസ്സിന്റേയും ബുദ്ധിയുടേയും അപ്പുറത്തെ തലങ്ങളിലേയ്ക്ക് വ്യാപരിയ്ക്കുമ്പോള്‍മാത്രം അറിയാറാകുന്ന ശുദ്ധബോധം ഭാഷാതീതമായ അവസ്ഥയിലായിരിയ്ക്കും. എന്നാല്‍ ‘ശരീരവും മനസ്സും ബുദ്ധിയും ചേര്‍ന്ന യൂണിറ്റിനെ ഒരു വ്യക്തിയായിക്കണക്കാക്കുന്ന സാധാരണക്കാരായ നമുക്കെല്ലാം ഭാഷകൂടാതെയുള്ള ഒരു വ്യവഹാരവുംസാധ്യമല്ല.
ശബ്ദം, വാക്ക്, ഭാഷാ എന്നീ വാക്കുകള്‍ സംസ്കൃത**ശബ്ദശാസ്ത്രത്തില്‍ ‘ലാങ്ഗ്വേജ്’ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്നുണ്ട്. ഈ ഭാഷാസങ്കേതത്തിന് ***നാലവസ്ഥകള്‍ ഉണ്ടത്രേ. ഒരു വക്താവിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, താഴെപ്പറയുന്ന ക്രമത്തിലാണ് വാക്ക് അവസ്ഥാന്തരം പ്രാപിക്കുന്നത്.
പരാ-മൂലാധാരത്തില്‍ ശബ്ദശക്തി കേന്ദ്രീകൃതമാവുമ്പോള്‍ ഉള്ള (ഭാഷയുടെ) അവസ്ഥ.
പശ്യന്തീ-നാഭിദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിയ്ക്കുമ്പോള്‍ തെളിയുന്ന (ഭാഷയുടെ അവസ്ഥ)
മധ്യമാ- അവനവനു മനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ തെളിയുന്ന (ഭാഷയുടെ) അവസ്ഥ
വൈഖരീ - പരശ്രവണഗോചരമായ ശബ്ദം - പറയാനും കേള്‍ക്കാനും സാധിയ്ക്കുന്ന (ഭാഷയുടെ) അവസ്ഥ
വക്താവിന്റെ മനസ്സില്‍ പറയാന്‍ ആഗ്രഹം ജനിയ്ക്കുമ്പോള്‍ത്തന്നെ മൂലാധാരത്തില്‍ നിന്നുമാണത്രേ പ്രാണവായു ശബ്ദശക്തിയായി ഒഴുകാന്‍ തുടങ്ങുന്നത്. നാഭീദേശം കടന്ന്, ഹൃദയപ്രദേശത്തെത്തുമ്പോള്‍ വക്താവിനുതന്നെ മനസ്സില്‍ ക്രമപ്പെട്ടുകിട്ടുന്ന വ്യക്തമായ ഭാഷാരൂപം, വൈകാതെതന്നെ കണ്ഠം മുതല്‍ ചുണ്ടുവരെയുള്ള വിവിധ ഉച്ചാരണസ്ഥാനങ്ങളില്‍ പ്രാണന്‍ തട്ടിയും തടഞ്ഞും അന്യനുകേള്‍ക്കാവുന്നതരത്തില്‍ ഒച്ചയോടുകൂടിയുള്ള വൈഖരീ അവസ്ഥയെ പ്രാപിയ്ക്കുന്നു.
ശ്രോതാവിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ വൈഖരീ, മധ്യമാ, പശ്യന്തീ, പരാ ഇതാണുക്രമം.
