Thursday, May 21, 2009

കുന്തീസ്തുതി

‘കുന്തീസ്തുതി’ എന്നപേരില്‍ പ്രസിദ്ധമായ സ്തുതി ഭാഗവതത്തിലെ പ്രഥമസ്കന്ധത്തില്‍ എട്ടാമദ്ധ്യായം പതിനെട്ടുമുതല്‍ നാല്‍പ്പത്തിമൂന്നുകൂടിയുള്ള ഇരുപത്താറു ശ്ലോകങ്ങളടങ്ങിയ ഭാഗമാണു്. അത് ചൊല്ലുന്നവര്‍ക്ക് ഏകദേശം അര്‍ത്ഥമറിഞ്ഞു ചൊല്ലാന്‍ ഉതകുന്നതരത്തില്‍ ഭീഷ്മസ്തുതിയെ പിന്‍‌പറ്റി ഒരു വ്യാഖ്യാനം എഴുതാന്‍ തുടങ്ങിയതായിരുന്നു. ആകെ ഇരുപത്താറു ശ്ലോകങ്ങളും അവയ്ക്ക് ഞാന്‍ മനസ്സിലാക്കിയ അഥവാ എനിയ്ക്ക് ഏറ്റവും ആസ്വാദ്യമായി തോന്നിയ അര്‍ഥവും- ആ നിലയ്ക്കാണ് ഇതെഴുതിയത്. നിരൂപണമോ വിമര്‍ശനമോ എന്റെ ഉദ്ദേശ്യമല്ലായിരുന്നു. ആസ്വാദനവും പഠനവും ആയിരുന്നു ഉദ്ദേശ്യം. അതു് മൂന്നോ നാലോ ഭാഗങ്ങളായി ഇവിടെ പോസ്റ്റു ചെയ്യാന്‍ മുതിരുന്നു.


കുട്ടിക്കാലം മുതല്‍ എന്നുതന്നെ പറയട്ടേ, രക്ഷയ്ക്ക് ഭഗവാന്‍ മാത്രമാണൊരാശ്രയം എന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ച കുന്തീദേവി, കൃഷ്ണനെ *സ്തുതിയ്ക്കുന്നതാണു രംഗം. കുന്തീദേവി പലപ്പോഴും കൃഷ്ണനെ തന്റെ ബന്ധു‍ എന്നനിലയ്ക്കു കണ്ടിട്ടുണ്ടെങ്കിലും, ദേവിയ്ക്കറിയാമായിരുന്നു കൃഷ്ണന്‍ വെറും ബന്ധുവല്ല, മനുഷ്യനാട്യം നടിയ്ക്കുന്ന സാക്ഷാല്‍ പരമാത്മസ്വരൂപനാണെന്ന്. തങ്ങളെ എന്തെന്താപത്തുവരുമ്പോഴും രക്ഷിച്ചത് അദ്ദേഹമാണെന്ന അറിവില്‍ ആ മഹിമയെ കീര്‍ത്തിയ്ക്കാനാണു ദേവി സ്തുതിയ്ക്കാന്‍ തുടങ്ങുന്നത്.
1.
നമസ്യേ പുരുഷം ത്വാദ്യം
ഈശ്വരം പ്രകൃതേഃ പരം
അലക്ഷ്യം സര്‍വ്വഭൂതാനാം
അന്തര്‍ബഹിരവസ്ഥിതം

ഹേ പരമപുരുഷ! എല്ലാറ്റിന്റേയും ഉള്ളിലും പുറത്തും നിറഞ്ഞിരിയ്ക്കുന്ന, എല്ലാറ്റിനും കാരണഭൂതനായ ഈശ്വര, ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിട്ടും (ഞങ്ങള്‍ക്കു) കാണാന്‍ കഴിയാത്ത പരം പൊരുളേ, അങ്ങയെ ഞാനൊന്നു നമസ്കരിച്ചോട്ടേ.
2.
മായായവനികാച്ഛന്നം
അജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ മൂഢദൃശാ
നടോ നാട്യധരോ യഥാ

