Sunday, May 24, 2009

പുതുമയുടെ വക്താക്കള്‍

കുറേ ദിവസം മുന്‍പ് എന്റെ ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. അതിനിപ്പൊ എന്താ എന്നല്ലേ? എനിയ്ക്കറിയാവുന്ന ഒരു ജര്‍മ്മന്‍ വനിതയുണ്ട്. അവര്‍ക്ക് ഇന്‍ഡ്യന്‍ പിറന്നാള്‍ കാണണമത്രേ. ഞാന്‍ പറഞ്ഞു, ഇന്‍ഡ്യന്‍ പിറന്നാള്‍ എന്ന ഒന്നില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ ആഘോഷത്തിന് എന്നൊക്കെ. മാത്രമല്ല ഞങ്ങള്‍ അങ്ങനെ ആഘോഷിയ്ക്കാറൊന്നുമില്ലെന്നും. എന്നാലും ഇത്തവണ എന്റെ അമ്മ, പിറന്നാള്‍ ദിവസം കൂടെ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു ചെറിയ ആഘോഷം ആവാം, ജര്‍മ്മന്‍ വനിതയ്ക്ക്, എന്റെ അമ്മയെ പരിചയപ്പെടുത്തുകയുമാവാം എന്നുകരുതി അന്ന് അവരെ വീട്ടിലേയ്ക്കു വിളിച്ചു.
ഇവിടെ, പിറന്നാള്‍ സദ്യ എന്നുപറഞ്ഞാല്‍ കേയ്ക്ക് മുറിയ്ക്കലൊന്നുമില്ല - കുട്ടികളുടെ പിറന്നാളായാലും. വിളക്കുവെച്ച് ഇലയില്‍ ഊണുവിളമ്പണം. തീര്‍ച്ചയായും വിളക്ക് ഊതിക്കെടുത്തിക്കൊണ്ട് ഒരാഘോഷം പതിവില്ല. കഴിയുമെങ്കില്‍ അവനവന്‍ ഉണ്ണുന്നതിനുമുന്‍പേ നാലാള്‍ക്കു ഊണുകൊടുക്കണം. ഒരു ഇഞ്ചിത്തൈരും പായസവും (അരിവെന്തതില്‍ ശര്‍ക്കരചേര്‍ത്താല്‍ മതി) ഇത്രയായാല്‍ മതി. പറ്റുമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം, പ്രസന്റ് വാങ്ങിക്കൂട്ടുകയല്ല വേണ്ടതു് - ഇതൊക്കെയാണു പിറന്നാളിന്റെ അന്നു പ്രത്യേകം ശ്രദ്ധിക്കുന്നത്‌. വിശേഷപ്പെട്ട പിറന്നാളുകളൊക്കെയാണെങ്കില്‍ പറ്റുമെങ്കില്‍ പറ്റുന്നതുപോലെ ബാലികാസദനത്തിലോ വൃദ്ധസദനത്തിലോ ഒന്നുപോയി അവിടെ ഒരുദിവസത്തെ ഊണിനുള്ള ഏര്‍പ്പാടു ചെയ്യാന്‍ കഴിയുമോ എന്നു നോക്കുക. ജര്‍മ്മന്‍ വനിതയ്ക്ക് ഇതെല്ലാം പുതുമയായിരുന്നു. അവര്‍ക്കു ഈ പുതുമ നന്നായങ്ങടു ബോധിച്ചു. ജര്‍മ്മന്‍ വനിത അവരുടെ ‘മെഴുകുതിരി ഊതിക്കെടുത്തുന്ന പഴഞ്ചന്‍ സമ്പ്രദായം' ഉപേക്ഷിച്ചു, പുതുമയുള്ള സമ്പ്രദായത്തിലാ ഇപ്പോള്‍. അവരുടെ ചില ഫ്രന്‍ഡ് സും (ഇവരെ എനിയ്ക്കറിയില്ല ട്ടോ) ഈ പുത്തന്‍ ആശയത്തില്‍ മയങ്ങി എന്നാണു ഞാന്‍ ആദ്യം സൂചിപ്പിച്ച വനിത എന്നോടു പറഞ്ഞതു്.
അവരുണ്ടോ പുതുമയെ വിടുന്നു? “പുതുമകളേ...വരൂ...” അവര്‍ പാടി ജര്‍മ്മന്‍ ഭാഷയില്‍!

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കുറേ ദിവസം മുന്‍പ് എന്റെ ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. അതിനിപ്പൊ എന്താ എന്നല്ലേ?
...

Calvin H said...

ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയാതെ കൂടെ ഇരുന്നാൽ ഒന്നൂടെ നന്ന്...

ജ്യോതിര്‍മയി /ज्योतिर्मयी said...

ഏയ്, ഇല്ലില്ല, കാല്‍‌വിന്‍ ജി.

ശ്..ശ്...ഷഷ്ടിപൂര്‍ത്തികഴിഞ്ഞതൊന്നും ആരും അറിഞ്ഞില്ല. സത്യമായിട്ടും. ഇടതുകൈ പോലും.

:)

സു | Su said...