_____________________________________
*ഊണിഷ്ടന്‍ - ഊണ്‍് ഇഷ്ടമുള്ളവന്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിയ്ക്കുന്നു :)
** സംസ്കൃതശബ്ദശാസ്ത്രം - സംസ്കൃതഭാഷാശാസ്ത്രം - സംസ്കൃതത്തില്‍ വ്യാകരണശാഖയും നിരുക്തശാഖയും മാത്രമല്ല ഭാഷയുടെ പ്രത്യേകതകളെ കൈകാര്യം ചെയ്തിട്ടുള്ളത്. ന്യായ-വൈശേഷിക-മീമാംസാദി വിജ്ഞാനശാഖകളും കാവ്യശാസ്ത്രവും യോഗശാസ്ത്രവും ഒക്കെ ഭാഷയെപ്പറ്റി ഗഹനമായ ചിന്തകള്‍ അവതരിപ്പിയ്ക്കുന്നുണ്ട്. അവയെയെല്ലാം ചേര്‍ത്താണ് ഇവിടെ ശബ്ദശാസ്ത്രം എന്നു് ഉപയോഗിച്ചിട്ടുള്ളത്.
***പരാവാങ്‌മൂലചക്രസ്ഥാ
പശ്യന്തീ നാഭിസംസ്ഥിതാ
ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ
വൈഖരീ കണ്ഠദേശഗാ
“മൂലാധാരാത് പ്രഥമമുദിതോ... “ എന്ന ശ്ലോകവും അറിയാവുന്നവര്‍ക്ക് ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാം.
Friday, January 18, 2008
ഒന്നെവിടെ?
രണ്ടെന്നാല്‍ രണ്ടൊന്നല്ലേ
മൂന്നെന്നാല്‍ മൂന്നൊന്നാണേ
നാലില്‍ നാലായൊന്നുണ്ടേ
അഞ്ചില്‍ത്തഞ്ചും അഞ്ചിതളും
അഞ്ചൊന്നായ് ഞാന്‍ കാണുന്നൂ
ആറും നൂറും തൊണ്ണൂറും
തൊള്ളായിരവും കൊള്ളാലോ
കൊള്ളേണ്ടതുനാമൊന്നിനെയാ-
ണെന്നാലൊന്നും തള്ളേണ്ട
രണ്ടുണ്ടായാല്‍ കൊണ്ടാടാന്‍
രണ്ടായിരവും കണ്ടീടും
കാണാം പാടാം മാളോരേ
രണ്ടെന്നാല്‍ രണ്ടൊന്നാണേ.
[കണ്ണടച്ചാല്‍ പൂജ്യം, അല്ലല്ല ശൂന്യം ശൂന്യം എന്നാണീയിടെ. ഒന്നെവിടെ? കണ്ണുതുറന്നാല്‍ ആയിരവും പതിനായിരവും തൊള്ളായിരവും കലപില കൂട്ടുന്നു. വീണ്ടും കണ്ണടച്ചു. ഒന്നെവിടെപ്പോയി? ഒന്നു മൂളിനോക്കിയതാണ്, ഇപ്പോഴിവിടെയിരിയ്ക്കട്ടെ]
Thursday, January 03, 2008
പിതൃദേവോ ഭവ
ന്നോര്‍മ്മവച്ചനാള്‍ തൊട്ടു വിഭാതം.
ഉമ്മവച്ചെന്റെ കണ്ണുമിഴിപ്പി-
ച്ചമ്മ മെല്ലെമുഖമുയര്‍ത്തുമ്പോള്‍,
നെറ്റിയിലമ്മ തൊട്ട സിന്ദൂര-
പ്പൊട്ടെനിയ്ക്കു കണിയായിടുമ്പോള്‍,
പൊന്‍കണിയെന്റെയുള്ളിലും ചുറ്റും
കുങ്കുമപ്രകാശംവിതറുമ്പോള്‍,
കൈപിടിച്ചു തൊഴുവിച്ചെന്‍ ചിത്തം
കൂപ്പുകൈയ്യില്‍ നിറച്ചമ്മ ചൊല്ലും-
“നിന്‍മിഴിയ്ക്കു വെളിച്ചം പകരാന്‍
പൊന്‍കണിയൊരുക്കീടുവതാരോ
അപ്പരമപ്രകാശത്തെനിത്യം
കൂപ്പിടേണം, സവിത്രേ, നമസ്തേ!”