ശരിയായ നടനെ അറിയാതെ, കഥാപാത്രത്തെയാണു സാധാരണക്കാരായ നാടകക്കാഴ്ചക്കാര്‍ കണ്ടാസ്വദിയ്ക്കുക പതിവു്. പുറംകാഴ്ചയില്‍ മോഹിച്ചുപോയവര്‍ (മൂഢന്മാരായ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍) അങ്ങ് മായയാകുന്ന തിരശ്ശീലയാല്‍ മറയപ്പെട്ടകാരണം, മായക്കാഴ്ചയ്ക്കും അപ്പുറത്തുള്ള അവ്യയനായ ‘സാക്ഷാല്‍’ നടനെ അറിഞ്ഞുമനസ്സിലാക്കുന്നില്ല, അതിനു കെല്‍പ്പുള്ളവരല്ല.

3.
തഥാ പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാര്‍ത്ഥം
കഥം പശ്യേമ ഹി സ്ത്രിയഃ

പരമഹംസന്മാരും ശുദ്ധനിഷ്ക്കളഹൃദയരും ആയ മഹാമുനിമാര്‍ക്കു് ഭക്തിരസം നിറച്ചുനല്‍കുന്ന അങ്ങയുടെ മാഹാത്മ്യത്തെക്കുറിച്ച്, ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങിനെയറിയാനാണു്?

4.

കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ

5.
നമഃ പങ്കജനാഭായ
നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ
നമസ്തേ പങ്കജാംഘ്രയേ

4,5: ഹേ കൃഷ്ണ! വസുദേവ-ദേവകീപുത്ര, നന്ദഗോപകുമാര, ഗോവിന്ദ, അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. [ഈ കണ്ണനെ എനിയ്ക്കു നന്നായറിയാം, ഇവന്‍ തന്നെയാണത്രേ നാഭിയില്‍ താമരയുള്ള വിശ്വാധാരനും വിശ്വാകാരനും ഒക്കെയായ വിഷ്ണു!] ഹേ പങ്കജനാഭ! താമരക്കണ്ണാ, താമരമാലധരിച്ചുനില്‍ക്കുന്ന അങ്ങയുടെ ഈ കാല്‍ത്താരില്‍ ഞാനിതാ നമസ്കരിയ്ക്കുന്നു.

6
യഥാ ഹൃഷീകേശ ഖലേന ദേവകീ
കംസേന രുദ്ധാതിചിരം ശുചാര്‍പ്പിതാ
വിമോചിതാഹം ച സഹാത്മജാ വിഭോ
ത്വയൈവ നാഥേന മുഹുര്‍വിപദ്‌ഗണാത്

ദുഷ്ടനായ കംസനാല്‍ തടവിലാക്കപ്പെട്ട അത്യന്തദുഃഖിതയായ ദേവകിയെ ദുഃഖത്തില്‍നിന്നു കരകയറ്റിയതും അതുപോലെ, വന്നുപെട്ട എല്ലാ വിപത്സഞ്ചയങ്ങളില്‍നിന്നും (അടിയ്ക്കടി വന്നുപെട്ട ആപത്തുകളില്‍നിന്നും) എന്നെ എന്റെ മക്കളോടൊപ്പം രക്ഷിച്ചതും അങ്ങല്ലാതെ മറ്റാരുമല്ല കൃഷ്ണാ, എന്നു ഞാനറിയുന്നു.

7.
വിഷാന്മഹാഗ്നേഃ പുരുഷാദദര്‍ശനാത്
അസദ്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ മൃധേऽനേകമഹാരഥാസ്ത്രതോ
ദ്രൌണ്യസ്ത്രതശ്ചാസ്മ ഹരേऽഭിരക്ഷിതാഃ

അങ്ങുതന്നെയാണു ഞങ്ങളെ വിഷഭയത്തില്‍ നിന്നും അരക്കില്ലത്തിലെ അഗ്നിയില്‍ നിന്നും ദുഷ്ടരുടെ സഭയില്‍ നിന്നും മഹാരഥന്മാരുടെ അസ്ത്രങ്ങളില്‍ നിന്നും ദാ ഇപ്പോള്‍ അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും (ഉത്തരാഗര്‍ഭത്തിലെ ശിശുവിനേയും) രക്ഷിച്ചത്. ഏതേതാപത്തില്‍ നിന്നും അങ്ങുതന്നെ ഞങ്ങളെ രക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നുവല്ലോ കൃഷ്ണ.