എന്നാലും എന്നേം വിളിക്കേണ്ടതായിരുന്നു. വിളക്കുവെച്ച് ഗണപതിയ്ക്കുവെച്ച്, തലയിൽ അരി വച്ച് അനുഗ്രഹിച്ച് ഒക്കെയാണ് ഞങ്ങൾക്കും പതിവ്.

ഓരോരുത്തർക്കും ഓരോ രീതിയിൽ ആഘോഷം.

പിറന്നാളാശംസകൾ. (വൈകിയെങ്കിലും). 60 കഴിഞ്ഞുകാണും അല്ലേ? ഹിഹി. ഞാനും അടുത്ത പിറന്നാൾ അറുപതാം പിറന്നാളായിട്ട് ആഘോഷിച്ചാലോന്ന് വിചാരിക്കുന്നു. അതുവരെയൊന്നും ബാക്കിയുണ്ടാവില്ലല്ലോ. അപ്പോ ആഘോഷം ഇല്ലാതാവില്ലേ? ;)

ശ്രീ said...

"കഴിയുമെങ്കില്‍ അവനവന്‍ ഉണ്ണുന്നതിനുമുന്‍പേ നാലാള്‍ക്കു ഊണുകൊടുക്കണം... പറ്റുമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം, പ്രസന്റ് വാങ്ങിക്കൂട്ടുകയല്ല വേണ്ടതു് "

ദാ ഇതിലൊക്കെ ആണ് കാര്യം. :)

Sethunath UN said...

വിശ്വാസങ്ങ‌ളിലെ വ്യത്യാസം മാത്രമാണ് വിളക്കൂതലും കത്തിച്ചുവെക്കലും തമ്മിലുള്ളത്. അല്ലേ? ഒറ്റശ്വാസത്തില്‍ വിളക്കൂതിയാല്‍ താന്‍ ആഗ്രഹിക്കുന്നതൊക്കെ ന‌ടക്കും എന്ന് (അന്ധ‌) വിശ്വാസം. ഇ‌ന്‍ഡ്യന്‍ വിശ്വാസപ്രകാരം വിള‌ക്ക് ജീവ‌നാണ് വെളിച്ചമാണ്. എന്തിനൂതിക്കെടുത്തണം എന്ന് വിശ്വാസം. ന‌മുക്ക് പതിനാറായിര‌ത്തെട്ട് അന്ധ‌വിശ്വാസങ്ങ‌ള്‍ വേറെയുള്ളപ്പോ‌ള്‍ ഇതും കൂടിയിരിക്കട്ടെ എന്ന് വിചാരിച്ചുകാണും. എന്തായാലും ഒട്ടും വിശപ്പില്ലാത്തവ‌രെയും വിശപ്പറിഞ്ഞിട്ടില്ലാത്തവരേയും നിര്‍ബ്ബ‌‌ന്ധിച്ച് ഊട്ടുന്നതിലും ഉല്‍ക്കൃഷ്ടമാണ് ഈ അന്ന‌ദാനം.

വൈകിയ പിറന്നാളാശംസക‌ള്‍.

Anonymous said...

വലതുകൈകൊണ്ടേ കൊടുക്കാവൂ, കാല്വിൻ.ഷഷ്ടിപൂർതി ആശംസകൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !

ജ്യോതിര്‍മയി /ज्योतिर्मयी said...

വൈകിയ പിറന്നാളാശംസകള്‍ക്കും നന്ദി

ഷഷ്ടിപൂര്‍ത്തി ആശംസകള്‍ക്കും നന്ദി (സൂ ജി യേ, ഓരോ കൊല്ലവും പിറന്നാള്‍ ശരിയ്ക്കും ആഘോഷിക്കുക, പിന്നെ (മുന്‍പേ ആയാലും തരക്കേടില്ല) ജന്മദിനവും ആഘോഷിയ്ക്കുക, എന്തെളുപ്പമാണെന്നോ പിന്നെ ഷഷ്ടിപൂര്‍ത്തിയും സപ്തതിയും ഒക്കെ ആഘോഷിയ്ക്കാന്‍ :)

ശ്രീ,അദന്നെ കാര്യം. നന്നായിവരട്ടേ...

നിഷ്ക്കളങ്കന്‍ ജി, എന്റെ തല പഴേതായി എന്നൊരു തോന്നല്‍(കണ്ടാലൊന്നും ആരും പറയില്ല ട്ടോ) എന്നാലും പുതിയതൊന്നിന് ഓര്‍ഡര്‍ കൊടുത്തിരുന്നു. ഞാനിതുവരെ ട്രൈ ചെയ്തുനോക്കാത്ത ഒരു ജര്‍മ്മന്‍ തല കൊണ്ടു പഴേതേതാ പുതിയതേതാ എന്നൊന്നു നോക്കിക്കണ്ടതാ. പിന്നെ പുതുമ പുതുമ എന്നുപറഞ്ഞാല്‍ തലതിരിഞ്ഞോ എന്നൊന്നും നോക്കാറില്ല, അത്രേയുള്ളൂ.
(ഒന്നും മനസ്സിലായില്ലെങ്കില്‍ സാരമില്ല, നിഷ്കളങ്കനല്ലേ, അതാ)

ബിലാത്തിപ്പട്ടണം നന്ദി, സന്തോഷം.