എഴുതിയത്, ശ്രീ പി. സി. മധുരാജ് (1992 ജൂണില്‍).
കൃതി: വഴിക്കുറിപ്പുകള്‍
Monday, December 03, 2007
Tuesday, September 25, 2007
ലക്ഷ്മണോപദേശം
സന്ദര്‍ഭം: ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ, പെട്ടെന്നുതന്നെ ശ്രീരാമനു പതിനാലുവര്‍ഷം കാട്ടില്‍പോകേണ്ടിവരുമെന്നും ഭരതനായിരിക്കും യുവരാജാവാകുന്നത് എന്നും അറിഞ്ഞ ലക്ഷ്മണന്‍ ക്രോധംകൊണ്ടു ജ്വലിയ്ക്കുന്നു. ദശരഥനേയും കൈകേയിയേയും മറ്റും അധിക്ഷേപിക്കുന്നു. രാമനോടു ദശരഥന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നുവരെ ലക്ഷ്മണന്‍ പറയുന്നു. ക്രോധവും സങ്കടവും കൊണ്ടു വിറയ്ക്കുന്ന ലക്ഷ്മണനെ സമാശ്വസിപ്പിച്ചുകൊണ്ട്, ശ്രീരാമന്‍ പറയുന്ന വാക്കുകളാണ് ‘ലക്ഷ്മണോപദേശം’ എന്നറിയപ്പെടുന്നത്.
“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
..
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
..
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
..“
എന്നിങ്ങനെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങുന്നു.
ഉണ്ണീ, ലക്ഷ്മണാ ഈ രാജ്യം, രാജാവ്, ദേഹം, ധനം എന്നതൊക്കെ ഒരിക്കല്‍ നശിയ്ക്കുന്നതല്ലേ? ഇതൊന്നും ശാശ്വതസത്യമല്ല. ഭോഗവസ്തുക്കളെല്ലാം ഏതുനിമിഷത്തിലും നശിച്ചുപോകുന്നതാണ്. ആയുസ്സും ഒടുങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. ഏതുപോലെയെന്നോ? തീയില്‍ ചുട്ടുപഴുപ്പിച്ച ലോഹത്തിനു മുകളില്‍ വീഴുന്ന വെള്ളത്തുള്ളിയുടെ അവസ്ഥപോലെ ക്ഷണികവും നശ്വരവുമാണ് ഈ മനുഷ്യജന്മം.
ഭോഗങ്ങള്‍ക്കുപിന്നാലെ പായുന്ന മനുഷ്യരുടെ നില ഏതുപോലെയാണെന്നറിയേണ്ടേ?
തന്റെ പകുതിഭാഗവും പാമ്പിന്റെ വായ്ക്കുള്ളില്‍ ആയിട്ടും മുന്നില്‍ പറന്നുപോകുന്ന ഈച്ചയെ തിന്നാന്‍ കൊതിയോടെ നാവു പുറത്തേയ്ക്കുനീട്ടുന്ന തവളയെപ്പോലെയാണ് മനുഷ്യരുടെ നില. നാം ഓരോരുത്തരും കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടുകഴിഞ്ഞിട്ടും മരണത്തെപ്പറ്റിയോ ജീവിതത്തിന്റെ നശ്വരതെയെപ്പറ്റിയോ ആലോചിക്കാതെ ഭോഗങ്ങള്‍ക്കായി നാക്കും നോക്കും കാതും കൂര്‍പ്പിച്ചു പരക്കം പായുന്നു.
അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, മിത്രം, ബന്ധുജനങ്ങള്‍ ഇവരോടൊത്തുള്ള വാസവും സ്ഥിരമല്ല. യാത്രക്കാര്‍ വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്രതുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതവും. എല്ലാവര്‍ക്കും അവരവരുടെ യാത്ര തുടരേണ്ടതുണ്ട്. ധനവും സമ്പത്തും എത്രകരുതിവെച്ചാലും എന്നെന്നും നിലനില്‍ക്കുന്നതല്ല. എത്രയൊക്കെ സമ്പത്തുണ്ടായാലും ശക്തിയും ആരോഗ്യവും യൌവനവും നശിച്ചുകഴിഞ്ഞാല്‍ പിന്നെ സമ്പത്തുണ്ടായതുകൊണ്ടും കാര്യമില്ല.