8.
വിപദസ്സന്തു ന ശ്ശശ്വത്
തത്ര തത്ര ജഗദ്‌ഗുരോ!
ഭവതോ ദര്‍ശനം യത് സ്യാത്
അപുനര്‍ഭവദര്‍ശനം!

അങ്ങയുടെ ദര്‍ശനം തന്നെ മോക്ഷം (മോചനം, സ്വാതന്ത്ര്യം)തരുന്നതാണു്. എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിതന്ന് പരമാനന്ദത്തിലാറാടിയ്ക്കുന്നതാണു് അങ്ങയുടെ ദര്‍ശനം. ആപത്തുകള്‍ നേരിടുമ്പോഴൊക്കെ രക്ഷയ്ക്കായി അങ്ങ് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആപത്തുകളെ ഞാനെന്തിനു ഭയപ്പെടണം? ആപത്തുകള്‍ വന്നുഭവിച്ചോട്ടെ, അപ്പോഴൊക്കെ അവിടുന്നു കൂടെത്തന്നെയുണ്ടാവുമെന്ന് എനിയ്ക്കുതന്നെ അനുഭവമുണ്ടല്ലോ (എന്നുസാരം).
....................................................................................................(തുടരും)

5 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കാലത്തിനെന്താ പണി, ഉരുണ്ടാല്‍ മതിയല്ലോ, രണ്ടോണവും ഒരു വിഷുവും കഴിഞ്ഞു, എന്നാലും ഇപ്പോഴും വായിക്കാന്‍ താല്‍പ്പര്യം ഉള്ളവരുണ്ടെങ്കില്‍ വായിയ്ക്കണം...

കുന്തീസ്തുതി ഏകദേശ അര്‍ഥത്തോടെ ബ്ലോഗിലിടുന്നു...

Viswaprabha said...

നിന്നെ എപ്പോഴും ഓർക്കാൻ തക്കവണ്ണം എനിക്കെപ്പോഴും എന്തെങ്കിലും ആപത്തുകൾ തന്നുകൊണ്ടേയിരിക്കണേ എന്നും കുന്തീദേവി കണ്ണനോടു് പ്രാർത്ഥിക്കാറുണ്ടെന്നു് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.

ജ്യോതിര്‍മയി /ज्योतिर्मयी said...

വിശ്വം ജി

വായിയ്ക്കുന്നു എന്നതില്‍ സന്തോഷം.

ഞാനും അമ്മപറഞ്ഞും മറ്റും കേട്ടിട്ടുണ്ട്.

എങ്കിലും സ്വയം കരഞ്ഞുകൊണ്ട്, ആപത്തുകളെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്, ചെയ്യേണ്ടത് എന്ന കാഴ്ചപ്പാടല്ല ഇവിടെ മനസ്സിലാക്കേണ്ടത് എന്നാണു തോന്നുന്നതു്.

മറിച്ച്, ആനന്ദം തരുന്ന ഈശ്വരചിന്ത- ഈശ്വരദര്‍ശനം ആപത്തുകള്‍ വരുമ്പോള്‍ കൂടെക്കാണാവുന്നു എന്നതുകൊണ്ട്, ആപത്തുകളെ താനിനി ആപത്തുകളായി എണ്ണുന്നില്ല, ആനന്ദിയായി ഇരിയ്ക്കാന്‍ (നീ കൂടെക്കാണുമെന്നതുകൊണ്ടു) എളുപ്പമായിക്കഴിഞ്ഞു, എന്നതാവണം കുന്തീദേവിയുടെ പ്രാര്‍ത്ഥനയിലെ ധ്വനി എന്നു തോന്നി.
നന്ദി വായനയ്ക്കും കമന്റിനും.

സു | Su said...

വായിച്ചു. താല്പര്യവുമുണ്ട്. ബാക്കിയും കൂടെ പോന്നോട്ടെ. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :) സന്തോഷം. ഭാഗം രണ്ടു് ഇവിടെയുണ്ടേ...

മൂന്നും അധികം വൈകാതെ പ്രതീക്ഷിയ്ക്കാം.