ഇപ്പോള്‍ പകല്‍, ഇപ്പോള്‍ രാത്രി, ഇനിയും പകല്‍ വരും, രാത്രിവരും എന്നിങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ചുടാത്ത മണ്‍കുടത്തില്‍ വെച്ച വെള്ളം പോലെ ആയുസ്സു ചോര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണെന്നു ആരും ധരിയ്ക്കുന്നില്ല. വാര്‍ദ്ധക്യത്തില്‍ ജര, നര, വിവിധരോഗങ്ങള്‍ എന്നിവയാല്‍ ആക്രമിയ്ക്കപ്പെട്ട്, ശരീരം ചുങ്ങിച്ചുങ്ങിവരുമ്പോഴും മോഹങ്ങള്‍ക്കൊരു കുറവും വരുന്നില്ലെന്നുമാത്രമല്ല, ചീര്‍ത്തുവരികയാണുമോഹങ്ങള്‍. ദേഹാഭിമാനമാണ് മോഹങ്ങള്‍ക്കടിസ്ഥാനം.
ഞാന്‍ മഹാകേമനാണ്, പണ്ഡിതനാണ്, സുന്ദരനാണ്... ആഢ്യനാണ്... എന്നൊക്കെ ദേഹാഭിമാനത്തോടെ ഞെളിഞ്ഞിരിക്കുമ്പോള്‍... പെട്ടെന്നു മരണം സംഭവിച്ചാല്‍... എല്ലാം തീര്‍ന്നു... പിന്നെ അതേ ദേഹം വെന്തുവെണ്ണീറാവുകയോ വല്ല ജന്തുക്കളും ഭക്ഷിച്ചു കാഷ്ടിച്ചുപോവുകയോ ചെയ്തേക്കാം, അതുമല്ലെങ്കില്‍ മണ്ണില്‍ ദ്രവിച്ച് പുഴുവരിച്ചുപോകാം. അതുകൊണ്ട്, ദേഹാഭിമാനം തികച്ചും നിരര്‍ഥകമാണ്. ദേഹാഭിമാനത്തില്‍ നിന്നും മോചനം കിട്ടാനും ശാശ്വതാനന്ദസ്വരൂപമായ ആത്മാവാണ്- ചൈതന്യമാണ് താന്‍ എന്ന സ്വാതന്ത്ര്യത്തിലേയ്ക്കുണരാന്‍ ഏകാഗ്രതയോടെ നിരന്തരമായ പരിശ്രമം ചെയ്യണം. രാഗം ക്രോധം, മോഹം, മദം, മാത്സര്യം തുടങ്ങിയവ ഒരുവനെ അറിവില്‍നിന്നും അകറ്റിക്കൊണ്ടേയിരിയ്ക്കും. ക്രോധം എന്നത് അത്യന്തവിനാശകാരിയാണ്. ബുദ്ധിമാന്മാര്‍ ക്രോധത്തെ പരിത്യജിയ്ക്കണം. ശാന്തിയെ ഒരിയ്ക്കലും കൈവിടരുത്.
ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും പുറകില്‍ ശുദ്ധജ്യോതിസ്സായി, ആനന്ദമായി, എപ്പോഴുമെപ്പോഴും ഉള്ള ചൈതന്യത്തെ തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഒട്ടും ഒട്ടലില്ലാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍. മനുഷ്യശരീരം കിട്ടിയാല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്കണം. പ്രാരബ്ദ്ധകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാതെ, ഒളിച്ചോടാന്‍ തരമില്ല. അതുകൊണ്ട്, ചെയ്യുന്ന കര്‍മ്മങ്ങള്‍ പരം പൊരുളില്‍ സമര്‍പ്പിച്ചുകൊണ്ട്, കളങ്കം ഏതുമില്ലാതെ ഫലത്തില്‍ ആശയില്ലാതെ ചെയ്യണം.
“ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാനസത്തിങ്കല്‍ നിന്നാശു കളക നീ...
എന്നിങ്ങനെ ഉപസംഹരിയ്ക്കുന്നു ലക്ഷ്മണോപദേശം.
വെറും വാക്കുകളില്‍ കുടുങ്ങിപ്പോകാതെ, അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചുറപ്പിയ്ക്കേണ്ടതാണ് മറ്റുപല ഭാഗങ്ങളുമെന്നപോലെ ലക്ഷ്മണോപദേശവും. "ഈ ദേഹമാണ് ഞാന്‍” എന്ന വിചാരമാണ് ഒരുപരിധിവരെ എല്ലാ ദുഃഖത്തിനും കാരണം. ഓരോരുത്തനും അവനവന്റെ ദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആ അറിവ് എന്നുണ്ടാകുന്നുവോ അന്നു മുതല്‍ പരമാനന്ദം അവനനുഭവിക്കാം. മരണഭയത്തിനും അവകാശമുണ്ടാവില്ല. ഈ തത്വം തന്നെയാണ് പല തരത്തിലും (ഉപമകളില്‍ക്കൂടിയും കഥകളില്‍ക്കൂടിയും) ഒക്കെ ഋഷിമാര്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. എഴുത്തച്ഛന്റെ രാമായണം ഈ പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുപഠിപ്പിക്കുന്നുണ്ട്.
Friday, September 21, 2007
Monday, September 17, 2007
കൊഴിയുന്നു, തളിര്‍ക്കാനായി?
Thursday, August 23, 2007
ഞാന്‍ നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാം
ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചു.
പക്ഷേ വേറേ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ കലപിലകൂട്ടാന്‍ തുടങ്ങി-
മലയാളം എനിയ്ക്കു ശരിയ്ക്കറിയുമോ?
പിന്നറിയാതെ! എന്നു പറയാനൊരുമ്പെട്ടു- വരട്ടെ- ഒന്നാലോചിച്ചുപറയാം.
ആട്ടെ- “കളിയ്ക്കുക” ഈ വാക്കിന്റെ അര്‍ഥം എന്താണ്?
ഹാവു, ഇത്രേള്ളൂ, കളിക്കുക എന്നുവെച്ചാല്‍ കളിക്കുക. എന്നുവെച്ചാല്‍ ‘റ്റു പ്ലേ’
മലയാളം ചോദിക്കുമ്പോള്‍ ഇംഗ്ലീഷുപറഞ്ഞാല്‍ പോരല്ലോ. കളിക്കുക എന്ന വാക്കിന്റെ മലയാളവിശദീകരണം-
ഉദാഹരണത്തിന്... ഒരാള്‍ ഒരു പന്തെടുത്ത്, കുറച്ചുദൂരെ ഒരു വടിനിലത്തുകുത്തിപ്പിടിച്ചുകൊണ്ട് മറ്റു മൂന്നുവടികളെ സംരക്ഷിച്ചുനില്‍ക്കുന്ന ഒരുവനെ ലക്ഷ്യമാക്കി എറിയുകയും, ആ പന്ത് അടുത്തെത്തുമ്പോള്‍ കുറ്റികളെ സംരക്ഷിച്ചുകൊണ്ടെന്നപോലെ നിന്നയാള്‍ പന്തിനെ വീശിയടിക്കുകയും ആ അടികൊണ്ടു തെറിക്കുന്ന പന്തിന്റെ പിന്നാലെ മറ്റുചിലര്‍ ഓടുകയും ......ഇതൊക്കെ കണ്ടാല്‍ അവര്‍ ‘കളിയ്ക്കുക’ ആണെന്നുമനസ്സിലാക്കണം.
അതു ക്രിക്കറ്റു കളിയാണെങ്കിലല്ലേ? വെറുതേ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം എന്താ?
ഒരു കുഞ്ഞ് ഒരു പാവക്കുട്ടിയെ എടുത്ത് അതിനോടു കൊഞ്ചിക്കൊഞ്ചി... “നോഡി..കരയണ്ടാട്ടോ...നൂഡിത്സ് ഇപ്പൊ തരാലോ...” എന്നുപറഞ്ഞ് നൂഡിത്സ് വിളമ്പിയഭിനയിക്കുന്നതുകണ്ടാല്‍ ആ കുഞ്ഞും ‘കളിയ്ക്കുക’ ആണെന്നുപറയാം.
അപ്പൊ പന്തെറിയലും അടിച്ചുതെറിപ്പിക്കലും മാത്രമല്ല ‘കളിയ്ക്കുക’ എന്നുപറഞ്ഞാല്‍.
അതായത്, ലോകത്ത് എത്രതരം കളികളുണ്ടോ അതൊക്കെ എങ്ങനെ ഏതെല്ലാം ക്രിയകളിലൂടെ നടക്കുന്നു...അതൊക്കെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥമാണ്. പക്ഷേ ലോകത്തെ എല്ലാ കളികളും എനിയ്ക്കറിയില്ല. എന്നാലും ‘കളിയ്ക്കുക’ എന്നുപറാഞ്ഞാല്‍ എനിയ്ക്കറിയാം.
എന്നാല്‍ പറയൂ... അതുതന്നെയാണല്ലോ ചോദിച്ചുകൊണ്ടിരുന്നത്- വെറുതേ രസത്തിനുവേണ്ടി വിനോദത്തിനുവേണ്ടി ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നു നടത്തുന്ന ചില നിയമങ്ങള്‍ അനുസരിച്ചുനടക്കുന്ന ഒരു ഏര്‍പ്പാടിനെ ‘കളിയ്ക്കുക’ എന്നവാക്കുകൊണ്ട് സൂചിപ്പിക്കാം.
അപ്പോള്‍ കളിയ്ക്കിടെ വഴക്കും വക്കാണവും ഉണ്ടായാല്‍ അതിനെ കളി എന്നു പിന്നെ വിളിക്കാന്‍ പാടില്ലെന്നുവരില്ലേ? എല്ലാവരും വിനോദത്തിനുവേണ്ടിമാത്രമല്ല കളിയ്ക്കുന്നത്. അപ്പൊ പിന്നെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം?
ഇനിയും ഒരു പന്ത്രണ്ടുത്തരവും കൂടി തലയില്‍ ക്യൂ നില്‍ക്കുന്നു...നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാന്‍ ഇത്രയും പോരേ?
Sunday, August 19, 2007
വൈഖരീ
സധൈര്യം ഒരു പുതിയബ്ലോഗ് തുടങ്ങുകയാണ്. വൈഖരീ എന്നു പേരിട്ടു. സംസ്കൃതത്തില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ ഇനിമുതല്‍ വൈഖരിയിലൂടെ പ്രകാശിപ്പിക്കാം എന്നു കരുതുന്നു. ഇതൊരു അറിയിപ്പുമാത്രമാണ്. താല്പര്യമുള്ളവര്‍ വായിക്കുമല്ലോ. ലിങ്ക്
ദൃശ്യദൃശ്യ എന്ന ബ്ലോഗറെ നന്ദിയോടെ അനുസ്മരിക്കുന്നു, ഒരു കമന്റുവഴി സംസ്കൃതബ്ലോഗു തുടങ്ങാന്‍ ഉല്പ്രേരകമായതിന്.
ഇതാണു ലിങ്ക് http://vykharee.blogspot.com
Saturday, June 30, 2007
Monday, June 11, 2007
ത്രിശങ്കുവീക്ഷണം -ആമുഖങ്ങള്‍ക്കു പിന്നില്‍
ആമുഖം 2: കെവിന്‍ സിജിയുടെ ‘ദിനപത്രം’ ഈയടുത്ത ദിവസമാണ് ഞാന്‍ കണ്ടത്. നല്ലൊരു പരിപാടിയായി തോന്നുകയും ചെയ്തു. ഇത്തരം സംരംഭങ്ങള്‍ വേറേയും ചിലതുണ്ടെന്നു തോന്നുന്നു, എനിയ്ക്കു മുഴുവന്‍ മനസ്സിലായില്ല. ഇതേക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ട്. സമയവും സൌകര്യവുമുള്ള ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കും. ഈ ചര്‍ച്ചകള്‍ മറ്റൊരിടത്തു നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് തന്നാലും മതി. പടിപടിയായി ഞാന്‍ പഠിച്ചോളാം:)
ആമുഖം 3: ‘ഈ ത്രിശങ്കു‘വിനെ പരിചയപ്പെടുത്താം-
ഈ ത്രിശങ്കു ഒരു ബ്ലോഗറാണ്. ബൂലോഗം എന്താണെന്നു വ്യക്തമായ ഒരു ധാരണയുമില്ല. ഓരോ കണ്ണില്‍ക്കൂടി നോക്കുമ്പോഴും ഓരോ കാഴ്ചയാണ് കിട്ടുന്നതത്രേ. (മൂന്നു കണ്ണുകള്‍ ഉണ്ടോ എന്നറിയില്ല, സമവീക്ഷണം (balanced vision) ഏതായാലും ഇല്ല. ഓരോ നോട്ടത്തിലും അതാതു തട്ടു താഴ്ന്നുകൊണ്ടിരിക്കുന്നു, എന്നാണ് ത്രിശങ്കു പറയുന്നത്. താന്‍ ചവിട്ടിനിന്നിരുന്ന മണ്ണ് കാലിനടിയിലില്ലെന്നും... ചുറ്റും ആരുമില്ലെന്നും മനസ്സിലാവുന്നു,... അങ്ങുദൂരെ...പകലോന്റെ വരവറിയിച്ചുകൊണ്ട് ‘ദിനപത്രം’ എന്നൊരു കുഞ്ഞുനക്ഷത്രം കണ്ടു. നല്ല കൌതുകം തോന്നി. ദുസ്വപ്നത്തില്‍ നിന്നും ഉണര്‍ത്താനുള്ള ഉദയനക്ഷത്രമാണോ അതോ കട്ടന്‍ചായപ്പത്രമാണോ... ? ത്രാസിന്റെ തട്ടുകള്‍ വീണ്ടും ചാഞ്ചാടുന്നു...
ത്രിശങ്കുവിന്റെ ദൃഷ്ടിദോഷം കീമാന്‍ അഞ്ജലിയോടെ വരമൊഴിയില്‍ ആക്കിയത്, താഴെ വായിക്കാം--
1. ‘ദിനപത്രം’ പോലെ യുള്ളവയില്‍ എന്റെ രചന വരുന്നത് ഞാന്‍ എങ്ങിനെ കാണണം? “ഹായ്, എന്റെ ലേഖനത്തിനു ഒരു പരസ്യം കിട്ടി, നാലാളു കൂടുതല്‍ കാണും” എന്ന രീതിയിലോ അതോ, “ എന്റെ രചന എന്നോടു പറയാതെ ഇവിടേയും ഇട്ടല്ലോ. ഇനി എന്റെ ബ്ലോഗില്‍ വരാതെ ദിനപത്രം മാത്രം വായിച്ചാലും മതിയാവുമല്ലോ (അതുകൊണ്ട് ദോഷം ഉണ്ടെന്നല്ല) എന്നോ?
2. ബൂലോഗത്തുവരുന്ന എല്ലാ രചനകളും എഡിറ്റ് ചെയ്ത്, ലിസ്റ്റ് ചെയ്യുന്നുണ്ടോ? അതോ സംരംഭകര്‍, അവര്‍ക്ക്, “കൊള്ളാം” എന്നു തോന്നുന്ന രചനകള്‍ ലിസ്റ്റ് ചെയ്യുകയാണോ?
3. ഓരോ രചനയും വായിച്ച് സെലെക്റ്റ് ചെയ്യുമോ അതോ ഇതിനോടകം ‘കൊള്ളാം’ എന്നു തോന്നിയ ബ്ലോഗുകള്‍ നോട്ട് ചെയ്ത്, അവയില്‍ വരുന്നതെല്ലാം ലിസ്റ്റ് ചെയ്യുമോ?
4. നല്ലവായന സാധ്യമാവണം എന്നതല്ലേ ഇതിന്റെ ലക്ഷ്യം. എഴുത്തുകളരി എന്ന സങ്കല്‍പ്പത്തേക്കാള്‍ വായനശാല എന്ന സങ്കല്‍പ്പമാണോ ഇതിലൂടെ സാക്ഷാല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നത്?
5. ഏതായാലും ‘വായില്‍തോന്നിയത് വെറുതേ കുത്തിക്കുറിക്കുന്നത്’ ബ്ലോഗെഴുത്തുകാര്‍ നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാവട്ടെ. എന്തും എഴുതേണ്ടവര്‍ക്ക് എഴുതാം, പക്ഷേ അതിനൊക്കെ ഒരേപോലെ സ്ഥാനവും മാനവും ‘വെട്ടത്തിരിപ്പും (വിസിബിലിറ്റി) കിട്ടണമെന്ന് ബ്ലോഗെഴുത്തുകാര്‍ ആഗ്രഹിക്കരുത്. ഇങ്ങനെ ഒരു പാഠം ഞാന്‍ പഠിയ്ക്കട്ടെ? അപപാഠമാവുമോ?
കെവിന്‍-സിജി :) ‘ദിനപത്രത്തെ’ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. എനിയ്ക്കിഷ്ടമായി അത്. ഇതില്‍ ആരോപണങ്ങള്‍ ഒന്നുമില്ല :) സംശയം തീര്‍ക്കുക എന്നതു ആരുടേയും ബാധ്യതയും ആവില്ല.
ശ്രദ്ധേയം: ‘ദിനപത്ര’ത്തെപ്പറ്റി ദുരുദ്ദേശ്യത്തോടേയുള്ള കമന്റുകള്‍ വന്നാല്‍ ഡിലീറ്റ് ചെയ്യും. പോര്‍ട്ടല്‍/ഫീഡര്‍... ഈ പദങ്ങളൊന്നും ഞാന്‍ വായിച്ചു പഠിച്ചുകഴിഞ്ഞിട്ടില്ല, അതുകൊണ്ട്, ഏതു പദം ഉപയോഗിക്കണമെന്നറിയാത്തതിനാല്‍ ‘ബ്ലോഗുകൃതിസൂചിക- ആവലി’ എന്നൊക്കെയുള്ളതിന് ഒരു ഉദാഹരണമായി, ‘ദിനപത്രം’ എന്നുപയോഗിച്ചതാണ്. ലക്ഷ്യം - അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക എന്നതുമാത്രം.
Thursday, May 31, 2007
പാവം വിധി!
“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന് ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന് കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.
അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?
നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.
അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?
ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.
ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത് അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത് *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.
‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.
വരുന്നതെല്ലാം അതേപടി അംഗീകരിച്ച് നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.
ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.
ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത് ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.
അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച് ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.
ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ് വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.
എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.
[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന് കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].
* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.
Wednesday, May 30, 2007
"ഉദ്ധരേദാത്മനാത്മാനം"
ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണ്-
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.
അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന്‍ തന്നെയാണ്. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ് പ്രധാനം.
ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ് സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്.
എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!
(വിധിയെപ്പറ്റി അടുത്തപോസ്റ്റില്‍)


